ADVERTISEMENT

ബോളിവുഡ് സുന്ദരി സാറ അലി ഖാന്‍റെ ആദ്യചിത്രമായിരുന്നു ‘കേദാർനാഥ്’. അതുകൊണ്ടുതന്നെ കേദാർനാഥ് ക്ഷേത്രത്തോട് ഒരു പ്രത്യേക സ്നേഹവും മമതയുമെല്ലാം സാറയ്ക്കുണ്ട്. ഇടയ്ക്കിടെ ഇവിടേയ്ക്കുള്ള സന്ദര്‍ശനവും പതിവാണ്. അടുത്തിടെ കേദാര്‍നാഥിലേക്ക് നടത്തിയ പുതിയ യാത്രയുടെ ചിത്രങ്ങള്‍ സാറ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നു.

 

ഈ യാത്രയെക്കുറിച്ച് വികാരനിര്‍ഭരമായ ഒരു കുറിപ്പും സാറ എഴുതിയിട്ടുണ്ട്. “ആദ്യമായി ഇവിടേക്ക് വന്നപ്പോൾ ഞാൻ ഒരിക്കലും ക്യാമറയെ അഭിമുഖീകരിച്ചിട്ടില്ലായിരുന്നു. ഇന്ന്, അതില്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. എന്നെ ഞാനാക്കിയതിനും ഇന്ന് എനിക്കുള്ളതെല്ലാം തന്നതിനും കേദാർനാഥിന് നന്ദി. ഇവിടേക്ക് വരാൻ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ ഭാഗ്യമുണ്ടായിട്ടുള്ളൂ, നന്ദി പറയാന്‍ മാത്രമായി തിരികെ വരാന്‍ സാധിച്ചതില്‍ എനിക്ക് വളരെയധികം സന്തോാഷമുണ്ട്” സാറ കുറിച്ചു.  കൂടാതെ ചില ദിവസങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും ഏറ്റവും പുതിയതായി പങ്കുവച്ച വിഡിയോയ്ക്കൊപ്പം താരം കുറിച്ചു.ക്ഷേത്രത്തില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും എടുത്ത ഒട്ടേറെ ചിത്രങ്ങള്‍ ഈ പോസ്റ്റില്‍ കാണാം.

 

ഉത്തരഖണ്ഡിലെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം, ഹിന്ദുമത വിശ്വാസികളുടെ ഒരു പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്. സമുദ്രനിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെയായി ശിവലിംഗം ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നു. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ പ്രതിഷ്ഠ, എഡി എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യരാണ് പുനപ്രതിഷ്ടിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും ക്ഷേത്രത്തില്‍ പിന്തുടരുന്നത്.

 

ഒരു സഹസ്രാബ്ദത്തിലധികം പഴക്കമുള്ള പുരാതനമായ ക്ഷേത്രമാണിത്. ഇതിന് വെളിയിലായി നന്ദിയുടെ വിഗ്രഹം കാണാം. ചതുരാകൃതിയിലുള്ള തറയ്ക്ക് മുകളില്‍ കൂറ്റന്‍ ശിലാഫലകങ്ങള്‍  കൊണ്ടാണ് ഈ ക്ഷേത്രം പടുത്തുയര്‍ത്തിയിരിക്കുന്നത്.  പ്രാര്‍ത്ഥന നടത്തുന്ന സ്ഥലം 'ഗര്‍ഭ ഗ്രിഹ' എന്നറിയപ്പെടുന്നു. പൂജകളും ആചാരങ്ങളും നടത്തുന്ന മണ്ഡപവും ഇവിടെയായി കാണാം. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം പാണ്ഡവര്‍ ഇവിടെയെത്തി പ്രായശ്ചിത്തത്തിനായി പ്രാര്‍ഥിച്ചുവെന്നാണ് ഐതിഹ്യം.

 

മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണിമ വരെയുള്ള സമയങ്ങളിലാണ് ഭക്തർക്കായി തുറന്നുകൊടുക്കുന്നത്. ശൈത്യകാലത്ത് പ്രതിഷ്ഠ 'ഉഖീമഠ്' എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെ പൂജ ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com