പുരാതനകാലത്തെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്

Keerthy
Image Source:Keerthy Suresh/Instagram
SHARE

തമിഴ്നാട്ടിലെ പുരാതനമായ ക്ഷേത്രക്കാഴ്ചകള്‍ ആസ്വദിച്ച്, നടി കീര്‍ത്തി സുരേഷ്. തന്‍റെ ജന്മനാടായ തിരുക്കുറുങ്കുടിയിലെ ക്ഷേത്രത്തില്‍ നിന്നും മനോഹരമായ ചിത്രങ്ങള്‍ കീര്‍ത്തി പങ്കുവച്ചിട്ടുണ്ട്. ബന്ധുക്കളുടെ ഒപ്പം നിന്നെടുത്ത ചിത്രങ്ങളും പഴയ കുടുംബവീടിന്‍റെ വിഡിയോയുമെല്ലാമുണ്ട്. 

'വാസ്തുവിദ്യാ സൗന്ദര്യം മാത്രമല്ല, പോസിറ്റിവിറ്റിയും ശാന്തതയും പ്രസരിപ്പിക്കുന്നിടവുമാണ്. എട്ടാം നൂറ്റാണ്ടിലെ എന്റെ തറവാടും ക്ഷേത്രവും സന്ദർശിക്കുന്ന ദിവസം!' എന്നും പങ്കുവച്ച ചിത്രത്തിനൊപ്പം കീർത്തി സുരേഷ് കുറിച്ചു.

തമിഴ്‌നാട്ടിലെ തിരുനെൽവേലിയില്‍ നിന്ന്  45 കിലോമീറ്റർ അകലെ, തിരുക്കുറുങ്കുടിയില്‍ സ്ഥിതിചെയ്യുന്ന വൈഷ്ണവ നമ്പി ക്ഷേത്രത്തിലെ ദൃശ്യങ്ങളാണ് ഇവ. ഹിന്ദു ദൈവമായ വിഷ്ണുവിന് സമർപ്പിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. വൈഷ്ണവ നമ്പി(വിഷ്ണു), നീല ദേവി(ലക്ഷ്മി) എന്നിവരാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍. ദ്രാവിഡ വാസ്തുവിദ്യാ ശൈലിയുടെ അഴക് വഴിഞ്ഞൊഴുകുന്ന ഈ ക്ഷേത്രം ആറും ഒന്‍പതും നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിച്ചതാണെന്ന് കരുതുന്നു. മധ്യകാല ചോള കാലഘട്ടത്തിലെ ശിലാലിഖിതങ്ങളില്‍ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. 

വിഷ്ണുവിന്‍റെ വിശുദ്ധ വാസസ്ഥലമായി കരുതപ്പെടുന്ന ഈ ക്ഷേത്രത്തെ പ്രാദേശികമായി ‘ദക്ഷിണ വൈകുണ്ഠം’ എന്നും വിളിച്ചുപോരുന്നു. കരിങ്കല്‍ മതിലിനുള്ളിലാണ് ഏകദേശം 18 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്രം. ക്ഷേത്രത്തിന്‍റെ പ്രവേശനഗോപുരമായ രാജഗോപുരത്തിന് 34 മീറ്റർ ഉയരമുണ്ട്. വിഷ്ണുക്ഷേത്രങ്ങളില്‍ സാധാരണ കാണാറില്ലാത്ത, ശിവന്‍റെ ശ്രീകോവിലും ഇവിടെയുണ്ട്. വിവിധ ഹൈന്ദവ ഐതിഹ്യങ്ങളിലെ ദൃശ്യങ്ങള്‍ കൊത്തിവെച്ച തൂണുകൾ ആണ് മറ്റൊരു ശ്രദ്ധേയമായ കാഴ്ച. 

നാല് വേദങ്ങളെ അപഹരിച്ച സോമുകൻ എന്ന അസുരനെ വധിക്കാനാണ് വൈഷ്ണവ നമ്പി അവതരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. തെങ്കലൈ ആചാരപ്രകാരമുള്ള ആരാധനയാണ് ക്ഷേത്രത്തില്‍ നടക്കുന്നത്. വര്‍ഷത്തില്‍ മൂന്നുതവണ ഉത്സവം നടക്കുന്നു. ചിത്തിരൈ മാസത്തിലെ (ഏപ്രിൽ-മേയ്) ചിത്തിരൈ ഉത്സവം, ജൂണിലെ വൈകാശി ജേഷ്ടാഭിഷേകം, ആവണി(ആഗസ്റ്റ്-സെപ്റ്റംബർ) ആവണി പവിത്രോത്സവം, തൈമാസത്തെ ഫ്ലോട്ട് ഉത്സവം(ജനുവരി - ഫെബ്രുവരി), മാർച്ച്-ഏപ്രിൽ മാസങ്ങളിലെ ബ്രഹ്മോത്സവം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ.

സൗന്ദര്യവും കൃപയും സദ്ഗുണങ്ങളും നീതിബോധവും കൂടിച്ചേര്‍ന്ന വ്യക്തിത്വം എന്നാണ്, തമിഴ് ഭാഷയിൽ നമ്പി എന്ന വാക്കിന്‍റെ അർത്ഥം. ഈ ക്ഷേത്രത്തിൽ അഞ്ച് നമ്പിമാരുണ്ട്. നിന്ന നമ്പി (നിൽക്കുന്ന ഭാവം), ഇരുന്ത നമ്പി (ഇരിക്കുന്ന ഭാവം), കിടന്ത നമ്പി (ഉറങ്ങുന്ന ഭാവം), തിരുപ്പാർക്കടൽ നമ്പി, തിരുമലൈ നമ്പി എന്നിവയാണ് അവ. തിരുപ്പാർക്കടൽ നമ്പി ക്ഷേത്രം പ്രധാന ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നമ്പ്യാരു നദിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. തിരുമലൈ നമ്പി ക്ഷേത്രം പ്രധാന ക്ഷേത്രത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ മഹേന്ദ്രഗിരി പർവതത്തിന് മുകളിലാണ്.

English Summary: Keerthy Suresh visits her ancestral house in Tamilnadu 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS