ADVERTISEMENT

ആരവങ്ങളും മേളങ്ങളുമുയർന്നു. പൊട്ടിപ്പോയ മാലമുത്തുപോലെ, അത്രനേരം അങ്ങിങ്ങായി നിന്ന ജനങ്ങൾ ആർപ്പുവിളിയോടെ കൂട്ടംകൂടി. പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് അത്യന്തം ഭീതിജനകമായ മുഖം മിന്നിമാഞ്ഞു. പാണ്ടിമേളം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോഴാണ് ആദ്യ ദർശനം കിട്ടിയത്, രക്തവർണത്തിലെ മുഖത്തെഴുത്ത്. കഴുത്തിൽ തലയോട്ടികൾ ചേർത്തുകെട്ടിയ മാല, മുടിയഴിച്ചിട്ട് രൗദ്രഭാവത്തിൽ ഓരോ ഭക്തരെയും രൂക്ഷമായി നോക്കി... ഇത് മരിച്ചവരുടെ രാത്രിയാണ്. മായാനകൊള്ളൈ എന്ന ഉത്സവത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത് ചെന്നൈയിലെ സുഹൃത്ത് പറയുമ്പോഴാണ്. വടക്കൻ തമിഴ് ജില്ലകളിലെ വേദകാലത്തോളം പഴക്കമുള്ള പ്രസിദ്ധമായൊരു ഉത്സവമാണിത്.

mayanakollai-festival1
Image Source: Arun Kalappila

തമിഴ് മാസമായ മാസിയിലെ അമാവാസി നാളിൽ ശക്തിയുടെ പ്രതീകമായ അംഗാള പരമേശ്വരീ ക്ഷേത്രങ്ങളിലാണ് ഉത്സവം നടക്കുന്നത്. ശിവരാത്രിയുടെ തലേന്നാൾ തുടങ്ങി, പിറ്റേന്നാൾ അമാവാസിയിലാണ്  ഉത്സവം അവസാനിക്കുക. ഇക്കൊല്ലത്തെ ഉത്സവം 17, 18, 19, 20 ദിവസങ്ങളിൽ നടക്കും. ദ്രാവിഡ ഗോത്രജീവിതത്തിന്റെ എടുപ്പും അലങ്കാരങ്ങളുമായി  അരങ്ങേറുന്ന ഈ ഫെസ്റ്റിവലിന്. തമിഴ്നാട്ടിൽ പരക്കെ കണ്ടുവരുന്ന ഉത്സവങ്ങളോട് സാമ്യം തോന്നാമെങ്കിലും  ഐതിഹ്യം തികച്ചും വ്യത്യസ്തമാണ്.

മയാനകൊള്ളൈ, പേരു പോലെ അദ്ഭുതം

വെല്ലൂർ, വില്ലുപുരം ജില്ലകളിലെ അംഗാള പരമേശ്വരീ ക്ഷേത്രങ്ങളിലാണ് പ്രധാനമായും മായാനകൊള്ളൈ ആഘോഷിക്കുന്നത്. ചെന്നൈ നഗരത്തിലെ റോയപുരം, ചൂളൈ, സെയ്താപ്പേട്ട്, മൈലാപ്പൂര് എന്നിവിടങ്ങളിലെ അമ്മൻ കോവിലുകളിൽ എല്ലാ വർഷവും മാസി അമാവാസിയിൽ ഉത്സവം നടക്കാറുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നു. പക്ഷേ, ഈ ഉത്സവത്തിന്റെ ഐതിഹ്യവുമായി ചേർന്നുനിൽക്കുന്നത് വില്ലുപുരത്തെ മേൽമലയന്നൂർ അംഗാള പരമേശ്വരീ ക്ഷേത്രമാണ്. അതുകൊണ്ട് വില്ലുപുരത്തെ മായാനകൊള്ളൈയിൽ തന്നെ പങ്കെടുക്കാം എന്ന് തീരുമാനിച്ചു.

mayanakollai-festival2
Image Source: Arun Kalappila

ജില്ലാ ആസ്ഥാനമായ വില്ലുപുരത്തുനിന്നും 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മേൽമായന്നൂരിന്റെ തെരുവുകൾ  ഉത്സവ ലഹരിയിലാണ്. കൃഷിയിടങ്ങൾ കൊയ്തൊഴിഞ്ഞിരിക്കുന്നു. പാടങ്ങൾക്ക് നടുവിലൂടെ നീളുന്ന വിജനമായ വഴികളെല്ലാം പതിയെ ആളുകളാൽ നിറയുന്നു. തെരുവിലേക്കെത്തുന്ന ഇടുങ്ങിയ വഴികളിലൂടെ പാണ്ടിമേളക്കൊഴുപ്പിനൊപ്പം നിരവധി ചെറുഘോഷയാത്രകൾ ക്ഷേത്രത്തെ ലക്ഷ്യമാക്കി കടന്നുവരുന്നു. കണ്ണുകളിലെ രൗദ്രത, ചിലത് ദുഃഖത്തിന്റെ, മറ്റു ചിലത് സന്തോഷത്തിന്റെ, അങ്ങനെ അംഗാള പരമേശ്വരിക്ക് പല മുഖങ്ങളാണ്.

കടും ചായങ്ങൾ മുഖത്തും ശരീരത്തിലും വാരിപ്പൂശി നിരവധി ഭക്തന്മാർ ഭദ്രകാളീ വേഷത്തിൽ ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കും ഡപ്പാംകുത്തിന്റെ മേളക്കൊഴുപ്പിനുമൊപ്പം  ഭക്തിയുടെ കൊടുമുടി കയറുന്നു. ഓരോ ചെറു ഘോഷയാത്രയും കാളിയുടെ വരവാണ്. അതിനാൽ തന്നെ അത്രമേൽ ഭക്തിയോടെയാണ് ഓരോ വരവിനേയും ആൾക്കൂട്ടം ആഘോഷിക്കുന്നത്.മേൽമലയന്നൂരിന് 17 കിലോമീറ്റർ അകലെയുള്ള  സെഞ്ചി (GINGEE) എന്ന ചെറുപട്ടണത്തിലാണ് താമസം തരപ്പെടുത്തിയത്. തെക്കൻ ട്രോയ് കോട്ട എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ ഏറ്റവും മനോഹരമായ സെഞ്ചിക്കോട്ട സ്ഥിതിചെയ്യുന്നത് ഈ പട്ടണത്തിലാണ്.

ഐതിഹ്യപ്പെരുമ

മയാനകൊള്ളൈയുമായി ബന്ധപ്പെട്ട് തമിഴ് ഗ്രാമങ്ങളിൽ വാമൊഴികളായി നിലനിൽക്കപ്പെടുന്ന പല ഐതിഹ്യങ്ങളുമുണ്ട്.അതിൽ ഒരു കഥ ഇങ്ങനെയാണ്; ഒരിക്കൽ കൈലാസത്തിലെത്തിയ അഞ്ചുതലയുള്ള ബ്രഹ്മാവിനെ കണ്ട് ശിവനെന്ന് തെറ്റിദ്ധരിച്ച് (ശിവന് അഞ്ച് മുഖമുണ്ടെന്നാണ് വിശ്വാസം) പാർവതി അദ്ദേഹത്തിന്റെ കാൽക്കൽ വീഴുന്നു. തെറ്റ് തിരിച്ചറിഞ്ഞ പാർവതി ഇനി അങ്ങനെ സംഭവിക്കാതിരിക്കാൻ ശിവനോട് ബ്രഹ്മാവിന്റെ അഞ്ചാമത്തെ തല ഛേദിക്കാൻ ആവശ്യപ്പെടുന്നു. പൊടുന്നനെ ശിവൻ രുദ്രരൂപം പൂണ്ട് ബ്രഹ്‌മാവിന്റെ തല ഛേദിക്കുന്നു. പക്ഷേ, ബ്രഹ്മാവ് ശിവനെ ശപിക്കുന്നു.

mayanakollai-festival
Image Source: Arun Kalappila

വിശപ്പും ദാഹവും മാറാതെ അലഞ്ഞുതിരിയാൻ ഇടവരട്ടെയെന്ന ബ്രഹ്മശാപമേറ്റ ശിവന്റെ കയ്യിൽ ബ്രഹ്മാവിന്റെ അഞ്ചാമത്തെ തല ഒട്ടിപ്പിടിക്കുന്നു. ആഹാരവും ഉറക്കവും നഷ്ട്ടപ്പെട്ട ശിവൻ  രാപകലില്ലാതെ അലഞ്ഞുതിരിയാൻ തുടങ്ങി. ഭൂമിയിലേക്കിറങ്ങി ഭിക്ഷ യാചിച്ചു. എന്നാൽ കിട്ടുന്നതിൽ പകുതിയും വലതു കയ്യിലെ കബാലം തിന്നു തീർത്തു. ശിവന്റെ അവസ്ഥ മനസിലാക്കിയ പാർവതി ഈ വിഷമവൃത്തത്തിൽ നിന്നും തന്റെ പതിയെ രക്ഷിക്കാൻ വിഷ്ണുവിനോട് അപേക്ഷിച്ചു.

ഒടുവിൽ വിഷ്ണുവിന്റെ ഉപദേശപ്രകാരം ദണ്ഡകാര്യത്തെ ശ്‌മശാനത്തിനുള്ളിൽ അഗസ്ത്യ ചീരയും, രക്തവുംമാംസവും വിതറി. ഒപ്പം ശിവന്റെ ശരീരത്തിലും. ശരീരത്തിൽ നിന്നും രക്തത്തിന്റെയും മാംസത്തിന്റേയും രുചി പറ്റിയ കബാല പതുക്കെ ശ്‌മശാനത്തിലേക്കിറങ്ങി. അവിടെ വിതറിയത് മുഴുവൻ ഭക്ഷിക്കാൻ തുടങ്ങി. ഈ തക്കത്തിന് പാർവതി പരമശിവനെ അഗ്നിതീർത്ഥ കുളത്തിൽ മുക്കി ശുദ്ധനാക്കുകയും വലതുകൈയിലെ രക്തവും മാംസവും കഴുകിക്കളയുകയും ചെയ്തു. പിന്നീട് അംഗാള പരമേശ്വരീ രൂപം കൊണ്ട് കബാലം ശ്‌മശാനത്തിൽ വച്ച് നശിപ്പിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com