ADVERTISEMENT

കുമളിയിൽ നല്ല കാലാവസ്ഥയാണ്. തണുപ്പ് തുടങ്ങിയിരിക്കുന്നു. ഒന്നു വന്നു തലോടി ഇത്തിരി നേരം മേനിയിൽ പടർന്ന് ഒഴുകിയിറങ്ങുന്ന കുളിര്. തേക്കടിയിൽ വരുന്നവർക്ക് സാധാരണ ലക്ഷ്യമൊന്നേയുള്ളൂ. എവിടെയെങ്കിലും ഒരു മുറി സംഘടിപ്പിക്കുക, ബോട്ടിങ് നടത്തി മടങ്ങുക. എന്നാൽ പോക്കറ്റിൽ ഇത്തിരി പണമുണ്ടെങ്കിൽ തേക്കടി തരുന്ന അവിസ്മരണീയമായ റിസോർട്ട് അനുഭവങ്ങളുണ്ട്. കാപ്പിയും ഏലവും വിളയുന്ന തോട്ടങ്ങളിലെ കോട്ടേജുകൾ, പ്ലാന്റേഷൻ വോക്ക്, സ്വിമ്മിങ് പൂൾ, ഇൻഡോർ - ഔട്ട്ഡോർ ഗെയിമുകൾ, സ്വാദു മുകുളങ്ങളെ കോരിത്തരിപ്പിക്കുന്ന ഭക്ഷണം... അങ്ങനെ പലതും. അതിനുമപ്പുറം പെരിയാർ വന്യമൃഗ സങ്കേതത്തിനുള്ളിലെ ട്രെക്കിങ്, താമസം തുടങ്ങിയവ. ഇനി ഇത്തിരി നേരം ഡ്രൈവ് ചെയ്യാൻ തയാറാണെങ്കിൽ പോന്നോളൂ. കുമളി ചെക്ക് പോസ്റ്റും കഴിഞ്ഞ് കിഴുക്കാംതൂക്കായ ഹെയർ പിന്നുകൾ ഇറങ്ങാം. ഉച്ചയ്ക്കും നല്ലിരുൾ.

meghamalai-hills6
Image Source: Prasanth Vasudev

ഇടതുവശത്ത് അഗാധതയിലും വിദൂരതയിലും തമിഴ് ഗ്രാമങ്ങളും അതിനുമപ്പുറം നിഴലിഴയുന്ന പശ്ചിമഘട്ട മലനിരകളും. തമിഴ് നാടിന് വേറിട്ട ചന്തം തന്നെയാണ്. കേരളം മോഹനമെന്ന് നാം പറയുമ്പോഴും ഒരു റോഡ് ട്രിപ്പിൽ തമിഴ്നാട് തരുന്ന കാഴ്ചകൾ ഒരിക്കലും കേരളത്തിലില്ല. പാടശേഖരങ്ങളെങ്കിൽ പാടശേഖരങ്ങൾ, കൃഷിയിടങ്ങളെങ്കിൽ കൃഷിയിടങ്ങൾ, ജലാശയങ്ങൾ, മലനിരകൾ. തമിഴ് കാഴ്ചകൾക്ക് ചന്തം ഏറും.

ഹെയർപിന്നുകൾ ഇറങ്ങിച്ചെന്നാൽ ഗ്രാമങ്ങൾ തുടങ്ങുകയായി. ഇരുവശവും കൃഷിയിടങ്ങൾ. ഇല്ലാത്തതൊന്നുമില്ല. നമുക്ക് നഷ്ടമായതെല്ലാം തമിഴൻ വിളയിക്കുന്നു. അതിൽ വിഷമൊഴിവാക്കേണ്ടത് സർക്കാരുകൾ പരസ്പരം ചർച്ച ചെയ്ത്. വെറുതെ ആലോചിക്കുകയായിരുന്നു, മുല്ലപ്പെരിയാറിലെ വെള്ളത്തിന് തീർത്തും അർഹൻ തമിഴൻ തന്നെ. കേരളത്തിലൂടെ അതൊഴുകിയിട്ട് മലയാളി എങ്ങനെ അത് പ്രയോജനപ്പെടുത്തുന്നു! ഇവിടെ അവൻ നെല്ല് വിളയിക്കുന്നു, കേരം തിങ്ങും കേരള നാടിനെക്കാൾ തേങ്ങ വിളയിക്കുന്നു, പിന്നെ പപ്പായ, മുരിങ്ങക്ക, കാബേജ്, നെല്ലി, മാങ്ങ, സപ്പോട്ട, സീതപ്പഴം, വെങ്കായം... എന്തില്ല !

meghamalai-hills5
Image Source: Prasanth Vasudev

പത്തു പതിനഞ്ചു കിലോമീറ്റർ കഴിഞ്ഞതേയുള്ളൂ. ദേ , ഇരുവശത്തും മഞ്ഞ വസന്തം നിറച്ച് ജമന്തിപ്പാടങ്ങൾ ! ഏതാനും മാസം മുമ്പ് ഗുണ്ടൽപ്പേട്ടിൽ സൂര്യകാന്തി വസന്തം കണ്ടതോർത്തു. മഞ്ഞ മാത്രമല്ല, വെള്ളയും ചുമപ്പും ജമന്തികൾ. പൂ നുള്ളുന്ന തമിഴ് സ്ത്രീകൾ. മൂന്നു മാസം മതിയത്രേ നട്ട് പൂ പറിക്കാൻ. കിലോയ്ക്ക് 150 രൂപ. ജമന്തിപ്പാടത്തിറങ്ങി. വെയിലിന് ഒട്ടും കാഠിന്യം തോന്നിയില്ല.

വണ്ടി പിന്നെയും ഉരുണ്ടു. ഇനി മുന്തിരിപ്പാടങ്ങളാണ്. ഒക്കെയും അദ്ധ്വാനത്തിന്റെ ഫലങ്ങൾ. നമുക്ക് കൃഷി ചെയ്യാതിരിക്കാൻ കാരണങ്ങൾ നൂറ്! സർക്കാർ സഹായിക്കുന്നില്ല , കീട ശല്യം, വിളവ് കുറവ്, നഷ്ടം. തമിഴന് ഈ കാരണങ്ങളൊന്നും അറിയില്ല. അതുകൊണ്ട് മലയാളി സാമ്പാറും അവിയലും കഴിക്കുന്നു !

meghamalai-hills3
Image Source: Prasanth Vasudev

മുന്തിരിപ്പാടം കാണാൻ ഒരിടത്തിറങ്ങി. അവർക്ക് അതിനോട് ചേർന്ന് റസ്റ്ററന്റുമുണ്ട്. ഗ്രേപ്പ് ടീ ! സംഗതി കൊള്ളാം. ഒരാൾ ഗ്രേപ്പ് ജ്യൂസും കഴിച്ചു. സന്ദർശകർക്കായി വിളവെടുക്കാതെ നിർത്തിയിരിക്കുന്ന മുന്തിരിക്കുലകളെ തൊട്ടുരുമ്മി തല കുമ്പിട്ട് നടന്നു. വല്ലപ്പോഴും തല കുനിക്കണമല്ലോ!

meghamalai-hills8
Image Source: Prasanth Vasudev

ഇടയ്ക്ക് ഒരു ബോർഡ്. സുരുളി വെള്ളച്ചാട്ടം. വണ്ടി തേനി റോഡിൽ വലത്തേക്ക് തിരിച്ചു. 18 കിലോമീറ്റർ. വഴിവക്കിൽനിന്ന് മധുരം കിനിയുന്ന സീതപ്പഴം വാങ്ങി നുണഞ്ഞു. ശരിക്കും മുന്തിരിപ്പാടങ്ങൾ കണ്ടത് ഈ പതിനെട്ടു കിലോമീറ്റർ റോഡിലാണ്. മുന്തിരി മാത്രമല്ല, ഇല്ലാത്ത കൃഷിയില്ല. പപ്പായ, കാബേജ്, മുരിങ്ങ എല്ലാമുണ്ട്. സുരുളിക്ക് പത്തിരുന്നൂറു മീറ്റർ ഇപ്പുറം വഴിവക്കിൽ വണ്ടി നിർത്തി. പച്ച നിറത്തിലുള്ള മുന്തിരിക്കുലകൾ ! വഴിവക്കിലൊരു വൃത്തിയുള്ള കടയും. ഒരു പുരുഷനും സ്ത്രീയും. സുരുളിയിൽ വെള്ളം കൂടുതലായതു കൊണ്ട് കടത്തി വിടുന്നില്ലത്രേ. അല്ലെങ്കിൽ ഒരു കിലോമീറ്റർ നടക്കണം വെള്ളച്ചാട്ടം കാണാൻ. മേഘമലയെപ്പറ്റി ചോദിച്ചു. റോഡ് തീരെ മോശമാണെന്ന് കേട്ടിട്ടുണ്ട്. പത്തിരുപത് വർഷം മുമ്പ് ഒരിക്കൽ പോയതാണ്. പക്ഷേ റോഡ് നന്നാക്കി കിടിലം ആക്കിയിരിക്കുന്നു എന്നയാൾ പറഞ്ഞു. സന്തോഷം. അഞ്ചു കിലോ മുന്തിരി അയാളിൽ നിന്നു വാങ്ങി. കിലോ 50 രൂപ. നല്ല മധുരം. രണ്ട് ജ്യൂസും കുടിച്ചു. ഉച്ചയ്ക്ക് ആഹാരം കഴിച്ചിട്ടില്ല. മണി ഒന്നു കഴിഞ്ഞു. വണ്ടി തിരിച്ചു. കമ്പം വഴി ഹൈവേയിൽ കയറി.

പത്തുപതിനഞ്ചു കിലോമീറ്റർ ഹൈവേയിലൂടെ ചെന്ന് ചിന്നമണ്ണൂർനിന്ന് വലത്തേക്കു തിരിയണം. മനോഹരമായ കാഴ്ചകൾ വീണ്ടും. ദൂരെ നീല മലനിരകൾ. അവയ്ക്ക് അരഞ്ഞാണമിട്ട് കയറിപ്പോകുന്ന റോഡ്. ചെക്ക് പോസ്റ്റിൽ വണ്ടി നിർത്തി നമ്പർ എഴുതണം. സമയം രണ്ടര. അഞ്ചരയ്ക്ക് മുമ്പ് തിരിച്ചെത്തണമെന്ന് തമിഴൻ വാച്ചർ. വന്യമൃഗങ്ങൾ റോഡ് മുറിച്ചു കടക്കുന്നതു കണ്ടാൽ വണ്ടി നിർത്തി ഇറങ്ങരുതെന്ന് ഉപദേശം. കേരള ടൂറിസം കാർഡ് കാണിച്ചപ്പോൾ വാച്ചർക്ക് രൊമ്പ സന്തോഷം. ചിന്നമണ്ണൂർ നിന്നു മൊത്തം 43 കി.മീ ആണ് മേഘമലയിലേക്ക്.

meghamalai-hills-9
Image Source: Prasanth Vasudev

18 ഹെയർപിന്നുകൾ. ആവശ്യത്തിലേറെ വീതിയുള്ള റോഡ്. ഹെയർ പിന്നുകളിൽ ഇന്റർലോക്ക് ഇട്ടിരിക്കുന്നു. വഴി നീളെ ഉണങ്ങിയ ആനപ്പിണ്ടം. രാത്രയിൽ ആനയും കടുവയുമൊക്കെ ഈ വഴികളിൽ സ്വൈര സഞ്ചാരം നടത്തുന്നുണ്ടാവുമെന്ന് കട്ടായം. തുടക്കത്തിൽ ഇടത്തും വലത്തും അഗാധമായ കൊക്കകൾ. ഒന്നും പേടിക്കേണ്ടാത്ത വിധം കനത്ത ഇരുമ്പ് ഷീറ്റുകൾ കൊണ്ടൊരുക്കിയ സുരക്ഷാ വേലികൾ . ഇടതു വശത്തെ വിദൂര തമിഴ് ഗ്രാമ കാഴ്ചകൾ അതിമോഹനം.

meghamalai-hills1
Image Source: Prasanth Vasudev

പതിനെട്ട് ഹെയർ പിന്നുകളും കഴിഞ്ഞപ്പോൾ തേയിലത്തോട്ടങ്ങളുടെ ദൃശ്യങ്ങൾ വിരുന്നിനെത്തി. വുഡ് ബ്രയാർ ടീ എസ്റ്റേറ്റുകൾ. ഗ്ലാസ്സൊന്ന് താഴ്ത്തി നോക്കി. നല്ല കുളിരുണ്ട്. പിന്നെ കിലോമീറ്ററുകളോളം തേയിലത്തോട്ടങ്ങളും ഇടയ്ക്കിടെ ലയങ്ങളും തന്നെ. കുറച്ചു കൂടി കഴിഞ്ഞപ്പോൾ കുന്നിൻ മുകളിലെ തടാകം വശ്യമോഹിനിയായി മുന്നിലെത്തി. മേഘമലയിലെ തേയിലക്കാടുകൾക്ക് മൂന്നാർ പച്ചയല്ല. അതുക്കും മേലൊരു ഹരിതാഭ. കാരണമുണ്ട്. ഇവിടെ  റിസോർട്ടുകളില്ല, ഹോട്ടലുകളില്ല. ഉള്ളത് പഞ്ചായത്തിന്റെ ഒരു താമസ സൗകര്യവും വുഡ് ബ്രയാർ ടീ ബംഗ്ലാവുകളും (മൂന്നെണ്ണം -ക്ലൗഡ് മൗണ്ടൻ ബംഗ്ലാവ്, മണലാർ കോട്ടേജ്, സാൻഡ് റിവർ കോട്ടേജസ്) പിന്നെ എസ്റ്റേറ്റ് കെട്ടിടങ്ങളും ലയങ്ങളും മാത്രം. ഇവിടെ പ്രകൃതിപ്പെണ്ണിന്റെ മാനമെടുക്കാൻ മാനുഷനൊരുവന് ഇതേ വരെ ആയിട്ടില്ല.

meghamalai-hills7
Image Source: Prasanth Vasudev

ഡ്രൈവ് ചെയ്തിട്ട് തീരുന്നില്ല. എവിടെയാണ് ഈ പാത അവസാനിക്കുക... ഈ വശ്യമനോഹര കാഴ്ചകൾ തീരില്ലേ? ഒടുവിൽ മണലാറെത്തി. ജീപ്പുകളുമായി തദ്ദേശ വാസികൾ കിടപ്പുണ്ട്. ഇനി ഓഫ് റോഡാണത്രെ. പതിമൂന്ന് കിലോമീറ്റർ. അപ്പർ മണലാർ, വെന്നിയാറ്,

മഹാരാജ മെട്ട്, ഇറവങ്കലാറ് ..... ഒക്കെക്കണ്ട് തിരികെയെത്താൻ ജീപ്പിന് ആയിരത്തി ഇരുന്നൂറ് രൂപ. വെറുതേ കുറച്ചു ദൂരം പോയപ്പോൾ സംഗതി ശരിയാണ്. നല്ല റോഡ് അവസാനിച്ചു. പക്ഷേ ക്രെറ്റയെപ്പോലെ ഒരു എസ്‌യുവി സുഖമായി കയറും. പക്ഷേ ലവൻമാർ പ്രശ്നമുണ്ടാക്കും. പറഞ്ഞു തന്നവൻ ബൈക്കിൽ പിന്നാലെയുണ്ട്. ഇത്തവണ ഇല്ലെന്ന് വ്യക്തമാക്കി തിരിച്ചു.

നല്ല വിശപ്പ്. ഒരൊറ്റ ചായക്കടയേ ഈ പ്രദേശത്ത് കണ്ടുള്ളൂ. കയറി. സമയം 4.30. ബാക്കിയുള്ള ചോറ് ജോലിക്കാർ കഴിക്കുന്നു. കട്ടൻ ചായ ഉണ്ട്. ബാക്കിയെല്ലാം ഏഴുമണി കഴിഞ്ഞത്രേ. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ദോശ തരാമെന്നായി. സാമ്പാറും ചിക്കന്റെ ഗ്രേവിയും. പോരേ പൂരം! മതി മതി ..... പോരട്ടെ എന്നായി. ദേ വന്നു, കിടിലൻ ദോശയും കിടിലൻ ഗ്രേവിയും. രണ്ട് ഓംലെറ്റും വന്നു. സംഗതി കുശാൽ. മുത്തുപ്പാണ്ടിയെ പരിചയപ്പെട്ടു. അയാൾ കമ്പത്താണ് താമസം. അപ്പനും അമ്മയും മേഘമലയിൽ ഹോട്ടൽ നടത്തുന്നു. മുത്തുപ്പാണ്ടി ആഴ്ചയിൽ രണ്ടു ദിവസം അപ്പനമ്മമാരെ സഹായിക്കാൻ എത്തും. നന്ദി പറഞ്ഞിറങ്ങി. 

പച്ചൈ കോമാച്ചി എന്നാണ് പഞ്ചായത്തിന്റെ പഴയ പേര്. കുറേ വർഷങ്ങൾ മുമ്പ് ആധുനിക പേരിലേക്ക് പഞ്ചായത്ത് മാറി. ഹൈ വേവിസ്. എന്താ അർഥമെന്ന് ചോദിച്ചിട്ട് മുത്തുപ്പാണ്ടിക്കറിയില്ല. പക്ഷേ സംഭവം എന്തെന്നാൽ തരംഗങ്ങൾ സൃഷ്ടിച്ച് പരന്നു കിടക്കുന്ന മലനിരകൾക്ക് ബ്രിട്ടീഷ് പ്ലാന്റർമാർ ചാർത്തിക്കൊടുത്ത പേരത്രേ ഹൈ വേവിസ്.

1996 ൽ ആണ് ഹൈവേവിസ്  ടൗൺ പഞ്ചായത്ത് രൂപീകൃതമാകുന്നത്. തേനി ജില്ലയിലെ ഉത്തമ പാളയം താലൂക്കിലാണ് 47 സ്ക്വയർ കിലോമീറ്ററോളം വിസ്തൃതിയുള്ള പഞ്ചായത്ത്. പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെട്ട മേഘമലയ്ക്ക് ഹൈവേവി മലനിരകൾ എന്നുമുണ്ട് പേര്. മൊത്തത്തിൽ വരസുനാട് മലനിര എന്നറിയപ്പെടുന്നു. കൂടുതലും തേയിലത്തോട്ടങ്ങളും ഏലക്കാടുകളും പിന്നെ വനവും.

meghamalai-hills-11
Image Source: Prasanth Vasudev

ഹൈവേവിസ്, ക്ലൗഡ് ലാൻഡ്, മണലാർ എസ്റ്റേറ്റുകളിലായി തേയിലക്കാടുകൾ പരന്നു കിടക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ ഉയരം. മേഘമലയിൽ കാണാൻ കഴിയുന്നത് ഏഴ് സ്ക്വയർ കിലോമീറ്റർ പരന്നു കിടക്കുന്ന കൃത്രിമ തടാകമത്രേ. 1650 മീറ്റർ ഉയരത്തിലുള്ള വെള്ളിമല യാത്രയാണ് മേഘമലയുടെ ഹൃദയം. വെള്ളി മേഘങ്ങളെ തൊട്ടുരുമ്മി പെരിയാർ കടുവാ സങ്കേതത്തിനടുത്തായാണ് വെള്ളിമല. വൈഗൈ നദി ഇവിടെ ഉത്ഭവിക്കുന്നു. മേഘമല സുന്ദരിപ്പെണ്ണാണ്. അവൾ നിങ്ങളെ മോഹിപ്പിക്കും. പ്രണയ തരളിതനും പ്രണയ തരളിതയുമാക്കും. ഓരോ കാഴ്ചയും ഓരോ മികച്ച ഫോട്ടോഫ്രെയ്മാണ്.

English Summary: Meghamalai Hills Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com