ADVERTISEMENT

യാത്രകൾ ഇഷ്ടമില്ലാത്തവർ വളരെക്കുറവാണ്. സമയം കിട്ടുമ്പോഴൊക്കെ കുടുംബത്തോടൊപ്പം നാടു ചുറ്റാൻ പോകാറുണ്ട് മിക്കവരും. എന്നാൽ മാവേലിക്കരയിലെ ഈ കുടുംബം രണ്ടു വയസ്സുള്ള പെൺകുഞ്ഞിനോടൊപ്പം സഞ്ചരിച്ചത് എണ്ണായിരത്തിലധികം കിലോമീറ്റർ. വെറുമൊരു യാത്രയായിരുന്നില്ല അത്. പെൺകുഞ്ഞുങ്ങളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഒരു ക്യാംപെയ്നായിരുന്നു ലക്ഷ്യം. ഇന്ത്യയുടെ ഇങ്ങേയറ്റത്തെ കേരളത്തിൽനിന്ന് വടക്ക് ലഡാക്കിലേക്കൊരു എപിക് യാത്ര.

ജിംനേഷ്യം നടത്തുന്ന മാവേലിക്കര സ്വദേശി ദീപക്, ഭാര്യ ശിൽപ, രണ്ടു വയസ്സും മൂന്നു മാസവും പ്രായമുള്ള മകള്‍ സാൻവി, ശിൽപയുടെ അച്ഛൻ എന്നിവരാണ് ഒരു കൊച്ചു കാറിൽ ലഡാക്ക് കാണാൻ പുറപ്പെട്ടത്. ‘എ കിഡ് ഇൻ എ ക്വിഡ് ടു ലഡാക്ക്’ എന്നായിരുന്നു ലഡാക്ക് യാത്രയ്ക്ക് ഇവർ നൽകിയ ടാഗ്‌ലൈൻ. ‘സേവ് ഗേൾ ചൈൽഡ്, ലെറ്റ് ഹെർ ഫ്ലൈ, ലെറ്റ് ഹെർ എക്‌സ്പ്ലോർ’ എന്നുള്ള സ്റ്റിക്കറുകൾ കാറിൽ ഒട്ടിച്ചിരുന്നു.

ladakh-trip4

യാത്രയിൽ അച്ഛനെയും കൂടെക്കൂട്ടാൻ ആയതിന്റെ സന്തോഷത്തിലാണ് ശിൽപ. ‘‘പെൺകുട്ടികൾ കല്യാണം കഴിഞ്ഞ് ഒറ്റപ്പോക്കാ, പിന്നെ തിരിഞ്ഞു നോക്കാറില്ല എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ അങ്ങനെയല്ല, കല്യാണം കഴിഞ്ഞാലും മാതാപിതാക്കളെ നോക്കാനും അവർക്കു സന്തോഷം നൽകാനും പെൺകുട്ടികൾക്കാവും. ഒരുപാട് കാലം വിദേശത്തു ജോലി ചെയ്തയാളാണ് എന്റെ അച്ഛൻ, എന്നാൽ ഒരിക്കൽ പോലും സ്ഥലങ്ങൾ കാണാൻ പോകാനൊന്നും അച്ഛനു കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ അച്ഛനെ കൂടെ കൂട്ടിയത്’’ – ശിൽപ പറയുന്നു.

ലെറ്റ് ദ് കിഡ്‌സ് എക്‌സ്പ്ലോർ

‘‘ഒരു കുഞ്ഞുണ്ടാകുന്നതോടെ ലൈഫ് കൂടുതൽ സീരിയസാവണം, ഇനി എൻജോയ് ചെയ്യാനോ യാത്ര ചെയ്യാനോ പറ്റില്ല എന്നൊക്കെയാണ് പലരും ചിന്തിക്കുന്നത്. എന്നാൽ അങ്ങനെയല്ല. രണ്ടു വയസ്സുള്ള കുട്ടിയുമായിട്ടാണ് ഞങ്ങൾ യാത്ര ചെയ്‌തത്. യാതൊരു പ്രശ്‍‍നവും ഉണ്ടായിട്ടില്ല. കുഞ്ഞുങ്ങളെ വീട്ടില്‍ നിർത്തിയിട്ട് യാത്ര പോകുന്നവരുണ്ട്. അങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. എവിടെയും പോകാതിരുന്നാൽ പെട്ടെന്നൊരു യാത്ര ചെയ്യാൻ കുട്ടിക്കു സാധിക്കണമെന്നില്ല. അതുകൊണ്ട് യാത്രകളിൽ കുഞ്ഞുങ്ങളെയും കൂട്ടാം.  

ladakh-trip

പെൺകുഞ്ഞായതു കൊണ്ട് യാത്ര പോകാറില്ല എന്ന സുഹൃത്തിന്റെ അഭിപ്രായത്തിൽ നിന്നാണ് ഇക്കാലത്തും ഇത്തരത്തിലൊരു ക്യാംപെയ്‌നിന്റെ ആവശ്യകത ഉണ്ടെന്നു മനസ്സിലായത്. കുഞ്ഞുണ്ടായാൽ ചെലവു ചുരുക്കണമെന്നും വീട്ടിലിരിക്കണമെന്നും പറയുന്നവരാണ് അധികവും. കുട്ടികളുടെ ഇന്നത്തെ സന്തോഷം കളഞ്ഞിട്ടാവരുത് സേവിങ്സ് ഉണ്ടാക്കേണ്ടത്. ഉറപ്പില്ലാത്ത ഭാവിക്കു വേണ്ടി ഇപ്പോഴത്തെ സന്തോഷം കളയരുത്. കുട്ടികൾക്ക് അന്നന്നു കൊടുക്കാൻ പറ്റുന്ന സന്തോഷം കൊടുക്കുക. അത് അവർക്കു നല്ല ഓർമകൾ സമ്മാനിക്കുകയും നല്ല മനുഷ്യരായി വളരാൻ സഹായിക്കുകയും ചെയ്യും.’’

കുഞ്ഞുമായി മലമുകളിലേക്ക്

‘‘കുഞ്ഞ് ജനിച്ചതു കൊണ്ട് ഇനി യാത്ര പോവാനൊന്നും പറ്റില്ലെന്നു പറഞ്ഞവരാണ് കൂടുതലും. എന്നാൽ മോൾക്ക് ആറു മാസം ആയപ്പോൾത്തന്നെ ചെറുതും വലുതുമായ യാത്രകൾ ഞങ്ങൾ പോയിരുന്നു. പ്ലാൻ ചെയ്തല്ല യാത്രകൾ. പലപ്പോഴും പ്ലാൻ ചെയ്താലും അതൊന്നും നടക്കണമെന്നില്ല. സാഹചര്യം ഒത്തുവന്നാൽ പോവുക എന്നതാണ് ഞങ്ങളുടെ പോളിസി. കുഞ്ഞിനു യാത്രാപരിചയം ഉള്ളതു കൊണ്ട് ലഡാക്ക് യാത്ര അവൾക്ക് ഓക്കെ ആയിരിക്കുമെന്നു ഞങ്ങൾക്കു ഉറപ്പുണ്ടായിരുന്നു. ലഡാക്ക് കയറിയപ്പോൾ കുഞ്ഞ് ഒരു തവണ ഛർദ്ദിച്ചതല്ലാതെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.

ladakh-trip3

ലൂപ് റോഡ് കയറുമ്പോൾ ഫീഡ് ചെയ്തതാണ് ഛർദ്ദിക്കു കാരണമായത്. യാത്രയിൽ ഒരു മരുന്നു പോലും കുഞ്ഞിനു കൊടുക്കേണ്ടി വന്നില്ല. മുൻവിധികൾ ഇല്ലാത്തതു കൊണ്ടു തന്നെ, കുഞ്ഞുങ്ങളാണ് മുതിർന്നവരെക്കാൾ വേഗത്തിൽ അഡാപ്റ്റ് ചെയ്യുന്നത് എന്നു ഞങ്ങൾക്കു മനസ്സിലായി.

കുട്ടികളുടെ പനി, ജലദോഷം, ചുമ എന്നിവയ്ക്കു ഡോക്ടർമാർ സാധാരണ നൽകുന്ന മരുന്നുകളും മൂക്കടപ്പു വരാതിരിക്കാൻ നേസൽ ഡ്രോപ്‌സും കരുതിയിരുന്നു. യാത്രയ്ക്കു മുൻപ് ഡോക്ടറോടു ചോദിച്ചറിഞ്ഞ് മുതിർന്നവർക്കുള്ള മരുന്നുകളും എല്ലാവർക്കുമുള്ള ജാക്കറ്റുകളും തെർമൽസ്, ഗ്ലൗസ് എന്നിവയും കരുതിയിരുന്നു. ‘ലെസ് ലഗേജ് മോർ കംഫർട്ട്’ എന്ന ഐഡിയയിലാണ് വസ്ത്രങ്ങൾ എടുത്തിരുന്നത്. അതുകൊണ്ട് മുതിർന്നവർ ട്രാക്ക്പാന്റുകളും ടീഷർട്ടുകളുമാണ് എടുത്തത്. കുഞ്ഞിന്റെ വസ്ത്രങ്ങളാണ് ഒരുപാട് എടുത്തത്. മണാലി മുതൽ ഇടാനുള്ള എല്ലാ വിന്റർ വെയേഴ്സും കരുതിയിരുന്നു.’’ – ശിൽപ പറയുന്നു.

മാവേലിക്കര ടു ലഡാക്ക്

‘‘ലഡാക്ക് യാത്രയ്ക്ക് അൽപം ക്ഷമ വേണം. ചുറ്റും മലനിരകളും വിജനമായ റോഡുമായിരിക്കും ഏറെ ദൂരത്തോളം കണ്മുന്നിലുണ്ടാവുക. മലനിരകൾ ഇഷ്ടപ്പെടുന്നവരുടെ പറുദീസ തന്നെയാണ് ലഡാക്ക്. വണ്ടി ഓടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറെ ആസ്വദിക്കാവുന്ന ട്രിപ്പാണ് അത്. കൂളായി പോവുക, കൂളായി തിരിച്ചു വരിക’’– ദീപക് പറയുന്നു.

ladakh-trip2

‘‘മാവേലിക്കരയിൽനിന്നു തുടങ്ങി ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള മോട്ടറബിൾ പാസായ ലഡാക്കിലെ കർതുങ് ലാ വരെ പോയി വരാൻ എണ്ണായിരത്തി മുന്നൂറ് കിലോമീറ്ററുകൾ വേണ്ടി വന്നു. 18 ദിവസത്തെ യാത്രയായിരുന്നു. 19 ാം ദിവസം കേരളത്തിലെത്തി. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് യാത്ര വൈകിയത്. തണുപ്പ് കൂടിക്കഴിഞ്ഞാൽ യാത്ര വിചാരിച്ചതു പോലെയാകില്ലെന്നു മനസ്സിലായതോടെയാണ് ജൂൺ രണ്ടാം വാരത്തോടെ പോകാമെന്നു തീരുമാനിച്ചത്. കൊച്ചി, തൃശൂർ, പാലക്കാട് കോയമ്പത്തൂർ, സേലം, ബെംഗളൂരു, ഹൈദരാബാദ്, നാഗ്‌പുർ, ഝാൻസി, ചണ്ഡിഗഡ്, മണാലി, ലേ, കർതുങ് ലാ എന്ന റൂട്ടിലൂടെയാണ് പോയത്. മണാലി, പഞ്ചാബ്, അമൃത്‌സർ, രാജസ്ഥാൻ, മുംബൈ, കർണാടക, സേലം, കോയമ്പത്തൂർ, കൊച്ചി, മാവേലിക്കര റൂട്ടിലാണ് മടങ്ങിയത്. മടങ്ങുന്ന വഴി ഭക്ഷണം കഴിക്കാൻ ഇറങ്ങിയതല്ലാതെ 30 മണിക്കൂറിലധികം തുടർച്ചയായി യാത്ര ചെയ്തു. ഞാൻ തന്നെയാണ് വണ്ടി ഓടിച്ചിരുന്നത്. കാറിലിരുന്നു മടുത്തു എന്നു പറഞ്ഞതു കൊണ്ടു മാത്രം 300 കിലോമീറ്ററോളം അച്ഛനും വണ്ടി ഓടിച്ചു. ക്ഷീണം തോന്നുമ്പോൾ വണ്ടി ഒതുക്കി ഉറങ്ങിയ ശേഷമാണ് യാത്ര തുടർന്നത്. കുഞ്ഞിനും കാറിലെ യാത്ര അസ്വസ്ഥത ഉണ്ടാക്കിയില്ല. 

ladakh-travel4

നല്ല ഭക്ഷണവും ടോയ്‌ലറ്റ് സൗകര്യങ്ങളുമുള്ള ഹോട്ടലുകളാണ് ഉപയോഗിച്ചിരുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങൾ ഈ യാത്രയിലൂടെ നന്നായി അറിയാൻ സാധിച്ചു. രാത്രികളിൽ പലപ്പോഴും മൈനസ് ഡിഗ്രിക്കു താഴെയായിരുന്നു തണുപ്പ്. വേണ്ടിയിരുന്ന വസ്ത്രങ്ങൾ ധരിപ്പിച്ചതു കൊണ്ടു തന്നെ കുഞ്ഞിനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ലേയിലേക്കു പോകും വഴി രാത്രി ടെന്റിലും താമസിക്കേണ്ടി വന്നു. അപ്പോഴും അവൾ സുഖമായി ഉറങ്ങി. ലേയിൽനിന്ന് 40 കിലോമീറ്റർ യാത്ര ചെയ്താണ് കർതുങ് ലാ പാസ് എത്തുന്നത്. അവിടെ ഓക്സിജൻ കുറവ് അനുഭവപ്പെടാറുണ്ടെന്നാണ് കേട്ടിട്ടുള്ളത്. കുട്ടിക്കാലം മുതൽ ശ്വാസതടസം ഉണ്ടായിരുന്ന ആളാണ് ശിൽപ, എന്നാൽ ഞങ്ങൾക്കാർക്കും യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. അവിടെയെത്തി ഞങ്ങൾ ഫോട്ടോയും വിഡിയോയും എടുത്തിരുന്നു. അപ്പോഴും കുഞ്ഞ് ഓക്കെ ആയിരുന്നു. രാജസ്ഥാൻ വഴിയാണ് മടങ്ങിയത്. സ്റ്റേ ചെയ്തില്ലെങ്കിലും ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ വളരെ ചൂട് അനുഭവപ്പെട്ടിരുന്നു. ഈ യാത്ര കാരണം കുഞ്ഞിന് എല്ലാ കാലാവസ്ഥയും അറിയാൻ കഴിഞ്ഞു.’’

ക്യാംപെയ്ൻ സക്‌സസ് 

‘‘പെൺകുഞ്ഞായതു കൊണ്ട് ഇപ്പോൾ യാത്രകളൊന്നും പോവാറില്ല എന്ന അടുത്ത സുഹൃത്തിന്റെ സംസാരത്തിൽ നിന്നാണ് ഇക്കാലത്തും ഇങ്ങനെയൊരു ക്യാംപെയ്നിന്റെ ആവശ്യകത ഉണ്ടെന്നു മനസ്സിലായത്. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾത്തന്നെ നല്ല പ്രതികരണങ്ങൾ ലഭിക്കാൻ തുടങ്ങി. പലരും കാറിലെ സ്റ്റിക്കറുകൾ ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്തതോടെ ഞങ്ങളെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വണ്ടിയെ ഓവർടേക്ക് ചെയ്തു കയ്യടിക്കുകയും തംസ് അപ് കാണിക്കുകയും ചെയ്ത ആളുകൾ വരെയുണ്ട്. കർതുങ് ലാ എത്തിയപ്പോഴേക്കും പലരും അടുത്തു വന്നു സംസാരിക്കുകയും നല്ല സന്ദേശമാണ് ഞങ്ങൾ സമൂഹത്തിനു നൽകുന്നതെന്നു പറയുകയും ചെയ്തു. ഇതൊക്കെയും ഞങ്ങളെ ഏറെ സന്തോഷിപ്പിച്ച കാര്യങ്ങളാണ്.

 

ട്രാവലേഴ്സ് ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ടെങ്കിലും യാത്ര ചെയ്യുന്നതെന്തിനാ, അതൊക്കെ അനാവശ്യ ചെലവുകളല്ലേ എന്നു ചോദിക്കുന്നവരാണ് അധികവും. ഞങ്ങൾക്കു കിട്ടുന്ന വരുമാനത്തിൽനിന്ന് ഞങ്ങൾക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. പരിചയം തീരെ ഇല്ലാത്ത ആൾക്കാർ തന്ന സപ്പോർട്ട് ഒരുപാട് സന്തോഷമുണ്ടാക്കിയിട്ടുണ്ട്. നാട്ടിലെത്തിയപ്പോഴും പലരും ഞങ്ങളെ അഭിനന്ദിച്ചിരുന്നു. യാത്ര പോകുന്നതിനു മുൻപ് സംശയം പ്രകടിപ്പിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തവർ ഇന്ന് അംഗീകരിക്കുന്നതിൽ സന്തോഷം. ഇനി ധൈര്യമായി കുഞ്ഞുങ്ങളെ കൊണ്ടു പോകാമെന്നു പലരും പറയുന്നത് ഞങ്ങളുടെ വിജയം തന്നെയാണ്.’’

ലഡാക്ക് യാത്ര ചെലവേറിയതോ?

‘‘വലിയ സമ്പാദ്യങ്ങളൊന്നും ഉള്ളവരല്ല ഞങ്ങൾ. ജിംനേഷ്യത്തിൽ നിന്നുള്ള വരുമാനമാണുള്ളത്. അതുകൊണ്ടു തന്നെ ഒരു ബിഗ് ബജറ്റ് യാത്രയായിരുന്നില്ല ഞങ്ങളുടേത്. കുഞ്ഞും അച്ഛനും കൂടി ഉണ്ടായിരുന്നതു കൊണ്ടാണ് കാറിൽ യാത്ര ചെയ്യാമെന്നു തീരുമാനിച്ചത്. പെട്രോളിന്റെ ചെലവ് നമുക്കു കുറയ്ക്കാൻ കഴിയില്ലല്ലോ. എങ്കിലും സൈക്കിളിലും ബൈക്കിലുമായി ധാരാളം ആളുകളാണ് ദിവസേന ലഡാക്കിലെത്തുന്നത്. ആർക്കും പോയിവരാവുന്ന ദൂരം തന്നെയാണ് ലഡാക്ക്. എങ്ങനെ പോകുന്നു എന്നതിൽ ശ്രദ്ധിച്ചാൽ മാത്രം മതി.  പിന്നെ ചെലവ് കുറയ്‌ക്കാനാവുന്നത് ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യത്തിലാണ്. കുഞ്ഞുള്ളതുകൊണ്ടു തന്നെ മോശമല്ലാത്ത താമസസ്ഥലങ്ങളാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.  

Ladakh-trip2

വയറിനു ബുദ്ധിമുട്ടുകൾ ഉണ്ടാക്കാത്ത വെജ്, നോൺവെജ് ഭക്ഷണങ്ങളാണ് യാത്രയിലുടനീളം കഴിച്ചത്. പോകുന്ന വഴിക്കെല്ലാം ഹോട്ടലുകൾ ഉണ്ടാവണമെന്നില്ല. അതുകൊണ്ടു തന്നെ വെള്ളം, പഴങ്ങള്‍, ആരോറൂട്ട് ബിസ്കറ്റ് എന്നിവ എപ്പോഴും കരുതിയിരുന്നു. ല‍ഡാക്കിൽ ചായ, കോഫി, മാഗി നൂ‍ഡിൽസ്, ബ്രെഡ് ഓംലെറ്റ് എന്നിവ മാത്രമേ ലഭിക്കൂ. ലേ ഒരു പട്ടണമായതുകൊണ്ടുതന്നെ നാട്ടിൽ കിട്ടുന്ന എല്ലാ ഭക്ഷണങ്ങളും കിട്ടും.’’

യാത്രകളോടുള്ള പ്രിയം കൊണ്ടു ദീപക്കും ശിൽപയും ചേർന്ന് ഒരു വർഷം മുൻപ് എപിക് ഫാമിലി എന്നൊരു ഒരു യൂട്യൂബ് ചാനൽ തുടങ്ങി. ലഡാക്കിലേക്കുള്ള യാത്രയുടെ ദൃശ്യങ്ങൾ യൂട്യൂബിലൂടെ പങ്കു വച്ചതോടെ ഒരുപാട് പേരാണ് പിന്തുണയും അഭിനന്ദനങ്ങളുമായി എത്തിയത്. മകളോടൊപ്പം തുടർന്നും യാത്രകൾ ചെയ്യണമെന്നു തന്നെയാണ് ഇരുവരുടെയും ആഗ്രഹം. മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ പേരിൽ ഇഷ്ടങ്ങൾ മാറ്റി വയ്ക്കാതെ പാഷനു പുറകെ പോകാൻ തന്നെയാണ് ദീപക്കിന്റെയും ശിൽപയുടെയും പ്ലാൻ.

English Summary: Leh Ladakh With Kid: Journey Cherish For A Lifetime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com