ADVERTISEMENT

കുന്നിന്‍മുകളിലെ പുല്‍മേടുകളിലും മഞ്ഞുമൂടിയ പര്‍വതത്തലപ്പുകളിലും വേനൽക്കാല സൂര്യന്‍റെ സ്വര്‍ണത്തിളക്കം നിറയുന്ന കാലമാണ് ജൂണ്‍ എന്നാല്‍ കശ്മീരില്‍. അരുവികളിലും താഴ്‍‍വരകളിലും തടാകങ്ങളിലും സന്തോഷം നിറച്ച്, സഞ്ചാരികള്‍ക്ക് ഉന്മാദമേകുന്ന സുന്ദരഭൂമിയും മന്ദമാരുതന്‍റെ തലോടലുമെല്ലാം ഈ പറുദീസയെ സ്വപ്നസമാനമാക്കുന്ന കാലം. ഇടയ്ക്ക് വിരുന്നെത്തുന്ന ചാറ്റല്‍മഴയും പ്രഭാതങ്ങളിലെ കുളിരുമെല്ലാം അതിനു മാറ്റു കൂട്ടുന്നു. ജൂണില്‍ കശ്മീര്‍ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍, സാധാരണയായി കേട്ടുപരിചയിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാറ്റിപ്പിടിച്ച് പുതിയ ഇടങ്ങളിലേക്ക് പോകാം. അത്തരത്തിലുള്ള ചില മനോഹര സ്ഥലങ്ങളെക്കുറിച്ചറിയാം. 

ലോലാബ് വാലി

കാശ്മീരിന്‍റെ വടക്കൻ ഭാഗത്തുള്ള ലോലാബ് താഴ്‌വര, പച്ചപ്പ് നിറഞ്ഞ പുൽമേടുകൾക്കും, ഒഴുകുന്ന അരുവികൾക്കും, അതിമനോഹരമായ കാഴ്ചകൾക്കും പേരുകേട്ടതാണ്. ജൂണില്‍ മിതമായ താപനിലയാണ് ഇവിടെ അനുഭവപ്പെടുന്നത്. താഴ്‍‍വരകളില്‍ നിറയെ പൂക്കള്‍ നിറഞ്ഞ് മനോഹരമാകുന്ന കാലമാണിത്. സിന്ധ് നദിയിലൂടെ ഉല്ലാസയാത്ര നടത്താം. പുല്‍മേടുകള്‍ പരവതാനി വിരിച്ച കുന്നിന്‍പുറങ്ങളില്‍ പിക്നിക് നടത്തുകയും പർവതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യാം.

1203342135
estivillml/Istock

ഗുരെസ് താഴ്‍‍‍വര

ഹിമാലയത്തിന്‍റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഗുരെസ് താഴ്‌വര, സാധാരണയായി വിനോദസഞ്ചാരികളുടെ പാദസ്പര്‍ശമേല്‍ക്കാത്ത ഒരു സ്വര്‍ഗഭൂമിയാണ്‌. ജൂണിൽ, കാട്ടുപൂക്കൾ വിരിയുമ്പോൾ താഴ്‌വരയാകെ നിറങ്ങളുടെ ഉത്സവക്കാഴ്ചയാണ്. താഴ്‍‍വരയിലൂടെ ഒഴുകുന്ന കിഷൻഗംഗ നദി, ട്രൗട്ട് മത്സ്യബന്ധനത്തിനും വാട്ടർ റാഫ്റ്റിങ്ങിനും പേരുകേട്ടതാണ്. പുരാതന ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാനും നാട്ടുകാരുമായി ഇടപഴകാനും സൗകര്യമുണ്ട്. 

ദക്‌സം

അനന്ത്‌നാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദക്‌സം, പ്രകൃതിസൗന്ദര്യത്താൽ ഒട്ടേറെ സന്ദർശകരെ ആകർഷിക്കുന്നു. പൈൻ, ദേവദാരു തുടങ്ങിയ വന്മരങ്ങള്‍ നിറഞ്ഞ ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട ഈ ശാന്തമായ താഴ്‌വരയിൽ ഒട്ടേറെ അരുവികളും മനോഹരമായ പുൽമേടുകളുമുണ്ട്. ജൂണിൽ, സുഖകരമായ കാലാവസ്ഥയായതിനാല്‍ ക്യാമ്പിംഗിന് ഏറെ അനുയോജ്യമാണ്. ദക്‌സത്തിൽ നിന്ന് അൽപ്പം അകലെയുള്ള കോക്കർനാഗ് സ്പ്രിംഗ്‌സും സന്ദര്‍ശിക്കാം.

അരു വാലി

1141958016
ePhotocorp/istock

തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് മാറി, ശാന്തമായ ഒരു അവധിക്കാലം ചെലവഴിക്കാന്‍ അരു വാലി വളരെ മികച്ചതാണ്. പച്ചപ്പ് നിറഞ്ഞ പുൽമേടുകളും നിറഞ്ഞൊഴുകുന്ന നദികളും മഞ്ഞുമൂടിയ കൊടുമുടികളും ഉള്ള ഈ താഴ്‌വര പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരു പറുദീസയാണ്. ജൂണിൽ, അരു താഴ്‌വരയില്‍ നിറയെ മനോഹരമായ പൂക്കള്‍ വിരിയും. ദേശാടന പക്ഷികളുടെ പാട്ടുകളാല്‍ പുൽമേടുകൾ സജീവമാകും. കാൽനടയാത്രകള്‍ക്കും കുതിരസവാരിക്കുമെല്ലാം ഈ സമയത്ത് അവസരമുണ്ട്.

യുസ്‌മാർഗ്

ആധുനികത തൊട്ടുതീണ്ടാത്ത പ്രാചീന സൗന്ദര്യമാണ് ബദ്‌ഗാം ജില്ലയിലുള്ള യുസ്‌മാർഗ് ഹില്‍സ്റ്റേഷന്‍റെ മുഖമുദ്ര. ഇടതൂർന്ന വനങ്ങളും പച്ചപ്പുല്‍മേടുകളും മഞ്ഞുമൂടിയ കൊടുമുടികളും കൊണ്ട് ചുറ്റപ്പെട്ട യുസ്മാർഗ് പ്രകൃതിയുടെ അനന്തമായ സൗന്ദര്യത്തിന് ഉത്തമ ഉദാഹരണമാണ്. നീൽനാഗ് തടാകത്തിലൂടെയുള്ള ബോട്ടിംഗും വളഞ്ഞുപുളഞ്ഞ പാതകളിലൂടെയുള്ള കുതിര സവാരിയും താഴ്വരകളിലെ പുല്‍മേടുകളില്‍ പിക്നിക്കുകളുമെല്ലാം ജൂൺ മാസത്തിൽ ഇവിടെ ആസ്വദിക്കാം.

English Summary: unexplored places in kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com