യേർക്കാടിന്റെ സൗന്ദര്യത്തിൽ സൂര്യാസ്തമയം ആസ്വദിച്ച് നദിയ മൊയ്തു

Nadiya-Moidu
Image Source: Nadiya Moidu/Instagram
SHARE

മലയാളികള്‍ക്ക് കാലമെത്ര കഴിഞ്ഞാലും മറക്കാനാവാത്ത നടിയാണ് നദിയ മൊയ്തു. അനശ്വരമായ ഒട്ടേറെ കഥാപാത്രങ്ങളും അതുല്യമായ അഭിനയശൈലിയും കൊണ്ട്, ചുരുങ്ങിയ കാലയളവില്‍ത്തന്നെ പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും പിടിച്ചുപറ്റാന്‍ നദിയയ്ക്ക് കഴിഞ്ഞു. ബിഗ്‌ സ്ക്രീനില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും, ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നദിയ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.  അഭിനയം മാത്രമല്ല യാത്രകളോടും പ്രിയമാണ്.

തിരക്കുകളിൽനിന്നു വീണുകിട്ടുന്ന അവസരം യാത്രയ്ക്കായി മാറ്റി വയ്ക്കുക പതിവാണെന്നിം ഷൂട്ടിങ്ങിന്റെ ഭാഗമായി ഒരുപാട് ഇടങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും അവിടുത്തെ കാഴ്ചകള്‍ക്കായി സമയം കണ്ടെത്താറില്ല. ഷൂട്ട് കഴിഞ്ഞാൽ നേരെ വീട് അതായിരുന്നു ലക്ഷ്യവും ആഗ്രഹവും. ഭർത്താവിനോടും കുട്ടികളോടുമൊപ്പം സമയം ചെലവഴിക്കാനാണ് എപ്പോഴും ഇഷ്ടമെന്നും മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ നദിയ മൊയ്തു പറഞ്ഞിട്ടുണ്ട്.

യാത്രകളുടെ ലിസ്റ്റ് എടുത്താൽ, കണ്ടയിടങ്ങൾ എണ്ണിയാൽ തീരില്ല. ഒരുപാടു സ്ഥലങ്ങളിലേക്കു യാത്രപോയിട്ടുണ്ട്. വർഷത്തിൽ ഒരു ട്രിപ്പ് നിർബന്ധമാണ്. ജോലിയുടെ ടെൻഷനും കുട്ടികളുടെ തിരക്കുകളും ഒക്കെ മാറ്റി വച്ചിട്ടുള്ള യാത്ര നൽകുന്ന പുത്തനുണർവും ഉന്മേഷവുമൊക്കെയാണ് ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്നതെന്നും നദിയ.

തമിഴ്നാട്ടിലെ ഹില്‍സ്റ്റേഷനായ യേർക്കാടില്‍ നിന്നെടുത്ത ചിത്രങ്ങളാണ് നദിയ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്. മനോഹരമായ അസ്തമയക്കാഴ്ച കണ്ടുകൊണ്ട് ഇരിക്കുന്ന നടിയെ ചിത്രങ്ങളില്‍ കാണാം. പിന്നില്‍ പശ്ചിമഘട്ടമലനിരകളുടെ സുന്ദരദൃശ്യങ്ങളും കാണാം.

സേലം ജില്ലയിലെ ഒരു പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രമാണ്‌ യേർക്കാട്. പൂർവഘട്ടത്തിലെ സെർവ്വരായൻ(ഷെവ്റോയ് ഹിൽസ്) മലനിരകളിലുള്ള ഈ സ്ഥലം വീക്കെന്‍ഡ് യാത്രകള്‍ക്ക് വളരെ ജനപ്രിയമാണ്. മൂടല്‍മഞ്ഞും ഇളംകാറ്റും ഇടയ്ക്കിടെ വിരുന്നെത്തുന്ന നേരിയ ചാറ്റല്‍മഴയും ചുറ്റും പരന്നുകിടക്കുന്ന പച്ചപ്പുമെല്ലാം യേര്‍ക്കാടിനെ കൂടുതല്‍ ഹൃദ്യമാക്കുന്നു. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിലാണ്‌ യേർക്കാടിന്‍റെ സ്ഥാനം. ‘യേർക്കാട് തടാകം’ എന്നും അറിയപ്പെടുന്ന എമറാൾഡ് തടാകത്തിന് ചുറ്റുമായാണ് ഈ ഹില്‍സ്റ്റേഷന്‍ പരന്നുകിടക്കുന്നത്. കാപ്പിത്തോട്ടങ്ങളും ഓറഞ്ച് മരങ്ങള്‍ നിറഞ്ഞ പറമ്പുകളും എവിടെ നോക്കിയാലും കാണാം. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു ഓർക്കിഡ് തോട്ടവും ഇവിടെ ഉണ്ട്. 

സെർവ്വരായൻ ക്ഷേത്രമാണ്‌ യേർക്കാടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. യേർക്കാട് പട്ടണത്തിന്‍റെയും നാഗലൂരിന്‍റെയും മനോഹരമായ ദൃശ്യങ്ങള്‍ ഇവിടെനിന്നും ആസ്വദിക്കാം. 

യേർക്കാട് മലനിരകളുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പഗോഡ പോയിന്‍റ് ആണ് മറ്റൊരു ആകര്‍ഷണം, സേലം പട്ടണത്തിന്‍റെയും അയൽ ഗ്രാമമായ കക്കമ്പാടിയുടെയും വിശാലദൃശ്യങ്ങള്‍ ഇവിടെനിന്നും കാണാം. യേർക്കാടിന്റെ 21 ഹെയർപിൻ വളവുകളും ഈ സ്ഥലത്ത് നിന്ന് കാണാൻ കഴിയും. ശ്രീരാമന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ഇവിടെയുണ്ട്. ഈ വ്യൂ പോയിന്റിലെ സൂര്യോദയവും സൂര്യാസ്തമയവും വളരെ മനോഹരമാണ്.

ഷെവറോയ് കുന്നുകളുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി ഇരിപ്പിടത്തിന്‍റെ രൂപത്തിലുള്ള ഒരു പാറയുണ്ട്. ലേഡീസ് സീറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. പണ്ടുകാലത്ത് ഒരു വെള്ളക്കാരി കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് ഇവിടെ സ്ഥിരം വന്നിരിക്കാറുണ്ടായിരുന്നത്രേ. അങ്ങനെയാണ് പാറയ്ക്ക് ആ പേര് വന്നത്.

ഇവ കൂടാതെ 300 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന കിളിയൂർ വെള്ളച്ചാട്ടം, നോർട്ടൺ ബംഗ്ലാവിനടുത്തുള്ള ഒരു സ്വകാര്യ കോഫി എസ്റ്റേറ്റില്‍ സ്ഥിതിചെയ്യുന്ന ബെയേഴ്സ് കേവ്, ഉൽക്കാശിലകളുടെ അവശിഷ്ടങ്ങൾ എന്ന് പറയപ്പെടുന്ന എലിഫന്റ് ടൂത്ത് റോക്കുകൾ കാണുന്ന ടിപ്പററി വ്യൂപോയിന്‍റ്, കോട്ടച്ചേട് തേക്കിന്‍കാട് തുടങ്ങിയവയെല്ലാം ഇവിടെയുള്ള ആകര്‍ഷണങ്ങളാണ്.

വർഷം മുഴുവനും അതിമനോഹരമായ കാഴ്ചകളും ശാന്തമായ അന്തരീക്ഷവുമുള്ള സ്ഥലമാണ് യേര്‍ക്കാട്. ഒക്‌ടോബർ മുതൽ ജൂൺ വരെയുള്ള സമയമാണ്‌ ഇവിടുത്തെ ടൂറിസ്റ്റ് സീസണ്‍. മെയ് മാസത്തിൽ, ഫ്ലവർ ഷോകൾ, ഡോഗ് ഷോകൾ, ബോട്ടിങ് റേസ്, ഗ്രാമ മേളകൾ എന്നിവ ഉൾപ്പെടുന്ന ഏഴ് ദിവസത്തെ വേനൽക്കാല ഉത്സവവും ഉണ്ടാകാറുണ്ട്.

English Summary: Nadiya Moidu Enjoys Holiday in Yercaud

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS