ADVERTISEMENT

ഹംപി ടൂറിസം സർക്യൂട്ടിൽ ഗദഗ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ലക്കുണ്ടി ഗ്രാമം കൂടി ഉൾപ്പെടുത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ട സൗകര്യമൊരുക്കുന്നതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. 'ലക്കുണ്ടി' ഉത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

 വിജയനഗര സാമ്രാജ്യത്തെക്കുറിച്ചെന്ന പോലെ, ഗദഗ് ജില്ലയുടെയും മഹത്വത്തെക്കുറിച്ചും വിവിധ ശിലാലിഖിതങ്ങളില്‍ കാണാം. വിനോദസഞ്ചാരത്തിന് പ്രോത്സാഹനമേകുന്നതോടൊപ്പം, ലക്കുണ്ടിയുടെ ചരിത്രത്തിനും പ്രാധാന്യം നല്‍കും. ഹംപി സർക്യൂട്ടിൽ ഉൾപ്പെടുത്തി ഇവിടം വികസിപ്പിക്കും. കന്നഡ ഭാഷയുടെ പിറവിക്കും ഈ ഭാഷയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനും കാരണക്കാരനായ പ്രശസ്ത കവി റാന്നയുടെ ജന്മസ്ഥലമായ കുമാരവ്യാസന്‍റെ 'കർമഭൂമി'യാണ് ഗദഗ് ജില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദാനാ ചിന്താമണി റാണി അത്തിമബ്ബെയിലാണ് അദ്ദേഹത്തിന് അഭയം നൽകിയത്. 

 

ജില്ലയിലെ ജലസേചനത്തിന്‍റെ പുനരുജ്ജീവനത്തിൽ താന്‍ വഹിച്ച പങ്കും മന്ത്രി ഈ അവസരത്തില്‍ അനുസ്മരിച്ചു. താൻ ജലവിഭവ മന്ത്രിയായിരിക്കെ നിരവധി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ പൂർത്തിയാക്കിയതായി ബൊമ്മൈ പറഞ്ഞു. സിംഗതലൂർ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന് കീഴിൽ ഗദഗ് ജില്ലയിലെ താലൂക്കുകളിൽ തുംഗജലം ലഭ്യമാക്കുന്നതിന് ഗ്രാന്റുകൾ അനുവദിക്കും. നർഗുണ്ട്, റോൺ താലൂക്കുകളിലെ മലപ്രഭ നദിയെ മഹാദായി പദ്ധതിയുമായി ബന്ധിപ്പിച്ച് ജലസേചന പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

മന്ത്രിമാരായ സിസി പാട്ടീൽ, മുർഗേഷ് നിരാണി, ബി എ ബസവരാജ്, ബി ശ്രീരാമുലു, എംഎൽഎമാരായ കലകപ്പ ബന്ദി, രാമണ്ണ ലമാനി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

 

വിജയനഗരസാമ്രാജ്യ ചരിത്രമുറങ്ങുന്ന ഹംപി

 

മധ്യകാലഘട്ടത്തിലെ വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു ഹംപി. കർണാടകയുടെ മധ്യഭാഗത്തായാണ് ഹംപി സ്ഥിതി ചെയ്യുന്നത്. ബെംഗളൂരുവിൽ നിന്ന് 353 കിലോമീറ്ററും ഹോസ്പേട്ടിൽ നിന്ന് 13 കിലോമീറ്ററും ദൂരമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 467 മീറ്റർ ഉയരത്തില്‍, തുംഗഭദ്ര നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ഹംപിയില്‍, അതിമനോഹരമായ വാസ്തുവിദ്യയുടെ കാഴ്ചകള്‍ കാണാം, പുരാതനമായ ക്ഷേത്രങ്ങൾ, ഏകശിലാ ശിൽപങ്ങൾ, സ്മാരകങ്ങൾ എന്നിവയെല്ലാം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

 

 

ഹംപി ബസാർ പ്രദേശം, കമലപുരത്തിനടുത്തുള്ള റോയൽ സെന്റർ എന്നിങ്ങനെ രണ്ട് വിശാലമായ പ്രദേശങ്ങളായി ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ തരംതിരിക്കാം. പതിനഞ്ചാം നൂറ്റാണ്ടിലെ വിരൂപാക്ഷ ക്ഷേത്രം, പുരാതന അവശിഷ്ടങ്ങൾ, ജൈന ക്ഷേത്രങ്ങൾ, വിഷ്ണുവിന്റെ രൂപമായ നരസിംഹത്തിന്റെ ഏകശിലാ ശിൽപം എന്നിവയുള്ള ഹേമകൂട കുന്ന്, സംഗീതം പുറപ്പെടുവിക്കുന്ന തൂണുകള്‍ ഉള്ള വിട്ടൽ ക്ഷേത്രം, ഹംപി ബസാറിനും വിട്ടൽ ക്ഷേത്രത്തിനും ഇടയിലായി സുലേ ബസാറും അച്യുതരായ ക്ഷേത്രവും, ഗണപതിയുടെ മോണോലിത്തിക്ക് പ്രതിമ, നന്ദി, കോദണ്ഡരാമ ക്ഷേത്രം, കൃഷ്ണ ക്ഷേത്രം എന്നിവയാണ് ഹംപി ബസാർ പ്രദേശത്തെ പ്രധാന കാഴ്ചകള്‍. 

 

ഹംപി ബസാർ പ്രദേശത്തിനും കമലപുരത്തിനും ഇടയിലാണ് റോയല്‍ സെന്‍റര്‍. ഹംപി ബസാറിൽ നിന്ന് 2 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ സൗന്ദര്യം നിറഞ്ഞ ലോട്ടസ് മഹൽ, എലിഫന്റ് ക്വാർട്ടർ എന്നിവയൊക്കെയാണ് ഈ ഭാഗത്തുള്ള പ്രധാന കാഴ്ചകള്‍.

 

 

കർണാടകയിലെ ഗഡാഗ് ജില്ലയിലാണ് ലക്കുണ്ടി സ്ഥിതിചെയ്യുന്നത്. ഇവിടെ 14-ാം നൂറ്റാണ്ടിന് മുമ്പുള്ള 50-ഓളം ക്ഷേത്രങ്ങളും പുരാതന ക്ഷേത്രാവശിഷ്ടങ്ങളുമുണ്ട്. ചാലൂക്യ ശൈലിയിലുള്ള ക്ഷേത്രങ്ങൾക്കും പടികളുള്ള കിണറുകൾക്കും ചരിത്ര ലിഖിതങ്ങൾക്കും പേരുകേട്ടതാണ് ലക്കുണ്ടി. ഹംപിയില്‍ നിന്നും ഏകദേശം 100 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

English Summary: Hampi Tourism Circuit to include Lakkundi in Karnataka

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com