ഗോവയിലെ അടിപൊളി ബീച്ച് ഏതാണ് ? ന്യൂഇയർ ആറാട്ടിന് ഗോവ

goa-trip4
Image Source: Shutterstock
SHARE

നേത്രാവതി എക്സ്പ്രസ് മഡ്ഗാവിലെത്തിയപ്പോൾ നേരം വെളുത്തു. പുലർകാല ഗോവയുടെ ആകാശത്തിന് ഉറക്കച്ചടവു വിട്ടുമാറുന്നതേയുള്ളൂ. ഞായറാഴ്ചയുടെ ആഘോഷങ്ങൾക്കു ചിയേഴ്സ് പറയാനുള്ള ഒരുക്കത്തിലാണ് നഗരം. അഞ്ചു പതിറ്റാണ്ടുകളുടെ പാരമ്പര്യം നിഴലിട്ട വീഥികളിൽ പഴമയ്ക്കു പുതുമുഖം. പെരുവഴിയിലും കടത്തിണ്ണകളിലും സൗഹൃദക്കൂട്ടായ്മകൾ. എവിടെ നോക്കിയാലും കൈകോർത്ത പ്രണയങ്ങളുടെ സല്ലാപ നിമിഷങ്ങൾ. ‘സ്വർഗം താണിറങ്ങി വന്നതോ’ എന്ന പാട്ടിന്റെ റിയൽ ഫീൽ..

goa-trip2

ആഘോഷത്തിരമാലകൾ ഇരച്ചു കയറുന്ന ബീച്ചുകളാണ് ഗോവയുടെ സ്പന്ദനം. അഞ്ചു നൂറ്റാണ്ടുകൾ പിന്നിട്ട ക്രിസ്ത്യൻ പള്ളികളാണ് ഈ നാടിന്റെ പുരാണം. പോർച്ചുഗീസുകാർ കെട്ടിപ്പൊക്കിയ കോട്ടകളും വീടുകളുമാണ് ഇവിടുത്തെ സൗഹൃദക്കാഴ്ചകൾ. കൊങ്കിണി ഭാഷ സംസാരിക്കുന്ന നാട്ടുകാരും പല ഭാഷകളുമായി വന്നിറങ്ങുന്ന വിനോദസഞ്ചാരികളും ഈ മണ്ണിൽ ഉത്സവമൊരുക്കുന്നു. ഇവിടെയാരും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നില്ല; സ്വന്തം സന്തോഷങ്ങളെ ആകാശത്തോളം ഉയർത്തി എല്ലാവരും ജീവിതം ആസ്വദിക്കുന്നു.

കരകാണാ കടലല മേലേ....

വലിയ ഏഴ് ബീച്ചുകൾ, സെന്റ് ഫ്രാൻസിസ് സേവ്യറുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള പള്ളി ഉൾപ്പെടെ പുരാതന ദേവാലയങ്ങൾ, പാണ്ഡവന്മാർ ഒറ്റരാത്രി കൊണ്ടു കെട്ടിപ്പൊക്കിയ ശിവക്ഷേത്രവും പുരാതന അമ്പലങ്ങളും, പഴയ ബംഗ്ലാവുകൾ, പോർച്ചുഗീസുകാർ നിർമിച്ച കോട്ടകൾ, മ്യൂസിയം, ക്രിസ്ത്യൻ ആർട്ട് ഗാലറി, ഫ്ളിയ മാർക്കറ്റ്... കാഴ്ചയുടെ പൂരപ്പറമ്പാണു ഗോവ.

ആഘോഷത്തിലാറാടുന്ന തീരങ്ങളിലേക്കു പോകുന്നതിനു മുൻപ് ഒരു ചരിത്രക്കാഴ്ച. ചപോറ കുന്നിനു മുകളിലാണ് അത്. ചരൽക്കല്ലു നിറഞ്ഞ ചെങ്കുത്തായ കുന്നിനു മുകളിൽ ഗോവയുടെ പിൻകാലം തെളിയുന്നു. മതിൽക്കെട്ടും വാച്ച് ടവറുകളും തലയില്ലാത്ത പ്രതിമയും കാവലിരിക്കുന്ന ചപോറ കോട്ടയ്ക്കു പറയാൻ കഥകളേറെയുണ്ട്. കടൽത്തീരം താഴ് വാരമൊരുക്കിയ ചപോറ കുന്നിന്റെ ഭംഗിയിൽ ഗോവയുടെ പ്രകൃതി എന്നും യൗവനമണിയുന്നു.

goa-trip

വാഗത്തൂർ ബീച്ചിന്റെ തലക്കെട്ടലങ്കരിക്കുന്ന മലഞ്ചെരിവാണ് ചപോറ. തിരമാലകൾ വളയിട്ട തീരത്തിന്റെ ഭംഗിയാസ്വദിക്കാൻ പറ്റിയ സ്ഥലം. ‘ലൈഫ് ഗാർഡു’കളുടെ ഏറുമാടമല്ലാതെ മറ്റു കെട്ടിടങ്ങളൊന്നും വാഗത്തൂർ ബീച്ചിലില്ല. സൺബാത്ത് ഇഷ്ടപ്പെടുന്നവർക്ക് മണൽപ്പരപ്പ് ആശ്വാസം പകരുന്നു. കാഴ്ചയ്ക്കെത്തുന്നവരുടെ സഞ്ചി നിറയ്ക്കാനുള്ള കരകൗശല വസ്തുക്കളാണ് തീരത്തുള്ള വിൽപ്പന ശാലകൾ.

ആർത്തിരമ്പുന്ന തിരമാലകളുള്ള അൻജുന ബീച്ചിൽ ബുധനാഴ്ചകളിലാണ് ജനം നിറയുക. ‘ഫ്ലിയ മാർക്കറ്റ് ’ അൻജുനയിലാണ്. ചെരിപ്പു മുതൽ മൊബൈൽ ഫോൺ വരെ നിരത്തിവയ്ക്കുന്ന വ്യാപാര മേള ആഘോഷത്തിന്റെ ഭാഗമാകുമ്പോൾ കലിതുള്ളുന്ന കടലിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ വിദേശികളെത്തുന്നു.

goa-trip1

തോണിപ്പാട്ടിന്റെ ഈണം മുഴങ്ങുന്ന ബാഗയുടെ തീരം സായാഹ്നങ്ങളിൽ ഉത്സവപ്പാടമായി മാറും. വിരിച്ചിട്ട വലകളുടെ വർണപ്പൊലിമയണിഞ്ഞ തെങ്ങിൻ തോപ്പുകളും പഞ്ചാരമണൽ പരവതാനിയൊരുക്കിയ കടലോരവും ബാഗ ബീച്ചിന്റെ മുഖച്ഛായ അലങ്കരിക്കുന്നു. കടൽത്തീരം നിറഞ്ഞ കസേരകളും മേശയും ‘ബീച്ച് അംബ്രല്ലകളും’ ബാഗയുടെ ഐഡന്റിറ്റിയാണ്. എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കി ബീച്ചിനു കാവൽ നിൽക്കുന്നവരാണു ഗോവയിലെ പൊലീസുകാർ, ആരുടെയും സ്വാതന്ത്ര്യത്തിന് അവർ തടസമല്ല.

തീരത്തു കെട്ടിവച്ച വലിയ സ്പീക്കറുകളിൽ ഇംഗ്ലീഷ് സംഗീതമുണരുന്നതോടെ കടപ്പുറം ലൈവാകും. വട്ടക്കുടയുടെ ഇത്തിരിത്തണലിൽ പ്രണയദീപം തെളിയണമെങ്കിൽ ഇരുട്ടാവണം. ഗ്ലാസ് ക്യൂബുകൾക്കുള്ളിൽ തെളിഞ്ഞു കത്തുന്ന മെഴുകുതിരിയുടെ തരിവെളിച്ചത്തിൽ കടപ്പുറത്തിനു ചന്തമേറുന്നു. ചക്രവാളം വരെ അറബിക്കടൽ; തീരത്ത് ആട്ടവും പാട്ടുമായി മനുഷ്യക്കടൽ‌.

വിശുദ്ധന്റെ മൃതദേഹം ജീവിച്ചിരിക്കുന്നു

ഓൾഡ് ഗോവ, പൗരാണികത നിത്യദീപം തെളിക്കുന്ന തീർഥാടന കേന്ദ്രങ്ങളുടെ നാട്. ഗോവയിലെ ഏറ്റവും വലിയ ആരാധനാലയമായ സേ കത്തീഡ്രൽ, വിശുദ്ധനായ ഫ്രാൻസിസ് സേവ്യറുടെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ബോം ജീസസ് ചാപ്പൽ, ക്രിസ്ത്യൻ‌ ആർട്ട് ഗാലറി... പോർച്ചുഗീസുകാരുടെ ഓർമകൾ ഇവിടെ വിശ്രമിക്കുന്നു.

നാലു നിലയോളം ഉയരമുള്ള ഒറ്റച്ചുമരുകൾ. മേൽക്കൂരയിലും ഭിത്തിയിലും വിശ്വാസത്തിന്റെ പ്രതീകങ്ങളും പ്രതിമകളും. അത്ഭുതക്കാഴ്ചയായി വിശുദ്ധന്റെ മൃതദേഹം...

ചെങ്കല്ലിന്റെ കരുത്തിൽ കാലത്തെ വെല്ലുവിളിക്കുന്നു സെന്റ് ഫ്രാൻസിസ് സേവ്യറെ കബറടക്കിയ ബോം ജീസസ് ബസലിക്ക. പ്രധാന അൾത്താര യേശുക്രിസ്തുവിന്. അകത്തളത്തിലേക്കു കടന്ന് ഇടത്തോട്ടു കയറിയാൽ മാതാവിന്റെ സവിധം. വലത്തോട്ടു തിരിഞ്ഞാൽ ഫ്രാൻസിസ് സേവ്യറുടെ സ്മൃതികൂടീരം. ആത്മീയ പ്രവർത്തനങ്ങൾക്കു വന്ന് ഗോവയിൽ വച്ച് ഇഹലോക വാസം വെടിഞ്ഞ വിശുദ്ധനായ ഫ്രാൻസിസിന്റെ മൃതദേഹം അതേപടി വെള്ളിപ്പേടകത്തിലാക്കി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഉരുകിയൊലിക്കുന്ന മെഴുകു തിരികളിൽ ജീവിതഭാരം ഇറക്കിവയ്ക്കുന്നവരുടെ പ്രാർഥനകൾ ബസലിക്കയുടെ മൗനം വാചാലമാക്കുന്നു.

ഗോവയിലെ വിവിധ പള്ളികളിൽ നിന്നുള്ള അമൂല്യ വസ്തുക്കളും ഇതേ കെട്ടിടത്തിലുള്ള മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. യുനെസ്കോ ലോക പൈതൃകങ്ങളുടെ പട്ടികയിൽപ്പെടുത്തിയിട്ടുള്ള പള്ളിയാണ് സെന്റ് ഫ്രാൻസിസ് സേവ്യറുടെ (Basilica of Bom Jesus) സ്മാരകം. ആരാധനാലയത്തിൽ നിശബ്ദത നിർബന്ധം. ഇവിടെ പുറം തിരിഞ്ഞു നിന്ന് സെൽഫിയെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

ഫ്രാൻസിസ് സേവ്യറുടെ കബറിടത്തിന് എതിർ വശത്താണ് സെ കത്തീഡ്രൽ. ഗോവ പിടിച്ചടക്കിയ സന്തോഷത്തിൽ പോർച്ചുഗീസുകാർ നിർമിച്ച പള്ളി. ലോകത്തിലെ ഏറ്റവും നല്ല ആരാധനാലയങ്ങളിലൊന്ന്. വലിയ കുടമണി (golden bell) യുടെ പേരിലും ദേവാലയം കീർത്തി നേടി. സെന്റ് കാതറിൻ അലക്സാണ്ട്രിയയുടേതാണ് പ്രധാന അൾത്താര. Cross of miracles ആണ് മറ്റൊരു ആരാധനാ സ്ഥലം. വിശാലമായ അകത്തളവും പൗരാണിക വൈദ്യുത വിളക്കുകളും മേൽക്കൂരയും പള്ളിയുടെ ഉൾക്കാഴ്ചകൾ.

അൾത്താര ശുശ്രൂഷയിൽ പോർച്ചുഗീസുകാർ പുലർത്തിയ ആഡംബരങ്ങൾ ആർട്ട് ഗാലറിയാക്കി മാറ്റിയ കാഴ്ചയും ഇതേ വഴിയിലെ ഒരു മന്ദിരത്തിലാണ്. ആനക്കൊമ്പിൽ മിനുക്കിയെടുത്ത കൊന്തയും യേശുക്രിസ്തുവിന്റെ സ്വർണ ശിൽപ്പവും മേലങ്കിയുമെല്ലാം കാഴ്ചകളിൽ ചിലത്.

യൂറോപ്പിൽ നിന്നു ഗോവയിലെത്തുന്ന കപ്പലുകളിൽ വെള്ളം നിറയ്ക്കാൻ നിർമിച്ച ‘ആഗുഡ കോട്ട’ പോർച്ചുഗീസ് പ്രതാപത്തിൽ ശിരസ്സുയർത്തി നിൽക്കുന്നത് സന്ദർശകർക്കുവേണ്ടിയാണ്. രണ്ട് നിലകളിലായി രണ്ടു കോട്ടകളും ഒരു ലൈറ്റ് ഹൗസുമാണ് ആഗുഡ. നാലു നിലയുള്ള ലൈറ്റ് ഹൗസ്, വലിയ മതിൽക്കെട്ട്, നടുത്തളം, ജയിൽമുറി, പള്ളി എന്നിവയാണ് കോട്ടയ്ക്കുള്ളിലെ കാഴ്ച.</p>

ഒരു ദുരന്തക്കാഴ്ചയെക്കുറിച്ചുകൂടി പറയാനുണ്ട്. എട്ടു ചാപ്പലുകൾ, നാല് അൾത്താരകൾ, ഒരു കോൺവെന്റ് – സെന്റ് അഗസ്തീനിയൻ ഫ്രിയേഴ്സ് സ്ഥാപിച്ച പള്ളിയുടെ രൂപരേഖ ഇങ്ങനെയായിരുന്നു. അഞ്ചു നിലകളുണ്ടായിരുന്ന ചാപ്പൽ ഇരുട്ടി വെളുക്കും മുൻപ് ഇടിച്ചു തകർത്തു പോർച്ചുഗീസുകാർ. 46 മീറ്റർ ഉയരമുണ്ടായിരുന്ന ഗോപുരം പകുതി തകർന്നു നിലനിൽക്കുന്നു.

ഓൾഡ് ഗോവയിൽത്തന്നെയാണ് കുന്നിനു മുകളിലുള്ള മാതാവിന്റെ പള്ളി. നിത്യാരാധന ഇല്ലാത്തതിനാൽ chapel of our lady of the mount അടച്ചിട്ടിരിക്കുകയാണ്. പുൽപ്പടർപ്പു കയറിയ സിമന്റ് പടവുകളിലൂടെ കുന്നിനു മുകളിലേക്കു തീർഥാടനം നടത്തുന്നവരിലേറെയും വിദേശികൾ. സൂര്യാസ്തമയത്തിനു തൊട്ടു മുൻപ് മാതാവിന്റെ പള്ളിയിലെത്തിയാൽ സായന്തനത്തിന്റെ ചുവപ്പ് ശിരസിലണിഞ്ഞ ഓൾഡ് ഗോവയെ ക്യാമറയിൽ പകർത്താം. കടൽത്തീരവും തെങ്ങിൻ തോപ്പുകളും നിറഞ്ഞ താഴ് വര കണ്ടാസ്വദിക്കാം.

ഞാനും കണ്ടേ...ഞാനും കേട്ടേ..

നൃത്തം ചെയ്തും തിരമാലകളിലേക്ക് ഓടിക്കയറിയും സൂര്യാസ്തമയം ഉത്സവമാക്കി മാറ്റുന്ന ബീച്ച്, കലാങ്കുട്ട്. റസ്റ്ററന്റുകളുടെയും തുണിക്കടകളുടേയും പറുദീസയാണ് അവിടേയ്ക്കുള്ള വഴി. ബീച്ചിലേക്ക് ഇറങ്ങിച്ചെല്ലുന്നിടം വരെ കടകളുടെ നിര. പത്തിലേറെ ഭാഷകൾ സംസാരിക്കുന്ന സെയിൽസ്മാൻമാരുടെ വാചകക്കസർത്തിൽ കച്ചവടം പൊടിപൊടിക്കുന്നു. ‘Permanent tatoo... temperrory tatoo... ’ ശരീരത്തിൽ ചിത്രം വരയ്ക്കാൻ ക്ഷണം. പബ്ബുകൾ അഴിച്ചു വിടുന്ന സംഗീതത്തിന്റെ ഉന്മാദത്തിൽ ഇവിടെ മണൽത്തരികൾ പോലും കോരിത്തരിക്കുന്നു.

കടലിനു മീതേയ്ക്കു പറന്നുയർന്ന രണ്ടു പേർ കാറ്റിനൊപ്പം ആകാശത്ത് ഒഴുകിക്കൊണ്ടിരുന്നു. ഇരുട്ടായപ്പോൾ അവർ തീരത്തിറങ്ങി. ഇരുപത്തഞ്ചു വർഷമായി ഗോവൻ തീരത്തു kite surfing നടത്തുന്ന ഫിലിക്സും പാരാഗ്ലൈഡിങ് പരിശീലിക്കാനെത്തിയ ടെകാഷിയുമായിരുന്നു അത്. പോർച്ചുഗീസുകാരുടെ പിൻതലമുറക്കാരനാണു ഫിലിക്സ്. ജപ്പാൻ വംശജനാണു ടെകാഷി. കലാങ്കുട്ടിലെത്തുന്നവരെ കടലിനു മുകളിൽ പറക്കാൻ സഹായിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്നു ഫിലിക്സ്. ശുദ്ധവായു ശ്വസിച്ച് കടലിനു മുകളിലൂടെ പറക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുമെന്നു ടെകാഷി. ഉച്ചയ്ക്കു 2 മണി മുതൽ 6 വരെ കലാങ്കുട്ടിലെത്തിയാൽ ഫെലിക്സിനൊപ്പം പറക്കാം.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS