മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യാനായര്‍. അല്‍പകാലം സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ മിനിസ്ക്രീനിലും വെള്ളിത്തിരയിലുമെല്ലാം സജീവമാണ് നവ്യ. മാത്രമല്ല, സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ ജീവിതത്തിലെ മനോഹരമുഹൂര്‍ത്തങ്ങളുടെ ദൃശ്യങ്ങളും നവ്യ പോസ്റ്റ് ചെയ്യാറുണ്ട്. രാജസ്ഥാനില്‍ നിന്നാണ് നവ്യയുടെ ഏറ്റവും പുതിയ പോസ്റ്റ്. പിങ്ക് ഡ്രെസ്സില്‍ അതിമനോഹരിയായി നവ്യയെ ഈ വിഡിയോയില്‍ കാണാം.
വിഡിയോയില്‍ നവ്യ അതിസുന്ദരിയായിരിക്കുന്നു എന്നാണ് ഈ വിഡിയോയുടെ താഴെയുള്ള ആരാധകരുടെ കമന്‍റ്. രാജസ്ഥാനിലെ പ്രശസ്തമായ സൂര്യഗഡ് പാലസ് ആണ് ഈ വിഡിയോയില്‍ കാണുന്നത്. ഈയിടെ ബോളിവുഡ് അഭിനേതാക്കളായ കിയാര അദ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും വിവാഹം നടന്ന വേദിയാണ് സൂര്യഗഡ് പാലസ്. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍, താർ മരുഭൂമിയുടെ മധ്യഭാഗത്തായാണ് ഈ ആഡംബരഹോട്ടല്‍ സ്ഥിതിചെയ്യുന്നത്.
ഒരു കുന്നിന്‍ മുകളില്‍ നിര്‍മിച്ച ഈ കെട്ടിടം മണല്‍ക്കല്ലില്‍ കൊത്തിയെടുത്ത ഒരു കവിത പോലെ മനോഹരമാണ്. പടിഞ്ഞാറ് താർ മരുഭൂമിയുടെയും കിഴക്ക് പുരാതന നഗരമായ ജയ്‌സാൽമീറിന്‍റെയും സുന്ദരമായ കാഴ്ചകള്‍ ഇവിടെ നിന്നും നോക്കിയാല്‍ കാണാം. 83 ആഡംബര അതിഥി മുറികളും ആധുനിക സൗകര്യങ്ങളുള്ള സ്യൂട്ടുകളും ഇവിടെയുണ്ട്. മുറികള്‍ക്കുള്ളിലെ ആഡംബര ഫർണിച്ചറുകളും പുറത്തുള്ള രജപുത്ര ഉദ്യാനങ്ങളും മുറ്റങ്ങളുമെല്ലാം രാജകീയ ചാരുതയാര്‍ന്നതാണ്. പുതുതായി നിര്‍മ്മിച്ച കെട്ടിടമാണെങ്കിലും രജപുത്രരാജാക്കന്മാരുടെ പ്രൗഢഗംഭീരമായ കാലഘട്ടത്തിന്‍റെ മിന്നലൊളി ഇവിടുത്തെ ഓരോ കല്ലിലും പ്രതിഫലിക്കുന്നത് കാണാം.
ഇവിടുത്തെ ഏറ്റവും വിലകുറഞ്ഞ മുറികൾ ഫോർട്ട് റൂമുകളാണ്, പ്രവൃത്തിദിവസങ്ങളിൽ ഇവയ്ക്ക് ഒരു ദിവസത്തേക്ക് 23,000 രൂപ മുതല്‍ മുകളിലേക്കാണ് നിരക്ക് വരുന്നത്. ഏറ്റവും ചെലവേറിയ മുറി ജയ്‌സാൽമർ ഹവേലിയാണ്, ഇതിന് ഒരു രാത്രിക്ക് ശരാശരി 76,000 രൂപ വരും. ബട്ട്ലർ സേവനവും സ്വകാര്യ ഇൻഫിനിറ്റി പൂളും പോലുള്ള പ്രത്യേക സേവനങ്ങള്‍ ജയ്‌സാൽമർ ഹവേലിയിലുണ്ട്.
ജയ്‌സാൽമീറിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷൻ വെഡ്ഡിങ് റിസോർട്ടാണ് സൂര്യഗഡ് പാലസ്. പൂന്തോട്ടങ്ങളും മുറ്റങ്ങളും ഉൾപ്പെടെ ആറ് വിവാഹ വേദികള്‍ ഇവിടെയുണ്ട്.
Emglish Summary: Navya Nair shares Travel Video from Jaisalmer