ADVERTISEMENT

മഞ്ഞിന്റെ കാഴ്ച ആസ്വദിച്ചുള്ള യാത്രയ്ക്ക് ഗുൽമർഗ് മികച്ച ഒാപ്ഷനാണ്. ഗുല്‍മാര്‍ഗില്‍ മഞ്ഞുകാണാനെത്തുന്ന സഞ്ചാരികളുടെ ആകര്‍ഷണമായി മാറിയിരിക്കുകയാണ് കോലായ് ഗ്രീന്‍ റസ്റ്ററന്റ്. ഇവിടുത്തെ ചില്ലുകൊണ്ട് നിര്‍മിച്ച ഇഗ്ലൂകളാണ് സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്നത്. സുതാര്യമായ ഇഗ്ലൂവിലിരുന്ന് ഒരേസമയം കാഴ്ചകള്‍ കണ്ട് ഭക്ഷണം കഴിക്കാം.

കോലായ് ഗ്രീന്‍ റസ്റ്ററന്റ് ഉടമയായ സയിദ് വസീമിന്റെ നേതൃത്വത്തിലാണ് ചില്ലുകൊണ്ടുള്ള ഇഗ്ലൂ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ഏതാണ്ട് മൂന്നു വര്‍ഷമെടുത്തു ചില്ലുകൊണ്ടുള്ള ഇഗ്ലൂ ആശയത്തില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍. ഓരോ വര്‍ഷവും പുതിയ ആശയങ്ങള്‍ സഞ്ചാരികള്‍ക്കു വേണ്ടി കോലായ് ഗ്രീന്‍ റസ്റ്ററന്റ് ആവിഷ്‌കരിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം അത് ശരിക്കുള്ള മഞ്ഞുകൊണ്ടുള്ള ഇഗ്ലൂകളായിരുന്നു. എന്നാല്‍ ഇക്കുറി മഞ്ഞു വീഴ്ച വൈകിയതോടെ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പകരം വന്ന കണ്ണാടികൊണ്ടുള്ള ഇഗ്ലൂകള്‍ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുകയും ചെയ്തു. 

നാലു പേര്‍ക്ക് സുഖമായി ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങള്‍ ഈ ഇഗ്ലൂകളിലുണ്ട്. തണുപ്പ് നിയന്ത്രിക്കാന്‍ വേണ്ടി ആവശ്യത്തിനുള്ള താപനിയന്ത്രണ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു ഫിന്‍ലാന്‍ഡ് യാത്രക്കിടെയാണ് വസീം ചില്ലുകൊണ്ടുള്ള ഇഗ്ലൂകള്‍ ആദ്യം കണ്ടത്. ധ്രുവ ദീപ്തി ആസ്വദിക്കുന്നതിനു വേണ്ടിയാണ് ഫിന്‍ലാന്‍ഡില്‍ സഞ്ചാരികള്‍ക്കായി ഇങ്ങനെയുള്ള സൗകര്യം ഒരുക്കിയിരുന്നത്. 

പുറത്തെ തണുപ്പ് ബാധിക്കാതെ ഉള്ളിലിരുന്നുകൊണ്ട് മഞ്ഞു വീഴ്ച്ചകളും പുറത്തെ കാഴ്ചകളും ആസ്വദിക്കാന്‍ സഹായിക്കുന്ന ഇത്തരം സൗകര്യം ഗുല്‍മാര്‍ഗിലേക്ക് എന്തുകൊണ്ട് കൊണ്ടുവന്നുകൂടാ എന്ന വസീമിന്റെ ചിന്തയാണ് ചില്ല് ഇഗ്ലു യാഥാര്‍ഥ്യമാക്കിയത്. ഇത്തരം സൗകര്യം എങ്ങനെ നിര്‍മിക്കാമെന്ന അന്വേഷണം ആസ്ട്രിയയിലാണ് ചെന്നെത്തിയത്. ഈ കമ്പനിയില്‍ നിന്നുള്ള ഒരു സംഘം കശ്മീരിലേക്ക് കഴിഞ്ഞ വര്‍ഷം സന്ദര്‍ശനം നടത്തിയിരുന്നു. മേഖലയിലെ കാലാവസ്ഥയും മറ്റും പഠിച്ച് ഏറ്റവും അനുയോജ്യമായ രീതിയില്‍ നിര്‍മാണം നടത്താന്‍ വേണ്ടിയായിരുന്നു അത്. താപനില, കാറ്റിന്റെ വേഗത, സൂര്യപ്രകാശത്തിന്റെ കാഠിന്യം എന്നിവയെല്ലാം പഠിച്ച ശേഷമാണ് അനുയോജ്യമായ രൂപകല്‍പന തയാറാക്കിയത്. 

ആറ് ഇഗ്ലുകളാണ് വസീം നിര്‍മിച്ചത്. ഇതിനായി ഏതാണ്ട് 50 ലക്ഷം രൂപ ചിലവു വന്നു. എന്നാല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ദീര്‍ഘകാല നിക്ഷേപമായാണ് ഇതിനെ വസീം കാണുന്നത്. ഇതില്‍ മൂന്നെണ്ണം കോലായ് ഗ്രീനിന്റെ പുല്‍തകിടിയിലും കോങ്ഡൂരിയില്‍ വസീമിന്റെ തന്നെ റസ്റ്ററന്റിലും സ്ഥാപിച്ചു. ഇപ്പോള്‍ മറ്റു ഹോട്ടല്‍ ഉടമകളില്‍ നിന്നും ചില്ലു കൊണ്ടുള്ള ഇഗ്ലൂകളെക്കുറിച്ചുള്ള അന്വേഷണം വരുന്നുണ്ടെന്നും വസീം പറയുന്നു.

English Summary: Glass igloo becomes new tourist attraction in Gulmarg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com