സഞ്ചാരികള്‍ അധികമങ്ങനെ കടന്നു ചെല്ലാത്ത ഇടങ്ങളിലൊന്നാണ് അരുണാചല്‍ പ്രദേശ്. മനോഹരങ്ങളായ പർവതങ്ങളും തിരക്കില്ലാത്ത റോഡുകളും ശാന്തമായ തടാകങ്ങളും വന്യജീവികളുമെല്ലാം നിറഞ്ഞ അരുണാചൽ പ്രദേശ് അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയ സുന്ദരമായ സ്ഥലമാണ്.
‘ഓർക്കിഡ് സ്റ്റേറ്റ് ഓഫ് ഇന്ത്യ’ എന്നും ‘സസ്യശാസ്ത്രജ്ഞരുടെ പറുദീസ’ എന്നുമൊക്കെ അരുണാചല്‍ അറിയപ്പെടുന്നു. വംശനാശഭീഷണി നേരിടുന്നതടക്കമുള്ള അഞ്ഞൂറിലധികം ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ഞുകാലത്ത് വെള്ളപുതച്ച പര്‍വതങ്ങളുടെ കാഴ്ചകള്‍ അതിഗംഭീരമാണ്. അരുണാചൽപ്രദേശിലെ കാഴ്ചകളിലേക്ക്.
ആത്മീയതയുടെ കേന്ദ്രം
ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രമായ തവാങ് അരുണാചല്‍ പ്രദേശിലാണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ബുദ്ധമത തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഇത്. താന്ത്രിക ബുദ്ധിസമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ആത്മീയ തീര്‍ഥാടനം ഉദ്ദേശിച്ചു വരുന്നവര്‍ക്ക് ഉര്‍ഗ്യെല്ലിങ് ഗോമ്പ, ചില്ലിപം ഗോമ്പ, ഗോള്‍ഡന്‍ പഗോഡ, ഡാന്‍ഗോറിയ ബാബ ടെമ്പിള്‍, കാര്‍ഡോ ഹില്‍സിലെ ശിവലിംഗം, പരശുറാം കുണ്ഡ്, ആകാശഗംഗ, മാലിനിതന്‍ തുടങ്ങി സന്ദര്‍ശിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്.
ട്രെക്കിങ്
ഇവിടത്തെ പര്‍വതപ്രദേശങ്ങളിലൂടെ ട്രെക്കിങ് നടത്തുന്നത് മനോഹരമായ അനുഭവമാണ്. സാഹസികര്‍ക്കും ഫൊട്ടോഗ്രഫി പ്രേമികള്‍ക്കും ഏറ്റവും പറ്റിയ റൂട്ടുകളാണ് ഇവിടെയുള്ളത്. ബോംഡില-തവാങ് പ്രദേശത്ത് ട്രെക്കിങ് ചെയ്യാന്‍ നിരവധി പേരാണ് എത്തുന്നത്. തവാങ് ചുവിന് ചുറ്റുമുള്ള പ്രദേശം ട്രെക്ക് ചെയ്യാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ്. കാട്ടിലൂടെ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ആസ്വദിച്ചു നടക്കണമെന്നുണ്ടെങ്കില്‍ ജോങ്ങിൽനിന്നു മാഗോയിലേക്ക് ട്രെക്കിങ് നടത്താം.

മേയ്, ഒക്ടോബർ മാസങ്ങളാണ് ട്രെക്കിങ്ങിന് ഏറ്റവും അനുയോജ്യം. ബോംഡില-സെപ്പ, അലോംഗ്-മെചുക, ഡാപോറിജോ-തക്‌സിങ്, പാസിഗട്ട്-ട്യൂട്ടിംഗ്, പാസിഗട്ട്-മരിയാങ്, ഡാപോറിജോ-അലോങ്, റാംലിംഗം, ചക്കു വഴി ബോംഡില-ഡൈമറ എന്നിവയാണ് ഏറ്റവും ജനപ്രിയമായ ട്രെക്കിങ് റൂട്ടുകള്‍. കാടുകളുടെ പവിത്രതയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അപതാനി ഗോത്രവര്‍ഗ്ഗം താമസിക്കുന്ന ടാലെ താഴ്‌വരയും ട്രെക്കിങ്ങിന് മികച്ച സ്ഥലമാണ്. ഗോത്രവർഗക്കാരുമായി ഇടപഴകാനും അവരുടെ കഥകൾ കേൾക്കാനുമുള്ള അവസരം കൂടിയാണിത്.
സിയാങ്ങ് സമതലങ്ങളില്‍ ആരംഭിച്ച് കാട്ടിനുള്ളിലൂടെ കടന്നു പോകുന്ന വഴി സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. അരുണാചലിന്‍റെ വന്യഭംഗി ക്യാമറയില്‍ പകര്‍ത്തുകയും ആസ്വദിക്കുകയും ചെയ്യാം. സാലി തടാക ഭാഗത്തേക്ക് പോയാല്‍ ബോട്ടിങ്ങിനു സൗകര്യവും ഉണ്ട്.
സോളങ് ഫെസ്റ്റിവല്‍
അരുണാചലിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരുടെ പ്രാദേശിക സംസ്കാരങ്ങളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് മികച്ച ഒരു അവസരമാണ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി നടക്കുന്ന സോളങ് ഫെസ്റ്റിവൽ. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷമാണിത്.
മാധുരി തടാകം
ബോളിവുഡ് നടി മാധുരി ദീക്ഷിത് ഈ തടാകം സന്ദർശിച്ചതില്‍ പിന്നെയാണ് 'സംഗസ്റ്റർ സോ' തടാകത്തിന് ആ പേര് കിട്ടിയത്. മുൻകാലങ്ങളിൽ ഉണ്ടായ ഭൂകമ്പത്തിന്റെയും ഫ്ലാഷ് വെള്ളപ്പൊക്കത്തിന്റെയും ഫലമായി ഉണ്ടായ തടാകമാണിത്. ഇന്തോ-ചൈന അതിർത്തിയോട് ചേർന്നുള്ള ബം ലാ പാസിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. തടാകം സന്ദർശിക്കണമെങ്കില്‍ ഇന്ത്യൻ സൈന്യത്തിന്റെ അനുമതി വേണം.
മീന്‍പിടിത്തം
അരുണാചൽ പ്രദേശിലെ ആംഗ്ലിങ്, ഫിഷിങ് വിനോദങ്ങള്‍ പ്രശസ്തമാണ്. ഇവിടെ ഒഴുകുന്ന അഞ്ചു നദികള്‍ മീന്‍പിടിത്തത്തിന് ഏറെ പേരു കേട്ടതാണ്. സിയാങ് നദിയും സുബാൻസിരി നദിയുമാണ് ഇതിന് ഏറ്റവും പ്രശസ്തം. ട്രൌട്ട്, പിടിക്കാന്‍ ഏറെ വിഷമമുള്ള മഹ്സീര്‍ എന്നീ മത്സ്യങ്ങളെയാണ് ഇവിടെ ഫിഷിങ് പ്രേമികള്‍ വലയിടുന്നത്. മീൻപിടുത്തം ആസ്വദിക്കുന്നതോടൊപ്പം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഓർമകൾ കൂടെക്കൂട്ടുകയും ചെയ്യാം.
English Summary: unexplored places in Arunachal Pradesh