ADVERTISEMENT

യാത്രകള്‍ പോകാനും കാഴ്ചകൾ കാണാനും ഏറെ ഇഷ്ടമുള്ള നടിയാണ് നമിത പ്രമോദ്. ഒറ്റയ്ക്കിരിക്കാനും അൽപനേരം തിരക്കുകളിൽനിന്ന് ഒഴിഞ്ഞിരിക്കാനുമൊക്കെ ഇഷ്ടമാണെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഒട്ടും താൽപര്യമില്ലാത്തയാളാണ് താനെന്ന് നമിത. കൂട്ടിന് ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ മാത്രമേ യാത്രയ്ക്ക് ഒരർഥവും ഓളവുമൊക്കെയുണ്ടാവൂ എന്നാണ് നമിതയുടെ അഭിപ്രായം. 

ഒറ്റയ്ക്ക് പോയി സ്ഥലങ്ങൾ കാണുക എന്നത് ആലോചിക്കാനാവില്ലെന്നും എന്നാൽ ഫാമിലിയായി യാത്ര നടത്തുമ്പോൾ കിട്ടുന്ന സുഖമൊന്നുവേറെയാണെന്നും നമിത. ‘കൂട്ടുകാർക്കൊപ്പമുള്ളതിനേക്കാൾ അവരുടെ ഫാമിലിയും എന്റെ ഫാമിലിയും ചേർന്ന് നടത്തുന്ന യാത്രകളാണ് കൂടുതലും നടക്കാറ്. അങ്ങനെയുള്ളപ്പോൾ പെൺകുട്ടികൾ മാത്രം ഒരു മുറിയിൽ ഒത്തുകൂടുകയും ആഘോഷിക്കുകയുമൊക്കെ ചെയ്യും.  കൂടുതലും ഫാമിലിട്രിപ്പാണ് ചെയ്തിരിക്കുന്നതെന്നും’ മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ നമിത പറയുന്നുണ്ട്.

ഇപ്പോഴിതാ ഗുജറാത്തില്‍ നിന്നുള്ള യാത്രാചിത്രം പങ്കുവച്ച് നടി നമിത പ്രമോദ്. ഗുജറാത്തിലെ ഒരു പഴയ തെരുവില്‍ നില്‍ക്കുന്ന ചിത്രമാണ് നമിത പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. “ശരിയായ ദിശയില്‍ വഴിതെറ്റിപ്പോകുന്നത് സന്തോഷമാണ്” നമിത ഈ ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.

'ഇതിഹാസങ്ങളുടെ നാട്'

അതിഗംഭീരമായ പ്രകൃതിഭംഗിയും സമ്പന്നമായ സംസ്കാരവും പൈതൃകവും ചരിത്രപരമായ പ്രാധാന്യവും ഉള്ള നാടാണ് ഗുജറാത്ത്. 'ഇതിഹാസങ്ങളുടെ നാട്' എന്നാണ് ഗുജറാത്തിന്‍റെ ഓമനപ്പേര് തന്നെ. ചരിത്രപരമായ സ്ഥലങ്ങളും സുന്ദരമായ ബീച്ചുകളും മലകളും വന്യജീവി സങ്കേതങ്ങളും ഉത്സവങ്ങളും രുചികരമായ ഭക്ഷണവുമെല്ലാമുള്ള ഗുജറാത്ത്, വര്‍ഷം തോറും നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. സുഹൃത്തുക്കളോടൊപ്പമോ കുടുംബാംഗങ്ങള്‍ക്കൊപ്പമോ തനിച്ചോ ആകട്ടെ, അവധിക്കാലം ആഘോഷിക്കാന്‍ വളരെ മികച്ച ഒരിടമാണ് ഇവിടം.

അക്ഷര്‍ധാം ക്ഷേത്രം പോലെയുള്ള മനോഹരമായ ക്ഷേത്രങ്ങളും ഇന്ദ്രോദ നേച്ചർ പാർക്ക് പോലുള്ള പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങ്ങളുമെല്ലാം ഉള്ള ഗാന്ധിനഗർ ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടമാണ്. കൊളോണിയൽ ഭൂതകാലത്തിന്‍റെ ചാരുത ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്ന, ഗുജറാത്തിലെ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിലൊന്നായ അഹമ്മദാബാദും വിട്ടുപോകരുതാത്ത സ്ഥലമാണ്, ലോകപ്രശസ്തമായ സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്കും മഹാത്മജിയുടെ സബർമതി ആശ്രമത്തിനും വളരെ അടുത്താണ് ഇത്

ഗുജറാത്തിൽ തീർച്ചയായും സന്ദർശിക്കേണ്ട മറ്റൊരു സ്ഥലമാണ് കച്ച്. തെക്കുഭാഗത്ത് കച്ച് ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന കച്ചിലെ ഗ്രേറ്റ് റാന്‍ ഓഫ് കച്ച് എന്ന മരുപ്രദേശം ഗുജറാത്ത് സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും പോകേണ്ട ഇടമാണ്. ഗുജറാത്തിന്‍റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജില്ലയായ കച്ചിലാണ് ഇത് ഉള്ളത്. 

എല്ലാ വര്‍ഷവും ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഇവിടെ 'റാന്‍ ഉത്സവ്' എന്ന പേരില്‍ ഗുജറാത്ത് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പരിപാടി നടക്കാറുണ്ട്. ലോകത്തെമ്പാടുമുള്ള സഞ്ചാരികള്‍ ഈ സമയത്ത് ഇവിടെയെത്തുന്നു. തദ്ദേശീയരുടെ പ്രധാന വരുമാന മാര്‍ഗ്ഗം കൂടിയാണ് ഈ ഫെസ്റ്റിവല്‍. വിനോദസഞ്ചാരികള്‍ മരുഭൂമിയില്‍ ടെന്‍റ് കെട്ടി പാര്‍ക്കുന്നതാണ് ഈ ഉത്സവത്തിന്‍റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ഇന്ത്യന്‍ വൈല്‍ഡ് ആസ് സാങ്ങ്ച്വറി, കച്ച് ഡിസര്‍ട്ട് വൈല്‍ഡ്ലൈഫ് സാങ്ങ്ച്വറി മുതലായവയുടെ ഭാഗം കൂടിയാണ് റാന്‍ ഓഫ് കച്ച്.

മുൻ പോർച്ചുഗീസ് കോളനിയുമായ ദിയുവും ചരിത്രകുതുകികള്‍ക്ക് വിസ്മയം പകരുന്ന ഒരിടമാണ്. ശാന്തമായ അന്തരീക്ഷത്തിന് പേരുകേട്ട ഈ ദ്വീപ് നഗരത്തില്‍, നാഗോവ ബീച്ച്, ദിയു കോട്ട, നൈദ ഗുഹകൾ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഉണ്ട്. ഖണ്ഡ്വി, മുത്തിയ, ലിൽവ കച്ചോരി, ഫാഫ്ദാ-ജലേബി തുടങ്ങിയ രുചികരമായ ഭക്ഷണവിഭവങ്ങളും ഗുജറാത്തിന്‍റെ സവിശേഷതകളില്‍പ്പെടുന്നു. നവരാത്രി, ഉത്തരായനം തുടങ്ങിയ ഉത്സവങ്ങളും ബന്ധാനി വർക്ക്, സാരി വർക്ക്, തുകൽ ഉൽപന്നങ്ങൾ, മൺപാത്ര ക്രാഫ്റ്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന കരകൗശലവിദ്യയുമെല്ലാം ഗുജറാത്തിനെ വേറിട്ട്‌ നിര്‍ത്തുന്ന ഘടകങ്ങളാണ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിൽ നിന്നും കാർ, ബസ്, ട്രെയിൻ അല്ലെങ്കിൽ ഫ്ലൈറ്റ് വഴി ഗുജറാത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.

English Summary: Namitha Pramod Shares Travel pictures from Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com