ADVERTISEMENT

ലഡാക്കിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് പാംഗോങ് ത്സോ തടാകം. മഞ്ഞുകാലത്ത് തണുത്തുറയുന്ന തടാകം കാണാന്‍ എല്ലാവര്‍ഷവും നിരവധി സഞ്ചാരികള്‍ എത്തുന്നത് പതിവാണ്. ഇപ്പോഴിതാ, ഇന്ത്യയില്‍ത്തന്നെ ആദ്യമായി ഫ്രോസൺ ലേക്ക് മാരത്തണ്‍ നടക്കാനൊരുങ്ങുകയാണ് ഇവിടെ. ‘ദ ലാസ്റ്റ് റൺ’ എന്നു പേരിട്ടിരിക്കുന്ന കന്നി പാംഗോങ് ഫ്രോസൺ ലേക്ക് മാരത്തണ്‍ 2023 ഫെബ്രുവരി 20-ന് നടക്കും.  രജിസ്ട്രേഷനുകൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

ഹിമാലയത്തിന്‍റെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കാണുന്നതോടൊപ്പം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രോസൺ ലേക്ക് മാരത്തണിൽ പങ്കെടുത്ത് അത്‍‍ലെറ്റുകൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനുള്ള അവസരവും ഉണ്ട്. നോർവേ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ സമാനമായ മത്സരങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്ര ഉയരത്തില്‍ ഇതുവരെ ലോകത്തെവിടെയും ഒരു മാരത്തണ്‍ ഉണ്ടായിട്ടില്ല. സമുദ്രനിരപ്പില്‍ നിന്നും 13,862 അടി ഉയരത്തിലാണ് പാംഗോങ് തടാകം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഉപ്പുവെള്ള തടാകമാണിത്.

മാരത്തണിനായി തടാകത്തിന് കുറുകെ, 21 കി.മീ ദൂരമാണ് ഓടേണ്ടത്. ഐസ് നിറഞ്ഞു കിടക്കുന്നതിനാല്‍, ഇത് വളരെയധികം ബുദ്ധിമുട്ടാണ്. വഴുതി വീഴാന്‍ നല്ല സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, 10,000 അടിക്ക് മുകളിലുള്ള ഉയർന്ന പ്രദേശങ്ങളില്‍ സാഹസിക വിനോദങ്ങളില്‍ പങ്കെടുത്ത് മുൻപരിചയമുള്ള ആളുകള്‍ക്ക് മാത്രമേ മാരത്തണില്‍ പങ്കെടുക്കാനാവൂ. 

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മാരത്തൺ പാക്കേജ് മൊത്തത്തിൽ തിരഞ്ഞെടുക്കണം, ഇത്രയും ഉയരത്തിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള വിവിധ അക്ലിമൈസേഷൻ പ്രവർത്തനങ്ങളും ഇതില്‍ ഉൾപ്പെടുന്നു.  എട്ടു രാത്രികളും ഒന്‍പതു ദിനങ്ങളും നീളുന്ന പാക്കേജിൽ, താമസം, ഭക്ഷണം, വിമാനത്താവളം, ലേയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ എന്നിവയും ഉൾപ്പെടുന്നു. 

മാരത്തണില്‍ പങ്കെടുക്കുന്നവര്‍ കഠിനമായ തണുപ്പിനും മഞ്ഞുവീഴ്ചയ്ക്കും അനുയോജ്യമായ വസ്ത്രങ്ങളും ഗിയറുകളും (സ്റ്റഡ്ഡ് ഷൂസ് പോലുള്ളവ) ഉപയോഗിക്കാന്‍ സംഘാടകര്‍ നിർദ്ദേശിക്കുന്നു. 5 കിലോമീറ്റർ ഇടവിട്ട്, ഒരു മെഡിക്കൽ ടീം ചൂടുവെള്ളം ലഭ്യമാക്കും. ഇവരെ പിന്തുടര്‍ന്ന് ഒരു ആംബുലൻസും ഉണ്ടാകും.

അഡ്വഞ്ചർ സ്‌പോർട്‌സ് ഫൗണ്ടേഷന്‍ ഓഫ് ലഡാക്ക്(ASFL) ആണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ പുരുഷ ഐസ് ഹോക്കി ടീമിലെ അംഗമായ ചമ്പ സെതാൻ ആണ് ഇതിന്‍റെ സ്ഥാപകന്‍. ലഡാക്ക് സ്വദേശിയായ സെതാന്‍, സ്വന്തം നാടിനെ നശിപ്പിച്ചു കൊണ്ടുള്ള പരിപാടികള്‍ ഒന്നും നടത്താന്‍ തയ്യാറല്ല. രൂക്ഷമായ പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്ന ലഡാക്കില്‍, നിശ്ചിത വാഹകശേഷി പ്രകാരം, പരിമിതമായ എണ്ണം ആളുകളെ മാത്രമേ പരിപാടിയില്‍ പങ്കെടുപ്പിക്കൂ. പ്രാദേശികമായി കിട്ടുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാണ് വേദി ഒരുക്കുക. മാത്രമല്ല, കമ്പോസ്റ്റ് ടോയ്‌ലറ്റുകൾക്കുള്ള ക്രമീകരണങ്ങളും നടത്തുന്നുണ്ട്.

പരിസ്ഥിതി ലോല മേഖലയായ ലഡാക്കില്‍ ഈയിടെയായി മഴ കുറവാണ്. ജലക്ഷാമം, അതിവേഗം ഉരുകുന്ന ഹിമാനികൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഇപ്പോള്‍ കൂടിവരുന്നുണ്ട്. 

English Summary: All you need to know about the Frozen Pangong Lake Marathon 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com