ADVERTISEMENT

2018 ൽ പുറത്തിറങ്ങിയ ‘96’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍, നടി ത്രിഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ടാണ് ഗൗരി ജി കിഷൻ എന്ന നടി സിനിമാലോകത്തേക്കെത്തുന്നത്. അതിനുശേഷം ‘മാർഗംകളി’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്കും ഈ അടൂര്‍ക്കാരി കാലെടുത്തുവച്ചു. പിന്നീട്, സണ്ണി വെയ്നിന്‍റെ നായികയായി എത്തിയ ‘അനുഗൃഹീതന്‍ ആന്‍റണി’ എന്ന ചിത്രത്തില്‍ ഗൗരി അവതരിപ്പിച്ച ജെസ്സി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. മലയാളം കൂടാതെ, തമിഴ് തെലുങ്ക്‌ ഭാഷകളിലും ഗൗരി അഭിനയിക്കുന്നുണ്ട്. 

അഭിനയത്തിരക്കിനിടെ ഗോവയില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവച്ചിട്ടുണ്ട്. ഗോവയിലെ പ്രശസ്തമായ അഞ്ജുന ബീച്ചില്‍ നിന്നും കൂട്ടുകാര്‍ക്കൊപ്പം എടുത്ത ഒട്ടേറെ ചിത്രങ്ങള്‍ ഗൗരി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ഡിസംബറിൽ ലക്ഷദ്വീപിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളും വിഡിയോയും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. കടലിനടിയിലെ മനോഹര കാഴ്ചകൾ ആസ്വദിച്ചുള്ള സ്നോർക്കെല്ലിങ് എക്കാലത്തെയും മികച്ച അനുഭവങ്ങളിൽ ഒന്നായിരുന്നുവെന്നും പവിഴപ്പുറ്റുകളും മത്സ്യങ്ങളുടെ കാഴ്ചയുമൊക്കെ മറക്കാനാലില്ലെന്നും പങ്കുവച്ച ചിത്രത്തിനൊപ്പം ഗൗരി കുറിച്ചിരുന്നു‌.

അഞ്ജുന ബീച്ച്

വടക്കൻ ഗോവയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് അഞ്ജുന. നൈറ്റ്ക്ലബ്ബുകൾ, ബീച്ച് ഷാക്കുകൾ, വാട്ടർ സ്പോർട്സ്, ഫുൾ മൂൺ പാർട്ടികൾ, ഫ്ലീ മാർക്കറ്റുകൾ തുടങ്ങി ഒട്ടേറെ ആകര്‍ഷണങ്ങള്‍ ഈ ഭാഗത്തുണ്ട്. കൂടാതെ, ജെറ്റ് സ്കീയിംഗ്, ബനാന ബോട്ട് സവാരി, പാരാസെയിലിംഗ്, ബമ്പിംഗ് റൈഡ്, വാട്ടർ സ്കൂട്ടർ, പാരാഗ്ലൈഡിങ്, സ്പീഡ് ബോട്ട് സവാരി, ക്രൂസിങ്, ഫ്ലൈബോർഡിങ് എന്നിങ്ങനെയുള്ള ജലസാഹസിക വിനോദങ്ങളും ഇവിടെ സജീവമാണ്, സ്കൂബ ഡൈവിങ്ങിനും സ്നോർക്കെല്ലിങ്ങിനും വളരെയധികം പ്രശസ്തമാണ് ഇവിടം. 

എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും നടക്കുന്ന അഞ്ജുന ബീച്ച് ഫ്ലീ മാർക്കറ്റ് വളരെ പ്രശസ്തമാണ്. രാവിലെ ഒന്‍പതുമണിയോടെ ആരംഭിച്ച്, സൂര്യാസ്തമയത്തോടെ അവസാനിക്കുന്ന ഈ ചന്തയില്‍, കൗതുകകരമായ കരകൗശല വസ്തുക്കളും ബോഹോ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ലഭിക്കും. സാധാരണയായി ഒക്ടോബറിൽ ആരംഭിച്ച് മെയ് വരെയാണ് ഈ ചന്ത നടക്കുന്നത്.

കർലീസ് ബീച്ച് ഷാക്ക്, നൈക്സ് ബീച്ച് ക്ലബ്, കഫേ ലില്ലിപുട്ട്, ശിവ വാലി, കഫേ കോട്ടിംഗ, ഗുരു ബാർ, ക്ലബ് സീറോ ഗ്രാവിറ്റി മുതലായ സ്ഥലങ്ങള്‍ അഞ്ജുനയുടെ നൈറ്റ് ലൈഫ് ആസ്വദിക്കാന്‍ ഏറ്റവും മികച്ചതാണ്. ഗോവന്‍ തലസ്ഥാനമായ പനാജിയിൽ നിന്ന് ഏകദേശം 21 കിലോമീറ്ററും മപുസയിൽ നിന്ന് 11 കിലോമീറ്ററും അകലെയാണ് അഞ്ജുന ബീച്ച്. സഞ്ചാരികള്‍ക്ക് വാടകയ്‌ക്കെടുക്കാവുന്ന കാറുകളോ സൈക്കിളുകളോ ഉപയോഗിച്ച് ഇവിടുത്തെ ബീച്ചുകളിലൂടെ കറങ്ങാം. 

മികച്ച ക്ലബ്ബുകളും ബീച്ചുകളും ഭക്ഷണം കഴിക്കുന്നതിനുള്ള സ്ഥലങ്ങളുമെല്ലാമുള്ള ഭാഗമാണ് നോര്‍ത്ത് ഗോവ. അഞ്ജുന ബീച്ച് കൂടാതെ, ലിറ്റിൽ വാഗേറ്റർ ബീച്ച്, ബോളിവുഡ് ചിത്രമായ 'ദിൽ ചാഹ്താ ഹേ' ഷൂട്ട് ചെയ്ത ചപ്പോര കോട്ട, കൊഹിബ മുതലായ സ്ഥലങ്ങളും ഇവിടെ സന്ദര്‍ശിക്കേണ്ട മറ്റു കാഴ്ചകളാണ്. വളരെ തിരക്കേറിയ ഭാഗമായതിനാല്‍ സൂര്യാസ്തമയത്തിന് ശേഷം അത്ര സുരക്ഷിതമല്ല നോര്‍ത്ത് ഗോവ.

English Summary: Gouri G. Kishan enjoys Holiday in Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com