ADVERTISEMENT

കുടുംബവുമൊന്നിച്ചോ കൂട്ടുകാരുമൊന്നിച്ചോ ആയിരുന്നു പണ്ട് പലരുടെയും യാത്രകൾ. ഒരു കൂട്ടില്ലാതെ എന്ത് യാത്രകൾ എന്നായിരുന്നു അക്കാലത്തു ഭൂരിപക്ഷവും ചിന്തിച്ചിരുന്നത്. എന്നാൽ അങ്ങനെ ചിന്തിച്ച പലരുമിന്നു മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഒറ്റയ്ക്ക് യാത്ര പോകുന്നത് ഇപ്പോൾ പലർക്കും ഹരമാണ്. ഹിമാലയ മലനിരകളും ലേയും ലഡാക്കുമൊക്കെ കാണാൻ സോളോട്രിപ് നടത്തുന്ന നിരവധി ആളുകളുണ്ട്. ആണുങ്ങൾ മാത്രമല്ല ഒറ്റയ്ക്കു യാത്ര നടത്തുന്ന പെണ്ണുങ്ങളുമുണ്ട്.

ഇപ്പോഴിതാ ഹിമാചലിന്റെ കാഴ്ചകളിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ നടി മൃദുല മുരളി. നിരവധി യാത്രാചിത്രങ്ങളും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. മഞ്ഞിൽ പൊതിഞ്ഞ മലനിരകളുടെ പശ്ചാത്തലത്തിൽ കാഴ്ച ആസ്വദിക്കുന്ന മൃദുലയെയും വിഡിയോയിൽ കാണാം. കാഴ്ചകൾ മാത്രമല്ല പാരാഗ്ലൈഡിങ് നടത്തുന്നതും വിഡിയോയിലുണ്ട്. ഹിമാചലും റോഹ്താങ് പാസും സ്പിതി വാലിയും ചന്ദ്രതാലുമൊക്കെ ചുറ്റിയടിച്ചുള്ള യാത്രയിലാണ് താരം. യാത്രയിലെ നിരവധി ചിത്രങ്ങളുണ്ട് അതിൽ ആദ്യത്തേത് ഇതാ എന്നു പറഞ്ഞുകൊണ്ടു ചിത്രത്തിന് താഴെ കുറിച്ചിട്ടുമുണ്ട്.

ദൂരങ്ങൾ താണ്ടി ഭൂമിയുടെ നെറുകയിൽ എത്തണം, ഹിമാലയം കയറണം, ഇൗ ആഗ്രഹങ്ങളാണ് മിക്ക സഞ്ചാരികളുടെയും ഉള്ളിലുള്ളത്. ഹിമാലയം ഒരു വലിയ സ്നേഹമാണ്, ആ സ്നേഹം ആവോളം അനുഭവിക്കണമെങ്കിൽ ഒരു യാത്ര അനിവാര്യമാണ്. ഒറ്റയ്ക്കുള്ള യാത്രയെങ്കിൽ എല്ലാം കണ്ടും അനുഭവിച്ചും കാഴ്ചകളിലേക്ക് കടന്നു ചെല്ലാം. യാത്രയിലൂടെ കാണുന്ന കാഴ്ചകളും നേടുന്ന അറിവുകളും വളരെ വലുതാണ്. 

ട്രെക്കിങ്, സാഹസിക പ്രവർത്തനങ്ങൾ, സ്കീയിങ്, പാരാഗ്ലൈഡിങ് അടക്കമുള്ള വിനോദങ്ങളുമായി സഞ്ചാരികളെ മാടി വിളിക്കുന്നിടമാണ് ഹിമാചൽ പ്രദേശ്. മനോഹരമായ പ്രകൃതിദൃശ്യങ്ങളും മനം മയക്കുന്ന കാഴ്ചകളും കാരണം ഹിമാചൽ പ്രദേശ് യാത്രികർക്കും പ്രകൃതിസ്‌നേഹികൾക്കും ഒരേപോലെ പ്രിയപ്പെട്ടതാണ്.

ഹിമാചൽ പ്രദേശിലെ ടിബറ്റൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പർവതപ്രദേശമായ സ്പിതി നിരവധി കൊടുമുടികളും മറഞ്ഞിരിക്കുന്ന താഴ്‌വരകളും കൊണ്ട് സമ്പന്നമാണ്. ഹിമാലയന്‍ യാത്രയില്‍ ആരെയും പോകാന്‍ കൊതിപ്പിക്കുന്ന സ്ഥലമാണിവിടം. 

ഇന്ത്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലൊന്നായ ഇവിടം മലയിടുക്കളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. എത്തിപ്പെടാന്‍ കുറച്ച് പാടാണെങ്കിലും ഇവിടെ എത്തിയാലുള്ള സുഖം ഒന്നു വേറെത്തന്നെയാണ്. 18,300 അടി വരെ ഉയരത്തിൽ കടന്നുപോകുന്ന ഏറ്റവും വിദൂരവും വെല്ലുവിളി നിറഞ്ഞതുമായ ട്രെക്കിങ്ങുകളിൽ ഒന്നാണ് സ്പിതിയിലേക്കുള്ളത്.

ചന്ദ്രന്റെ തടാകവും കാഴ്ചയും

കിന്നൗർ- സ്പിതി വാലി റോഡ് ട്രിപ്പിനിടയിൽ  പ്രകൃതി കരുതിവച്ചിരിക്കുന്ന അദ്ഭുതങ്ങളുണ്ട്. സ്പിതിയിലെ ഏറ്റവും ഉയരത്തിലുള്ള തടാകമാണ് ചന്ദ്രതാൽ അഥവാ ചന്ദ്ര തടാകം. അതിന്റെ ചന്ദ്രക്കലയുടെ രൂപമാണ് ആ പേരിന് കാരണമായത്.  പച്ച-നീല നിറങ്ങളിലെ ജലം അതിമനോഹരമായ ഒരു കാഴ്ച നൽകുന്നത്. തടാകത്തിന് അഞ്ച് കിലോമീറ്റർ അകലെയായുള്ള ബേസ് ക്യാംപിൽ നിന്ന് കാൽനടയായി  ഇവിടേയ്ക്ക് എത്തിച്ചേരാം. രാത്രിയിൽ ടെൻറടിച്ച് തടാകക്കരയിൽ താമസിക്കുന്ന സഞ്ചാരികളുമുണ്ട്.

English Summary: Mrudula Murali enjoys Solo trip to Himachal pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com