വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം; നിഗൂഢത നിറഞ്ഞയിടം

1098807698
Hasanamba temple-Shivram/shutterstock
SHARE

വീടുകളും പട്ടണങ്ങളും തെരുവുകളുമെല്ലാം ഒന്നാകെ വര്‍ണാഭമായ നിറദീപങ്ങള്‍ തെളിഞ്ഞുകത്തുന്ന കാലമാണ് ദീപാവലി. എങ്ങും വര്‍ണങ്ങളും സന്തോഷത്തിന്‍റെ അലയൊലികളും പടരുന്ന ആഘോഷകാലം. ഈ സമയത്ത് കര്‍ണാടകയില്‍ ഉള്ളവര്‍ക്ക് വളരെ സ്പെഷ്യലായ മറ്റൊരു ആഘോഷം കൂടിയുണ്ട്, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ഹാസനാംബ ക്ഷേത്രത്തിലെ ഒരാഴ്ച നീളുന്ന ഉത്സവം.

ബെംഗളൂരുവിൽ നിന്ന് 180 കിലോമീറ്റർ അകലെ, ഹാസനിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശക്തിദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പേരിലാണ് നഗരത്തിന് ഹാസൻ എന്ന പേര് ലഭിച്ചത്. എപ്പോഴും പുഞ്ചിരിക്കുന്ന രൂപത്തില്‍ പ്രതിഷ്ഠിച്ചതിനാല്‍ ദേവിയെ ഹാസനാംബ എന്ന് വിളിക്കുന്നു. ക്ഷേത്രം വര്‍ഷത്തില്‍ ഒരിക്കല്‍, ഒരാഴ്ച മാത്രം തുറന്നിരിക്കുന്നതിനാൽ, ദീപാവലി ഉത്സവത്തിൽ ദർശനം ലഭിക്കുന്നത് ഭാഗ്യമായാണ് കണക്കാക്കപ്പെടുന്നത്. 

ഹിന്ദു കലണ്ടർ പ്രകാരം അശ്വയുജ മാസത്തിലെ പൗർണമിക്ക് ശേഷമുള്ള ആദ്യത്തെ വ്യാഴാഴ്ചയാണ് ക്ഷേത്രം തുറക്കുന്നത്, ദീപാവലി ഉത്സവത്തോട് അനുബന്ധിച്ച് ബലി പാട്യമി ദിവസം വരെ ഒരാഴ്ചയോളം തുറന്നിരിക്കും. ഈ സമയമാകുമ്പോഴേക്കും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദേവിയുടെ അനുഗ്രഹം തേടി ഭക്തർ ഇവിടെയെത്തുന്നു.

ഹൊയ്സാല വാസ്തുവിദ്യ

കർണാടകയിലെ ക്ഷേത്ര വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായി പുരാവസ്തു വിദഗ്ധർ ഹാസനാംബ ക്ഷേത്രത്തെ കണക്കാക്കുന്നു. ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ജൈനമതത്തിലുള്ള വിശ്വാസം  പ്രതിഫലിപ്പിക്കുന്ന പാരമ്പര്യത്തിൽ ഹൊയ്‌സാല രാജവംശമാണ് ക്ഷേത്രം ആദ്യം നിർമിച്ചത്. ഹാസനു ചുറ്റുമുള്ള ക്ഷേത്രങ്ങളെല്ലാം പതിനൊന്നാം നൂറ്റാണ്ട് മുതൽ ഭരിച്ചിരുന്ന വിവിധ രാജവംശങ്ങളെ സൂചിപ്പിക്കുന്നവയാണ്.

ക്ഷേത്രത്തിന്‍റെ ഐതിഹ്യം

പുരാണമനുസരിച്ച്, വളരെക്കാലം മുമ്പ്, അന്ധകാസുരൻ എന്ന ഒരു അസുരൻ ഉണ്ടായിരുന്നു, കഠിനമായ തപസ്സിനു ശേഷം, അജയ്യനാകാനായി അയാള്‍ ബ്രഹ്മാവിൽ നിന്ന് വരം വാങ്ങി. ആ വരം ഉപയോഗിച്ച് അന്ധകാസുരന്‍ എല്ലായിടത്തും നാശംവരുത്താന്‍ തുടങ്ങി. ശിവൻ അയാളെ  കൊല്ലാൻ ശ്രമിച്ചപ്പോള്‍, നിലത്തു വീഴുന്ന ഓരോ തുള്ളി രക്തവും ഓരോ അസുരന്മാരായി വളര്‍ന്നു. അങ്ങനെ, ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ഏഴു ദേവിമാര്‍ക്കൊപ്പം അസുരനെ കൊല്ലാനായി യോഗേശ്വരി എന്ന ദേവിയെ ശിവൻ സൃഷ്ടിച്ചു. അസുരനെ വധിച്ച ശേഷം, വാരണാസിയിൽ നിന്ന് തെക്കോട്ട് യാത്ര ചെയ്ത ദേവിമാര്‍ അതിമനോഹരമായ ഒരു കാട്ടിൽ എത്തുകയും അവിടെ താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഈ മനോഹരമായ സ്ഥലമാണ് ഇന്നത്തെ ഹാസന്‍ എന്നു പറയപ്പെടുന്നു. 

കേടാവാത്ത പ്രസാദം

ഓരോ വര്‍ഷവും ഒരാഴ്ചത്തെ ഉത്സവം കഴിഞ്ഞ്, ക്ഷേത്രം അടയ്ക്കുന്നതിന് മുമ്പ്, നെയ്യ് വിളക്ക് കത്തിച്ച്, പൂക്കളും പാകം ചെയ്ത അരിയുടെ പ്രസാദവും ശ്രീകോവിലിൽ വയ്ക്കും. ഒരു വർഷത്തിനു ശേഷം ക്ഷേത്രം തുറക്കുമ്പോൾ, ഈ വിളക്ക് കെടാതെ കത്തുന്നതും പൂക്കൾ വാടാതെ പുതുമയോടെയും പ്രസാദം കേടാകാതെയും കാണാം എന്നു പറയപ്പെടുന്നു.

വീണ വായിക്കുന്ന രാവണന്‍

ക്ഷേത്രത്തിന് 81 അടി ഉയരമുള്ള പ്രവേശന ഗോപുരമുണ്ട്. ക്ഷേത്ര സമുച്ചയത്തിൽ ഒരു സ്ഥലത്ത് 101 ലിംഗങ്ങളും സിദ്ധേശ്വര ക്ഷേത്രവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവനിൽ നിന്ന് പാശുപതാസ്ത്രം സ്വീകരിക്കുന്ന അർജ്ജുനന്‍റെയും ഏതാനും മൃഗങ്ങളുടെയും ചിത്രങ്ങളുള്ള ഒരു പാറയാണ് ഈ ശ്രീകോവിലിലുള്ളത്. കൂടാതെ, പത്തിന് പകരം ഒമ്പത് തലകളോടെ വീണ വായിക്കുന്ന രാവണന്‍റെ അസാധാരണമായ ഒരു ചിത്രവും ഇവിടെ കാണാം. ഇത്തരം ഒട്ടേറെ സവിശേഷതകള്‍ ഉള്ളതുകൊണ്ടുതന്നെഭക്തരുടെ മാത്രമല്ല, സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് ഹാസനാംബ ക്ഷേത്രം.

English Summary: Miracles very many at Hasanamba Temple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS