കൊടൈക്കനാലിന്‍റെ കാട്ടുവഴികള്‍ താണ്ടി അമൃതയും ഗോപിസുന്ദറും

amrutha-suresh
SHARE

എത്ര തിരക്കാണെങ്കിലും വീണുകിട്ടുന്ന അവസരങ്ങൾ യാത്രയ്ക്കായി മാറ്റി വയ്ക്കാറുണ്ട് പ്രേക്ഷകരുടെ പ്രിയതാരം അമൃത സുരേഷ്. യാത്ര പോയി മനോഹര കാഴ്ചകൾ നിറഞ്ഞ നിരവധി ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും താരം മറക്കാറില്ല. 

ഇപ്പോഴിതാ മഞ്ഞണിഞ്ഞ കൊടൈക്കനാലിന്‍റെ കാട്ടുവഴികള്‍ താണ്ടി യാത്ര നടത്തി അമൃത സുരേഷും ഗോപിസുന്ദറും. യാത്രയുടെ വിഡിയോ വ്ളോഗ് അമൃത സമൂഹമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. സുന്ദരമായ അരുവികളും വെള്ളച്ചാട്ടങ്ങളും മഞ്ഞു മൂടിയ കാടുമെല്ലാം വിഡിയോയിലുണ്ട്. വഴിയില്‍ നിറയെ മുള്ളങ്കിപ്പാടങ്ങള്‍ അമൃത കാണിക്കുന്നു. ഒരിടത്ത് കാരറ്റ് കൃഷി വിളവെടുക്കുന്ന ഒരുകൂട്ടം ആള്‍ക്കാരെയും കാണാം.

ഗൈഡിനൊപ്പമാണ് ഇരുവരും കാട്ടിലൂടെ നടക്കുന്നത്. കുറച്ച് നടന്നു കഴിയുമ്പോള്‍ ഭീമാകാരമായ ഒരു വെള്ളച്ചാട്ടത്തിന്‍റെ ദൃശ്യം മുന്നില്‍ തെളിയുന്നു. നാലു കിലോമീറ്ററോളം താഴ്ചയിലേക്കാണ് ഈ വെള്ളച്ചാട്ടം ഒഴുകിപ്പോകുന്നത് എന്നു ഗൈഡ് പറയുന്നതും കേള്‍ക്കാം. കൊടൈക്കനാലില്‍ അധികമാരും അറിയാത്ത ചെമ്പകപ്പെട്ടി എന്നൊരു വെള്ളച്ചാട്ടമാണിത്.

ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്. തമിഴ്നാട്ടിലെ കൊടൈക്കനാൽ മനോഹരമായ കാലാവസ്ഥയും കോടമഞ്ഞ് പൊതിഞ്ഞ പര്‍വതങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാമുള്ള കൊടൈക്കനാല്‍ വര്‍ഷം മുഴുവനും സന്ദര്‍ശിക്കാവുന്ന ഇടങ്ങളില്‍ ഒന്നാണ്. കൊടൈക്കനാൽ എന്നാൽ 'വനങ്ങളുടെ സമ്മാനം' എന്നാണ് അർഥം, പേരുപോലെ തന്നെ നിറയെ ഇടതൂര്‍ന്ന വനപ്രദേശങ്ങളും കൊടൈക്കനാലിന്‍റെ പ്രത്യേകതയാണ്.

പഴനി മലനിരകളുടെ മലഞ്ചെരുവുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കൊടൈക്കനാൽ സമുദ്രനിരപ്പിൽ നിന്ന് 7200 അടി ഉയരത്തിലാണ്. നഗരമധ്യത്തിൽ നിന്ന് 1 കി.മീ അകലത്തിലുള്ള കൊടൈക്കനാൽ തടാകം നക്ഷത്രാകൃതിയിലുള്ള മനുഷ്യനിർമ്മിത തടാകമാണ്. ബോട്ടിംഗ്, കുതിര സവാരി, സൈക്ലിംഗ്, ആംഗ്ലിംഗ് തുടങ്ങി ധാരാളം വിനോദങ്ങള്‍ തടാകപരിസരത്ത് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു.

മൂടൽമഞ്ഞ് നിറഞ്ഞ വനപ്രദേശങ്ങളിലൂടെയും കാഠിന്യമേറിയ നടപ്പാതകളിലൂടെയും നടന്നെത്തുന്ന, ഗ്രീൻ വാലി വ്യൂ പോയിന്‍റ് അഥവാ സൂയിസൈഡ് പോയിന്‍റ് വളരെ പ്രശസ്തമാണ്. കൊടൈക്കനാൽ തടാകത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ബിയർ ഷോല വെള്ളച്ചാട്ടത്തിനരികില്‍ പിക്നിക് നടത്താം. 6,600 അടി ഉയരത്തിൽ, ഒരു ഡോൾഫിന്‍റെ മൂക്കിന്‍റെ ആകൃതിയില്‍ കാണുന്ന പാറക്കെട്ടായ ഡോള്‍ഫിന്‍സ് നോസ് ആണ് മറ്റൊരു പ്രസിദ്ധമായ ആകര്‍ഷണം. ഇവിടെ നിന്ന് നോക്കിയാല്‍ കൊടൈക്കനാല്‍ പട്ടണത്തിന്‍റെ മനോഹരമായ ആകാശക്കാഴ്ച കാണാം. 

ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന കൊടൈക്കനാൽ സാഹസികത ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ്. ഏകദേശം, 6,998 അടി ഉയരത്തിൽ അപ്പർ പഴനി മലനിരകളുടെ തെക്കൻ മലനിരകൾക്ക് മുകളിലായി ഒരു പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കൊടൈക്കനാലില്‍ ഏകദേശം 17 ഓളം പ്രശസ്തമായ ട്രെക്കിംഗ് പാതകളുണ്ട്. അവയിലൊന്നാണ് കൊടൈ-പളനി ട്രെക്കിംഗ് റൂട്ട്. കുക്കൽ ഗുഹകൾക്ക് സമീപമാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. അതിമനോഹരമായ ഷോല വനത്തിലൂടെ കടന്നുപോകുന്ന പാത, കുതിരയാരു അണക്കെട്ടിൽ അവസാനിക്കുന്നു.

ഇവ കൂടാതെ, പില്ലേഴ്‌സ് റോക്ക്‌സ്, തമിഴ്‌നാട്ടിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ തലയാർ വെള്ളച്ചാട്ടം, ഹിപ്പികള്‍ക്കും ഇസ്രായേലികള്‍ക്കും പ്രിയങ്കരമായ വട്ടക്കനാൽ, കര്‍ഷകഗ്രാമമായ മന്നവനൂർ, ഡെവിൾസ് കിച്ചൺ എന്നും അറിയപ്പെടുന്ന ഗുണ ഗുഹകൾ, മലഞ്ചെരിവില്‍ നിര്‍മ്മിച്ച, ഒരു കിലോമീറ്റർ നീളമുള്ള മനോഹരമായ വാക്കിംഗ് പ്ലാസയായ കോക്കേഴ്സ് വാക്ക്, മീൻപിടിത്തം, സഫാരി ടൂറുകൾ, പക്ഷി നിരീക്ഷണം തുടങ്ങിയവയ്ക്ക് പ്രശസ്തമായ ബെരിജാം തടാകം എന്നിവയും സന്ദര്‍ശിക്കേണ്ട ഇടങ്ങളാണ്. 

English Summary: Amrutha Suresh shares pictures from Kodaikanal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS