കൊടൈക്കനാലിലെ അതിമനോഹര ഗ്രാമത്തിൽ അലീനയും ബാലു വര്‍ഗീസും

balu-varghese-and-aileena-travel
Image Source: Instagram/ Aileena Catherin Amon
SHARE

വിജയ് സൂപ്പറും പൗർണമിയും, അയാള്‍ ഞാനല്ല എന്നീ ചിത്രങ്ങളിലൂടെയാണ് അലീന കാതറിൻ അമോൺ അറിയപ്പെടുന്നത്. നടി മാത്രമല്ല, മോഡല്‍ കൂടിയാണ് അലീന. വിവിധ സൗന്ദര്യമത്സരങ്ങളില്‍, മിസ് സൗത്ത് ഇന്ത്യ 2015, മിസ് ടെക് ദിവ, മികച്ച മേക്ക് ഓവർ, ടൈംസ് മിസ് സുഡോകു തുടങ്ങി ഒട്ടേറെ ടൈറ്റിലുകളും ഈ കൊച്ചിക്കാരി സ്വന്തമാക്കിയിട്ടുണ്ട്. നടന്‍ ബാലു വര്‍ഗീസിന്‍റെ ഭാര്യ കൂടിയാണ് അലീന. 

ഇപ്പോഴിതാ കൊടൈക്കനാലില്‍ കുടുംബത്തോടൊപ്പം വെക്കേഷന്‍ ദിനങ്ങള്‍ ആസ്വദിക്കുകയാണ്. യാത്രയിലെ നിരവധി ചിത്രങ്ങള്‍ അലീന സമൂഹമാധ്യമത്തിൽ പങ്കിട്ടിട്ടുണ്ട്. ശാന്തസുന്ദരമായൊരു ഇടത്തേയ്ക്കാണ് എത്തിയിരിക്കുന്നതെന്ന് പങ്കുവച്ച ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം.  2023ലെ ആദ്യ യാത്രയാണെന്നും ഇതുവരെ സന്ദർശിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് പൂണ്ടി,ജീവിതകാലം മുഴുവൻ ഇൗ യാത്രയിലെ  ഓർമകൾ എനിക്ക് നല്‍കിയതിൽ കൊടൈക്കനാലിന് നന്ദിയെന്നും പങ്കുവച്ച ചിത്രത്തിനൊപ്പം അലീന കുറിച്ചിട്ടുണ്ട്.

അതിമനോഹരം ഇൗ ഗ്രാമം

കൊടൈക്കനാലിലെ മനോഹരമായ ഗ്രാമങ്ങളില്‍ ഒന്നായ പൂണ്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ കാണാം. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമല്ലാത്തതിനാല്‍ തിരക്കേറിയ ഭാഗത്ത് നിന്നും മാറി സമയം ചിലവഴിക്കാന്‍ ആഗ്രഹമുള്ള സഞ്ചാരികള്‍ക്ക് മികച്ച ഓപ്ഷനാണിത്. പൂണ്ടിയിലേക്കുള്ള യാത്രയില്‍ കാത്തിരിക്കുന്ന കണ്‍കുളിര്‍മയേകുന്ന കാഴ്ചകളാണ്. കൊടൈക്കനാല്‍ എന്നു കേൾക്കുമ്പോൾ മിക്കവരുടെ മനസ്സിൽ നിറയുന്നത് തടാകവും സൂയിസൈഡ് പോയ്ന്റുകളും ഗുണാ കേവുമൊക്കെയാണ്. എന്നാൽ സ്ഥിരം കാഴ്ചകളിൽ നിന്ന് മാറി ശാന്തസുന്ദരമായി അവധിയാഘോഷിക്കുന്നവർക്കായി ഗ്രാമീണ സൗന്ദര്യം നിറഞ്ഞ ഇടങ്ങളുമുണ്ട്. ആങ്ങനെയൊന്നാണ് പൂണ്ടി. കൊടൈക്കനാലില്‍നിന്നും പൂണ്ടിയിലേക്ക് 40 കിലോമീറ്റര്‍ ദൂരമാണുള്ളത്. കൊടും കാടിലൂടെ കോടമഞ്ഞ് പുതഞ്ഞ റോഡിലൂടെ തികച്ചും പ്രകൃതിയെ അറിഞ്ഞുള്ള യാത്രയാണിത്. ചില സ്ഥലങ്ങളില്‍നിന്ന് താഴേക്ക് നോക്കുമ്പോള്‍ കണ്ണെത്താദൂരത്തോളം കൃഷിത്തോട്ടങ്ങളും കാണാം. അതിസുന്ദരമാണ് പൂണ്ടി ഗ്രാമം.

പൂണ്ടിയിലെ വെള്ളച്ചാട്ടം പ്രസിദ്ധമാണ്. കൂടാതെ ട്രെക്കിങ് ഇഷ്ടമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഒട്ടേറെ വനപാതകളും ഇവിടെയുണ്ട്. മഴക്കാലമാണ് പൂണ്ടി സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. കൊടൈക്കനാലിലെ തന്നെ ബെരിജാം തടാകത്തിനരികില്‍ നിന്നുള്ള ദൃശ്യങ്ങളും അലീന പങ്കുവച്ചിട്ടുണ്ട്. 

അതിമനോഹരമായ ഒരു റിസർവോയറാണ് ബെരിജാം തടാകം. മീൻപിടിത്തം, സഫാരി ടൂറുകൾ, പക്ഷി നിരീക്ഷണം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണ് ഈ വനപ്രദേശം. മഞ്ഞുകാലത്ത് മൂടല്‍മഞ്ഞ് മൂടിക്കിടക്കുന്ന തടാകത്തിന്‍റെ കാഴ്ച വളരെ ആകര്‍ഷകമാണ്. കാട്ടുപോത്ത്, ഇന്ത്യൻ ആന, നീലഗിരി ലംഗൂർ, മാൻ തുടങ്ങിയ നിരവധി മൃഗങ്ങള്‍ ഈ തടാകത്തില്‍ വെള്ളം കുടിക്കാനെത്തുന്നത് ഇടയ്ക്കിടെ കാണാം. ആവാസവ്യവസ്ഥ സംരക്ഷണത്തിനായി തടാകത്തിൽ ബോട്ടിങ് നിരോധിച്ചിട്ടുണ്ട്.

59 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ബെരിജാം തടാകത്തിലെ ജലം വളരെ ശുദ്ധമാണ്. കൊടൈക്കനാലിന് താഴെയുള്ള താഴ്‌വരയിലെ ചെറിയ പട്ടണമായ പെരിയകുളത്തേക്ക് കുടിവെള്ളം എത്തിക്കുന്നത് ഈ തടാകത്തില്‍ നിന്നാണ്.

English Summary:  Balu Varghese and Aileena Enjoys Holiday in Kodaikanal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS