ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ആമസോൺ വനമാണ്. ലോകത്തിലെ ആകെ ജന്തു- സസ്യജാലങ്ങളുടെ പകുതിയും വസിക്കുന്നത് മഴക്കാടുകളിലാണ്. പ്രകൃതിക്കു ദോഷകരമായ കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ ആഗിരണം ചെയ്യുകയും ശുദ്ധജലം, ശുദ്ധവായു തുടങ്ങിയ നിരവധി വിഭവങ്ങൾ നമുക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്ന മഴക്കാടുകൾ ലോകത്തിന്‍റെ ശ്വാസകോശമാണ്.നമ്മുടെ രാജ്യം മഴക്കാടുകൾ സമ്പന്നമാണ് എന്ന് പറയാം. പശ്ചിമഘട്ടം മുതൽ ആൻഡമാൻ വരെ വ്യത്യസ്തമായ മഴക്കാടുകളാണ് സഞ്ചാരികൾക്കായി കാത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ 5 മഴക്കാടുകൾ ഇതാ.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

ഇത് ശരിക്കുമൊരു ഉഷ്ണമേഖലാ നിത്യഹരിത വനമാണ്. വൈവിധ്യമാർന്ന ജന്തുജാലങ്ങളും സസ്യജാലങ്ങളും ആൻഡമാൻ നിക്കോബാർ ദ്വീപുകളെ സന്ദർശിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാക്കി മാറ്റുന്നു. അയൽ രാജ്യങ്ങളായ മ്യാൻമർ, ബംഗ്ലദേശ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്ന് കാലങ്ങളായി കുടിയേറിയ സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും അപൂർവ ആവാസ വ്യവസ്ഥയാണ് ഈ മഴക്കാടുകൾ. ആൻഡമാൻ ദ്വീപുകളിൽ 2200-ലധികം സസ്യങ്ങൾ വളരുന്നുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.
അസം

ഇന്ത്യയിലെ ഏറ്റവും ഒറ്റപ്പെട്ടതും ഇടതൂർന്നതും അധികം കയ്യേറ്റങ്ങൾക്ക് ഇരയാകാത്തതുമായ മഴക്കാടുകൾ വടക്കുകിഴക്കൻ ഇന്ത്യയിലെ അസം മേഖലയിലാണ്. പ്രധാനമായും വടക്കൻ അസമിലാണ് വനങ്ങളെങ്കിലും നാഗാലാൻഡ്, മണിപ്പുർ, മിസോറം, ത്രിപുര എന്നിവിടങ്ങളിൽ ഇതിന്റെ പല ഭാഗങ്ങൾ കാണപ്പെടുന്നു. വർഷം മുഴുവനും നിബിഡ വനവും ശരാശരി 900 മീറ്റർ ഉയരമുള്ള കുന്നുകളാണ് അസം മേഖലയിലെ മഴക്കാടുകളുടെ സവിശേഷത. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മഴക്കാടാണിത്. അസമിലെ ഈ മഴക്കാടുകളിൽ ആണ് ഇന്ത്യയിൽ ഏറ്റവും അധികം കാട്ടാനകൾ കാണപ്പെടുന്നത്.
ബ്രഹ്മപുത്ര വാലി

രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയുടെ അഭിമാനമാണ് ബ്രഹ്മപുത്ര താഴ്‌വര. ബംഗാൾ, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലും പടർന്നു കിടക്കുന്ന താഴ്‌വരയുടെ ഭൂരിഭാഗവും അസമിലാണ്. അർദ്ധ-നിത്യഹരിത വനങ്ങളുടെ ആവാസ കേന്ദ്രമാണ് ഈ വാലി.കൂടാതെ രാജ്യത്തെ മികച്ച മണ്ണ് ഉള്ള പ്രദേശം കൂടിയാണിത്.അതിനാൽ ഇന്ത്യയിലെ ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള പ്രദേശമായി കണക്കാക്കപ്പെടുന്നു. സമൃദ്ധമായ പച്ചപ്പിനു പുറമേ, ഈ താഴ്‌വര അതിശയകരമായ സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമായും അറിയപ്പെടുന്നു. ഇന്ത്യയിൽ നന്നായി സംരക്ഷിക്കപ്പെടുന്ന മഴക്കാടാണിത്.
പശ്ചിമഘട്ടം

കേരളവും തമിഴ്നാടും കർണാടകയും ഉൾപ്പെടുന്ന പശ്ചിമഘട്ടത്തിന്റെ രണ്ടു ഭാഗങ്ങളും ഇന്ത്യയിലെ ഏറ്റവും മികച്ച മഴക്കാടുകളാൽ നിറഞ്ഞതാണ്. പശ്ചിമഘട്ടത്തിന്റെ വടക്കൻ ഭാഗത്ത് ഏകദേശം 30,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള, ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ കാണാം. സമ്പന്നവും ഇടതൂർന്നതുമായ വനപ്രദേശം തെക്കുപടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ആരംഭിച്ച് ദക്ഷിണേന്ത്യയിലെ കർണാടക, കേരളം വരെ വ്യാപിക്കുന്നു. ഇരവികുളം നാഷനൽ പാർക്ക്, സൈലന്റ് വാലി നാഷനൽ പാർക്ക്, ചന്ദോളി നാഷനൽ പാർക്ക്, കുദ്രെമുഖ് നാഷനൽ പാർക്ക് എന്നിവ പശ്ചിമഘട്ടത്തിന്റെ വടക്കൻ ഭാഗത്ത് ഉൾപ്പെടുന്നു.
മഹാരാഷ്ട്രയും കർണാടകയും വടക്കുപടിഞ്ഞാറൻ ഘട്ടങ്ങൾ എന്നറിയപ്പെടുന്നു, കേരളവും തമിഴ്നാടുമാണ് തെക്കുപടിഞ്ഞാറൻ ഘട്ടങ്ങളിൽ ഈർപ്പമുള്ള വനങ്ങൾ ഉൾക്കൊള്ളുന്നത്. കൊടൈക്കനാൽ, വാൽപ്പാറ, മാട്ടുപ്പെട്ടി, ലവ്ഡേൽ, മേഘമല തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാരങ്ങൾ കേന്ദ്രങ്ങൾ പലതും ഈ മഴക്കാടുകളിൽ ഉൾപ്പെടുന്നവയാണ്.
Content Summary : Rainforests in India that are great to visit during the monsoon season.