ADVERTISEMENT

ലോകമിന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അദ്ഭുതകരവും സങ്കീര്‍ണവുമായ ഘടന ഏതാണെന്നു ചോദിച്ചാല്‍, മനുഷ്യന്‍റെ തലച്ചോറ് എന്നായിരിക്കും ഉത്തരം. ലോകത്തുള്ള മറ്റെല്ലാ അദ്ഭുതങ്ങളും ഉടലെടുത്തത്, വെറും ഒന്നരക്കിലോ പോലുമില്ലാത്ത ഈ ശരീരഭാഗത്തില്‍ നിന്നുമാണ് എന്നോര്‍ക്കുമ്പോള്‍ത്തന്നെ വിസ്മയമാണ്.

കാലമിത്രയായിട്ടും മസ്തിഷ്കത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. തലച്ചോറുമായി ബന്ധപ്പെട്ട പുരാവസ്തുക്കളും രേഖകളുമെല്ലാം സൂക്ഷിച്ച ഒരു മ്യൂസിയമുണ്ട് ഇന്ത്യയില്‍– ബെംഗളൂരുവിലെ നിംഹാൻസ് ബ്രെയിൻ മ്യൂസിയം. ദക്ഷിണേഷ്യയിലെ മറ്റൊരു മ്യൂസിയത്തിലും കാണാത്ത തരത്തിലുള്ള വസ്തുക്കൾ ഇവിടെയുണ്ട്.

നിംഹാൻസ് ലക്കസാന്ദ്ര ക്യാംപസിലെ ന്യൂറോബയോളജി റിസർച്ച് സെന്ററിലുള്ള ഈ ഒറ്റമുറി മ്യൂസിയത്തില്‍ ഒട്ടേറെയുണ്ട് കാഴ്ചകള്‍. ശാരീരിക ആഘാതം മുതൽ അമീബിക് അണുബാധ വരെയുള്ള കാരണങ്ങളാൽ മരണമടഞ്ഞ വിവിധ പ്രായത്തിലുള്ള ആളുകളുടെ തലച്ചോറുകള്‍ ഫോർമലിൻ ലായനിയിൽ സൂക്ഷിച്ച്, അടുക്കി വച്ചിട്ടുണ്ട്. അപകടങ്ങളിൽ തലയ്ക്കു പരുക്കേറ്റവരുടെ മസ്തിഷ്ക മാതൃകകൾ ഇതില്‍ ഉൾപ്പെടുന്നു.

nimhans-brain-museum1
Image Source: nimhans brain museum official site

മസ്തിഷ്‌കത്തിന്‍റെയും സുഷുമ്‌നാ നാഡിയുടെയും മാതൃകകളുള്ള ഒരു തുറന്ന ടോപ്പ് കണ്ടെയ്‌നറും മ്യൂസിയത്തിലുണ്ട്. ഒരു ഗൈഡ് കേന്ദ്ര നാഡീവ്യവസ്ഥയുടെ വിവിധ പ്രവർത്തനങ്ങളെയും ഘടകങ്ങളെയും കുറിച്ച് വിശദീകരിക്കും. ഇവിടെ ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പുമുണ്ട്. മസ്തിഷ്ക കലകളുടെ നിരവധി ഇലക്ട്രോൺ മൈക്രോഗ്രാഫുകൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. മസ്തിഷ്ക മാതൃകകൾ മാത്രമല്ല ഇവിടെയുള്ളത്. മറ്റ് അവയവങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. ഒരു സാധാരണ മനുഷ്യന്‍റെ കരളും സിറോസിസ് ബാധിച്ച കരളും തമ്മിലുള്ള താരതമ്യം ഇവിടെ കാണാം. 

ഡോ.എസ്‌.കെ.ശങ്കറാണ് മ്യൂസിയം ആരംഭിച്ചത്. 1974 ൽ ന്യൂറോപാത്തോളജി വിഭാഗം ആരംഭിച്ചതുമുതൽ മാതൃകകൾ ശേഖരിക്കാന്‍ തുടങ്ങി. 400 ലധികം മാതൃകകൾ മ്യൂസിയത്തിൽ ഉണ്ട്. തുടക്കത്തിൽ, മെഡിക്കൽ വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമായിരുന്നു പ്രവേശനമെങ്കിലും 2010 ൽ ഇത് പൊതുജനങ്ങൾക്കും സ്കൂൾ കുട്ടികൾക്കും ഗൈഡഡ് ടൂറുകൾക്കായി തുറന്നുകൊടുത്തു. ബ്രെയിൻ മ്യൂസിയം അടുത്തുള്ള ബ്രെയിൻ ബാങ്കുമായും ബന്ധിപ്പിച്ചിട്ടുണ്ട്. 1995 ലാണ് ബ്രെയിന്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ, മസ്തിഷ്ക കോശങ്ങള്‍ മൈനസ് 80 ഡിഗ്രി സെൽഷ്യസിൽ സംരക്ഷിക്കപ്പെടുന്നു. രാജ്യത്തെവിടെയും ന്യൂറോ സയൻസ് ഗവേഷകർക്ക് ഇത് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. മരണാനന്തരം മസ്തിഷ്കം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിംഹാൻസില്‍ റജിസ്റ്റര്‍ ചെയ്യാം.

ബുധൻ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയും ശനിയാഴ്ചകളിൽ രാവിലെ 10.30 നും 12.30 നും ഇടയിൽ സന്ദർശകർക്ക് മ്യൂസിയത്തിൽ വരാം. പ്രവേശനം സൗജന്യമാണ്.

English Summary: nimhans brain museum in Bangalore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com