ADVERTISEMENT

നിറയെ പൂത്തുനിൽക്കുന്ന നില്‍ക്കുന്ന സൂര്യകാന്തികള്‍ക്കിടയില്‍ നിന്നും എടുത്ത മനോഹരമായ വിഡിയോ പങ്കുവച്ച് നടന്‍ ദിനേശ് പ്രഭാകര്‍. ആന്ധ്രാപ്രദേശിലെ ഗണ്ടിക്കോട്ടയില്‍ നിന്നാണ് വിഡിയോ എടുത്തിരിക്കുന്നത്. നടന്‍ മുന്നയും നാവാബ് ഷായും ഗൗതം വിന്‍സന്റും ഗായിക രഞ്ജിനി ജോസുമെല്ലാം ഇതിനടിയില്‍ കമന്‍റുകള്‍ ചെയ്തിട്ടുണ്ട്. 

ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയിലെ ജമ്മലമഡുഗു എന്ന സ്ഥലത്തുനിന്ന് 15 കിലോമീറ്റർ അകലെയായി പെണ്ണാർ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് ഗണ്ടികോട്ട. കല്യാണി ചാലൂക്യർ, പെമ്മസാനി നായകർ, ഗോൽക്കൊണ്ട സുൽത്താനേറ്റ് തുടങ്ങിയ വിവിധ രാജവംശങ്ങളുടെ അധികാര കേന്ദ്രമായിരുന്ന ഒരു കോട്ടയുണ്ട് ഇവിടെ. മുന്നൂറു വർഷത്തിലേറെ പെമ്മസാനി നായകരുടെ തലസ്ഥാനമായിരുന്നു ഗണ്ടിക്കോട്ട. കല്യാണി ചാലൂക്യരുടെ സാമന്തന്മാരായിരുന്ന കാകരാജ നിർമിച്ച മണൽ കോട്ടയ്ക്ക് പകരം 101 ഗോപുരങ്ങളോടെ  ഗണ്ടിക്കോട്ടയിൽ കൂറ്റൻ കോട്ട പണിതത് പെമ്മസാനി രാമലിംഗ നായിഡുവാണ്.  തുടർന്നുള്ള മുസ്ലീം ഭരണകാലത്ത് ഇസ്ലാമിക വാസ്തുവിദ്യയുടെ കൂട്ടിച്ചേർക്കലുകൾ നടത്തി. ഗണ്ടിക്കോട്ടയ്ക്ക് ലോക പൈതൃക പദവി നൽകാനുള്ള ശ്രമങ്ങൾ ഇപ്പോള്‍ നടന്നുവരികയാണ്.

തെലുങ്ക് ഭാഷയിൽ 'ഗണ്ടി' എന്നാൽ മലയിടുക്ക് എന്നാണർത്ഥം. ഗണ്ടികോട്ട കുന്നുകൾ എന്നറിയപ്പെടുന്ന ഏരമല മലനിരകളുടെ ഇടയിലുള്ള മലയിടുക്കിൽ നിന്നാണ് ഗണ്ടികോട്ടയ്ക്ക് ആ പേരു വന്നത്. ഈ മലയിടുക്കിൽ കൂടിയാണ് പെണ്ണാർ നദി ഒഴുകുന്നത്. ഇടുങ്ങിയ മലയിടുക്കിലൂടെ പെണ്ണാർ നദി ഒഴുകുന്ന ദൃശ്യം ആരുടേയും മനം കവരുന്ന കാഴ്ചയാണ്.

കോട്ടയിൽ മാധവനും രംഗനാഥനും സമർപ്പിച്ചിരിക്കുന്ന രണ്ട് പുരാതന ക്ഷേത്രങ്ങളുണ്ട്.  അവ ഇപ്പോള്‍ തകർന്ന നിലയിലാണ്. ഇവിടെത്തന്നെ ഒരു ജാമിയാ മസ്ജിദുമുണ്ട്. കൂടാതെ പഴയ കാലത്തെ ഒരു പീരങ്കിയും, നിരവധി പത്തായപുരകളും കുളവുമെല്ലാം കാണാം. കോട്ടയ്ക്ക് പുറത്ത് നദിയുടെ തീരത്ത് ധാരാളം ക്യാംപിങ് ഏരിയകളുണ്ട്. 2015 നവംബറിൽ ആന്ധ്രാപ്രദേശിന്‍റെ അടുത്ത പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഗണ്ടിക്കോട്ടയെ വികസിപ്പിക്കാനുള്ള പദ്ധതി ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ചിരുന്നു. ടൂറിസം വകുപ്പിന്‍റെ കീഴില്‍, സഞ്ചാരികള്‍ക്ക് താമസസൗകര്യം നല്‍കുന്നതിനായി ഒരു ഹരിതം ഹോട്ടല്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

അധികം ജനത്തിരക്കില്ലാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഗണ്ടിക്കോട്ട. സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. കുടപ്പാ ജില്ലയിലെ മുധാനുരു ആണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. ജമ്മലമടുഗു ആണ് അടുത്തുള്ള പട്ടണം. ജമ്മലമടുഗു പഴയ ബസ്‌സ്റ്റാൻറ്റിൽ നിന്നും ഗണ്ടികോട്ടയിലേക്ക് ബസുകൾ ലഭ്യമാണ്.  

English Summary: Gandikota ancient temple and sunflower farm 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com