ആലിപ്പഴം പെറുക്കി ഫ്രിജിൽ വച്ച് മകൻ, വാരാണസിയിലെ ദർശനം കാണാനാകാതെ വിഷമിച്ച നിത്യ

Mail This Article
നിത്യ ദാസിന് യാത്രകൾ ജീവിതത്തിന്റെ ഭാഗമാണ്. തന്നെക്കാൾ യാത്രകൾ ആസ്വദിക്കുന്നത് മക്കളാണെന്ന് നിത്യ പറയുന്നു. എവിടേയ്ക്കാണെങ്കിലും കുഴപ്പമില്ല ഞങ്ങളുമുണ്ട് എന്നുപറഞ്ഞ് ആദ്യം റെഡിയായി വരുന്നത് അവരാണത്രേ. ഇപ്പോൾ ഇന്ത്യയുടെ ഏതാണ്ട് എല്ലാ സ്ഥലങ്ങളും കണ്ടുകഴിഞ്ഞുവെന്നു നിത്യാ ദാസ് പറഞ്ഞു. പോകുന്നയിടത്തെയെല്ലാം ഏതെങ്കിലുമൊരു പ്രാർഥനാലയം സന്ദർശിക്കാറുണ്ടെന്നും ഈയടുത്ത് വാരാണസിയിൽ പോയതാണ് ഏറ്റവും നല്ല ഓർമകളിലൊന്നെന്നും നിത്യ ദാസ്.

ദർശനം നടത്താതെ മടങ്ങേണ്ടി വരുമെന്ന സങ്കടമായിരുന്നു
വാരാണസി, എല്ലാ യാത്രാപ്രേമികളുടേയും ബക്കറ്റ് ലിസ്റ്റിലെ ആദ്യ പേരുകളിൽ ഒന്നാകും. പുലർകാലത്ത് ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും സുഗന്ധപൂരിതമായ അന്തരീക്ഷത്തിൽ ഗംഗയ്ക്ക് സമർപ്പിക്കുന്ന ആരതി ദർശനം പറഞ്ഞറിയിക്കാനാവാത്തൊരു അനുഭവമാണ്. ആ ആരതി കാണുന്നതിനും ദർശനം നടത്തുന്നതിനുമായിട്ടാണു കുടുംബവുമൊത്തു പോയത്. ആദ്യമായിട്ടാണ് ഞങ്ങളുടെ രണ്ടു കുടുംബവും ഒരുമിച്ചൊരു യാത്ര നടത്തുന്നത്. എന്റെ അച്ഛനു കുറച്ച് ആരോഗ്യപ്രശ്നങ്ങളുള്ളതുകൊണ്ട് അധികം യാത്ര ചെയ്യാറില്ല. എങ്കിലും വാരാണസിക്ക് അച്ഛനും ഒപ്പമുണ്ടായിരുന്നു.
ഞാൻ അവിടെ ചെന്നിറങ്ങുന്നത് കഠിനമായ പനിയുമായിട്ടായിരുന്നു. എനിക്കൊട്ടും വയ്യായിരുന്നു. അവർക്കാണെങ്കിൽ ദർശനത്തിന് പോവുകയും വേണം. ഗംഗ ആരതി നമുക്ക് എപ്പോൾ വേണമെങ്കിലും കാണാം പക്ഷേ അവിടെ ദർശനം നടത്തുക എന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരെല്ലാവരും പോയി കണ്ടു മടങ്ങിവന്നു. ഇത്രയും ആഗ്രഹിച്ച് അവിടെ വരെ ചെന്നിട്ട് ക്ഷേത്രത്തിൽ കയറി ദർശിക്കാനാവാതെ മടങ്ങേണ്ടിവരുമല്ലോ എന്ന വിഷമത്തിലായി ഞാൻ. അടുത്ത ദിവസം ഞങ്ങൾ രാമക്ഷേത്രം പണിയുന്ന അയോധ്യയും സന്ദർശിച്ചു. അപ്പോഴും എന്റെ മനസ്സിൽ വാരാണസിയുടെ ചിത്രമായിരുന്നു. ജീവിതത്തിൽ വല്ലപ്പോഴുമൊക്കെ സംഭവിക്കുന്നതല്ലേ ഇതൊക്കെ. അങ്ങനെ പല ചിന്തകളിൽ ഞങ്ങൾ അയോധ്യയിൽനിന്നു തിരിച്ച് വാരാണസിയിലെത്തി. റിട്ടേൺ ഫ്ളൈറ്റ് അവിടെ നിന്നുമായിരുന്നു.

രാവിലെ 10 നാണ് ഫ്ളൈറ്റ്. ഒരു ഭാഗ്യപരീക്ഷണമെന്നോണം ഞാൻ അതിരാവിലെ മൂന്നുമണിയോടെ ക്ഷേത്ര ദർശനത്തിനു പോയി, എപ്പോഴും തിരക്കായതിനാൽ ദർശനം സാധ്യമാകില്ല എന്ന പേടിയോടെയാണ് പോയതെങ്കിലും ഭാഗ്യമെന്നുപറയട്ടെ അധികം തിരക്കൊന്നുമില്ലാതെ ഭഗവാനെ ദർശിക്കാൻ സാധിച്ചു. മനസ്സുനിറഞ്ഞാണ് അവിടെനിന്നു മടങ്ങിയത്. എന്റെ യാത്ര ധന്യമായി എന്നൊക്കെ പറയുന്നതുപോലെ ഒരു ഫrലായിരുന്നു അത്. മകൾ നെനയും മകൻ നമനുമാണ് എന്നേക്കാൾ കൂടുതൽ യാത്രകൾ ഇഷ്ടപ്പെടുന്നത്.
മകനാണ് കൂടുതൽ ഇഷ്ടം. അവന് ലോക്കൽ ബസിലും ഓട്ടോയിലുമൊക്കെ കയറി സഞ്ചരിക്കാൻ വലിയ താൽപര്യമാണ്. ലക്‌ഷ്വറികളേക്കാൾ അവൻ തെരഞ്ഞെടുക്കാറ് ഇത്തരം യാത്രകളാണ്. മകന്റെ ഈ ഇഷ്ടത്തിനൊപ്പമായിരുന്നു വാരാണസിയിൽ യാത്ര ചെയ്തത്. അവിടെ മുഴുവൻ ഓട്ടോയിലായിരുന്നു കറക്കം. അവൻ അത് ശരിക്കും ആസ്വദിക്കുകയും ചെയ്തു.

ആലിപ്പഴം പെറുക്കി ഫ്രിജിൽ വച്ച മകൻ
സ്കൂൾ വെക്കേഷൻ സമയത്ത് ഞങ്ങൾ മിക്ക ദിവസവും യാത്രയായിരുന്നു. ആദ്യം പോയത് ഡൽഹി, അവിടെനിന്നു പോകാനാകുന്ന എല്ലായിടത്തേയ്ക്കും സഞ്ചരിച്ചു. മുംബൈ, രാജസ്ഥാൻ അങ്ങനെ യാത്രയോട് യാത്ര. രണ്ടുമാസം ഡൽഹിയിൽ തങ്ങി, പിന്നെ ഭർത്താവിന്റെ നാടായ ജമ്മുവിലേക്കു പോയി. അവിടെയെത്തിയപ്പോൾ ഒരു സംഭവമുണ്ടായി. ഞങ്ങൾ ചെല്ലുമ്പോൾ തണുപ്പ് മാറി ചൂട് തുടങ്ങുന്ന സമയമായിരുന്നു. നമ്മുടെ നാട്ടിൽ ആലിപ്പഴം വീഴുന്നതു ഞാൻ കണ്ടിട്ടുണ്ട്. അത് ഒന്നോ രണ്ടോ ഒക്കെയല്ലേ. പക്ഷേ അവിടെ ആലിപ്പഴം വീഴലല്ല പെയ്യലാണ് ശരിക്കും, മഴ പോലെ ആലിപ്പഴം ഇങ്ങനെ വീണുകൊണ്ടിരിക്കും. തണുപ്പ് മാറി ചൂട് തുടങ്ങിയ സമയം, അപ്പോൾ പെയ്യുന്ന മഴയ്ക്ക് ആലിപ്പഴമാണ് അവിടെ വീഴുക. ഞാനും ആദ്യമായിട്ടായിരുന്നു ഇങ്ങനെ കാണുന്നത്. ഞങ്ങളെല്ലാം അതങ്ങനെ കണ്ട് ആസ്വദിച്ചിരിക്കുന്നതിനിടെ എന്റെ മകൻ ഒരു പാത്രത്തിൽ ഈ വീഴുന്ന ആലിപ്പഴം പിടിച്ചു ഫ്രിജിലെടുത്തുവച്ചു. ഇതൊന്നുമറിയാതെ ഭർത്താവിന്റെ ചേട്ടൻ അത് വെള്ളമാണെന്ന് കരുതി എടുത്തുകുടിക്കുകയും ചെയ്തു. ആലിപ്പഴം ഉരുളൻ കല്ലുപോലെയിരിക്കും. മഞ്ഞു പെയ്യുന്നതു കാണാൻ ഒരു പ്രത്യേക രസമാണ്. അതുപോലെ തന്നെയാണ് ആലിപ്പഴം പെയ്യുന്നതുകാണാനും. അത് കണ്ടുതന്നെ ആസ്വദിക്കണം.
ഇനി ലക്ഷ്യം കൊൽക്കത്തയുടെ തെരുവിലൂടെയൊരു നടത്തമാണ്
ഇന്ത്യയിലെ ഒട്ടുമിക്ക ഇടങ്ങളും യാത്ര ചെയ്തിട്ടുണ്ടെങ്കിലും കൊൽക്കത്തയിൽ പോയിട്ടില്ല. പല റോഡ് ട്രിപ്പുകളും ബംഗാളിലൂടെ നടത്തിയിട്ടുണ്ടെങ്കിലും കൊൽക്കത്തയിൽ പോകാനായിട്ടില്ല. ബംഗാളിലെ മനോഹരമായ പല ഗ്രാമങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ കൊൽക്കത്ത ഒരു സ്വപ്നമായി അവശേഷിക്കുകയാണ്. കേരളം ഞാൻ കണ്ടു എന്നു പല മറുനാട്ടുകാരും പറയും പക്ഷേ കേരളം മുഴുവനും ആയിരിക്കില്ലല്ലോ ചിലപ്പോൾ ഒന്നോ രണ്ടോ സ്ഥലമായിരിക്കും പോയിട്ടുണ്ടാവുക. അതുപോലെയാണ് ഞാനും ബംഗാളിന്റെ പല ഭാഗത്തും പോയിട്ടുണ്ട്, ബംഗാൾ കണ്ടിട്ടുണ്ട്. പക്ഷേ കൊൽക്കത്ത എന്ന നഗരം കാണാനായിട്ടില്ല.
അടുത്ത ട്രാവൽ പ്ലാനുകൾ
സംഗീതമൊഴുകുന്ന ആ നഗരവീഥികളിലൂടെ എല്ലാമാസ്വദിച്ച് നടക്കണം. പഴയ കാലത്തിന്റെ പ്രതാപം വിളിച്ചോതുന്ന ട്രാമിൽ കയറി യാത്ര ചെയ്യണം. ഇതൊക്കെയാണ് എന്റെ അടുത്ത ട്രാവൽ പ്ലാനുകൾ. ഒപ്പം നാഗാലൻഡിൽ കൂടി പോകാനും പ്ലാനുണ്ട്. നമ്മളൊക്കെ കുറേ യാത്രകൾ ചെയ്തുകഴിയുമ്പോൾ ക്ഷിണിക്കുമല്ലോ, എന്നാൽ ഇതൊന്നുമില്ലാത്ത രണ്ടുപേരാണ് എന്റെ മക്കൾ. ചൂടും വെയിലും തണുപ്പും ഒന്നും അവർക്ക് പ്രശ്നമല്ല. യാത്രകളോട് ഇഷ്ടമാണു രണ്ടുപേർക്കും. അതുകൊണ്ടുതന്നെ അവരോടൊപ്പം ധാരാളം യാത്രകൾ നടത്തണമെന്നുതന്നെയാണ് എന്റെ ആഗ്രഹം.
Content Summary : Here is a travel experience shared by Actress Nitya Das.