ADVERTISEMENT

സഞ്ചാരികള്‍ക്ക് അദ്ഭുതകരമായ യാത്രാനുഭവം സമ്മാനിക്കുന്ന ഒന്നാണ് ഡാർജിലിങ്ങിലെ ഹിമാലയൻ തീവണ്ടിപ്പാത. സിലിഗുരിയില്‍ നിന്ന് ഡാർജിലിങ്ങിലേക്ക് തേയിലത്തോട്ടങ്ങള്‍ക്കും മലനിരകള്‍ക്കുമിടയിലൂടെ കൂകിപ്പായുന്ന ഈ ട്രെയിന്‍, ടോയ് ട്രെയിന്‍ എന്നും അറിയപ്പെടുന്നു. 1879- നും 1881-നും ഇടയില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഈ റെയില്‍പാത, നിര്‍മാണ വൈഭവം കൊണ്ട് വിസ്മയമുണര്‍ത്തുന്ന കാഴ്ചയാണ്. 1999 ഡിസംബറില്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ടോയ് ട്രെയിന്‍ ഇടംനേടി. എല്ലാ സഞ്ചാരികളും ഇന്ത്യയില്‍ തീര്‍ച്ചയായും അനുഭവിച്ചറിയേണ്ട ഒരു യാത്രയാണിത്.

ഇത്രയും കാലം പകല്‍സമയങ്ങളില്‍ മാത്രമായിരുന്നു ഡാർജിലിങ് ഹിമാലയൻ റെയിൽവേ(DHR) ടോയ് ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. ഇക്കുറി സൂര്യാസ്തമയ ശേഷവും സഞ്ചാരികള്‍ക്ക് ടോയ് ട്രെയിന്‍ യാത്ര നടത്താനുള്ള അപൂര്‍വമായ അവസരമാണ് കൈവന്നിരിക്കുന്നത്. ഡാർജിലിങ്ങിലെ ശൈത്യകാല കാർണിവലായ ഘൂം ഫെസ്റ്റിവലിന്‍റെ(Ghoom Winter Festival) ഭാഗമായാണ് ഈ യാത്ര ഒരുക്കിയിട്ടുള്ളത്. നവംബര്‍ പന്ത്രണ്ടിന് ആരംഭിച്ച ഘൂം ഫെസ്റ്റിവല്‍ ഡിസംബര്‍ അഞ്ചുവരെ നീണ്ടുനില്‍ക്കും. രാത്രിയിലെ ടോയ് ട്രെയിന്‍ യാത്ര നവംബര്‍ പന്ത്രണ്ടിന് തന്നെ ആരംഭിച്ചു.

darjeeling-toy-train
Darjeeling Himalayan Railway, AROYBARMAN/Istock

2022 ഡിസംബർ 4 വരെ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയുമാണ് സൂര്യാസ്തമയത്തിനു ശേഷമുള്ള ടോയ് ട്രെയിന്‍ യാത്ര. വൈകുന്നേരം 6 മണിക്ക് ഡാർജിലിങ്ങിലാണ് യാത്ര ആരംഭിക്കുന്നത്. യാത്രാമധ്യേ, ടോയ് ട്രെയിൻ ബറ്റാസിയ ലൂപ്പിൽ ഏകദേശം 15 മിനിറ്റ് നിർത്തും. ഘൂം സ്റ്റേഷനിൽ എത്തിയതിന് ശേഷം ട്രെയിൻ വീണ്ടും 25 മിനിറ്റ് താൽക്കാലികമായി നിർത്തും.ഘൂം സ്റ്റേഷനിൽ കുറച്ച് സമയം നിര്‍ത്തിയിട്ട ശേഷം, യാത്രക്കാരെ ഡാർജിലിലേക്ക് തിരികെ കൊണ്ടുപോകും. പകൽ സമയത്തെ ടോയ് ട്രെയിനുകളുടെ നിരക്കിന് സമാനമാണ് രാത്രിയിലെ ടിക്കറ്റ് നിരക്ക്.

ഘൂം ഫെസ്റ്റിവലിന്‍റെ ഭാഗമായി എല്ലാ ദിവസവും വിവിധ ആഘോഷപരിപാടികള്‍ അരങ്ങേറും. ഡാർജിലിംഗ് ഉൾപ്പെടെയുള്ള റെയിൽവേ പാസേജുകൾക്ക് മുകളിലുള്ള സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്റ്റാൻഡ് അപ്പ് കോമഡി, നാടൻ കലകളുടെ ചിത്രീകരണങ്ങൾ മുതലായവ സംഘടിപ്പിക്കുന്നുണ്ട്. മൗണ്ടൻ ബൈക്കിങ് പോലെയുള്ള സാഹസിക വിനോദങ്ങളിലും വിനോദസഞ്ചാരികൾക്ക് പങ്കെടുക്കാം.

English Summary: This winter, enjoy a night ride aboard Darjeeling toy train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com