ADVERTISEMENT

മഴക്കാലം ആരംഭിക്കുന്നു, മലയാളികളുടെ യാത്രാക്കാലവും. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കുറവാണ്. എന്നാൽ നമ്മുടെ തൊട്ടപ്പുറത്തു കിടക്കുന്ന പെട്ടെന്ന് പോയി വരാൻ സാധിക്കുന്ന കൊടൈക്കനാൽ അങ്ങനെയല്ല, ഏതു കാലാവസ്ഥയിലും അത് ചൂടാകട്ടെ, മഴയാകട്ടെ, തണുപ്പാകട്ടെ ഒരു വണ്ടിയെടുത്ത് ദേ പോയി ദാ വന്നു എന്ന കണക്കെ പോയി വരാവുന്ന ഇടമാണ്. ഒരു പ്രാവശ്യമെങ്കിലും കൊടൈക്കനാൽ പോകാത്ത മലയാളി ഉണ്ടാകില്ല. മഴ തുടങ്ങുമ്പോൾ ആ മഴയ്ക്കൊപ്പം ഒരു കുഞ്ഞ് കോടയാത്ര നടത്തി വരാം.

 

 

A coracle on a lake in Kodaikanal. Photo Contributor : Srinivasan Gajendran
A coracle on a lake in Kodaikanal. Photo Contributor : Srinivasan Gajendran

തടാകവും സ്കൂളും പിന്നെ കുറേ ഫോട്ടോകളും

 

 

കൊടൈക്കനാലിലേക്കുള്ള ഓരോ യാത്രികനും സെവൻ റോഡ് ജംഗ്ഷൻ കടന്നുപോകണം. ആ നഗരത്തിന്റെ ഹൃദയഭാഗമാണിത്. ഓരോ പാതയും കൊടൈക്കനാലിന്റെ ലാൻഡ്മാർക്കിലേക്കാണു നയിക്കുന്നത്. ഏതാണത് എന്നു ചിന്തിച്ചു നിൽക്കേണ്ട ആവശ്യം നമുക്കില്ല. കാരണം മലയാളത്തിലടക്കം മിക്ക സിനിമകളിലും സ്ഥിരം അഭിനേതാവ് എന്നു വിളിക്കാം കൊടൈക്കനാൽ തടാകത്തിനെ. സഞ്ചാരികൾ ഇവിടെ എത്തിയാൽ ഏറ്റവും കൂടുതൽ ഫോട്ടോയെടുക്കുന്ന ഒരു സ്പോട്ട് ഇതാണ്. പിന്നെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ റെസിഡൻഷ്യൽ സ്കൂളുകളിലൊന്നായ കൊടൈക്കനാൽ ഇന്റർനാഷണൽ സ്കൂളും. കൊടൈക്കനാൽ ലേക്കിന്റെ മുന്നിൽ നിന്ന് ഒരു ഫോട്ടോയെടുപ്പ് അത് നിർബന്ധാ.! 

 

 

അടുത്തത് തടാകത്തിലെ ബോട്ട് സവാരിയാണ്. സാഹസിക പ്രേമികൾക്കു പില്ലർ റോക്ക്സ്, ഡോൾഫിൻ റോക്ക്സ് തുടങ്ങിയ സ്ഥലങ്ങളിലേക്കോ കുമാബ്കരൈയിലേക്കോ ട്രെക്കിങ് നടത്താം. ഫെയറി വെള്ളച്ചാട്ടത്തിൽ നീന്താം. ഹിൽ സ്റ്റേഷനിലെ നിരവധി വ്യൂവിങ് പോയിന്റുകളില്‍ ഒന്നിൽ നിന്നുകൊണ്ട് ആ മനോഹരമായ സൗന്ദര്യം ആസ്വദിച്ചിട്ട് വേണം ഇറങ്ങാൻ.

 

പൂമ്പാറൈ ഗ്രാമത്തിലേക്ക് 

 

ദൂരം

കൊടൈക്കനാൽ നിന്ന് ഏകദേശം ഒരു മണിക്കൂർയാത്ര.

ഭംഗിയുള്ള മനോഹരമായ ഒരു ഗ്രാമമാണു പൂമ്പാറൈ ചേര രാജവംശം പണികഴിപ്പിച്ചതാണെന്നു വിശ്വസിക്കപ്പെടുന്ന കുഴന്തൈ വേലപ്പറെ ഇവിടുത്തെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്. കൃഷിയിടങ്ങളാണ് പൂമ്പാറൈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. തട്ടുതട്ടായുള്ള കൃഷിയിടങ്ങൾ നിറഞ്ഞ ഈ ഗ്രാമത്തിന്റെ സൗന്ദര്യം ഒന്നു വേറെ തന്നെ. സമുദ്രനിരപ്പിൽ നിന്ന് 6300 അടി ഉയരത്തിലാണു സഞ്ചാരികളുടെ കടന്നുകയറ്റമില്ലാത്ത ഈ മനോഹരമായ ഹിൽ സ്റ്റേഷൻ നിലകൊള്ളുന്നത്. പ്രകൃതിയുടെ മടിത്തട്ടിൽ കർഷകൻ തന്റെ അധ്വാനം കൊണ്ടു തീർത്ത ശിൽപ്പമാണ് പൂമ്പാറെ എന്ന കാർഷിക ഗ്രാമം. ശീതകാല പച്ചക്കറികൃഷികളും മലനിരകൾ തഴുകിവരുന്ന മരംകോച്ചുന്ന തണുപ്പും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവർകഴുതകളും തീപ്പെട്ടികൂടുപോലെ തട്ടുകളായുള്ള വീടുകളും ചേർന്ന മനോഹരഗ്രാമമാണ് പൂമ്പാറെ. ഫൊട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് കിടിലൻ ഫ്രെയിമുകളുടെ പറുദീസയാണിവിടം.

 

മന്നവന്നൂരിന്റെ മണ്ണിലൂടെ

 

ദൂരം 

കൊടൈക്കനാലിൽ നിന്നു എകദേശം 32 കി മി

 

ഡിൻഡിക്കൽ ജില്ലയിൽ വരുന്ന ഈ കാർഷിക ഗ്രാമം സമുദ്രനിരപ്പിൽ നിന്നു എകദേശം 6170 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രധാന ആകർഷണം മന്നന്നൂർ തടാകവും അതിനോട് ചേർന്നുള്ള കേന്ദ്രഗവൺമെന്റിന്റെ ചെമ്മരിയാട് ഫാമും റിസർച്ച് സെന്ററും ആണ്, വിവിധതരത്തിലുള്ള തട്ടുകൃഷി രീതിയും നിങ്ങൾക്കു കാണാം. കടുത്തവേനലിലും അതിന്റെ ഭംഗിയും തണുപ്പും ഒട്ടും കുറയാത്ത മനോഹര സ്ഥലം കൂടിയാണിത്. ഫാമിൽ ചെമ്മരിയാടിന്റെ രോമം പ്രോസ്സസിങ് ചെയ്ത് എക്സ്പ്പോർട്ട് ചെയ്യുന്നു. ഇക്കോഷട്ടറുകൾ, ട്രക്കിങ് ഷെഡ് തുടങ്ങിയവ സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏതൊരു യാത്രികനു ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത സ്ഥലം കൂടിയാണിത്

 

Content Summary : Kodaikanal is known for its scenic beauty and its cool climate.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com