ADVERTISEMENT

മേഘങ്ങളുടെ നാടാണ് മേഘാലയ. വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന മഴയും മൂടല്‍മഞ്ഞുമെല്ലാമായി ഏതു വേനലിലും സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന നാട്. ഷില്ലോങ്ങിലും ചിറാപുഞ്ചിയിലുമെല്ലാം സന്ദര്‍ശകരുടെ ഒഴുക്ക് നിലക്കാറേയില്ല. പച്ചപ്പിന്‍റെ മായികതക്കൊപ്പം കെട്ടുകഥകളും നിഗൂഢതകളും നിറഞ്ഞ ഒട്ടേറെ ഇടങ്ങളും മേഘാലയയിലുണ്ട്. ഗുഹകളിലൂടെയുള്ള യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടെ ഒട്ടേറെയുണ്ട്  കാണാന്‍. ലോകത്തിലെ ഏറ്റവും നീളമേറിയ പ്രകൃതിദത്ത ഗുഹയും മേഘാലയയിലാണ് സ്ഥിതിചെയ്യുന്നത്. 

ജയന്തിയാ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ക്രെം ലിയാത് പ്രാ ആണ് ലോകത്തിലെ ഏറ്റവും നീളമേറിയ പ്രകൃതിദത്ത ഗുഹ എന്നറിയപ്പെടുന്നത്. ഖാസി ഭാഷയിൽ 'ക്രെം' എന്നാണ് ഇതിനെ വിളിക്കുന്നത്. ഏകദേശം 34 കിലോമീറ്ററാണ് ഈ ഗുഹയുടെ നിലവിലെ നീളം, ഇതിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. എയർക്രാഫ്റ്റ് ഹാംഗർ എന്ന വലിയ ട്രങ്ക് പാസേജാണ് ലിയാത് പ്രായുടെ പ്രധാന സവിശേഷത.

1084380626
Mawmluh Cave-Abhijeet Khedgikar/shutterstock

മേഘാലയയിലെ ജയന്തിയാ, ഖാസി, ഗാരോ കുന്നുകൾ എന്നിവിടങ്ങളിൽ ഏകദേശം 1580 ഗുഹാ സ്ഥലങ്ങളുണ്ട്, അവയിൽ 980 ഗുഹകൾ പൂർണമായോ ഭാഗികമായോ കണ്ടെത്തിയവയാണ്. ചിറാപുഞ്ചി, മൗസിൻറാം, ഷെല്ല, പൈനുർസ്ല, നോങ്ജ്രി, ലാംഗ്രിൻ തുടങ്ങിയ വിവിധ പ്രദേശങ്ങളിലായി ഒട്ടേറെ ഭീമന്‍ ഗുഹകള്‍ ചിതറിക്കിടക്കുന്നു.

ഇന്ത്യയിലെ ഏറ്റവും നീളമേറിയതും ആഴമേറിയതുമായ പത്ത് ഗുഹകളിൽ ആദ്യത്തെ ഒമ്പത് ഗുഹകൾ മേഘാലയയിലും പത്താമത്തെ ഗുഹ മിസോറാമിലുമാണ്. മേഘാലയ സന്ദര്‍ശിക്കുമ്പോള്‍ കാണേണ്ട മനോഹരമായ ഗുഹാപ്രദേശങ്ങളെക്കുറിച്ച് അറിയാം...

ക്രെം മാവ്ഖിർദോപ്/ ക്രെം മൗംലു

മൗംലു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്രെം മൗംലു ചിറാപുഞ്ചിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. 7 കിലോമീറ്ററിലധികം നീളമുള്ള ഈ ഗുഹയ്ക്കുള്ളില്‍ വഴുവഴുപ്പുള്ള പ്രതലങ്ങളും ഇടുങ്ങിയ തുറസ്സുകളും കൂർത്ത പാറകളും ആഴമുള്ള ഒരു ജലാശയവുമുണ്ട്. കൂടാതെ, സ്റ്റാലാഗ്മൈറ്റ് ഘടനകളും കാൽസൈറ്റ് രൂപങ്ങളും പാറക്കൂട്ടങ്ങളുമെല്ലാം കാണാൻ കഴിയും.

1084380632
Mawmluh Cave -Abhijeet Khedgikar/shutterstock

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നാലാമത്തെ നീളമേറിയ ഗുഹയാണിത്‌. സഞ്ചാരികള്‍ക്ക് ഇതിനുള്ളിലേക്ക് പ്രവേശനം സൗജന്യമാണ്, ഉള്ളിലൂടെയുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം നാലുമണിക്കൂര്‍ സമയമെടുക്കും. രാവിലെ ഏഴര മുതല്‍ വൈകീട്ട് നാലുമണി വരെ ഗുഹയ്ക്കുള്ളില്‍ പ്രവേശിക്കാം.

ക്രെം ഡാം

ക്രെം ഡാം സ്ഥിതിചെയ്യുന്നത് മനോഹരമായ മൗസിൻറാം ഗ്രാമത്തിലാണ്. 30 മീറ്റർ വീതിയുള്ള ഈ ഗുഹ വളരെ ആകർഷകമാണ്. ഈ ഗുഹ പ്രദേശത്ത് അമ്പെയ്ത്ത് മത്സരങ്ങൾ നടക്കാറുണ്ട്. ശിവലിംഗത്തോട് സാമ്യമുള്ള സ്റ്റാലാക്‌റ്റൈറ്റുകളും സ്റ്റാലാഗ്‌മൈറ്റുകളുമാണ് ഇവിടുത്തെ മറ്റൊരു പ്രധാനകാഴ്ച.

ക്രെം ലിംപുട്ട്

മേഘാലയയിലെ നോങ്ജ്രി ഗ്രാമത്തിലാണ് ക്രെം ലിംപുട്ട് ഗുഹ സ്ഥിതി ചെയ്യുന്നത്. പച്ചപ്പിന് നടുവിൽ മറഞ്ഞിരിക്കുന്ന ഈ ഗുഹക്കുള്ളില്‍ വലിയ പാറക്കെട്ടുകള്‍ കാണാം. ഗുഹയ്ക്കുള്ളിൽ ഒരു ഗോവണിപ്പാതയുണ്ട്, വഴുവഴുപ്പുള്ളതിനാല്‍  ഇതിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒട്ടേറെ കാൽസൈറ്റ് രൂപങ്ങള്‍ ഇവിടെ കാണാം. 25 മീറ്റർ വീതിയും 25 മീറ്റർ ഉയരവുമുള്ള കാൽസൈറ്റ് ഗാലറിയുള്ള മുഗൾ മുറിയാണ് ഗുഹയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്.

മൗസ്മൈ ഗുഹ

സൊഹ്‌റയിൽ നിന്ന് അൽപം അകലെയാണ് മൗസ്‌മൈ ഗുഹ സ്ഥിതി ചെയ്യുന്നത്. ഫോസിലുകൾക്ക് പേരുകേട്ടതാണ് ഈ ഗുഹ. ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള ഈ ഗുഹ പ്രകൃതിരമണീയമാണ്. മാത്രമല്ല, ഇത് വളരെ സുരക്ഷിതമാണ്. ഗുഹയിലേക്ക് പോകുന്നവഴി മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാം. ഇടതടവില്ലാതെ പക്ഷികളുടെ ശബ്ദവും പ്രാണികളുടെ കരച്ചിലും നിറഞ്ഞ ഇടതൂർന്ന വനപ്രദേശത്തിലൂടെയുള്ള ഒരു ചെറിയ നടത്തമുണ്ട് ഗുഹയിലേക്ക്. പല സഞ്ചാരികളും ഗുഹ സന്ദർശിച്ച ശേഷം ചുറ്റുമുള്ള വനങ്ങളിൽ വിശ്രമിക്കാനോ നടക്കാനോ

സിൻറാങ്-പാമിയാങ്

14,157 മീറ്റർ നീളമുള്ള, ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും നീളമേറിയ ഗുഹയാണ് സിൻറാങ്-സ്പാമിംഗ്. ഓറഞ്ച്, ചുവപ്പ്, കറുപ്പ്, ചാര, നീല, പച്ച, വെള്ള എന്നീ നിറങ്ങളിലുള്ള രൂപീകരണങ്ങളാല്‍ സമ്പന്നമാണ് ഈ ഗുഹ. ചെറിയ മുത്തുകള്‍ ചിതറിക്കിടക്കുന്ന നിലമുള്ള 'ടൈറ്റാനിക് ഹാൾ' ആണ് ഈ ഗുഹയ്ക്കുള്ളിലെ മറ്റൊരു സുന്ദരമായ കാഴ്ച.

സിജു ഗുഹ

ഗാരോ ഹിൽസിൽ സ്ഥിതി ചെയ്യുന്ന സിജു, വളരെ ആകർഷകമായ ചില സ്റ്റാലാക്റ്റൈറ്റുകളും സ്റ്റാലാഗ്മിറ്റുകളും ഉള്ള ഗുഹയാണ്. ചുണ്ണാമ്പുകല്ലിന്‍റെ മനോഹരമായ രൂപങ്ങള്‍ ഗുഹയിലെങ്ങും കാണാം. 4 കിലോമീറ്ററിലധികം നീളമുള്ള ഗുഹയുടെ പലഭാഗങ്ങളിലും വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ ഉള്ളില്‍ അധികദൂരം സഞ്ചരിക്കാനാവില്ല. ഈ ഗുഹയ്ക്കുള്ളില്‍ നിറയെ വവ്വാലുകളും ഉണ്ട്.

ക്രെം പുരി

ലോകത്തിലെ ഏറ്റവും നീളമേറിയ മണൽക്കല്ല് ഗുഹയാണ് ക്രെം പുരി. ഏകദേശം 24,583 മീറ്റർ ആണ് ഇതിന്‍റെ നീളം. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗസിൻറാം പ്രദേശത്തെ ലൈറ്റ്‌സോഹം ഗ്രാമത്തിനടുത്താണ് ഈ ഗുഹ കണ്ടെത്തിയത്. ക്രെം ലിയാറ്റ് പ്രക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ ഗുഹ കൂടിയാണ് ഇത്. 66-76 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട മൊസാസോറസിന്‍റെ ഫോസിലുകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

English Summary: hidden gems of meghalaya 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com