വീണ്ടും ഹിമാചല്‍; സ്പിറ്റി താഴ്‌വരയുടെ മനോഹരദൃശ്യങ്ങളുമായി പ്രണവ്

pranavu-travel
Image Source: Pranav Mohanlal/Instagram
SHARE

സ്ഥിരമായി യാത്രകള്‍ ചെയ്യുന്ന ആളാണ്‌ നടന്‍ പ്രണവ് മോഹന്‍ലാല്‍. ഈയിടെ നടത്തിയ വിദേശയാത്രകളുടെ ചിത്രങ്ങള്‍ പ്രണവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത് വൈറല്‍ ആയിരുന്നു. ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുൻപ് നടത്തിയ ഹിമാചല്‍ യാത്രകളുടെ ചിത്രങ്ങളും വിഡിയോകളുമെല്ലാം പ്രണവിന്‍റെ ഇൻസ്റ്റഗ്രാമിൽ ധാരാളമുണ്ട്. പ്രശസ്തമായ സ്പിറ്റി താഴ്‌വരയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഏറ്റവും പുതുതായി പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. 

കഴിഞ്ഞ വര്‍ഷം ജൂൺ മാസത്തിലും ഹിമാചൽ യാത്രയുടെ ചിത്രങ്ങൾ പ്രണവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. അന്ന് ഹിമാചലിലെ സരഹനില്‍ നിന്നാണ് പ്രണവ്ചിത്രങ്ങള്‍ പങ്കിട്ടത്. ഹിമാചൽ പ്രദേശിലെ അതിമനോഹരമായ ഒരു ചെറിയ പട്ടണമാണ് സരഹൻ. കിനൗറിന്‍റെ കവാടം എന്നാണ് ഈ സുന്ദരമായ പട്ടണത്തെ വിളിക്കുന്നത്. പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഷോണിത്പൂര്‍ എന്ന പട്ടണം സരഹന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിലെ ഒരു രജപുത്ര നാട്ടുരാജ്യമായിരുന്ന ബുഷഹറിന്‍റെ വേനൽക്കാല തലസ്ഥാനം കൂടിയാണിത്.

ഇപ്പോൾ വീണ്ടും ഹിമാചല്‍പ്രദേശിലെ സ്പിറ്റി താഴ്‍‍വരയുടെ മനോഹാരിത തുളുമ്പന്ന വിഡിയോയാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. മഞ്ഞണിഞ്ഞ കാഴ്ചകളും മിഴിവേകുന്നതാണ്.

ഹിമാചൽ പ്രദേശിന്‍റെ വടക്കുകിഴക്കൻ ഭാഗത്ത് ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ താഴ്‌വരയാണ് സ്പിറ്റി. ടിബറ്റിനും ഇന്ത്യയ്ക്കും ഇടയിലുള്ള ഈ മനോഹരഭൂമി സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പൈൻ വനങ്ങളും പച്ച പുൽമേടുകളും ബുദ്ധവിഹാരങ്ങളും ജനവാസമുള്ള ഗ്രാമങ്ങളുമെല്ലാം നിറഞ്ഞ ഈ ശീതമരുഭൂമി പ്രദേശം പ്രകൃതിഭംഗിക്കും പ്രത്യേകതരം കാലാവസ്ഥയ്ക്കും പേരുകേട്ടതാണ്.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 12,500 അടി ഉയരത്തിലാണ് സ്പിറ്റി താഴ്‍‍‍‍വര സ്ഥിതിചെയ്യുന്നത്. കൂറ്റൻ പർവതങ്ങളുടെ നിഴലിലുള്ള ഇവിടെയുള്ള ചെറിയ ഗ്രാമങ്ങളിൽ ഏകദേശം 35 മുതൽ 200 വരെ ആളുകൾ മാത്രമാണ് വസിക്കുന്നത്.

ട്രെക്കിങ്, ക്യാംപങ് പ്രേമികളുടെ പറുദീസയായ ചന്ദ്രതാല്‍ തടാകമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്ന്. സമുദ്ര തപു പീഠഭൂമിയില്‍ സ്ഥിതി ചെയ്യുന്ന തടാകത്തിലെ വെള്ളം, മരതക പച്ചയിൽ നിന്ന് നീലയിലേക്കും തുടര്‍ന്ന് ഓറഞ്ച്, ചുവപ്പ് നിറങ്ങളിലേക്കും മാറുന്നു. വിശാലമായ പുല്‍മേടുകളിലെ ക്യാംപിങ്ങും ഇവിടേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

കൂടാതെ, സൻസ്കർ, പിർ പഞ്ചൽ, ഗ്രേറ്റ് ഹിമാലയം തുടങ്ങിയ പർവതനിരകളെ ബന്ധിപ്പിക്കുന്ന ബരാലച്ച പാസ്, ജൈവവൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും അപൂർവയിനം സ്‌നോകോക്കുകൾ, ചുക്കറുകൾ, സൈബീരിയൻ ഐബെക്‌സ് തുടങ്ങിയ ജീവജാലങ്ങളും ആൽപൈൻ വൃക്ഷങ്ങള്‍, ദേവദാരു മരങ്ങൾ, അപൂർവ ഔഷധ സസ്യങ്ങള്‍ തുടങ്ങിയ സസ്യങ്ങളും നിറഞ്ഞ പിൻവാലി ദേശീയോദ്യാനം എന്നിവയും സ്പിറ്റിയില്‍ എത്തുന്നവര്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹനസഞ്ചാരമുള്ള ഗ്രാമമായ കിബ്ബറും വിട്ടുപോകരുതാത്ത ഒരു ഇടമാണ്.

ഡൽഹി - ഷിംല - നാർക്കണ്ട - കിന്നൗർ താഴ്‌വര - ടാബോ – കാസ, ഡൽഹി - മണാലി - റോഹ്താങ് പാസ് - കുൻസും പാസ് - ലോസർ - കാസ എന്നിങ്ങനെ രണ്ടു റൂട്ടുകളില്‍ക്കൂടി ഇവിടേക്ക് പ്രവേശിക്കാം. ഇതില്‍ ആദ്യത്തെ റൂട്ടാണ് കൂടുതലും ആളുകള്‍ തിരഞ്ഞെടുക്കുന്നത്.

മാർച്ച് മുതൽ ജൂൺ വരെയുള്ള സമയമാണ് സ്പിറ്റിയുടെ മാന്ത്രിക സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് സ്പിറ്റി താഴ്‌വര ചുറ്റുമുള്ള മഞ്ഞുമൂടിയ മലനിരകളുടെ മനോഹരമായ കാഴ്ച നൽകുന്നു. ഡിസംബർ പകുതി മുതൽ ഇവിടെ മഞ്ഞുവീഴ്ച ലഭിക്കുന്നു, സ്നോബോർഡിങ്, ട്രെക്കിങ്, ഐസ് സ്കേറ്റിങ് തുടങ്ങിയ കായിക വിനോദങ്ങൾക്കുള്ള സമയമാണിത്.

English Summary: Pranav Mohanlal Shares Travel Pictures from Spiti Valley in Himachal Pradesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS