ADVERTISEMENT

കർണാടക സംസ്ഥാനത്തിലെ തുംകൂരിനടുത്ത് ദേവരായനദുർഗയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതിദത്ത നീരുറവയാണ്  നാമദ ചിലുമേ. രാമായണകാലത്തോളം നീളുന്ന കഥകള്‍ ഉറങ്ങിക്കിടക്കുന്ന ഈ പ്രദേശം ഇന്ന് ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഒരു പാറയുടെ ഉപരിതലത്തില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന നീരുറവയാണ് ഇവിടുത്തെ പ്രധാനകാഴ്ച. വര്‍ഷം മുഴുവനും ഈ നീരുറവ വറ്റാറില്ല. കാലങ്ങളായി, പ്രദേശവാസികളും സഞ്ചാരികളുമെല്ലാം ഈ ഉറവ വളരെ പവിത്രമായി കരുതിപ്പോരുന്നു.

വനവാസകാലത്ത് രാമനും സീതയും ലക്ഷ്മണനും ഇവിടെ താമസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം നെറ്റിയില്‍ തിലകം ചാര്‍ത്താന്‍ നോക്കിയപ്പോള്‍, പ്രദേശത്തെങ്ങും വെള്ളമില്ല എന്ന കാര്യം രാമന്‍റെ ശ്രദ്ധയില്‍പ്പെട്ടു. വളരെ കാര്യമായിത്തന്നെ തിരഞ്ഞെങ്കിലും പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശത്തെങ്ങും തന്നെ ഒരുതുള്ളി വെള്ളം കണ്ടെത്താന്‍ രാമനായില്ല. എന്നാല്‍പ്പിന്നെ ഒരു ജലസ്രോതസ്സ് ഇവിടെ അങ്ങ് നിര്‍മിച്ചു കളയാം എന്നു രാമന്‍ കരുതി. തന്‍റെ വില്ലെടുത്ത രാമന്‍, നേരെ മുന്നിലുള്ള പാറയിലേക്ക് അമ്പെയ്തു. അമ്പ്, പാറ തുളച്ചു കയറിയപ്പോള്‍ അതിനുള്ളില്‍ നിന്നും ജലപ്രവാഹമുണ്ടായെന്നും അതാണ്‌ ഈ നീരുറവയെന്നുമാണ് ഐതിഹ്യം. കന്നടയില്‍ ‘നാമം’ എന്നാൽ തിലകം എന്നും ‘ചിലുമേ’ എന്നാൽ അരുവി എന്നുമാണ് അര്‍ത്ഥം. അങ്ങനെയാണ് ഈ നീരുറവയെ ‘നാമദ ചിലുമേ’ എന്നു വിളിച്ചുതുടങ്ങിയത്.

namada-chilume1
Bangalore , KuntalSaha/Istock

ഉറവയ്ക്ക് ചുറ്റും റെയിലിങ് വച്ച് സംരക്ഷിച്ചിട്ടുണ്ട്. ഇതില്‍ നിന്നും നേരിട്ട് വെള്ളം കുടിക്കാനോ തൊടാനോ കഴിയില്ല. എന്നാല്‍ അടുത്തു തന്നെയുള്ള ഒരു പാറയില്‍ ഈ നീരുറവയില്‍ നിന്നുള്ള വെള്ളം ഒഴുകിവരുന്ന ഔട്ട്ലെറ്റ് ഉണ്ട്. സന്ദര്‍ശകര്‍ ഈ ജലം തീര്‍ത്ഥമായി ശേഖരിക്കുന്നു.

ബെംഗളൂരുവിൽ നിന്ന് ഏകദേശം 80 കിലോമീറ്ററും തുംകൂരിൽ നിന്ന് 14 കിലോമീറ്ററും അകലെയാണ് ഈ സൈറ്റ് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും വളരെ ശാന്തവും സമാധാനപൂര്‍ണവുമാണ് ഇവിടുത്തെ അന്തരീക്ഷം. വാരാന്ത്യയാത്രകള്‍ക്ക് ഏറെ അനുയോജ്യമാണ് ഇവിടം. ദേവരായനദുർഗ റിസർവ് വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ കർണാടക വനം വകുപ്പാണ് ഈ സ്ഥലം പരിപാലിക്കുന്നത്. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുമണി വരെയുള്ള സമയത്ത് പിക്നിക് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ അനുവദനീയമാണ്, എന്നാല്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഉറവയ്ക്ക് സമീപത്തായി ഒരു മാൻ പാർക്കും ഇരുപത് ഏക്കറിൽ ഔഷധ സസ്യങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു തോട്ടവുമുണ്ട്. മുന്നൂറോളം ഇനം അപൂർവ സസ്യങ്ങൾ ഇവിടെയുണ്ട്. മുറിവുകൾ, വിഷബാധ, ആമാശയരോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ സാധാരണ രോഗങ്ങൾക്കുള്ള ചികിത്സക്കായി ഉപയോഗിക്കുന്ന ഒട്ടേറെ സസ്യങ്ങള്‍ ഇവിടെയുണ്ട്.

 English Summary: The legend behind Karnataka’s Namada Chilume

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com