ADVERTISEMENT

മലയാള സിനിമാലോകത്ത് ഒരു പ്രതിഭാസം തന്നെയാണ് നടി ശോഭന. അതുല്യമായ ഭാവാഭിനയം കൊണ്ടും നൃത്തം കൊണ്ടും അവര്‍ മലയാളികളുടെ മനസ്സ് കീഴടക്കി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശോഭന. യാത്രകളുടെയും മറ്റും വിശേഷങ്ങള്‍ ശോഭന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഖജുരാഹോയില്‍ നിന്നുള്ള ഒരു വിഡിയോ ആണ് ശോഭന ഏറ്റവും പുതുതായി പങ്കുവച്ചിട്ടുള്ളത്‌. കല്‍ശില്‍പങ്ങള്‍ക്കു മുന്നില്‍ നൃത്തമാടുന്ന ശോഭനയെ വിഡിയോയില്‍ കാണാം.

 

 

ഖജുരാഹോയിലെ പ്രശസ്തമായ കാവ്യഭംഗി തുളുമ്പുന്ന ശില്‍പങ്ങള്‍ക്ക് മുന്നില്‍ നിന്നാണ് ശോഭന നൃത്തം ചെയ്യുന്നത്. മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഖജുരാഹോ, മനോഹരമായ ശിൽപ്പങ്ങൾ കൊണ്ട് അലങ്കരിച്ച അതിശയകരമായ ക്ഷേത്രങ്ങൾക്ക് ലോകമെമ്പാടും അറിയപ്പെടുന്നു. ബുന്ദേൽഖണ്ഡ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഖജുരാഹോ, മധ്യകാലഘട്ടത്തിലെ ഇന്ത്യൻ വാസ്തുവിദ്യയുടെയും സംസ്കാരത്തിന്‍റെയും ഉജ്ജ്വലമായ ഉദാഹരണമാണ്.

 

 

സി.ഇ. 950 നും 1050 നും ഇടയിൽ ചന്ദേല രാജവംശത്തിലെ രാജാക്കന്മാരാണ്‌ ഖജുരാഹോയിലെ മിക്ക ക്ഷേത്രങ്ങളും പണികഴിപ്പിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇവിടെ 20 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടന്നിരുന്ന 85 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായി ചരിത്രരേഖകൾ പറയുന്നു. ആറുചതുരശ്ര കിലോമീറ്ററിലായി 20 ക്ഷേത്രങ്ങൾ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. അതിജീവിക്കുന്ന ക്ഷേത്രങ്ങളിൽ, കന്ദാരിയ മഹാദേവ ക്ഷേത്രം പുരാതന ഇന്ത്യൻ കലയുടെ സങ്കീർണമായ വിശദാംശങ്ങളും പ്രതീകാത്മകതയും ആവിഷ്‌കാരവും ഉള്ള ശിൽപങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ഏഴുനൂറ്റാണ്ടുകളോളം വനത്തിനുള്ളിൽ വിസ്മൃതിയിൽകിടന്ന ഈ ക്ഷേത്രങ്ങള്‍, 1838 ൽ ബ്രിട്ടീഷ് എഞ്ചിനീയർ ആയിരുന്ന ടി.എസ്. ബര്‍ട്ട് ആണ് പുറംലോകത്തിനു പരിചയപ്പെടുത്തിയത്.

 

 

സഞ്ചാരികള്‍ക്ക് ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍ എളുപ്പത്തില്‍ സന്ദര്‍ശിക്കാം. ഇതിനായി ഇവയെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ഈസ്റ്റേൺ ഗ്രൂപ്പ്, സതേൺ ഗ്രൂപ്പ്, വെസ്റ്റേൺ ഗ്രൂപ്പ് എന്നിവയാണവ. ഇതിൽ വെസ്റ്റേൺ ഗ്രൂപ്പിന് മാത്രം ഓഡിയോ ഗൈഡഡ് ടൂർ സൗകര്യമുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ക്ഷേത്ര ചരിത്രവും വാസ്തുവിദ്യയും വിവരിക്കുന്ന ഒരു ഓഡിയോ ഗൈഡഡ് ടൂറും ഉണ്ട്.എല്ലാ വർഷവും ഫെബ്രുവരിയില്‍ ഖജുരാഹോ നൃത്തോത്സവം അരങ്ങേറുന്നു. ഇവിടുത്തെ ചിത്രഗുപ്ത, വിശ്വനാഥ ക്ഷേത്രങ്ങളില്‍ വിവിധ ക്ലാസിക്കൽ ഇന്ത്യൻ നൃത്തങ്ങൾ ഇതിൽ അവതരിപ്പിക്കുന്നു. ഖജുരാഹോ ക്ഷേത്ര സമുച്ചയത്തില്‍ എല്ലാ വൈകുന്നേരങ്ങളിലും ഒരു സോൺ എറ്റ് ലൂമിയർ ഷോ നടക്കുന്നു. ആദ്യ ഷോ ഇംഗ്ലീഷിലും രണ്ടാമത്തേത് ഹിന്ദിയിലുമാണ്. ക്ഷേത്ര സമുച്ചയത്തിലെ തുറന്ന പുൽത്തകിടിയിലാണ് ഇത് നടക്കുന്നത്. 

English Summary: Shobana Shares pictures from Khajuraho

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com