ADVERTISEMENT

ചാര്‍ധാം യാത്രക്കെത്തുന്ന തീര്‍ഥാടകരുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഏപ്രില്‍ 22ന് ആരംഭിക്കുന്ന യാത്രക്കായി എത്തുന്നവര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം. ജോഷി മഠിലെ മണ്ണിടിച്ചിലിന്റെ സാഹചര്യത്തില്‍ ബദരീനാഥ് യാത്രക്കിടെ എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നല്‍കിയിട്ടുമുണ്ട്. 

mrinalpal | Shutterstock
mrinalpal | Shutterstock

 

Nila Newsom | Shutterstock
Nila Newsom | Shutterstock

ബദരീനാഥ് തീര്‍ഥാടനം സുരക്ഷിതമാക്കാന്‍ ഭൂമിയില്‍ വിള്ളല്‍ കണ്ട മേഖലകളില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനെ വിന്യസിക്കും. ഈ മേഖലകളില്‍ പുതിയ വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും തീര്‍ഥാടകരെ സഹായിക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും ഉത്തരാഖണ്ഡ് തീരുമാനിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരിനാഥ് എന്നിവിടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോട്ടാ ചാര്‍ ധാം യാത്ര ഉത്തരേന്ത്യക്കാര്‍ക്കിടയില്‍ പ്രസിദ്ധമാണ്. ഗംഗോത്രിയും യമുനോത്രിയും ഏപ്രില്‍ 22നും കേദാര്‍നാഥ് 26നും ബദരീനാഥ് 27നുമാണ് തുറന്നുകൊടുക്കുക. 

Shiv Mer | iStock
Shiv Mer | iStock

 

ImagesofIndia | Shutterstock
ImagesofIndia | Shutterstock

കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം നിര്‍ത്തിവെച്ചിരുന്ന ചോട്ടാ ചാര്‍ ധാം യാത്ര കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ചിരുന്നു. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധി തീര്‍ഥാടകരെ മരണത്തിലേക്ക് നയിക്കാറുണ്ട്. ഇതിന് പുറമേയാണ് മണ്ണിടിച്ചില്‍ പോലുള്ള അപകടങ്ങളും. കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പിന്റെ കണക്കുകകള്‍ പ്രകാരം 311 തീര്‍ഥാടകരാണ് ചാര്‍ധാം യാത്രക്കിടെ മരിച്ചത്. കേദാര്‍നാഥ്(135), യമുനോത്രി(80), ബദരീനാഥ്(75), ഗംഗോത്രി(21) എന്നിങ്ങനെയായിരുന്നു ജീവന്‍ നഷ്ടമായവരുടെ കണക്ക്. ഇതില്‍ 80 ശതമാനം മരണങ്ങളും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു. മരണത്തിലേക്ക് നയിച്ച ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനം ഹൃദയാഘാതമാണെന്നും കണക്കുകള്‍ പറയുന്നു. 

 

2013ലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉത്തരാഖണ്ഡിലെ ചാര്‍ധാം യാത്രക്കിടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അന്ന് അയ്യായിരത്തിലേറെ തീര്‍ഥാടകര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും അപകടങ്ങള്‍ മൂലവും ജീവന്‍ നഷ്ടമായിരുന്നു. 2013ലെ ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചാര്‍ ധാം യാത്ര രണ്ടു വര്‍ഷത്തിന് ശേഷമാണ് പുനരാരംഭിച്ചത്. ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രാലയം ചാര്‍ ധാം യാത്രക്കിടയിലെ മരണങ്ങള്‍ ഔദ്യോഗികമായി കണക്കെടുത്തു തുടങ്ങിയത് 2017 മുതല്‍ മാത്രമാണ്. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടിയിലേറെ ഉയരത്തിലുള്ള ചാര്‍ധാം യാത്രക്കെത്തുന്നവര്‍ക്ക് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം നേരത്തെ മുതലുണ്ട്. ആഭ്യന്തര- വിദേശ തീര്‍ഥാടകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനം ഇതിന്റെ മുന്നോടിയാണ്. 

 

ഇക്കുറി ചാര്‍ ധാം യാത്രയില്‍ ബദരീനാഥാണ് ഏറ്റവും നിര്‍ണായകമായതെന്നാണ് കരുതപ്പെടുന്നത്. ബദരീനാഥ് ദേശീയപാതയില്‍ അടക്കം പുതിയ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. ജനുവരിയിലാണ് ബദരീനാഥിന്റെ കവാടമെന്ന് അറിയപ്പെടുന്ന ജോഷി മഠില്‍ നൂറുകണക്കിന് വീടുകളിലും റോഡുകളിലും ഭൂമിയിലുമെല്ലാം വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത് വലിയ തോതില്‍ ആശങ്കക്കിടയാക്കിയിരുന്നു. ഹേലാങ് ബൈപാസ് നിര്‍മാണവും ഇതേ തുടര്‍ന്ന് നിര്‍ത്തിവെച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 45 ലക്ഷം തീര്‍ഥാടകരാണ് ചാര്‍ ധാം യാത്രക്കെത്തിയത്.

 

English Summary: Mandatory registration required for Char Dham Yatra, new directions from Uttarakhand government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com