നൂറ്റാണ്ടുകളുടെ ചരിത്രവും സംസ്‌കാരവും ഇഴപിരിഞ്ഞു കിടക്കുന്ന വന്‍ നഗരമാണ് ഡല്‍ഹി. ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ എന്തൊക്കെയാവും കാണാനായി തിരഞ്ഞെടുക്കുക. ഇന്ത്യ ഗേറ്റ്, ചെങ്കോട്ട, കുത്തബ്മിനാര്‍, ലോട്ടസ് ടെംപിള്‍, ചാന്ദിനി ചൗക്ക്, രാഷ്ട്രപതി ഭവന്‍, ജന്തര്‍ മന്തര്‍, രാജ്ഘട്ട്... പട്ടിക നീളമുള്ളതാണ്. സാധാരണ ഈ പട്ടികയില്‍ ഇടം നേടാത്ത ചില സ്ഥലങ്ങളെയാണ് നമ്മള്‍ പരിചയപ്പെടാന്‍ പോവുന്നത്.
മെഹ്‌റൗളി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്

ചരിത്ര നിര്‍മിതികളും പൗരാണിക അവശിഷ്ടങ്ങളുമെല്ലാമുള്ള അപൂര്‍വ സ്ഥലമാണ് മെഹ്‌റൗളിയിലെ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്. ചരിത്രാന്വേഷികള്‍ക്കും ചരിത്രം ഇഷ്ടപ്പെടുന്നവര്‍ക്കും ഒഴിവാക്കാനാവാത്ത ഇടം. പ്രത്യേകിച്ചും നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറിയുള്ള സ്ഥലം.
മഞ്ജു കാ തില

വടക്കന്‍ ഡല്‍ഹിയിലെ ടിബറ്റന്‍ സെറ്റില്‍മെന്റാണ് മഞ്ജു കാ തില. തികച്ചും വ്യത്യസ്തമായ ടിബറ്റന്‍ സംസ്‌ക്കാരവും ആത്മീയതയും പരിചയപ്പെടാന്‍ പറ്റിയ ഡല്‍ഹിയിലെ കേന്ദ്രം. ബുദ്ധ ആരാധനാലയങ്ങളും അവരുടെ രീതികളും ഭക്ഷണവുമെല്ലാം മഞ്ജു കാല തിലയില്‍ അറിയാനാവും.
അഗ്രസെന്‍ കി ബാവോലി

60 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പടിക്കിണറാണ് അഗ്രസെന്‍ കി ബാവോലി. മൂന്നു നിലകളുള്ള ഈ പടിക്കിണറിന് 108 പടികളുണ്ട്. ആരാണ് ഇതു നിര്‍മിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളില്ല. 14ാം നൂറ്റാണ്ടിലാണ് അഗ്രസെന്‍ കി ബാവോലിയുടെ പുനര്‍നിര്‍മാണം നടന്നത്.
സഞ്ജയ് വന്‍, ഡല്‍ഹി റിഡ്ജ് ഫോറസ്റ്റ്

തിരക്കുകളില്‍ നിന്നു മാറി ഡല്‍ഹിയില്‍ ശാന്തവും പ്രകൃതി രമണീയവുമായ സ്ഥലമാണ് തേടുന്നതെങ്കില്‍ സഞ്ജയ് വനും ഡല്‍ഹി റിഡ്ജ് ഫോറസ്റ്റുമാണ് നിങ്ങള്‍ക്ക് യോജിച്ചത്. വസന്ത് കുഞ്ചിലുള്ള സഞ്ജയ് വനില്‍ പൗരാണിക ശവകുടീരങ്ങളും വ്യത്യസ്തയിനം പക്ഷികളേയും പൂമ്പാറ്റകളേയും കാണാം. ഡല്‍ഹിയുടെ ഹരിത ശ്വാസകോശമെന്നാണ് ഡല്‍ഹി റിഡ്ജ് ഫോറസ്റ്റ് അറിയപ്പെടുന്നത്.
തുഗ്ലകാബാദ് കോട്ട

ദക്ഷിണ ഡല്‍ഹിയിലെ കൂറ്റന്‍ കോട്ടയാണ് തുഗ്ലകാബാദ് കോട്ട. വലിയ മതില്‍ക്കെട്ടുള്ള കോട്ടക്കുള്ളില്‍ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും മോസ്‌കുകളും കാണാനാവും. നൂറ്റാണ്ടുകള്‍ മുമ്പ് സജീവമായിരുന്ന ചരിത്രസുന്ദര നിര്‍മിതിയാണ് തുഗ്ലകാബാദ് കോട്ട.
സുന്ദര്‍ നഴ്‌സറി

ഹുമയൂണിന്റെ ശവകുടീരത്തോട് ചേര്‍ന്നുള്ള അധികമാര്‍ക്കും അറിയാത്ത കേന്ദ്രമാണ് സുന്ദര്‍ നഴ്‌സറി. മനോഹരമായ പൂന്തോട്ടങ്ങളും മുഗള്‍കാലഘട്ടത്തെ ശവകുടീരങ്ങളുമെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും.
ശങ്കറിന്റെ പാവ മ്യൂസിയം

ശങ്കറിന്റെ രാജ്യാന്തര പാവ മ്യൂസിയം മറ്റൊരു ലോകത്തേക്ക് നമ്മളെ എത്തിക്കും. ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗിലാണ് ഈ മ്യൂസിയമുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പാവകള്‍ ഇവിടെയുണ്ട്. വിവിധ നാടുകളുടെ സംസ്‌കാരവും ജീവിതരീതികളും കാണിക്കുന്ന അപൂര്‍വമായ പാവകളുടെ ശേഖരം ആരെയും അമ്പരപ്പിക്കും.
Content Summary : Here are some hidden places in Delhi that you might enjoy.