ADVERTISEMENT

കേരളം വേനലില്‍ ഉരുകുമ്പോള്‍ മഞ്ഞുവീഴ്ച കാരണം വലഞ്ഞ് സിക്കിം. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം മഞ്ഞ് എന്നത് തീര്‍ച്ചയായും ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്നാണ്, പ്രത്യേകിച്ചും ചൂടില്‍ ഉരുകുന്ന ഈ വേനലില്‍ മഞ്ഞ് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഉള്ളില്‍ കുളിരുപടരും. എന്നാല്‍, വൈവിധ്യങ്ങളുടെ മായാലോകമായ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അങ്ങനെയല്ല. മഞ്ഞുകാരണം സഞ്ചാരികള്‍ മരണത്തെ മുഖാമുഖം കണ്ട കാഴ്ചയ്ക്കാണ് കഴിഞ്ഞയാഴ്ച രാജ്യം സാക്ഷ്യംവഹിച്ചത്.  

കനത്ത മഞ്ഞുവീഴ്ചയില്‍ വലയുകയാണ് വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സിക്കിമിന്‍റെ കിഴക്കൻ, വടക്കൻ ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നിരവധി സന്ദർശകർ കുടുങ്ങിപ്പോയി. ഇതേത്തുടര്‍ന്ന്, വിനോദസഞ്ചാരികളുടെ ബുക്കിംഗ് റദ്ദാക്കിയത് സിക്കിമിലെ ടൂറിസം മേഖലയെ ബാധിച്ചു.

 

മഞ്ഞുകാരണം, ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളായ സോംഗോ തടാകം, നാഥുല ചുരം, കിഴക്കൻ സിക്കിമിലെ ബാബ മന്ദിർ, ഗുരുഡോങ്‌മാർ തടാകം, വടക്ക് യംതാങ് താഴ്‌വര എന്നിവിടങ്ങള്‍ സംസ്ഥാന തലസ്ഥാനത്ത് നിന്നും വിച്ഛേദിക്കപ്പെട്ടു. ഗാംഗ്‌ടോക്കിനെ സോംഗോ തടാകവുമായും നാഥുലയുമായും ബന്ധിപ്പിക്കുന്ന ജെഎൻ റോഡിൽ ഏകദേശം 900 വിനോദസഞ്ചാരികള്‍ കുടുങ്ങി. രാത്രി സൈനിക ക്യാമ്പിൽ അഭയം പ്രാപിച്ച ഇവരെ പിറ്റേന്ന് രാവിലെ രക്ഷപ്പെടുത്തി.

 

അതുപോലെ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ(BRO) ശനിയാഴ്ച വടക്ക്, കിഴക്കൻ സിക്കിമിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 175 ഓളം വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ഗാംഗ്‌ടോക്കിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവന്നിരുന്നു. സാധാരണയായി വർഷത്തിലെ ഈ സമയത്ത് മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ അത് പ്രതീക്ഷിച്ചതിലും കനത്തതായിരുന്നു.

 

കാലാവസ്ഥാ മോശമായതിനെത്തുടര്‍ന്ന്, സോംഗോ തടാകവും നാഥുല ചുരവും സന്ദർശിക്കുന്നതിന് വിനോദസഞ്ചാരികൾക്ക് പാസ് നൽകുന്നത് കുറച്ച് ദിവസത്തേക്ക് നിർത്തിവച്ചിരുന്നുവെങ്കിലും ഇപ്പോൾ ഇത് പുനരാരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളും കുടുങ്ങിയതിനാല്‍ മൂന്ന് ദിവസത്തേക്ക് പാസുകൾ നൽകുന്നത് നിർത്തിവച്ചിരുന്നു. പിന്നീട് റോഡുകൾ തുറന്നതോടെ പാസ് വിതരണം പുനരാരംഭിച്ചു. 

 

ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, മഞ്ഞുവീഴ്ച കാരണം എല്ലായ്‌പ്പോഴും റോഡുകൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ഇപ്പോൾ ഉയർന്ന പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ടൂറിസം അധികൃതര്‍ നിര്‍ദേശിച്ചു. സഞ്ചാരികൾ കുടുങ്ങിപ്പോയതായി ഇതുവരെ പുതിയ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. വിനോദസഞ്ചാരികൾ വീണ്ടും കുടുങ്ങിയാൽ സൈന്യം സജ്ജമാണെന്നും അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

English Summary: tourism in Sikkim negatively impacted by severe snowfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com