ഇത് അടിപൊളി വിമാന യാത്രാപാക്കേജ്; മലയാളികള്‍ക്കായി കശ്മീര്‍ യാത്രയൊരുക്കി ഐആര്‍സിടിസി!

kashmir2
khlongwangchao/shutterstock
SHARE

ഭൂമിയിലെ സ്വര്‍ഗമായ കശ്മീര്‍, കാലങ്ങളായി സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്‌. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് സുഖമായി പോയി വരാന്‍ അടിപൊളി വിമാന യാത്രാപാക്കേജ് ഒരുക്കിയിരിക്കുകയാണ് ഐആര്‍സിടിസി. അഞ്ചു ദിനങ്ങളും ആറു രാത്രികളും നീളുന്ന യാത്ര ജൂണ്‍ 17, ജൂലൈ 1 തീയതികളില്‍ തിരുവനന്തപുരത്തു നിന്നും ആരംഭിക്കും. ഒരാള്‍ക്ക് 47350 രൂപ നിരക്കിലാണ് പാക്കേജ് ആരംഭിക്കുന്നത്.

ഇൻഡിഗോ എയർലൈൻസിന്‍റെ ഇക്കണോമി ക്ലാസിലുള്ള വിമാന ടിക്കറ്റുകളും ഹോട്ടല്‍ താമസവും ഡ്രൈവർ അലവൻസ്, ടോൾ, പാർക്കിങ് എന്നിങ്ങനെയുള്ള ചെലവുകള്‍ എല്ലാം പാക്കേജില്‍ ഉള്‍പ്പെടും. പോണി റൈഡ്, ഗൊണ്ടോള ടിക്കറ്റുകൾ, സ്ലെഡ്ജിംഗ് മുതലായവയ്ക്ക് സ്വന്തമായി കാശ് ചെലവാക്കണം. കൂടാതെ, പഹൽഗാമിലെ അരു ചന്ദൻവാരി, ബേതാബ് താഴ്‌വര യാത്ര, സമ്മർ സീസണിൽ സോൻമാർഗിലെ സീറോ പോയിന്‍റ് ട്രിപ്പ്, പ്രവേശന ചാര്‍ജുകള്‍, ടൂർ ഗൈഡിന്‍റെ സേവനങ്ങൾ മുതലായവയും പാക്കേജില്‍ ഉള്‍പ്പെടുന്നില്ല.

kashmir
sakshijain/shutterstock

ഒന്നാംദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര ആരംഭിച്ച് അന്നേ ദിവസം ശ്രീനഗറില്‍ എത്തും. ഹോട്ടലില്‍ അല്‍പ്പനേരത്തെ വിശ്രമത്തിനു ശേഷം, ദാൽ തടാകത്തിൽ ശിക്കാര സവാരിക്ക് കൊണ്ടുപോകും. രണ്ടാം ദിവസം സമുദ്രനിരപ്പിൽ നിന്ന് 2800 മീറ്റർ ഉയരത്തിലുള്ള സോൻമാർഗിലെ കാഴ്ചകള്‍ കാണാം.  വൈകുന്നേരം തിരികെ ശ്രീനഗറിലേക്ക് വന്ന ശേഷം, ഹോട്ടലില്‍ അത്താഴവും വിശ്രമവും.

മൂന്നാം ദിവസം, ഗുൽമാർഗും ഖിലൻമാർഗും സന്ദർശിക്കാം. പ്രശസ്തമായ സ്കീയിംഗ് കേന്ദ്രമായ ഗുല്‍മാര്‍ഗ്, ലോകത്തിലെ ഏറ്റവും ഉയർന്ന കേബിൾ കാറുകളിലൊന്നായ ഗുൽമാർഗ് ഗൊണ്ടോളയ്ക്കും പ്രശസ്തമാണ്. രാത്രി തിരിച്ച്, ശ്രീനഗറിലെ ഹോട്ടലിൽ അത്താഴവും വിശ്രമവും. 

നാലാം ദിവസം പ്രഭാതഭക്ഷണത്തിനുശേഷം, പഹൽഗാമിലേക്കുള്ള യാത്രയാണ്. സമുദ്രനിരപ്പിൽ നിന്ന് 2440 മീറ്റർ ഉയരത്തിലുള്ള പഹൽഗാമിലെ കുങ്കുമപ്പാടങ്ങളും അവന്തിപൂർ അവശിഷ്ടങ്ങളും ബേതാബ് വാലി, ചന്ദൻവാരി, അരു വാലി തുടങ്ങിയവയും സന്ദർശിക്കാം. രാത്രി പഹൽഗാമിലെ ഹോട്ടലിൽ താമസം.

kashmir1
Pranshu_Goyal/shutterstock

അഞ്ചാമത്തെ ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം വീണ്ടും ശ്രീനഗറിലേക്ക്. ശ്രീനഗറിൽ എത്തുമ്പോൾ ശങ്കരാചാര്യ ക്ഷേത്ര ദർശനത്തിനായി പുറപ്പെടും. തുടർന്ന് ദാൽ തടാകതീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹസ്രത്ബാൽ ദേവാലയം സന്ദർശിക്കും. വൈകുന്നേരം ദാൽ തടാകത്തിന് മുകളിലൂടെ ശിക്കാര സവാരി. ശേഷം, ഹൗസ് ബോട്ടിൽ അത്താഴവും രാത്രി താമസവും ഒരുക്കും. ആറാം ദിവസം രാവിലെ ഹൗസ് ബോട്ടിൽത്തന്നെയാണ് പ്രഭാതഭക്ഷണം. ശേഷം ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് മടക്ക ഫ്ലൈറ്റില്‍ യാത്ര.

കശ്മീര്‍-ഹെവന്‍ ഓണ്‍ എര്‍ത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ പാക്കേജ് ഇപ്പോള്‍ ബുക്ക് ചെയ്യാം. ആകെ 29 പേര്‍ക്കാണ് ഒരേസമയം പോകാനാവുക. സിംഗിൾ ഒക്യുപെൻസി 53,450, ഡബിള്‍ ഒക്യുപെൻസി 48,700, ട്രിപ്പിൾ ഒക്യുപെൻസി 47,350 എന്നിങ്ങനെയാണ് മുതിര്‍ന്നവര്‍ക്കുള്ള നിരക്കുകള്‍.  02 മുതൽ 04 വയസ്സുവരെയുള്ള കുട്ടികൾക്കായി ഐആർസിടിസി ബുക്കിങ് കൗണ്ടറുകളിൽ മാത്രമേ നടത്താനാകൂ. അതിനായി ഐആർസിടിസിയുടെ 0484-2382991 എന്ന എറണാകുളം നമ്പറിൽ ബന്ധപ്പെടുക. 02 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇന്‍ഫന്‍റ് ചാര്‍ജുകള്‍ ബാധകമായിരിക്കും, എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ എയർലൈൻ കൗണ്ടറിൽ നേരിട്ട് അടയ്ക്കാവുന്നതാണ്.

English Summary: IRCTC introduces two new Kashmir tour packages 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS