ADVERTISEMENT

ഗോവയിലെ ബീച്ചുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലേക്ക് വരുന്ന ഒരു കാര്യമാണ് കടല്‍ത്തീരത്ത് നിരനിരയായി സ്ഥാപിച്ച ഷാക്കുകള്‍. വര്‍ണക്കുടകളും കിടക്കാനുള്ള സൗകര്യവുമെല്ലാമുള്ള ഷാക്കുകള്‍, ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഇനി ഗോവയില്‍ മാത്രമല്ല, രാജ്യത്തുടനീളമുള്ള മനോഹരമായ ബീച്ചുകളിലെല്ലാം ഇത്തരം ഷാക്കുകള്‍ ഉണ്ടാകും. അതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി.

ഈ ആഴ്‌ച ആദ്യമാണ് തീരുമാനം വന്നത്. 2019- ലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനങ്ങളില്‍ വരുത്തിയ ഭേദഗതിയുടെ ഭാഗമായാണ് ഇത്. നിലവിലുള്ള നിയമത്തിലെ ചില പഴുതുകൾ അടയ്ക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു. സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ട പ്രകാരം, ചെറിയ അടിസ്ഥാന സൗകര്യ പദ്ധതികൾ തീരുമാനിക്കാൻ അനുവദിക്കുന്നതാണ് കേന്ദ്രത്തിന്‍റെ ഈ പുതിയ വിജ്ഞാപനം. ഒറ്റപ്പെട്ട ജെട്ടികൾ, ബ്രേക്ക്‌വാട്ടറുകൾ, ഗ്രോയ്‌നുകൾ, സാൾട്ട് വർക്കുകൾ, സ്ലിപ്പ് വേകൾ, മാനുവൽ എറോഷൻ കൺട്രോൾ ബണ്ടുകൾ എന്നിവയും ഇതില്‍ ഉൾപ്പെടും.

2011- ലെ തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിൽ ബീച്ച് ഷാക്കുകൾ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും, 2019-ല്‍ നിയമങ്ങൾ പുതുക്കിയപ്പോൾ ഇത് ഉത്തരവിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഗോവയിലെ ബീച്ചുകളിൽ സ്ഥിതി ചെയ്യുന്ന ബീച്ച് ഷാക്കുകള്‍ക്കൊപ്പം, മറ്റ് തീരദേശ സംസ്ഥാനങ്ങളിലും സമാനമായ കുടിലുകൾ സ്ഥാപിക്കാനുള്ള സാധ്യത തുറക്കുന്നതാണ് പുതിയ തീരുമാനം.

എന്നാൽ മഴക്കാലത്ത് ഷാക്കുകൾ പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 'തികച്ചും താത്കാലികവും കാലാനുസൃതവുമായ ഘടനകൾ' മൺസൂൺ അല്ലാത്ത മാസങ്ങളിൽ സ്ഥാപിക്കാമെന്നും മൺസൂൺ സമയത്ത് അവ പ്രവർത്തനരഹിതമാകുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

കൺസൾട്ടേഷൻ സമയത്ത് എല്ലാ സംസ്ഥാനങ്ങളും ബീച്ച് ഷാക്കുകൾ സ്ഥാപിക്കാൻ തയ്യാറാണെന്ന് അറിയിച്ചപ്പോള്‍, മഹാരാഷ്ട്രയും ഗോവയും മഴക്കാലത്ത് നാല് മാസത്തെ ഇടവേള വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലെയും ടൂറിസത്തിനും പ്രാദേശിക ബിസിനസുകൾക്കും ഷാക്കുകൾ നിർണായകമാണ് , നിലവിൽ മൺസൂൺ മാസങ്ങളിൽ (ജൂൺ മുതൽ ഓഗസ്റ്റ് വരെ) ഇവ കടല്‍ത്തീരത്ത് നിന്നും നീക്കം ചെയ്യേണ്ടതുണ്ട്.

പുതിയ പരിഷ്കാരം, എല്ലാ തീരദേശ സംസ്ഥാനങ്ങളിലും ടൂറിസത്തിനും തീരദേശ സമ്പദ്‌വ്യവസ്ഥയ്ക്കും ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രദേശത്തെ പരമ്പരാഗത കമ്മ്യൂണിറ്റികൾക്കായുള്ള മാനദണ്ഡങ്ങളിലും മന്ത്രാലയം ഇളവ് വരുത്തിയിട്ടുണ്ട്.ഷാക്ക് നിര്‍മ്മാണത്തിനായി, യന്ത്രവത്കൃതമല്ലാത്ത മാനുവൽ രീതിയിലൂടെ മണല്‍ മാറ്റാൻ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്, എന്നാൽ 2021-ലെ നിർദ്ദേശപ്രകാരം, തീരദേശ നിയന്ത്രണ മേഖലകളിൽ(CRZ) മുൻകൂർ അനുമതിയില്ലാതെ എണ്ണ, പ്രകൃതി വാതകം എന്നിവയുടെ ഖനനം പാടില്ല.

ഉയർന്ന വേലിയേറ്റ രേഖയിൽ നിന്ന് 500 മീറ്റർ വരെയും അരുവികൾ, അഴിമുഖങ്ങൾ, കായൽ, നദികൾ എന്നിവയുടെ തീരത്ത് നിന്ന് 100 മീറ്റർ വരെയും ഉള്ള തീരപ്രദേശത്തെയാണ് CRZ എന്ന് വിളിക്കുന്നത്. ഇവിടങ്ങളിലെ ദുർബലമായ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനായി പ്രത്യേകം നിയമങ്ങളുണ്ട്.

English Summary: Goa-like beach shacks to come up across coastal areas in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com