ADVERTISEMENT

ടോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരാണ് അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും. തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ എല്ലാംതന്നെ ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കിടാറുണ്ട്. വിവാഹിതരായിട്ട്‌ ഒരു പതിറ്റാണ്ടില്‍ ഏറെയായ ദമ്പതിമാര്‍ക്ക് അര്‍ഹ, അയാന്‍ എന്നിങ്ങനെ രണ്ടു കുട്ടികളും ഉണ്ട്.

ഈയിടെ കുടുംബത്തോടൊപ്പം രാജസ്ഥാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ അല്ലു അര്‍ജുന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നാലുപേരെയും ചിത്രത്തില്‍ കാണാം. വെള്ള ട്രൗസറിനൊപ്പം ബ്ലാക്ക് ആൻഡ് വൈറ്റ് അബ്‌സ്‌ട്രാക്റ്റ് പ്രിന്റഡ് ഷർട്ടില്‍ അല്ലു അര്‍ജുനെ കാണാം. ഓറഞ്ച് നിറമുള്ള ഡ്രസ്സ്‌ ആണ് സ്നേഹ ധരിച്ചിട്ടുള്ളത്. പിങ്ക് നിറത്തിലുള്ള ഷോർട്ട്സും ടീയും ധരിച്ച് അര്‍ഹയും, സ്റ്റൈലിഷ് വെള്ള ടീഷര്‍ട്ടും ട്രൗസറും ധരിച്ച് അയാനും മാതാപിതാക്കള്‍ക്കൊപ്പമുണ്ട്.

സൂപ്പര്‍ഹിറ്റായ പുഷ്പ സിനിമയുടെ രണ്ടാംഭാഗമായ പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കിലാണ് അല്ലു ഇപ്പോള്‍. അല്ലു അർജുന്‍റെ ജന്മദിനമായ ഏപ്രിൽ 8 ന് പുഷ്പ 2 ന്‍റെ ആദ്യ ദൃശ്യം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ചിത്രത്തിലെ റിസോര്‍ട്ട്

രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടായ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിലാണ് അല്ലുവും കുടുംബവും അവധിക്കാലം ആഘോഷിച്ചത്. നേരത്തേ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും വിവാഹവാര്‍ഷികം ആഘോഷിച്ചതും ഇവിടെയായിരുന്നു. മാത്രമല്ല, ബോളിവുഡ് നടീനടന്മാരായ കത്രീന കെയ്ഫും വിക്കി കൌശാലും വിവാഹിതരായതും ഇതേ റിസോര്‍ട്ടില്‍ വച്ചാണ്.

രാജസ്ഥാനിലെ സവായ് മധോപൂരിലാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര റിസോര്‍ട്ട്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച  പുരാതനമായ ഒരു കോട്ടയാണ് പിന്നീട് റിസോര്‍ട്ടാക്കി മാറ്റിയത്. ഏഴു നൂറ്റാണ്ടു മുന്‍പത്തെ വാസ്തുവിദ്യയുടെ പ്രൌഡിയും ഗാംഭീര്യവും ഇപ്പോഴും ഒട്ടും ചോര്‍ന്നുപോകാതെ നിലനിര്‍ത്തിയിട്ടുണ്ട്.

പഴമയും പാരമ്പര്യവും നിലനിര്‍ത്തികൊണ്ടുതന്നെ, രാജസ്ഥാനി ശൈലിയിൽ രൂപകൽപന ചെയ്‌തിരിക്കുന്നതും 753 ചതുരശ്ര അടി മുതൽ 3,014 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ളതുമായ  48 സ്യൂട്ടുകളാണ് റിസോര്‍ട്ടിലുള്ളത്. എല്ലാ മുറികളിലും അത്യാധുനിക സൗകര്യങ്ങളുണ്ട്. പൂളും സിക്സ് സെൻസ് സ്പായും സ്പാ ഗാലറിയും ഫിറ്റ്നസ് സെന്ററും ബോട്ടിക്കുമെല്ലാം റിസോര്‍ട്ടില്‍ ഉണ്ട്. 

രാജസ്ഥാനിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ജയ്പൂരില്‍ നിന്നും മൂന്നുമണിക്കൂര്‍ ഡ്രൈവ് ചെയ്തെത്താവുന്ന ദൂരത്തിലാണ് റിസോര്‍ട്ട്. കൂടാതെ, രൺതംഭോർ നാഷണൽ പാർക്കിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് ചെയ്താൽ ഇവിടെയെത്താം. റിസോര്‍ട്ടിലെ അതിഥികള്‍ക്കായി രൺതംഭോർ നാഷണൽ പാർക്ക്, അടുത്തുള്ള മനോഹര ഗ്രാമങ്ങൾ, ചരിത്ര സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് സഫാരിയും ഒരുക്കിയിട്ടുണ്ട്. അര മണിക്കൂര്‍ അകലെയുള്ള സവായ് മധോപൂര്‍ ആണ് റിസോര്‍ട്ടിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

English Summary: Allu Arjun Enjoys Holiday in Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com