ADVERTISEMENT

പെൺമനസ്സിൽ കൂമ്പാരം കൂടിക്കിടക്കുന്ന ആഗ്രഹങ്ങളെയൊന്നു പൊടിതട്ടി പുറത്തെടുത്തു വായിച്ചു നോക്കിയാൽ അതിലുണ്ടാകും ഒറ്റയ്ക്കൊരു യാത്ര പോകണമെന്ന അടങ്ങാത്ത സ്വപ്നം. കാടും മേടും കയറി, ഓളവും തീരവും അറിഞ്ഞ്, മഴയും വെയിലും കൊണ്ട്, മഞ്ഞു വീഴ്ച കണ്ട് സർവ സ്വാതന്ത്ര്യത്തോടെയുമുള്ള യാത്രയുടെ സ്വപ്നം. ആ യാത്രാനുഭവം എത്തിപ്പിടിക്കാൻ കൊതിയുണ്ടായിട്ടും ഒരിക്കലും നടക്കില്ലെന്ന ധാരണയിൽ ആ ആഗ്രഹം മടക്കി വച്ച പെണ്ണുങ്ങൾ അനവധിയാണ്. കാരണങ്ങൾ പലതാകാം, ഒറ്റയ്ക്കു പോകുമ്പോഴുണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്നവും നമ്മുടെ സാമൂഹിക വ്യവസ്ഥിതിയും തന്നെയാണ് പലരെയും പിന്നോട്ടു വലിക്കുന്നത്. എന്നാൽ നമുക്കൊന്നു മാറി ചിന്തിച്ചാലോ? ഈ പൊടിക്കൈകൾ ഒന്നു മനസ്സിൽ കുറിച്ചോളൂ. ഇനി നിങ്ങൾക്കും ഉലകം ചുറ്റാം, ആരുടെയും താങ്ങ് ഇല്ലാതെ:

∙ ആദ്യപടി ആത്മവിശ്വാസം

യാത്രയ്ക്കൊരുങ്ങുമ്പോൾ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചേക്കാം. അതിനെയൊന്നും മനസ്സിലേക്കെടുക്കരുത്. ആത്മവിശ്വാസത്തോടെ തയാറെടുപ്പുകൾ നടത്തുക. 

∙ റിസർച് 

women-travel2
Theera Disayarat/shutterstock

പോകുന്ന പ്രദേശത്തെപ്പറ്റി യാത്രയ്ക്കു മുൻപ് മനസ്സിലാക്കിയിരിക്കണം. ആ സ്ഥലം എത്രത്തോളം സുരക്ഷിതമാണ്, കാലാവസ്ഥ അനുകൂലമാണോ, യാത്രാസൗകര്യം എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇന്റർനെറ്റിൽ സെർച്ച് ചെയ്തോ മുൻപ് പോയിട്ടുള്ളവരോടു ചോദിച്ചോ അതു മനസ്സിലാക്കാം.

∙ പ്ലാൻ അത്യാവശ്യം

യാത്രകൾ നന്നായി പ്ലാന്‍ ചെയ്തു പോകുന്നതാണ് ഗുണകരം. താമസിക്കാനുള്ള ഹോട്ടലുകളും മറ്റും നേരത്തേ ബുക്ക് ചെയ്യാം. ബുക്കിങ്ങിനു മുന്‍പ് ഹോട്ടലിന്റെ റിവ്യു കൂടി പരിശോധിക്കണം. ഹോട്ടലുകളിൽ താമസിക്കാൻ താത്പര്യമില്ലെങ്കിൽ ഹോസ്റ്റലുകളോ സോസ്റ്റലുകളോ ലഭ്യമാകും. ഹോട്ടലുകളെ അപേക്ഷിച്ച് ഇവിടങ്ങളിൽ വാടക വളരെ കുറവായിരിക്കും. അവിടെ നിങ്ങളെപ്പോലെ തന്നെ യാത്ര ചെയ്യുന്ന പലരെയും കണ്ടുമുട്ടും. അവരോടൊക്കെ ഇടപെടുന്നതുവഴി നല്ല സൗഹൃദങ്ങളും പുതിയ അറിവുകളും കിട്ടിയേക്കാം. 

∙ ആദ്യം അടുത്ത്, പിന്നെ അകലെ

ആദ്യം കേരളത്തിലെ ചില സ്ഥലങ്ങളിൽ സോളോ യാത്ര പോയിത്തുടങ്ങാം. പതിയെ അന്യസംസ്ഥാനങ്ങളും വിദേശ യാത്രകളും പ്ലാൻ ചെയ്യാം. ആദ്യ യാത്ര തന്നെ വിദേശത്തേക്കായാൽ ചിലപ്പോൾ ശരിയാകണമെന്നില്ല. യാത്രയ്ക്കിടെ എന്തെങ്കിലും പ്രയാസങ്ങളുണ്ടായാൽ നിങ്ങൾ ചിലപ്പോൾ അതോടെ സോളോ ട്രിപ്പുകൾ അവസാനിപ്പിച്ചേക്കും. അതുകൊണ്ട് ആദ്യം നമ്മുടെ സംസ്ഥാനത്തെ സ്ഥലങ്ങൾ സോളോ ട്രിപ്പിനായി തിരഞ്ഞെടുക്കുക. ഓരോ യാത്ര കഴിയുന്തോറും അടുത്ത യാത്രയ്ക്കുള്ള തയാറെടുപ്പുകളെക്കുറിച്ച് കൂടുതൽ ധാരണയുണ്ടാകും. അതിനനുസരിച്ച് പതിയെ വിദേശ യാത്രകളും നടത്താം. 

women-travel1
lzf/shutterstock

∙ ഒത്തിരി വേണ്ട, ഇത്തിരി മതി

യാത്ര പോകുമ്പോൾ തീർച്ചയായും ആവശ്യത്തിനുള്ള സാധനങ്ങൾ കരുതിയിരിക്കണം, പക്ഷേ ഒരുപാട് ബാഗുകൾ ചുമന്നുകൊണ്ടുപോകുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. ഒരു ബാക്പാക്കും അത്യാവശ്യ സാധനങ്ങൾ വയ്ക്കാൻ ഒരു ചെറിയ ബാഗും മാത്രം കരുതുക. ബാക്പാക്ക് എപ്പോഴും ശരീരത്തോടു നന്നായി ചേർന്നു കിടക്കുന്ന രീതിയിൽ വേണം ഇടാൻ. ചെറിയ ബാഗ് ശരീരത്തിനു ക്രോസ് ആയി ഇടാം. ഇങ്ങനെ ചെയ്താൽ, ആരെങ്കിലും ബാഗിൽ ചെറുതായൊന്നു സ്പർശിച്ചാൽ പോലും പെട്ടെന്നു തിരിച്ചറിയാം. ഒരുപാട് സാധനങ്ങൾ ബാഗിൽ കുത്തിനിറയ്ക്കരുത്. അത് പുറം വേദനയ്ക്കും മറ്റ് ശാരീരിക അസ്വസ്ഥതകൾക്കും കാരണമായേക്കാം. കഴിവതും ഭാരമേറിയ സാധനങ്ങൾ ഒഴിവാക്കുക. യാത്രാ മധ്യേ ടോയ്‌ലറ്റിൽ പോകേണ്ട സാഹചര്യമുണ്ടാകുമ്പോൾ ബാഗുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ആരുമുണ്ടാകില്ല. അതുകൊണ്ട് ഭാരം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

∙ ചോദിക്കാം, പറയാം

സോളോ ട്രിപ് ആയതുകൊണ്ടു തന്നെ ഒറ്റപ്പെടൽ തോന്നില്ലെന്നത് ഒരു പരിധി വരെ ഉറപ്പാണ്. അഥവാ അങ്ങനെ തോന്നുകയാണെങ്കിൽ ഏതു നാട്ടിലാണോ നിങ്ങൾ പോകുന്നത് അവിടെയുള്ള പ്രദേശവാസികളുമായി സംസാരിക്കാം. മാത്രമല്ല, നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ തീർച്ചയായും അവരോടും ചോദിക്കാം. അവർ നിങ്ങളെ സഹായിക്കും. പോകുന്ന വഴിയിൽ സംസാരിക്കാൻ നിങ്ങൾക്ക് ആരെയെങ്കിലുമൊക്കെ കിട്ടുകയും ചെയ്യും.

∙ വാഹനങ്ങളുടെ തിരഞ്ഞെടുപ്പ്

യാത്രയ്ക്കായി ബസോ ട്രെയിനോ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്തു പോകുന്നതാണ് നല്ലത്. ബൈക്കിലോ കാറിലോ ആണ് പോകുന്നതെങ്കിൽ ഈ പ്രശ്നം വരുന്നില്ല. പക്ഷേ യാത്രയ്ക്കിടയിൽ വണ്ടിക്ക് എന്തെങ്കിലും തകരാറുണ്ടായാൽ എത്രയും പെട്ടെന്ന് വർക്‌ഷോപ്പിൽ കയറ്റുക. ചെറിയ തകരാറുകൾ പരിഹരിക്കാന്‍ ആവശ്യമായ കാര്യങ്ങൾ പഠിച്ചുവച്ചാൽ ഇത്തരം സാഹചര്യത്തിൽ അത് ഗുണകരമായിരിക്കും. രാത്രിയാത്രകളിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ രാത്രി താമസസ്ഥലത്തു തങ്ങിയ ശേഷം പിറ്റേ ദിവസം രാവിലെ യാത്ര തുടരുക.

∙ ഇത് അത്യാവശ്യം 

തിരിച്ചറിയൽ രേഖകളുടെ ഫോട്ടോ കോപ്പികൾ ഒന്നിലേറെ എണ്ണം കരുതുന്നതു നല്ലതായിരിക്കും. ഒറിജിനലും ഫോട്ടോകോപ്പിയും ഒരേ സ്ഥലത്തു വയ്ക്കാതിരിക്കുക. അതുപോലെ പണം കറൻസിയായി ആവശ്യത്തിനു മാത്രം കയ്യിൽ കരുതുക. എടിഎം ഇല്ലാത്ത സാഹചര്യത്തിൽ അത് ആവശ്യമാണ്. 

∙ വഴി നോക്കി മുന്നോട്ട്

ഓൺലൈനിൽ നോക്കി വഴികൾ മനസ്സിലാക്കിയായിരിക്കും നിങ്ങൾ യാത്ര തുടരുന്നത്. എന്നാല്‍ എല്ലാ സ്ഥലത്തും നെറ്റ്‌വർക്ക് ലഭ്യമാകണമെന്നില്ല. അതിനാൽ ഒരു ഓഫ്‌ലൈൻ മാപ്പ് കൂടി കരുതണം. 

∙ അവിടെ അവരെപ്പോലെ

ഏത് സ്ഥലത്തു പോയാലും അവിടുത്തെ ആളുകളെപ്പോലെ തോന്നും വിധത്തിലായിരിക്കണം നിങ്ങളുടെ വസ്ത്രധാരണം. ‌അധികമാരാലും ശ്രദ്ധിക്കപ്പെടാതിരിക്കാൻ ഇത് സഹായിക്കും. ഇങ്ങനെ ചെയ്യുക വഴി പല സുരക്ഷാ പ്രശ്നങ്ങളിൽനിന്നും രക്ഷപ്പെടാം. 

∙ ഒരാൾ അറിയട്ടെ

നിങ്ങളുടെ യാത്രാ പദ്ധതി ഏറ്റവുമടുപ്പമുള്ള ഏതെങ്കിലും ഒരാളോടു പങ്കുവയ്ക്കുന്നത് നല്ലതായിരിക്കും. രാവിലെയും രാത്രിയിലും ഉച്ചയ്ക്കുമൊക്കെ എവിടെയായിരിക്കുമെന്ന് നിങ്ങൾക്ക് അറിയാവുന്നതുപോലെ അയാളും അറിഞ്ഞിരിക്കട്ടെ. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ‌ അയാൾക്ക് നിങ്ങളുടെ അടുത്തേക്ക് എത്താനോ മറ്റു സഹായങ്ങള്‍ ലഭ്യമാക്കാനോ ഇത് ഉപകരിക്കും. 

∙ രാത്രി കാഴ്ച വേണോ?

കഴിവതും രാത്രികാല കാഴ്ചകൾ ഒഴിവാക്കാൻ ശ്രമിക്കുക. പാർട്ടികൾക്കും പബ്ബിലുമൊക്കെ പോകാതിരിക്കുന്നതാവും നല്ലത്. അഥവാ പോയാൽ തന്നെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തുക. ലഹരി ഉപയോഗം കഴിവതും ഒഴിവാക്കണം. രാത്രിയിൽ ഒഴിഞ്ഞ സ്ഥലത്തോ ഇടുങ്ങിയ വഴിയിലൂടെയോ ഉള്ള സഞ്ചാരം ഒഴിവാക്കുക.

∙ പറയണം ‘നോ’

ഒറ്റയ്ക്കുള്ള യാത്രയിൽ പല ദുരനുഭവങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. അപ്പോഴെല്ലാം ആത്മവിശ്വാസത്തോടെ നേരിടുക. ‘നോ’ പറയേണ്ട സാഹചര്യത്തിൽ അത് പറഞ്ഞിരിക്കണം. നിങ്ങൾ നിങ്ങളെത്തന്നെ വിശ്വസിക്കുക. യാത്രാമധ്യേ ഏതെങ്കിലും ഒരു സ്ഥലം ഇഷ്ടപ്പെട്ടില്ലെങ്കിൽ എത്രയും വേഗം അവിടെനിന്നു പോവുക. യാത്രയ്ക്കിടെ പലരും പല സ്ഥലങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ പറഞ്ഞേക്കാം. ആ സ്ഥലമാണ് കൂടുതൽ നല്ലത്, സുരക്ഷിതം എന്നൊക്കെ. പക്ഷേ അത് കേട്ട് നിങ്ങളുടെ പ്ലാനിൽ മാറ്റം വരുത്താതിരിക്കുക. അവരുടെ വാക്ക് കേട്ട് നിങ്ങൾ അവിടേയ്ക്കു പോയാൽ ചിലപ്പോൾ സമയനഷ്ടം ഉണ്ടാകാം. മാത്രവുമല്ല നിങ്ങൾക്ക് ആ സ്ഥലങ്ങൾ ഇഷ്ടപ്പെടണമെന്നോ അവിടെ സുരക്ഷയുണ്ടാകണമെന്നോ ഇല്ല.

∙ നിങ്ങളുടെ സമയം നിങ്ങളുടേത് മാത്രം

സോളോ യാത്ര നിങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നു. ഇഷ്ടമുള്ള സ്ഥലത്ത് നിങ്ങൾക്ക് ആവശ്യമുള്ളത്ര സമയം ചെലവഴിക്കുക. മറ്റാരും കൂടെയില്ലാത്തതിനാൽ നിങ്ങളുടെ സമയം പൂർണമായും നിങ്ങൾക്കു വേണ്ടിത്തന്നെ ഉപയോഗിക്കാനാകും. സമയം പാഴാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. സോളോ യാത്രകൾ ചെലവു കുറയ്ക്കാനും സഹായിക്കും. താമസത്തിനും ഭക്ഷണത്തിനുമെല്ലാം ഒരുപാട് പണം ചെലവാകില്ല. 

∙ അറിയണം, രുചിഭേദം

ഏതു സ്ഥലത്തു പോയാലും ആ നാടിന്റെ തനതു രുചി പരിചയപ്പെടുക. അവിടുത്തെ ആഹാര രീതിയെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം. 

∙ തണുപ്പിലും ചൂടിലും ശ്രദ്ധ

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം. ഒരു സ്ഥലത്തെ കാലാവസ്ഥ തണുപ്പാണെങ്കിൽ പിറ്റേ ദിവസം നിങ്ങൾ ചെല്ലുന്നിടത്ത് ചൂടായിരിക്കാം. ഇത് പെട്ടെന്ന് അസുഖങ്ങൾക്കു കാരണമാകും. അതിനാൽ അത്യാവശ്യ മരുന്നുകൾ കയ്യിൽ കരുതണം. തണുപ്പിൽനിന്നു രക്ഷ നേടാൻ ജാക്കറ്റോ സ്ലീപ്പിങ് ബാഗോ എടുക്കുന്നത് നന്നായിരിക്കും. വെയിലത്ത് ഇറങ്ങുന്നതിനു മുൻപ് സൺസ്ക്രീൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. 

∙ വൃത്തി മുഖ്യം

യാത്രയ്ക്കിടെ പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപയോഗിക്കേണ്ടി വരും. പലരും ഉപയോഗിക്കുന്നതായതുകൊണ്ടു തന്നെ ഇൻഫെക്‌ഷൻ ഉണ്ടാകാൻ സാധ്യതയേറെ. അതിനാൽ ടോയ്‌ലറ്റ് സീറ്റ് കവറുകൾ കയ്യിൽ കരുതുന്നതും പബ്ലിക്‌ ‌ടോയ്‌ലറ്റിൽ അത് വച്ചതിനു ശേഷം ഉപയോഗിക്കുന്നതുമാണ് സുരക്ഷിതത്വം. താമസ സ്ഥലത്തു തിരികെയെത്തിയാൽ ഉടൻ ഇന്റിമേറ്റ് വാഷ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുക.

∙ ആർത്തവക്രമം തെറ്റാം

പോകുന്ന സ്ഥലത്തെ കാലാവസ്ഥയും ഭക്ഷണരീതിയുമെല്ലാം ചിലപ്പോൾ നിങ്ങളുടെ ആർത്തവചക്രത്തിൽ മാറ്റം വരുത്തിയേക്കാം. ചിലപ്പോൾ ഡേറ്റിനു മുന്നേ ആർത്തവമുണ്ടാകും. അതിനാൽ ആവശ്യത്തിനുള്ള പാഡുകൾ കയ്യിൽ കരുതിയിരിക്കണം. സാനിറ്റൈസർ, ടിഷ്യു പേപ്പർ എന്നിവയും കയ്യിലുണ്ടായിരിക്കണം. ഇത് നിങ്ങളുടെ ഹാൻഡ് ബാഗിൽ സൂക്ഷിക്കുക. 

∙ ആഭരണം വേണ്ട

ആഭരണങ്ങളെല്ലാം സുരക്ഷിതമായ സ്ഥലത്ത് ഊരി വച്ച ശേഷം യാത്ര തുടങ്ങുന്നതായിരിക്കും നല്ലത്. യാത്രയ്ക്കിടയിൽ അതൊന്നും ശ്രദ്ധിക്കാൻ സാധിച്ചെന്നു വരില്ല. മാത്രവുമല്ല, മോഷണശ്രമത്തിനും സാധ്യതയേറെ.

∙ സന്തോഷം, പ്രചോദനം, ഊർജം

സോളോ യാത്രകൾ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. നിങ്ങൾ മറ്റുള്ളവർക്കു പ്രചോദനമാവുകയും ചെയ്യും. യാത്ര കഴിഞ്ഞു വരുമ്പോള്‍ സന്തോഷത്തോടെയെത്തുക. അത് അടുത്ത യാത്രയിലേയ്ക്കുള്ള ഊർജം നൽകും.

English Summary:Safety Tips for Solo Women Travellers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com