മഹാരാഷ്ട്രയുടെ ഉള്‍നാടന്‍ മനോഹാരിത ചിത്രങ്ങളില്‍ പകര്‍ത്തി, നടിയും അത്‍ലറ്റുമായ പ്രാചി ടെഹ്ലാന്‍. ആകാശത്തിനു ചുവട്ടില്‍ പച്ചപ്പിനിടയിലൂടെ ശാന്തമായി ഒഴുകുന്ന അരുവികളും മൂടല്‍മഞ്ഞു തഴുകുന്ന മലനിരകളുമെല്ലാം ഈ ചിത്രങ്ങളില്‍ കാണാം. ഒരു പെയിന്‍റിങ് പോലെ മനോഹരമായ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് പൂനെയ്ക്കടുത്തുള്ള മുല്‍ഷി എന്ന മനോഹരഗ്രാമത്തില്‍ നിന്നാണ്.
“ഞാന്‍ മിസ്സ് ചെയ്യാന്‍ പോകുന്ന ഒരു കാഴ്ചയായിരിക്കും ഇത്. എനിക്ക് പുതുജീവന്‍ നല്‍കിയ ദൃശ്യം. എന്നുമെന്നും ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്ന ഒരിടം” പ്രാചി ഈ ചിത്രത്തിനൊപ്പം കുറിച്ചു.
മഹാരാഷ്ട്രയിലെ മണ്‍സൂണ്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മുല്‍ഷി. പുണെയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് മുൽഷി ഈ മനോഹരഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒരു ഇക്കോടൂറിസം ഹോട്ട്‌സ്‌പോട്ടാണ് ഈ സ്ഥലം, ശാന്തമനോഹരമായ പ്രകൃതിയുടെ കാഴ്ചകള്‍ കണ്ടാസ്വദിക്കാനായി പുണെ, മുംബൈ തുടങ്ങിയ സമീപ നഗരങ്ങളിൽ നിന്ന് ഒട്ടേറെ ആളുകള്‍ ഇവിടേക്ക് എത്തുന്നു. ഗംഭീരമായ സഹ്യാദ്രി പർവതനിരകളുടെ മനോഹരമായ കാഴ്ചകളും പച്ചപ്പു നിറഞ്ഞ താഴ്‍വാരങ്ങളും പാറക്കെട്ടുകളും ഇടതൂർന്ന വനങ്ങളും കോട്ടകളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമെല്ലാം മുല്‍ഷിയെ സ്വര്‍ഗീയ സുന്ദരമാക്കുന്നു.
വളഞ്ഞു പുളഞ്ഞൊഴുകുന്ന അരുവികളും കാൽനട പാതകളുമുള്ള അന്ധർബൻ ട്രയൽ പോയിന്‍റ് ആണ് മുല്‍ഷിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. വെള്ളച്ചാട്ടങ്ങളും തടാകങ്ങളും വനങ്ങളും നിറഞ്ഞ തംഹിനി ഘട്ട് ഒട്ടേറെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ഇടമാണ്. വിസ്മയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യമുള്ള തേംഘർ അണക്കെട്ടും ചരിത്രമുറങ്ങുന്ന കൈലാസ്ഗഡ് കോട്ടയും ഇവിടുത്തെ മറ്റു ചില പ്രധാന സ്ഥലങ്ങളാണ്. മുല്‍ഷി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്താണ് മുല്‍ഷി തടാകം രൂപപ്പെടുന്നത്. സഹ്യാദ്രി പർവതനിരകൾ, കൊറൈഗഡ്, ദംഗഡ് കോട്ട എന്നിവ അതിരിടുന്ന തടാകം പ്രകൃതിസ്നേഹികളുടെ പറുദീസയാണ്. ഇതു കൂടാതെ, ശനിവാർ വാഡ, ആഗാ ഖാൻ കൊട്ടാരം, സ്നേക്ക് പാര്‍ക്ക്, സിംഹഗഡ് കോട്ട തുടങ്ങി വേറെയും നിരവധി ആകര്‍ഷണങ്ങള്‍ പൂനെയ്ക്കടുത്തുണ്ട്.
English Summary: Prachika Tehlan enjoys Holiday in Maharashtra