ADVERTISEMENT

ഏഴാമത് ജലമഹോത്സവ ആഘോഷത്തിനൊരുങ്ങി മധ്യപ്രദേശ്‌ ടൂറിസം ബോര്‍ഡ്. ഈ വരുന്ന നവംബർ 28 മുതൽ ഖണ്ട്വയിലെ ഹനുവന്തിയ ദ്വീപിൽ ‘ജല്‍ മഹോത്സവ്’ ആഘോഷപരിപാടികള്‍ ആരംഭിക്കും. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിര്‍വഹിക്കും. ടൂറിസം, സാംസ്കാരിക, മത ട്രസ്റ്റ്, എൻഡോവ്‌മെന്‍റ് വകുപ്പ് മന്ത്രി ഉഷാ താക്കൂറും പരിപാടിയില്‍ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ഭക്ഷ്യമേള, പുസ്തകമേള, ഫൺ സോൺ, കാർഷികമേള, കുട്ടികളുടെ മേള തുടങ്ങി വിവിധ മേളകള്‍ സംഘടിപ്പിക്കും. മഹോത്സവ് ഏരിയയിൽ ആർഐസിസിക്കും ഹോക്കി ഗ്രൗണ്ടിനും ഇടയിലായി ഗ്രാമീണ കലയെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഏഴ് ദിവസത്തെ 'ഗ്രാമശ്രീ മേള'യും ഉണ്ടാകും. 

സാഹസിക വിനോദങ്ങളായ സ്കൂബ ഡൈവിങ്, ബോറിയമൽ ദ്വീപിലെ നൈറ്റ് സഫാരി, ആഡംബര റീഗൽ സീരീസ് ബോട്ട്, 40 അടി ഉയരമുള്ള റോപ്പ് സ്വിങ്, സിപ്പ് സൈക്കിൾ, പാരാമോട്ടറിങ്, പാരാസെയിലിങ്, സ്പീഡ് ബോട്ട്, ജെറ്റ്-സ്കീ, ഹോട്ട് എയർ ബലൂണിംഗ്, മോട്ടോർ ബോട്ട് റൈഡിങ് എന്നിങ്ങനെയുള്ള പരിപാടികള്‍ ഉണ്ടാകും. സൺസെറ്റ് ഡെസേർട്ട് ക്യാമ്പുമായി സഹകരിച്ച് , വിനോദസഞ്ചാരികൾക്കായി ടൂറിസം ബോര്‍ഡ് ഒരു ടെന്‍റ് സിറ്റിയും ഒരുക്കുന്നുണ്ട്. ടെന്‍റ് സിറ്റിക്കുള്ളില്‍ 104 ആഡംബര സ്വിസ് ടെന്റുകളും കോർപ്പറേറ്റ് കോൺഫറൻസുകൾക്കായി ഒരു എസി കോൺഫറൻസ് ഹാളും ഉണ്ടാകും.

jal-mahotsav2
Image Source: Jalmahotsav.com Official Site

കേരളത്തില്‍ നിന്നുള്ള വിവിധ ഗ്രൂപ്പുകളും പരിപാടിയുടെ ഭാഗമാകും. കൈരളി ഗ്രൂപ്പിന്‍റെ വെൽനസ് സ്പാ പ്രവര്‍ത്തിക്കും. ത്രിദിന ദേശീയ അന്തർദേശീയ ആംഗ്ലിംഗ് സ്പോർട്സ് ഇവന്‍റ്, മ്യൂസിക് ഫെസ്റ്റിവൽ, കൈറ്റ് ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ജലോത്സവം

ഹനുവന്തിയ ദ്വീപിനെ അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മധ്യപ്രദേശ് ടൂറിസം ബോർഡ് എല്ലാ വർഷവും ജൽ മഹോത്സവ് സംഘടിപ്പിക്കുന്നു. 2016 ഫെബ്രുവരി 12 മുതൽ 21 വരെയാണ് ആദ്യമായി ജലോത്സവം സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി പട്ടം പറത്തൽ, വോളിബോൾ, ക്യാമ്പ് ഫയർ, സ്റ്റാർ ഗേസിംഗ്, സൈക്ലിംഗ്, പാരാട്രോറിങ്, പാരാസെയിലിങ്, ഹോട്ട് എയർ ബലൂൺ തുടങ്ങി നിരവധി പരിപാടികൾ ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ഹനുവന്തിയ ദ്വീപ്

മധ്യപ്രദേശിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഹനുവന്തിയ ദ്വീപ്. ഇന്ദിരാസാഗര്‍ അണക്കെട്ടിന്‍റെ കായല്‍ഭാഗത്താണ് ഈ ദ്വീപ്‌ സ്ഥിതിചെയ്യുന്നത്. മധ്യപ്രദേശ് ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷനാണ് ദ്വീപിന്‍റെ നിയന്ത്രണച്ചുമതല.

jal-mahotsav1
Image Source: Jalmahotsav.com Official Site

ഇൻഡോർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേവി അഹല്യ ബായ് ഹോൾക്കർ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ദ്വീപിൽ നിന്ന് 150 കി.മീ. ദ്വീപിൽ നിന്ന് 50 കിലോമീറ്റർ അകലെ ഖണ്ട്വ ജില്ലയിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

English Summary: Jal Mahotsav Madhya Pradesh Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com