ADVERTISEMENT

യാത്രകളെ പ്രണയിക്കുന്നയാളാണ് ഗ്രേസ് ആന്റണി. യാത്ര പോകുന്നിടത്തെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും താരം മറക്കാറില്ല.  ഇപ്പോഴിതാ കൂര്‍ഗ് യാത്രയുടെ മനോഹര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി ഗ്രേസ് ആന്‍റണി. ജീന്‍സും ടോപ്പും കൂളിങ് ഗ്ലാസും ധരിച്ച് നില്‍ക്കുന്നെ ഒട്ടേറെ ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. നിരവധി ആരാധകര്‍ ചിത്രത്തിന് താഴെ കമന്‍റും ചെയ്തിട്ടുണ്ട്. 

 

അന്നും ഇന്നും എന്നും കൊച്ചി തന്നെയാണ് ഗ്രേസിന് ഇഷ്ടം. എറണാകുളം ജില്ലയിലെ മുളന്തുരുത്തി ആണ് ഗ്രേസിന്റെ സ്വദേശം; അമ്മവീട് മാനാശേരിയിലും. ഒഴിവു സമയം കിട്ടിയാൽ നേരെ മാനാശേരിയിലേക്കു വണ്ടി വിടും. അതിന് ഒറ്റക്കാരണമേയുള്ളൂ എന്ന് ഗ്രേസ്.  വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയാൽ കടലാണ്. കടലിന്റെ കാറ്റു കൊണ്ട് ഇരമ്പലും കേട്ട് അങ്ങനെ ഇരിക്കാൻ പ്രത്യേക സുഖമാണെന്ന് മുൻപ് മനോരമ 

ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ ഗ്രേസ് പറഞ്ഞിട്ടുണ്ട്.

 

 

ഈയിടെ ദുബായില്‍ നിന്നുള്ള യാത്രാചിത്രങ്ങളും ഗ്രേസ് ആന്‍റണി പങ്കുവച്ചിരുന്നു. കൂര്‍ഗിലേക്ക് യാത്ര ചെയ്യാന്‍ പറ്റിയ മികച്ച സമയങ്ങളില്‍ ഒന്നാണ് ഫെബ്രുവരി മാസം. ശൈത്യകാലത്തിന്‍റെ തണുപ്പ് പതിയെ കുറഞ്ഞുവരുന്ന സമയമാണിത്. 

 

ഇന്ത്യയുടെ സ്കോട്ട്ലന്‍ഡ് എന്നാണ് കൂര്‍ഗ് അഥവാ കുടക് അറിയപ്പെടുന്നത്. കര്‍ണാടകയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി, പശ്ചിമഘട്ടത്തിലാണ് കൂര്‍ഗ് സ്ഥിതിചെയ്യുന്നത്. എത്തിച്ചേരാന്‍ എളുപ്പമുള്ള സ്ഥലമായതിനാല്‍ കൂര്‍ഗിലേക്ക് എല്ലാക്കാലത്തും മലയാളികളുടെ ഒഴുക്കാണ്. പൂത്തുലഞ്ഞു സുഗന്ധം പരത്തുന്ന കാപ്പിത്തോട്ടങ്ങളും മലനിരകളില്‍ നിന്നൊഴുകി വരുന്ന കോടമഞ്ഞിന്‍റെ കുളിരും വിളഞ്ഞുകിടക്കുന്ന ഓറഞ്ചുതോട്ടങ്ങളുമെല്ലാം നിറഞ്ഞ കൂര്‍ഗ് വര്‍ഷംമുഴുവനും യാത്ര ചെയ്യാവുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്.

 

ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടും കാവേരി നദിയുടെ തുടക്കമായ തലക്കാവേരിയുമെല്ലാം കുടകിലെ ആകര്‍ഷണങ്ങളില്‍ പെടുന്നു. കൂടാതെ, ഏഴു നിലകളായി ഒഴുകുന്ന അബ്ബി വെള്ളച്ചാട്ടം, മടിക്കേരിയിലെ രാജാക്കന്മാരുടെ ശവകുടീരങ്ങളുള്ള ഗദ്ദിഗെ,  ഓംകാരേശ്വരക്ഷേത്രം, മടിക്കേരി കോട്ട തുടങ്ങിയവയും പ്രസിദ്ധമാണ്.

 

നഗരക്കാഴ്ചകളുടെ വിദൂരദൃശ്യം ഒരുക്കുന്ന രാജാസീറ്റിലേക്ക് വീക്കെന്‍ഡിലും വൈകുന്നേരങ്ങളിലും നിരവധി ആളുകള്‍ എത്തുന്നു. കൂടാതെ വനത്തിലൂടെയുള്ള യാത്രക്ക് നിസർഗ്ഗധാം, കുടകിലെ ഒരേയൊരു ജലസംഭരണിയായ ഹാരങ്കി ഡാം, വനം വകുപ്പിന്‍റെ ആനപരിശീലനകേന്ദ്രമായ ദുബാരെ എന്നിങ്ങനെയുള്ള കാഴ്ചകളുമുണ്ട്. സാഹസികത ഇഷ്ടമുള്ള ആളുകള്‍ക്കും കൂര്‍ഗ് വളരെ പ്രിയപ്പെട്ടതാണ്. ട്രെക്കിങ് പ്രേമികള്‍ക്ക്, വനത്തിനുള്ളിലൂടെ നടക്കാനുള്ള നിരവധി പാതകളും ഇവിടെയുണ്ട്. ക്യാമ്പിംഗ്, റിവർ റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും ഇവിടെ സജീവമാണ്.

English Summary: Grace Antony Shares travel pictures from Coorg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com