മഞ്ഞുമല കയറാൻ സാഹസികർക്ക് സ്വാഗതം, ഐസ് ക്ലൈംപിങ് ഫെസ്റ്റ്

ice-climbing-ladakh
Representative Image, Source: Ladakh Mountain Guides Association | Facebook
SHARE

ലഡാക്ക് എന്നത് സഞ്ചാരികളുടെ സ്വപ്‌ന ഭൂമികയാണ്. പകരം വെക്കാനില്ലാത്ത സാഹസിക പാതകളും വെല്ലുവിളിയാവുന്ന കാലാവസ്ഥയും അപൂര്‍വ്വ പ്രകൃതി ഭംഗിയുമെല്ലാം ചേര്‍ന്ന് ഹിമാലയന്‍ അനുഭവമാണ് ഓരോ ലഡാക്ക് യാത്രകളും സമ്മാനിക്കുക. മഞ്ഞുകാലത്ത് പല ലഡാക്ക് ട്രിപ്പുകളും മുടങ്ങാറുണ്ട്. എന്നാല്‍ മഞ്ഞുകാലത്ത് ഏറ്റവും സമൃദ്ധമായുള്ള മഞ്ഞിന്റെ സാധ്യതകളെ ഉപയോഗിച്ച് പുതിയൊരു ഉത്സവം തന്നെ സജീവമാവുകയാണ് ലഡാക്കില്‍. ഫെസ്റ്റ് ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ നടക്കുന്ന നാലാമത് ലഡാക്ക് ഐസ് ക്ലൈംപിങ് ഫെസ്റ്റിന് ലേയിലെ ഗാന്‍ഗ്ലെസ് ഗ്രാമമാണ് വേദിയാവുന്നത്. 

തനതു സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് ലഡാക്ക് മൗണ്ടന്‍ ഗൈഡ് അസോസിയേഷന്‍ ഐസ് ക്ലൈംപിങ് ഫെസ്റ്റ് ആരംഭിച്ചത്. പോയ വര്‍ഷങ്ങളിലും നിരവധി സാഹസികരുടെ സാന്നിധ്യംകൊണ്ട് ഐസ് ക്ലൈംപിങ് ഫെസ്റ്റ് ശ്രദ്ധേയമായിരുന്നു. ഈ വര്‍ഷം സംഘാടകര്‍ ഇന്ത്യക്കകത്തു നിന്നു മാത്രമല്ല വിദേശങ്ങളില്‍ നിന്നും ഐസ് ക്ലൈംപിങ് ഫെസ്റ്റിന് പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. 

സ്വപ്‌നത്തിലെ മഞ്ഞു മല കയറ്റം യാഥാര്‍ഥ്യമാക്കാനുള്ള ഏറ്റവും എളുപ്പത്തിലുള്ള അവസരമാണ് ഇന്ത്യക്കാര്‍ക്ക് ഐസ് ക്ലൈംപിങ് ഫെസ്റ്റ് നല്‍കുന്നത്. ഐസ് ആക്‌സും മഞ്ഞില്‍ ഉപയോഗിക്കുന്ന ക്രാംപോണ്‍സും തണുപ്പിനെ പ്രതിരോധിക്കാന്‍ വേണ്ട വസ്ത്രങ്ങളും മറ്റുമായി മാത്രമേ ഈ ഫെസ്റ്റില്‍ പങ്കെടുക്കാനാവൂ. കഠിനമായ തണുപ്പും വീശിയടിക്കുന്ന ശീതക്കാറ്റുമെല്ലാം ചേര്‍ന്ന് സാഹസികര്‍ക്ക് സ്വപ്‌നങ്ങളിലെ മഞ്ഞുമലകയറ്റം ഗാന്‍ഗ്ലെസ് ഗ്രാമത്തില്‍ നടത്താനാവും. വൈവിധ്യമാര്‍ന്ന മത്സരങ്ങളാണ് ഐസ് ക്ലൈംപിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. തുടക്കക്കാര്‍ക്കും അനുഭവ സമ്പന്നര്‍ക്കും വേണ്ടിയുള്ള മത്സരങ്ങള്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. 

മറ്റൊരു പ്രധാന സവിശേഷത പ്രത്യേകിച്ച് പ്രവേശന ഫീസൊന്നുമില്ലാതെ തന്നെ ആര്‍ക്കും ഈ ഫെസ്റ്റില്‍ പങ്കെടുക്കാമെന്നതാണ്. ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ ലഡാക്കിന്റെ പേരും പെരുമയും വര്‍ധിപ്പിക്കാനാണ് ഐസ് ക്ലൈംപിങ് ഫെസ്റ്റ് കൊണ്ട് സംഘാടകര്‍ ശ്രമിക്കുന്നത്. ഈ ഫെസ്റ്റ് വഴി ഇന്ത്യയുടെ ശൈത്യകാല വിനോദ സഞ്ചാര ഭൂപടത്തില്‍ ലഡാക്കിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനാവും. നമ്മുടെ പ്രകൃതിയേയും ആവാസവ്യവസ്ഥയേയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രചാരണവും ഐസ് ക്ലൈംപിങ് ഫെസ്റ്റ് ലക്ഷ്യമിടുന്നുണ്ട്.

English Summary: Gear up for the 4th edition of Ladakh Ice Climbing Fest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS