ADVERTISEMENT

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തേയിലത്തോട്ടങ്ങള്‍ എവിടെയാണെന്നറിയാമോ? മറ്റേതെങ്കിലും ഭൂഖണ്ഡത്തിലോ രാജ്യത്തോ അല്ല, തമിഴ്നാട്ടിലെ തേനിയിലാണത്. ലോകറെക്കോഡിന് പുറമേ ഇക്കാലയളവില്‍ ഒട്ടേറെ സഞ്ചാരികളുടെ പ്രിയം സമ്പാദിച്ച കൊളുക്കുമലയാണ് ആ സ്ഥലം.

 

സമുദ്രനിരപ്പിൽ നിന്ന് 8000 അടിയോളം ഉയരത്തിലാണ് കൊളുക്കു മല സ്ഥിതിചെയ്യുന്നത്. മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരമുള്ള കൊളുക്കുമലയിലേക്ക് റോഡ് മാർഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ. മൂന്നാർ ടൗണിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയുണ്ട്. ഏകദേശം 17 കിലോമീറ്ററോളം ദൂരം ദുർഘടമായ റോഡായതിനാല്‍ ഇവിടേക്ക് ജീപ്പിൽ മാത്രമേ എത്തിച്ചേരാനാകൂ.  

 

 

മീശപ്പുലിമല, തിപ്പാടമല, തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ് സ്ഥിതിചെയ്യുന്നത്. കൂടാതെ, ദേവികുളം, ചിന്നാർ വന്യജീവി സങ്കേതം, മൂന്നാർ, തേക്കടി, തേനി, കമ്പം മുതലായ ഇടങ്ങളും ഈ യാത്രയില്‍ സന്ദര്‍ശിക്കാം.

 

കൊളുക്കുമലയിലെ സൂര്യോദയവും അസ്തമയക്കാഴ്ചയുമെല്ലാം ഒരിക്കലും മറക്കാനാവാത്ത മനോഹര അനുഭവമാണ്. ലോകപ്രശസ്തമാണ് കൊളുക്കുമലയിലെ സൂര്യോദയം. സ്വദേശികളും വിദേശികളും ഉൾപ്പെടെ ലക്ഷക്കണക്കിനു സഞ്ചാരികളാണ് ഇവിടെ സൂര്യോദയം ആസ്വദിക്കാനായി എത്തുന്നത്. പുലര്‍കാല സൂര്യന്‍റെ ആദ്യത്തെ പൊന്‍കിരണങ്ങള്‍ നേരിട്ട് കണ്ടാസ്വദിക്കണം എന്നുള്ളവര്‍ക്ക് മലമുകളില്‍ ടെന്‍റ് കെട്ടി താമസിക്കാം. പുലിപ്പാറയുടെ പിന്നിലാണു സൂര്യോദയം കാണാൻ നിൽക്കുന്നതെങ്കിൽ പുലിയുടെ വായിൽ നിന്നു വെട്ടം വരുന്ന പ്രതിഭാസവും കാണാം. ദൂരെ മലനിരകളില്‍ പുകപോലെ മഞ്ഞു പടര്‍ന്നിറങ്ങുന്നതും മേഘമാലകള്‍ പറന്നുനടക്കുന്നതും, പിന്നീട് വെയില്‍ വരുമ്പോള്‍ തേയിലത്തോട്ടങ്ങള്‍ക്ക് മുകളില്‍ പച്ചയുടെ പല ഷേഡുകള്‍ തെളിയുന്നതുമെല്ലാം നോക്കി മതിമറന്നങ്ങനെ ഇരിക്കാം.

 

 പകല്‍ മാത്രമല്ല, രാത്രിയും ആനന്ദകരമായ അനുഭവമാണ് കൊളുക്കുമലയില്‍. രാത്രിവേളകൾ കൂടുതൽ ഉല്ലാസഭരിതമാക്കാന്‍ സന്ദർശകർക്കായി ക്യാംപ് ഫയർ, ലൈവ് മ്യൂസിക്, സിപ് ലൈൻ, ബാർബിക്യു തുടങ്ങിയവയെല്ലാം ഇവിടെ ഉണ്ടാകാറുണ്ട്. 75 വർഷത്തിലേറെ പഴക്കമുള്ള തേയില ഫാക്ടറിയാണ് കൊളുക്കുമലയിലെ മറ്റൊരു കാഴ്ച. 1935 ൽ ഇംഗ്ലണ്ടിൽനിന്ന് കൊണ്ടു വന്ന യന്ത്രങ്ങൾ ഉപയോഗിച്ച് പരമ്പരാഗതമായ രീതിയിൽ തേയില കൊളുന്തുകൾ സംസ്കരിക്കുന്ന ടീ ഫാക്ടറിയാണ് അത്. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ ഇതിന്‍റെ ഉടമസ്ഥർ. ലോകത്തിലെതന്നെ ഏറ്റവും നല്ല ചായപ്പൊടികളിൽ ഒന്നാണ് കൊളുക്കുമലയില്‍ കിട്ടുന്നത്, 2007 ൽ ഗോൾഡ് ലീഫ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഇവിടുത്തെ ചായരുചിയെ തേടിയെത്തിയിട്ടുണ്ട്.  

English Summary: Kolukkumalai Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com