ഇത് ഇന്ത്യൻ അതിരിലെ അവസാന ഗ്രാമം

chitkul1
SHARE

ഹിമശിഖരങ്ങൾ അതിരു തീർത്ത കൊച്ചു ഗ്രാമങ്ങളും കാറ്റത്ത് ഊയലാടുന്ന തൂക്കുപാലങ്ങളും അലസമായി മേഞ്ഞു നടക്കുന്ന ചെമ്മരിയാടുകളും മന്ത്രജപം മുഴങ്ങുന്ന ബുദ്ധവിഹാരങ്ങളും വിരുന്നൊരുക്കുന്ന ഹിമാലയൻ ഗ്രാമവഴികൾ സഞ്ചാരികളുടെ സ്വപ്നമാണ്. കഥകളിൽ മാത്രം കേട്ടറിഞ്ഞ ഹിമഗിരിയിലെ കിന്നരദേശത്തേക്കാണ് ആ യാത്രയെങ്കിൽ അതിനിത്തിരി മധുരമേറും. ചെറുതും വലുതുമായ നൂറോളം ഗ്രാമങ്ങളുള്ള കിന്നൗർ താഴ്‌വരയിലെ ശിശിരവും ഗ്രീഷ്മവും വസന്തവുമെല്ലാം യാത്രികർക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. കണ്ണും മനസും തുറന്നു വെച്ച് ആസ്വദിക്കാൻ കഴിയുന്നവർക്ക് ഒരു മാന്ത്രിക കഥ പോലെയാണ് ഇവിടത്തെ വഴികൾ.

ഡെൽഹി, ഷിംല പിന്നെ റെക്കോംഗ് പിയോ

കിന്നരദേശത്തെ അവസാന ഗ്രാമം ചിത്കുലാണ് ലക്ഷ്യസ്ഥാനം. നീലേശ്വരത്ത് നിന്നു ട്രെയിൻ കയറി രണ്ടാം ദിവസം വൈകിട്ട് ഡൽഹി എത്തി. ഡൽഹി – ഷിംല ബസിൽ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തിരുന്നതിനാൽ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ നീണ്ട നിര ഒഴിവാക്കാനായി. വർണ്ണ വെളിച്ചത്തിൽ കുളിച്ചു നിന്ന ഡൽഹി തെരുവോരങ്ങളിലൂടെ ഒച്ചിഴയും വേഗത്തിൽ ബസ് നീങ്ങി. ചരിത്രമുറങ്ങുന്ന ജുമാ മസ്ജിദും പുരാനി ദില്ലിയും ചെങ്കോട്ടയും താണ്ടി പഞ്ചാബ് പ്രവിശ്യയിലേക്ക് നീങ്ങി.

chitkul

സമയം പുലർച്ചെ അഞ്ച്. പുറത്ത് ചാറ്റൽമഴ. ജനാലച്ചില്ല് കൈകൊണ്ട് തുടച്ച് പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു. ബസ് മലനിരകൾ കയറുകയാണ്. അടുക്കിവെച്ച തീപ്പെട്ടിക്കൂടുകൾ പോലെ പല നിറത്തിൽ, തട്ടു തട്ടുകളായി നിരന്നു കിടക്കുന്ന ഷിംല പട്ടണത്തിലെ ഭംഗിയുള്ള വീടുകൾ. കോടമഞ്ഞു നിറഞ്ഞ ആ പുലരിയിൽ വാക്കുകൾ ഉച്ചരിക്കുമ്പോൾ പുക തുപ്പുന്ന മനുഷ്യരെ കണ്ട് കൗതുകം തോന്നി. അൽപ സമയത്തിനകം ബസ് ഷിംല ഇന്റർ സ്‌റ്റേറ്റ് ബസ്സ്റ്റാൻഡിൽ എത്തി.

ഷിംലയിൽ നിന്നും നേരിട്ട് ചിത്കുലിലേക്ക് ഏതാനും ബസുകൾ മാത്രമേ ഉള്ളൂ. അതിനാൽ ആദ്യം കിന്നൗർ താഴ്‌വരയിലെ ഏറ്റവും വലിയ പട്ടണം റെക്കോംഗ് പിയോയിലേക്ക് പോകാൻ തീരുമാനിച്ചു. അന്ന് അവിടെ താമസിച്ച് അടുത്ത ദിവസം ചിത്കുലിലേക്ക് പോകാം. പിയോയിൽ നിന്നും ഓരോ മണിക്കൂർ ഇടവിട്ട് ചിത്കുലിലേക്ക് ഹിമാചൽ ബസുണ്ട്. താമസിയാതെ തന്നെ റെക്കോംഗ് പിയോയിലേക്കുള്ള ഹിമാചൽ പരിവഹൻ ബസ് എത്തി. അതിൽ കയറി കയ്യിലുള്ള വലിയ ബാഗ് മുകളിൽ തിരുകി ജനലരികിൽ ഇരിപ്പുറപ്പിച്ചു. ചെറിയ കാത്തിരിപ്പിനു ശേഷം ബസ് ഷിംല പട്ടണത്തോട് വിട പറഞ്ഞു.

നിൽക്കണേ, ആൾ ഓട്ടത്തിൽ

രാംപുർ മുതൽ മുന്നോട്ട് കാഴ്ചകളുടെ ഘോഷയാത്രയാണ്. റോഡിന് വലതു വശത്ത് സത്‌ലജ് നദി ശാന്തമായി ഒഴുകുന്നു. കടന്നു പോകുന്ന പാത പല ഭാഗത്തും വലിയ പാറക്കെട്ടുകൾ തുരന്നുണ്ടാക്കിയതാണ്. ഒരു വാഹനത്തിന് മാത്രം പോകാൻ സാധിക്കുന്ന ഇടുങ്ങിയ വഴിയിൽ യാതൊരു ഭയവും ഇല്ലാതെ ശരവേഗത്തിൽ ബസ് ഓടിക്കുന്ന ഡ്രൈവർമാരെ നമിക്കണം. ബസ്സിലെ പാട്ടുപെട്ടിയിൽ നിന്നും കിന്നൗരി ഭാഷയിൽ പഹാഡിഗാനവും കേട്ട്, അടുത്ത വളവിൽ എന്തു സംഭവിക്കും എന്നറിയാതെ ജീവനും കയ്യിൽ പിടിച്ചുള്ള യാത്ര സുഖകരമാണോ ഭയമുളവാക്കുന്നതാണോ എന്ന് ചോദിച്ചാൽ ഉത്തരമില്ല.

chitkul2

രാംപുറിന് ശേഷമുള്ള വലിയ പട്ടണം തപ്രിയിൽ നിന്നും ചിത്കുലിലേക്ക് ബസ് സർവീസ് ഉണ്ടെന്ന് സഹയാത്രികരിൽ ഒരാൾ പറഞ്ഞു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് മുൻപായി തപ്രിയിൽ എത്തിയാൽ റെക്കോംഗ് പിയോയിൽ പോകാതെ ഇന്നു തന്നെ ചിത്കുലിൽ എത്താം. പുതിയ ബസിൽ നിറച്ചു യാത്രക്കാരായിരുന്നു. പഹാഡി ഭാഷയിൽ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന പല്ലില്ലാത്ത മുത്തശ്ശിമാരും ആപ്പിൾ പഴത്തിന്റെ ചേലുള്ള കൊച്ചു കുട്ടികളും കിന്നൗരി തൊപ്പി ധരിച്ച കിന്നരീ കിന്നരൻമാരും ആട്ടിടയൻമാരുമെല്ലാം ബസിലുണ്ട്.

ആടുകളുടെ മടക്കയാത്ര

സത്‌ലജ് നദിയുടെ ഓരം ചേർന്നുള്ള യാത്രയ്ക്കൊടുവിൽ ബസ് കർച്ചം ഡാമിന് അടുത്തെത്തി. പ്രകൃതി ഭംഗി കൊണ്ട് ആവോളം അനുഗ്രഹിച്ച മനോഹരമായ മനുഷ്യ നിർമിതി. സമുദ്ര നിരപ്പിൽ നിന്നും 5900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടിന് ദിനം പ്രതി 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അണക്കെട്ടിന് കുറുകെയുള്ള പാലത്തിലൂടെ രൗദ്രഭാവത്തിൽ ഒഴുകുന്ന സത്‌ലജ് നദി മുറിച്ചു കടന്ന് യാത്ര തുടർന്നു.

ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് പാമ്പിഴയും പോലെ നീങ്ങുന്ന ബസിൽ ഓരോ സ്‌റ്റോപ്പ് കഴിയുമ്പോഴും യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കിന്നൗർ താഴ്‌വരയിലെ തന്നെ സാംഗ്‌ള എത്തിയപ്പോഴേക്കും 5 മണിയായി. ഇനിയുള്ള 25 കിലോമീറ്റർ പിന്നിടാൻ ഒന്നര മണിക്കൂർ വേണം.

മുന്നോട്ടുള്ള വഴി ഇടുങ്ങിയതും കുഴികൾ നിറഞ്ഞതും ആയിരുന്നു. പാതയോരങ്ങളിൽ ആട്ടിടയന്മാർ മേയ്‌ച്ചു നടക്കുന്ന ചെമ്മരിയാടുകൾ ഒരുപാട് തവണ വഴി മുടക്കി. ബാസ്‌പ നദി പൂണൂൽപോലെ താഴ്‌വരയുടെ മാറിൽ ഒഴുകി നീങ്ങുന്ന കാഴ്ച്ച കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ബസ്സിൽ പുതിയ വിരുന്നുകാർ വന്നെത്തി, ചെമ്മരിയാടുകൾ.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS