ADVERTISEMENT

മോഹൻലാലും കമലഹാസനും വിശാലും ഏറെ സിനിമാക്കാരും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടൽകാട്ടിലൂടെ യാത്ര ചെയ്തിട്ടുണ്ട്.  മാന്ത്രികം സിനിമയിലെ ക്ലൈമാക്സ് സീൻ, കമലഹാസന്റെ ദശാവതാരത്തിലെ ആദ്യ പാട്ടു സീനുകൾ, വിശാലിന്റെ തുപ്പരിവാലൻ സിനിമയിലെ ക്ലൈമാക്സ് ഇവയെല്ലാം ഈ സുന്ദരലോകത്തെ പ്രസിദ്ധമാക്കിയിട്ടുണ്ട്. സ്ഥലം. തമിഴ്നാട്ടിലെ പിച്ചാവരം. കണ്ടുമടുത്ത കാഴ്ചകൾ തേടുന്നവർക്ക് പിച്ചാവരം ബെസ്റ്റാണ്. അടുത്ത അവധിയാത്രയിൽ പിച്ചാവരം കൂടി ഉൾപ്പെടുത്താം.  

pichavaram-mangrove-forest

തഞ്ചാവൂരിന്റെ മാന്ത്രികലോകം കണ്ടു വിസ്മയിച്ചു തിരിച്ചുപോരുന്നവരാണു നമ്മിൽ പലരും. അതുക്കുമപ്പുറമുള്ള ഒരു ലോകപ്രശസ്ത കേന്ദ്രത്തിലേക്ക്- പിച്ചാവരം കണ്ടൽകാട്ടിലേക്ക് അടുത്ത തവണ ഡ്രൈവ് ചെയ്യണം. പോണ്ടിച്ചേരിയിൽനിന്ന് വെറും രണ്ടു മണിക്കൂർ യാത്ര ചെയ്താലും ഈ കിടു സ്പോട്ടിലേത്താം.

2004 ൽ സുനാമി തമിഴ്നാടിന്റെ തീരങ്ങളെ വിഴുങ്ങിയപ്പോൾ കടലോരത്തുള്ള ഒരു കൊച്ചുഗ്രാമം അതിനെ ചെറുത്തുനിന്നു. അതു പിച്ചാവരമായിരുന്നു.  ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള പിച്ചാവരം ഗ്രാമത്തിനു വരമായത് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടൽക്കാടുകളായിരുന്നു. 

pichavaram-mangrove-forest4

കൈകോർത്തുപിടിച്ചാലെന്നവണ്ണം ഇടതിങ്ങിവളരുന്ന കണ്ടൽക്കാടുകൾ ആർത്തലച്ചുവന്ന തിരമാലകളെ ശാന്തരാക്കി പരത്തിയൊഴുക്കി. കണ്ടലുകൾ ഇല്ലാതിരുന്ന മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച്  താരതമ്യേന വളരെ കുറഞ്ഞ അപകടങ്ങളേ പിച്ചാവരത്തുണ്ടായുള്ളൂ. ഇന്ന് പിച്ചാവരം ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നൊരു ടൂറിസം കേന്ദ്രമാണ്. പശ്ചിമബംഗാളിന്റെയും ബംഗ്ലാദേശിന്റെയും അതിർത്തി പങ്കിടുന്ന സുന്ദർബൻ കഴിഞ്ഞാൽ പിന്നെ പിച്ചാവരമാണ് ലോകത്തെ ഏറ്റവും വലിയ കണ്ടൽകാട്. 

തെന്നിന്ത്യയുടെ സുന്ദർബൻ

തെന്നിന്ത്യയുടെ സുന്ദർബൻ എന്നുവേണമെങ്കിൽ പിച്ചാവരത്തെ വിശേഷിപ്പിക്കാം. ബംഗാൾ ടൈഗർ തുടങ്ങിയ വന്യമൃഗങ്ങളും മറ്റും ഇല്ലെന്നതുമാത്രമാണൊരു കുറവ്. അതുകൊണ്ടു തന്നെ സഞ്ചാരികൾക്ക് പിച്ചാവരം ഒരു പറുദീസയാണ്. ഒരിക്കലെങ്കിലും ഈ കണ്ടൽക്കാടിന്റെ തണലേറ്റ്, ബോട്ടുസവാരി ചെയ്യണം. അവിടെയുള്ള പക്ഷിജാലങ്ങളെ കണ്ടനുഭവിക്കണം. 

pichavaram-mangrove-forest3

പിച്ചാവരം മാത്രം ഒരു ലൊക്കേഷൻ ആക്കേണ്ടതില്ല ഈ അവധിയാത്രയിൽ. കല്ലിൽതീർത്തൊരു മഹാകാവ്യം പോലെ തഞ്ചാവൂർ ക്ഷേത്രം കണ്ടശേഷം ഈ കണ്ടൽയാത്രയാകാം. ചിദംബരം ക്ഷേത്രനഗരമുണ്ട്. പുളിമരത്തണലിലൂടെ നീണ്ടുകിടക്കുന്ന ഹൈവേകളിലൂടെയാണു മിക്കപ്പോഴും യാത്ര.   

തഞ്ചാവൂരിനെപ്പറ്റി വിസ്തരിക്കുന്നില്ല. സായംസന്ധ്യയിൽ ലോകത്തെ വിസ്മയിപ്പിച്ച ആ കലാവിരുതിനു മുന്നിൽ ഏറെ നേരം ഇരിക്കാം.  വേദികളിൽനിന്നു ചിലങ്കകളുടെ താളം.വാദ്യോപകരണങ്ങളുടെ അകമ്പടി. കൃഷ്ണമണിക്കു പകരം അദ്ഭുതംകൊണ്ടു ക്ഷേത്രത്തെ കണ്ടറിഞ്ഞുപോകുന്ന സഞ്ചാരികൾ….തഞ്ചാവൂർ വേറൊരു ലോകമാണ്. രാത്രി തഞ്ചാവൂരിലെ ഹോട്ടലുകളിൽ തങ്ങാം.അതിരാവിലെ പിച്ചാവരത്തേക്കു പുറപ്പെടാം. ആദ്യബോട്ടു തന്നെ വാടകക്കെടുത്തു പോകണം. വെള്ളാർ നദിയും കൊള്ളിഡാം നദിയും ബംഗാൾ ഉൾക്കടലിലേക്കു ചേരുന്നതിന്റെ ഫലമായി രൂപംകൊണ്ട ജലപ്പരപ്പിലാണ് പിച്ചാവരം. 

pichavaram-mangrove-forest1

കണ്ടൽകാടിനുള്ളിലൂടെയുള്ള യാത്ര

അപകടമില്ലാത്തതും വിശാലമായതുമാണ് പിച്ചാവരത്തിലെ കായൽപരപ്പ്. ബോട്ടിങ് തുടങ്ങുന്നതിന്റെ അടുത്തുതന്നെ കൊതിപ്പിക്കുന്ന കണ്ടൽപച്ചപ്പ്.  പിന്നെ നമ്മുടെ കായലുകൾപോലെ അതിവിശാലത.  ഇവിടെ എത്ര ആഴമുണ്ട് അണ്ണാ… എന്നു ചോദിച്ചപ്പോൾ ബോട്ട് ഡ്രൈവർ ദൂരേയ്ക്കു കൈചൂണ്ടി. അവിടെ കറുപ്പു പൊട്ടുകൾ. പാറക്കെട്ടുകളാണോ? അല്ല, അവ അനങ്ങുന്നുണ്ട്. കുട്ടയുമായി മീൻപിടിക്കാൻ കായലിൽ നടന്നിറങ്ങുന്ന കൂട്ടരാണത്.  ഒരാൾപോക്കത്തിലുള്ള വെള്ളം പോലുമില്ല പലയിടത്തും.   

പിച്ചാവരത്തിന്റെ സൂപ്പർ എക്സ്പീരിയൻസ് കണ്ടൽകാടിനുള്ളിലൂടെയുള്ള യാത്രയാണ്. അതുവരെ കണ്ടലുകളോടു സമാന്തരമായി പോയിരുന്ന ബോട്ട് വളഞ്ഞു. ഇടതിങ്ങിവളരുന്ന പച്ചപ്പിനുള്ളിലേക്ക് ഊളിയിടുംപോലെ ബോട്ട് ചെറിയ വഴിയിലേക്കു കയറി.വെളിച്ചത്തിൽനിന്ന് ഇരുട്ടിലേക്ക്. അതൊരു അദ്ഭുതലോകമാണ്.ബോട്ടിനുമാത്രം പോകാവുന്ന വീതി. ഒരു കുഞ്ഞുകിളിക്കൂടിലൂടെയാണു യാത്ര എന്നു തോന്നും. കണ്ടൽച്ചെടികൾ വേരുകൾകൊണ്ടു തീർത്തൊരു മനോഹരമായ കൂട്. അതങ്ങനെ പടർന്നു കിടക്കുകയാണ്. പലയിടത്തും ബോട്ടിൽ കണ്ടലിന്റെ വേരുകൾ തട്ടിനോക്കുന്നുണ്ട്. ആരെടാ ഞങ്ങളുടെ ശാന്തതയെ കീറിമുറിക്കുന്നത് എന്നു ചോദിക്കുന്ന മട്ടിൽ. ഇടയ്ക്കു വലിയ വഴികൾ. പിന്നെയും ചെറുഗുഹകളിലേക്കു പോകും. ശരിക്കും ത്രില്ലടിപ്പിക്കും പിച്ചാവരത്തെ ബോട്ട് യാത്ര. 

pichavaram-mangrove-forest2

1100 ഹെക്ടറിൽ പരന്നു കിടക്കുന്ന കണ്ടൽക്കാടുകൾക്കിടയിലൂടെ 400 ലേറെ ബോട്ടിങ് വഴികളുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം- കണ്ടൽകാടിൽ രാത്രി പോകാം എന്നു പറഞ്ഞു ലോക്കൽ ടീം സമീപിക്കും. നിയമവിരുദ്ധമായാണ് അങ്ങനെ പോകുന്നത്. വിശ്വസിക്കാൻ പറ്റില്ല. അതുകൊണ്ട് പകൽ മാത്രം പിച്ചാവരം കണ്ടു തിരിച്ചുപോരുക.

pichavaram-mangrove-forest6

ലൊക്കേഷൻ- 

തമിഴ്നാട്ടിലെ  കടല്ലൂർ ജില്ലയിൽ ചിദംബരത്തിനടുത്താണ് പിച്ചാവരം. 

റൂട്ട്- പാലക്കാട്- കാരൂർ- തിരുച്ചിറപ്പള്ളി- തഞ്ചാവൂർ-കുംഭകോണം- ചിദംബരം- പിച്ചാവരം - 455 കിമീ 

യാത്രയിലെ മറ്റു കാഴ്ചകൾ

തഞ്ചാവൂർ ക്ഷേത്രം, ചിദംബരം നഗരക്കാഴ്ചകൾ, പോണ്ടിച്ചേരി (77 കിമീ)

അടുത്തുള്ള പട്ടണം- ചിദംബരം (15 കിമീ)

റയിൽവേ സ്റ്റേഷൻ- ചിദംബരം

എയർപോർട്ട്- ചെന്നൈ

English Summary: Pichavaram mangrove forest Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT