ചൂടിൽ നിന്ന് രക്ഷപ്പെടാനായി തണുപ്പുള്ളയിടത്തേയ്ക്ക് യാത്രതിരിച്ചാലോ എന്നു ചിന്തിക്കുന്നവരാണ് പലരും. ഇന്ത്യക്കകത്തുണ്ട് ശാന്തസുന്ദരമായി പോകാൻ പറ്റിയയിടങ്ങൾ. സുഹൃത്തുക്കൾ ഒരുമിച്ചോ കുടുംബവുമായോ പോകാവുന്ന സ്ഥലങ്ങളെ അറിയാം.
കുദ്രേമുഖ് കര്‍ണാടക
അയല്‍സംസഥാനമായ കര്‍ണാടകയില്‍ നിന്ന് തന്നെ തുടങ്ങാം. കുദ്രേമുഖ് എന്നൊരു സ്വര്‍ഗമുണ്ടവിടെ. അധികം വിനോദസഞ്ചാരികള്‍ ഇതുവരെ 'കണ്ടെത്താത്ത', കുദ്രേമുഖ് ഒരു ട്രക്കിങ് സ്‌പോട്ടാണ്. പച്ചപ്പ് നിറഞ്ഞ വനങ്ങളുടെ ഈ അദ്ഭുതലോകത്തേയ്ക്ക് പോകാം. ചിക്കമഗളൂരു ടൗണില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പ്രകൃതി ആരാധകരുടെയും വന്യജീവി പ്രേമികളുടെയും പറുദീസയാണ്.

ഇവിടുത്തെ കാലാവസ്ഥ മിക്കവാറും. 25 ഡിഗ്രി മുതല്‍ 19 ഡിഗ്രിവരെയാണ്. അതായത് വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും കുദ്രേമുഖ് നാഷനല്‍ പാര്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്. ഒക്‌ടോബര്‍ മുതല്‍ മെയ് വരെയുള്ള സമയമാണ് പക്ഷേ അവിടെ പോകാന്‍ ഏറ്റവും അനുയോജ്യമായ സമയം. കദമ്പി, ഹനുമാന്‍ഗുണ്ടി എന്നീ വെള്ളചാട്ടങ്ങളാണ് ഈ നാണല്‍ പാര്‍ക്കിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളിലൊന്ന്.വന്യജീവികള്‍ക്കും വെള്ളച്ചാട്ടങ്ങള്‍ക്കും പുറമെ, വടക്കും കിഴക്കും അതിര്‍ത്തികളില്‍ സമ്പന്നമായ കാപ്പി, തേയിലത്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട ദേശീയോദ്യാനം കൂടിയാണിത്.
ചിക്കമഗളൂരു, കര്‍ണാടക
കുദ്രേമുഖിൽ നിന്നും വെറും 95 കിലോമീറ്റര്‍ ദൂരമേയുള്ളു ചിക്കമഗളുരൂവിലേക്ക്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളില്‍ പലരും ചിക്കമഗളൂരു തിരഞ്ഞെടുക്കാറുണ്ട്. കര്‍ണാടകയുടെ കോഫി ലാന്‍ഡ് എന്നറിയപ്പെടുന്ന ചിക്കമഗളൂരു അതിന്റെ കാലാവസ്ഥ കൊണ്ടുതന്നെയാണ് പ്രശസ്തമായിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കാപ്പി ഉത്പാദകരെന്ന നിലയില്‍ പേരുകേട്ട ചിക്കമഗളൂരു വളരെ പ്രശസ്തമായ ഒരു ട്രെക്കിങ് സ്‌പോട്ടുകൂടിയാണ്. മുള്ളയന്‍ഗിരി ട്രെക്ക്, കെമ്മനഗുണ്ടി ട്രെക്ക്, ബാബ ബുദാന്‍ഗിരി ട്രെക്ക് എന്നിങ്ങനെ നിരവധി ട്രെക്കിങ് പാതകളുണ്ടിവിടെ. കര്‍ണാടകയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് മുള്ളയന്‍ഗിരി, പര്‍വതങ്ങള്‍ക്ക് പിന്നില്‍ നിന്ന് ഉദിച്ചുയരുന്ന സൂര്യനെ കാണാന്‍ ഇതിലും മികച്ചൊരിടം വേറെയുണ്ടാവില്ല.
അല്‍മോറ, ഉത്തരാഖണ്ഡ്
ഒരിക്കല്‍ ചന്ദ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും അതുല്യമായ കരകൗശവിദ്യകള്‍ക്കും രുചികരമായ പാചകത്തിനും പേരുകേട്ട ഹിമാലയന്‍ ഗ്രാമമാണ് അല്‍മോറ. ഉത്തരാഖണ്ഡിലെ കുമയോണ്‍ മേഖലയുടെ സാംസ്‌കാരിക കേന്ദ്രമായി കണക്കാക്കപ്പെടുന്ന അല്‍മോറ, തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 316 കിലോമീറ്റര്‍ അകലെയുള്ള ഒരു പ്രശസ്തമായ ഹില്‍സ്റ്റേഷനാണ്.നന്ദാദേവി, ജഗേശ്വര് തുടങ്ങിയ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ അല്‍മോറയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്,

മൊര്‍ണൗള, മുക്തേശ്വര്‍, ബിന്‍സാര്‍, റാണിഖേത് തുടങ്ങി നിരവധി ട്രെക്കുകളുടെ ആരംഭ പോയിന്റ് കൂടിയാണ് അല്‍മോറ. ഡല്‍ഹിയില്‍ നിന്ന് ഉത്തരേന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാനാകും. ഹിമാലയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പല റൂട്ടുകളും അല്‍മോറയില്‍ നിന്നാണ് ആരംഭിക്കുന്നത്. മൗണ്ടന്‍ ബൈക്കിങ്ങിനും അല്‍മോറ പ്രശസ്തമാണ്. അല്‍മോറയിലെത്താന്‍ എളുപ്പമായതിനാലും താരതമ്യേന താഴ്ന്ന ഉയരത്തിലുള്ളതിനാലും ഇവിടെ ബൈക്ക് ഓടിക്കാന്‍ അധികം പരിശീലനം ആവശ്യമില്ല. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള സമയം നല്ല തണുപ്പുള്ള കാലാവസ്ഥയിലായിരിക്കും അവിടെ.
ഒാലി, ഉത്തരാഖണ്ഡ്
സ്‌കീയിങ് ഡെസ്റ്റിനേഷന്‍ ഓഫ് ഇന്ത്യ, ഓലി അറിയപ്പെടുന്നത് തന്നെ ഇങ്ങനെയാണ്.ഉത്തരാഖണ്ഡിലെ മറ്റൊരു പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണിത്. ആപ്പിള്‍ തോട്ടങ്ങളും പഴയ ഓക്ക് മരങ്ങളും പൈന്‍ മരങ്ങളും നിറഞ്ഞ ഒാലിയില്‍ പ്രകൃതി സൗന്ദര്യത്തിന് ഒരു കുറവുമില്ല. സ്‌കീയിങ്ങിപുറമെ ഇവിടെ നിങ്ങള്‍ക്ക് ഗര്‍വാള്‍ ഹിമാലയത്തിലെ കുന്നുകളില്‍ നിരവധി ട്രെക്കുകള്‍ നടത്താനും മഞ്ഞുമൂടിയ മലനിരകളുടെ കാഴ്ചകള്‍ ആസ്വദിക്കാനും കഴിയും.

സമുദ്രനിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം നന്ദാദേവി, മന പര്‍വതം, കാമത്ത് തുടങ്ങിയ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മെയ് മാസമാണ് ഓലിയില്‍ അവധിക്കാലം ചെലവഴിയ്ക്കാന്‍ ഏറ്റവും നല്ല സമയം.
English Summary: Coldest Places To Visit in India