കടലും കാടും ചേരുന്ന മനോഹര തീരം; ലോകത്തെ ഏറ്റവും മികച്ച ബീച്ചുകളുടെ പട്ടികയില്‍
Mail This Article
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഹാവ്‌ലോക്ക് ദ്വീപില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ് രാധാനഗർ ബീച്ച്. 2004 ൽ ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചായി ടൈം മാഗസിന്‍ തിരഞ്ഞെടുത്ത ഈ ബീച്ച്, പ്രകൃതിഭംഗിയാല്‍ സ്വര്‍ഗീയമാണ്. ഇപ്പോഴിതാ ഒരു രാജ്യാന്തര അംഗീകാരം കൂടി രാധാനഗർ ബീച്ചിനെ തേടി എത്തിയിരിക്കുകയാണ്. 2023 ലെ, ലോകത്തെ ഏറ്റവും മികച്ച 10 ബീച്ചുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് രാധാനഗര്‍, ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ട്രിപ്പ് അഡ്വൈസർ ആണ് ഈ പട്ടിക തയാറാക്കിയിട്ടുള്ളത്.
ചന്ദ്രക്കലയുടെ ആകൃതിയില്‍, രണ്ടു കിലോമീറ്ററോളം നീളത്തില്‍ രാധാനഗര്‍ ബീച്ച് പരന്നുകിടക്കുന്നു. ആകാശം മുഴുവന്‍ വീണുപോയ പോലെ മനോഹരമായ നീല നിറത്തിലുള്ള ജലവും വജ്രം പോലെ തിളങ്ങുന്ന മണലും ചുറ്റും നിറയുന്ന സമൃദ്ധമായ വനവുമെല്ലാം ബീച്ചിന്‍റെ പ്രത്യേകതകളാണ്. തീരമാകെ പരന്നുകിടക്കുന്ന ഈന്തപ്പനകളുടെ കാഴ്ച ആരുടേയും മനംകവരും. തീരെ ആഴമില്ലാത്ത വെള്ളമാണ് ഇവിടെയുള്ളത് എന്നതും വിനോദസഞ്ചാരികൾക്കിടയിൽ ബീച്ചിനെ ജനപ്രിയമാക്കുന്നു. സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ബെഞ്ചുകളും കുടിലുകളുമെല്ലാമുണ്ട്. കൂടാതെ, സ്‌നോർക്കെലിങ്ങിനും സ്കൂബ ഡൈവിങ്ങിനും പോയിന്റുകൾക്കും മറ്റു ജലവിനോദങ്ങള്‍ക്കുമെല്ലാം ഈ ബീച്ച് പ്രശസ്തമാണ് .
ലോകമെങ്ങുമുള്ള സഞ്ചാരികളില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ലഭിച്ച ദശലക്ഷക്കണക്കിന് അവലോകനങ്ങളും വിവരങ്ങളും ഉപയോഗിച്ചാണ് ട്രിപ്പ് അഡ്വൈസർ ഈ പട്ടിക തയ്യാറാക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, ഏഷ്യ, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ ബീച്ചുകൾ പട്ടികയില്‍ ഉൾപ്പെടുന്നു.
രാധാനഗർ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം
രാധാനഗർ ബീച്ചിൽ രാവിലെയും വൈകുന്നേരവും സാധാരണയായി രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുന്നത്. കടൽത്തീരത്തെ സൂര്യാസ്തമയവും അതിശയകരമായ കാഴ്ചയാണ്, പക്ഷേ 6 മണി കഴിഞ്ഞ് നിൽക്കാൻ ഫോറസ്റ്റ് ഗാർഡുകൾ സഞ്ചാരികളെ അനുവദിക്കാറില്ല. ഉയർന്ന വേലിയേറ്റം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വൈകുന്നേരം 5 മണിക്ക് ശേഷം വെള്ളത്തിൽ നീന്തുന്നത് അനുവദനീയമല്ല.
ഭൂമധ്യരേഖയോട് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ ബീച്ച് വർഷം മുഴുവനും ചൂടുള്ളതായിരിക്കും. അതുകൊണ്ടുതന്നെ രാധാനഗർ ബീച്ച് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സീസൺ ശൈത്യകാലമാണ്, ചുട്ടുപൊള്ളുന്ന ചൂടിൽ നിന്നും നേരിയ ആശ്വാസമുണ്ടാകും
രാധാനഗർ ബീച്ചിൽ എങ്ങനെ എത്തിച്ചേരാം
ഹാവ്‌ലോക്ക് ദ്വീപിന്‍റെ പടിഞ്ഞാറൻ തീരത്താണ് രാധാനഗർ ബീച്ച് സ്ഥിതിചെയ്യുന്നത്, പ്രാദേശികമായി ബീച്ച് നമ്പർ 7 എന്നാണ് ഇത് അറിയപ്പെടുന്നത്. ഹാവ്‌ലോക്ക് ദ്വീപിലെ പ്രധാന മാർക്കറ്റിൽ നിന്ന് ഏകദേശം 10-12 കിലോമീറ്റർ അകലെയായാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്, ബീച്ചിൽ എത്താൻ ടാക്സി വാടകയ്‌ക്കെടുക്കാം. ഇരുചക്രവാഹനങ്ങളും ഇങ്ങനെ ലഭ്യമാണ്. ബസിലോ ജീപ്പിലോ യാത്ര ചെയ്തും ഇവിടെ എത്താം.
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ നിന്നും രാധാനഗർ ബീച്ചിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്ന് 2 മണിക്കൂർ വിമാന യാത്ര ചെയ്താല്‍ പോർട്ട് ബ്ലെയറിൽ എളുപ്പത്തിൽ എത്തിച്ചേരാം. പോർട്ട് ബ്ലെയറിൽ നിന്ന് ഹാവ്‌ലോക്ക് ദ്വീപിലേക്ക് മക്രുസ് എന്ന കാറ്റമരനിൽ കയറണം. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത, 90 മിനിറ്റ് ദൈർഘ്യമുള്ള ഈ ഫെറി സർവീസ് ഈ രണ്ട് സ്റ്റോപ്പുകൾക്കിടയിൽ ദിവസേന നാല് തവണ ഓടുന്നു. ആദ്യ ബോട്ട് രാവിലെ 8:15 നും അവസാനത്തെ ബോട്ട് പോർട്ട് ബ്ലെയറിൽ നിന്ന് വൈകുന്നേരം 4 നും പുറപ്പെടും. ഫെറി കൂടാതെ, പോർട്ട് ബ്ലെയറിൽ നിന്ന് ഹാവ്‌ലോക്കിലേക്ക് സീപ്ലെയിനിലും പോകാം, ഇതല്‍പ്പം ചിലവ് കൂടുതലാണ്.
ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്ഥലങ്ങൾ
രാധാനഗർ ബീച്ചിനടുത്തുള്ള പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് നീൽസ് കോവ്, മനോഹരമായ ഒരു തടാകമാണിത്. വിജയനഗർ ബീച്ച്, കാലാപത്തർ ബീച്ച്, എലിഫന്‍റ് ബീച്ച് എന്നിവയാണ് രാധാനഗർ ബീച്ചിനടുത്തുള്ള മറ്റ് പ്രശസ്തമായ ആകർഷണങ്ങൾ. എലിഫന്‍റ് ബീച്ചും രാധാനഗർ ബീച്ചും തമ്മില്‍ 2.2 കിലോമീറ്റർ ദൂരമേയുള്ളൂ.
English Summary: Radhanagar Beach: Asia’s best and World’s 7th best beach is in Havelock Islands, Andaman