ADVERTISEMENT

സുന്ദരമായ നിരവധി തടാകങ്ങള്‍ക്ക് പേരുകേട്ട ഇടമാണ് തെലങ്കാനയിലെ വാറങ്കല്‍. കാകതീയ രാജവംശത്തിന്‍റെ മുൻ തലസ്ഥാനം കൂടിയായിരുന്ന ഈ പ്രദേശം ഇപ്പോള്‍ സഞ്ചാരികളുടെ സ്വര്‍ഗമാണ്. വാറങ്കലിൽ നിന്ന് 80 കിലോമീറ്റർ അകലെ, ഭൂപാൽപള്ളി ജില്ലയിലെ ലക്‌നാവരം തടാകമാണ് ഇവിടുത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ആകര്‍ഷണം. ഇടതൂർന്ന ഇലപൊഴിയും വനത്താൽ ചുറ്റപ്പെട്ട തടാകപ്രദേശത്ത്, സന്ദര്‍ശകര്‍ക്കായി കോട്ടേജുകൾ, വ്യൂവിങ് ടവർ, തീരങ്ങളിൽ ദ്വീപുകളിലേക്കുള്ള കടത്തുവള്ളം എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ മണ്‍സൂണ്‍ മഴക്കാലത്ത് പതിന്മടങ്ങ്‌ സുന്ദരമായ ലക്‌നാവരം തടാകപ്രദേശത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണിപ്പോള്‍.

താടകത്തിനുള്ളിൽ ദ്വീപുകൾ

ലക്‌നാവരം ചെരുവ് എന്ന പേരിൽ പ്രാദേശികമായി പ്രസിദ്ധമായ തടാകത്തിന് 10,000 ഏക്കറിലധികം വിസ്തൃതിയുണ്ട്. വാറങ്കൽ തലസ്ഥാനമായി സ്വീകരിച്ചിരുന്ന സമയത്ത്, കാകതീയ വംശജരാണ് ഇത് നിർമിച്ചത്. തടാകത്തിനുള്ളിലെ 13 ചെറിയ ദ്വീപുകളും 3 ദ്വീപുകളെ പരസ്പരം ബന്ധിപ്പിക്കുന്ന 160 മീറ്റർ നീളമുള്ള മൂന്ന് തൂക്കുപാലങ്ങളും ലക്നാവരത്തിന്‍റെ പ്രത്യേകതയാണ്.

LaknavaramLake
Laknavaram, Warangal.i_am_chandra/shutterstock

എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ആസ്വദിക്കാനുള്ള വിനോദങ്ങളും ഇവിടെയുണ്ട്. ബോട്ടിങ്ങാണ് ഇവയില്‍ പ്രധാനം. പോണ്ടൂൺ ബോട്ടുകൾ, ഡീലക്സ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിങ്ങനെയുള്ള ബോട്ടുകളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ജലാശയത്തിന് മുകളിലൂടെ നടക്കുന്നതു പോലുള്ള അനുഭൂതി നല്‍കുന്ന തൂക്കുപാലത്തിലൂടെ നടക്കാം. അതല്ലെങ്കില്‍ ചുറ്റുമുള്ള പ്രദേശത്തിന്‍റെ ശാന്തത ആസ്വദിച്ച് കരയില്‍ വെറുതേ ഇരിക്കാം. കുടുംബത്തോടൊപ്പം ഒരു ദിവസത്തെ പിക്നിക്കിന് പറ്റിയ സ്ഥലമാണിത്.

സർക്കാരിന് കീഴിലുള്ള ഹരിത റിസോർട്ടിന്‍റെ റസ്റ്റോറന്റാണ് സമീപ പ്രദേശത്തെ ഏക ഭക്ഷണശാല. പ്രധാന തീരത്ത് നിന്ന് തൂക്കുപാലം വഴി ഇവിടെയെത്താം. തടാകത്തിന് സമീപം തെലങ്കാന സർക്കാർ നടത്തുന്ന ഒരു റിസോർട്ടുമുണ്ട്. തടാകത്തിനുള്ളിൽ നിർമിച്ചിരിക്കുന്ന നാല് കോട്ടേജുകളില്‍ സഞ്ചാരികള്‍ക്ക് താമസിക്കാം.

പിക്നിക് സ്പോട്ട്

മഴക്കാലവും മഞ്ഞുകാലവുമാണ് തടാകം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഈ സമയത്ത് ചുറ്റുമുള്ള പ്രദേശം മുഴുവന്‍ പച്ചപ്പു നിറഞ്ഞിരിക്കും. വേനല്‍ക്കാലമാകുമ്പോള്‍ തടാകത്തില്‍ വെള്ളം കുറവായിരിക്കും. പൊതുവേ അതിരാവിലെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.

തടാകത്തിനു സമീപം വേറെയും നിരവധി ആകര്‍ഷണങ്ങളുണ്ട്‌. ലക്‌നാവരം തടാകത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് രാമലിംഗേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന രാമപ്പ ക്ഷേത്രം. എ ഡി 1213 ല്‍ നിര്‍മിച്ചതാണ് ഇത്. വെങ്കട്ട്പൂർ മണ്ഡലിലെ പാലംപേട്ട് ഗ്രാമത്തിന്‍റെ താഴ്വരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 6 മീറ്റർ ഉയരമുള്ള നക്ഷത്രാകൃതിയിലുള്ള പീഠത്തിലാണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്, കൂടാതെ ക്ഷേത്രത്തിന്‍റെ ഇരുവശത്തുമായി ശിവന് സമർപ്പിച്ചിരിക്കുന്ന 2 ചെറിയ ആരാധനാലയങ്ങളും ക്ഷേത്രത്തിനുള്ളിൽ ശിവന്‍റെ ശ്രീകോവിലിന് അഭിമുഖമായി ഒരു നന്ദി പ്രതിമയും ഉണ്ട്. പുരാണ കഥകൾ ചിത്രീകരിക്കുന്ന തൂണുകളും ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

വെള്ളച്ചാട്ടവും കാഴ്ചകളും

ലക്‌നാവരം തടാകത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള നഗര ഹല്ലബലൂവിൽ, വനപ്രദേശത്തിന് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ബൊഗത വെള്ളച്ചാട്ടം ഒരു മികച്ച ഇക്കോ ടൂറിസം കേന്ദ്രമാണ്. തെലങ്കാനയിലെ ഏറ്റവും വലിയ രണ്ടാമത്തെ വെള്ളച്ചാട്ടമെന്നു പറയപ്പെടുന്ന തടാകത്തിന് തെലങ്കാന നയാഗ്ര, തെലങ്കാന നയാഗ്ര ജലപഥം എന്നിങ്ങനെ പേരുകളുണ്ട്. ജൂൺ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ അതിമനോഹരമാകുന്ന വെള്ളച്ചാട്ടത്തിലേക്ക് ഒരു ചെറിയ ട്രെക്കിങ് വഴി പ്രവേശിക്കാം.

ലക്‌നാവരം തടാകത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ ജയശങ്കർ ജില്ലയിലെ എടൂർനഗരം ഗ്രാമത്തിലുള്ള എടൂർനഗരം വന്യജീവി സങ്കേതമാണ് മറ്റൊരു കാഴ്ച. 806 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതം തെലങ്കാനയിലെ ഏറ്റവും പഴക്കം ചെന്ന സങ്കേതങ്ങളിലൊന്നായി പറയപ്പെടുന്നു. സഞ്ചാരികള്‍ക്ക് ഇതിനുള്ളില്‍ ചെറിയ ട്രക്കുകളും കാൽനട ഉല്ലാസയാത്രകളും നടത്താം. കടുവകൾ, പാന്തറുകൾ, പുള്ളിപ്പുലികൾ തുടങ്ങി വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഇവിടം. സന്ദര്‍ശകര്‍ക്കായി സങ്കേതത്തിനുള്ളിൽ കുടിലുകളും വിശ്രമ കേന്ദ്രങ്ങളും ഉണ്ട്. ഒക്ടോബർ മുതൽ മെയ് വരെയാണ് സാധാരണയായി ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി പറയുന്നത്.

English Summary: Laknavaram Lake turns into hotspot for weekend travellers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com