ശാന്തിനികേതനിലെ കാലാവസ്ഥയേ ആയിരുന്നില്ല കൊൽക്കത്തയിൽ. ചുട്ടുപൊള്ളുന്ന പകലുകളിലായിരുന്നു കൊൽക്കത്ത കാണാനിറങ്ങിയത്. ഡിസംബറിലെ ആദ്യവരവിൽ ഇളം തണുപ്പിൽ മൺകപ്പിൽ ലഭിക്കുന്ന കടുപ്പമുള്ള തിളയ്ക്കുന്ന ചായ കുടിച്ചായിരുന്നു കറക്കമെങ്കിൽ ഇത്തവണ മണിക്കൂർ ഇടവിട്ട് തണുത്ത കുപ്പിവെള്ളം വാങ്ങിക്കുടിച്ച് ദാഹം തീർക്കേണ്ട അവസ്ഥയായിരുന്നു. കേരളത്തിലെപ്പോലെ പുഴുങ്ങുന്ന ചൂടല്ല, വിയർപ്പൊന്നുമില്ലെങ്കിലും ശരീരം ചുട്ടുപൊള്ളിക്കുന്ന ചൂടാണ്. എന്തായാലും ഹൗറയിൽ വന്നിറങ്ങി അത്യാവശ്യം സൗകര്യമുള്ള ഒരു ഹോട്ടൽ കണ്ടെത്തി. കണ്ടെത്തി എന്ന് പറയാനാകില്ല, ഗൂഗിളിൽ തപ്പി കണ്ടെത്തിയ ഒരു ഹോട്ടലിന്റെ പേര് പറഞ്ഞപ്പോൾ അതേ പേരുള്ള മറ്റൊരു ഹോട്ടലിനു മുന്നിൽ ടാക്സിക്കാരൻ വണ്ടിയെത്തിച്ചതാണ്. റൂം ചെറുതാണെങ്കിലും വൃത്തിയുള്ള ബാത്ത്റൂം കണ്ടപ്പോൾ ഇനി ഇത് തന്നെയാകാമെന്ന് തീരുമാനിക്കുകയായിരുന്നു. കൊൽക്കത്തയിലെ ആദ്യ വൈകുന്നേരം ബേലൂർ മഠത്തിലാകാമെന്നുറപ്പിച്ചു. എല്ലാവരും കുളിച്ച് ഫ്രഷായി പെട്ടെന്ന് തന്നെ മുറി പൂട്ടി ഇറങ്ങി.

ബേലൂർ മഠത്തിലേക്ക് അധികം ദൂരമൊന്നുമില്ലാത്തതിനാൽ ഇ-റിക്ഷ തന്നെ വിളിച്ചു. അത്രവലിയ ട്രാഫിക്കെന്ന് പറയാനാകില്ല. പക്ഷേ നല്ല തിരക്കുണ്ട്. കടന്നുപോകുന്ന വഴികളിൽ അപൂർവ്വമായി മാത്രമായിരുന്നു പഴയ കൊൽക്കത്തയുടെ മുഖം കണ്ടത്. പഴയ ശൈലിയിലുള്ള പല കെട്ടിടങ്ങളും ഇടിഞ്ഞ് പൊളിഞ്ഞ് ജീർണാവസ്ഥയിലാണ്. മിക്കതിലും താമസക്കാരുണ്ടെന്നു തോന്നിയില്ല. ഇത്രയും തിരക്കേറിയ നഗരത്തിൽ അപകടാവസ്ഥയിലായ ഈ കെട്ടിടങ്ങൾ നിലനിർത്തിയിരിക്കുന്നത് എന്തിനായിരിക്കുമെന്ന് ചിന്തിച്ചു. ആൾത്താമസം ഇല്ലാത്ത കെട്ടിടങ്ങൾ കേസിൽപ്പെട്ടവയായിരിക്കുമെന്ന് ഊഹിച്ചു. മുംബൈയിലെയും ഡൽഹിയിലെയും ഇത്തരം പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ കോർപ്പറേഷനുകൾ നോട്ടീസ് നൽകി ഉടമസ്ഥർ താമസം മാറാതെ കേസിന് പോകുന്നതിനെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിച്ചിട്ടുള്ളതിനാലാണ് അങ്ങനെ തോന്നിയത്. എന്തായാലും അപൂർവ്വമായി മാത്രം കാണുന്ന പഴയ ശൈലിയിലുള്ള തെരുവുകളും കെട്ടിടങ്ങളും കണ്ടിരിക്കുമ്പോൾ അവയുടെ ഭൂതകാലമെന്തായിരുന്നിരിക്കാം എന്ന് ആലോചിക്കാതിരിക്കാനായില്ല. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ബംഗാളി നോവലുകളിലൂടെ വായനാശീലമുള്ള മലയാളികളെല്ലാം ബംഗാളിനെ മനസിലാക്കിയിട്ടുണ്ട്. അവരുടെ ഭക്ഷണശീലവും സംസ്കാരവും ആഘോഷങ്ങളുമെല്ലാം നമുക്ക് പരിചിതമാണെന്നു തന്നെ പറയാം. വായിച്ചിട്ടുള്ള ബംഗാളി നോവലുകളിൽ ഏറ്റവും ആകർഷണീയമായി തോന്നിയത് താരാശങ്കർ ബാനർജിയുടെ ‘ആരോഗ്യനികേതന’മാണ്. ഏറ്റവും അവസാനം വായിച്ചത് ടാഗോറിൻറെ ‘യോഗായോഗ്’ എന്ന നോവലാണ്. പുതിയ തലമുറക്കാർക്ക് കൊൽക്കത്തയെ പ്രിയപ്പെട്ടതാക്കിയത് കെ ആർ മീരയാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. പക്ഷേ ആരാച്ചാറിൽ പറയുന്ന കൊൽക്കത്തയുടെ ഒരംശം പോലും ഇന്നത്തെ കൊൽക്കത്തയിലൊരിടത്തും കാണാനാകുന്നില്ല എന്നത് എത്രയോ സഞ്ചാരികൾ പറഞ്ഞു കഴിഞ്ഞതാണ്. എങ്കിലും കൊൽക്കത്തയുടെ തെരുവുകളിലൂടെ കടന്നുപോകുമ്പോൾ ആരാച്ചാറിലെ ചേതനാ ഗൃദ്ധാ മല്ലിക്ക് ഇവിടെ എവിടെയോ ജീവിക്കുന്നു എന്ന തോന്നൽ മനസിനെ വല്ലാതെ മഥിക്കുക തന്നെ ചെയ്യും.

ബംഗളൂരുവിലെയോ ചെന്നൈയിലെയോ നഗരജീവിതത്തിന്റെ മാസ്മരികത കൊൽക്കത്തയിൽ കണ്ടെത്താനായില്ല. പൂക്കളും ഇലകളുമായി പാതയോരങ്ങളൊന്നും നിറഞ്ഞിരുന്നുമില്ല. ഒരു പരുക്കൻ നഗരമെന്ന് തന്നെ വിശേഷിപ്പിക്കാം. ടാക്സിക്കാരും ഓട്ടോക്കാരും എന്തിന് റിക്ഷക്കാർ പോലും അന്യനാട്ടിൽ നിന്നെത്തുന്ന സഞ്ചാരികളോട് അടുപ്പത്തിന് നിൽക്കുന്നതായി തോന്നിയില്ല. പൊതുവേ ഡൽഹിയുടെ സ്വഭാവമാണത്. അന്യനാട്ടുകാരെ ശത്രുതാ മനോഭാവത്തോടെ കാണുന്ന ഓട്ടോക്കാരും ടാക്സിക്കാരും ഡൽഹിയിൽ ധാരാളമുണ്ട്. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ടായിട്ടും മാറ്റമില്ലാത്ത തങ്ങളുടെ കോളനി ജീവിതത്തിന്റെ അസഹിഷ്ണുതയാണ് അതിന് പിന്നിലെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞുതന്നിരുന്നു. എന്തായാലും കാഴ്ചകളൊക്കെ കണ്ട് നേരെ ബേലൂർ മഠത്തിലെത്തി. നല്ല തിരക്കാണ്. എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന ആരതിയുടെ സമയമായിരുന്നു. സ്വാമി വിവേകാനന്ദൻറെയും ശാരദാദേവിയുടെയും ഉൾപ്പെടെയുള്ള സമാധിമന്ദിരങ്ങളിലേക്കുള്ള പ്രവേശനസമയം കഴിഞ്ഞിരിക്കുന്നു. ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് തോന്നിയതിനാൽ നേരെ ദക്ഷിണേശ്വരത്തേക്ക് പോകാമെന്നായി. ബേലൂർ മഠത്തിൽ നിന്ന് ഹൂഗ്ലി നദി വഴി ബോട്ട് സർവീസുണ്ട്. ഇപ്പോൾ പുറപ്പെട്ടാൽ ദക്ഷിണേശ്വരത്തെ ദീപാരാധന സമയത്ത് എത്താം. നേരത്തെ വന്നിട്ടുള്ളതിനാൽ അതിനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടായിരുന്നു.

കഴിഞ്ഞ യാത്രയിൽ ഡിസംബറിലെ സന്ധ്യക്ക് നടത്തിയ ബോട്ട് യാത്ര അവിസ്മരണീയമായ അനുഭവമായിരുന്നു. പരന്ന് വിടർന്ന് കിടക്കുന്ന നദിയിലൂടെ കുളിർക്കാറ്റുമേറ്റ് തീരങ്ങളിലെ വർണക്കാഴ്ചയും കണ്ട് അരമണിക്കൂറോളം നീണ്ട ആ യാത്ര മനോഹരമായ ഒരു സ്വപ്നം പോലെ ഹൃദ്യമായിരുന്നെങ്കിൽ ഇത്തവണ അത് വല്ലാതെ മുഷിപ്പിക്കുന്നതായിരുന്നു. ബോട്ടിൽ കുത്തി നിറച്ച ആളുകൾക്കിടയിൽ സൂര്യനസ്തമിച്ചിട്ടും അവസാനിക്കാത്ത ചൂട് കാറ്റിൽ ക്ഷീണിച്ചു വലഞ്ഞ് വല്ല വിധേനയും കരയ്ക്കെത്തിയാൽ മതിയെന്നു പ്രാർത്ഥിച്ചു കഴിയേണ്ടി വന്നു. നദിയിലൂടെ നടത്തിയ ആ യാത്ര ശാന്തിനികേതനിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ യാത്രയിൽ അനുഭവിച്ചതിനേക്കാൾ മുഷിപ്പിക്കുന്നതായിരുന്നു. വല്ലവിധേനയും ബോട്ട് ദക്ഷിണേശ്വരത്തെത്തിയപ്പോൾ വലിയൊരു ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു പാലം കടക്കാൻ. മേയ് മാസം അവധിക്കാലമായതിനാൽ സ്വദേശികളും വിദേശികളുമായ തീർത്ഥാടകരും വിനോദസഞ്ചാരികളും ചേർന്നു ക്ഷേത്രദർശനത്തിനും വലിയ ഒരു ക്യൂ സൃഷ്ടിച്ചിരുന്നു. ഡിസംബറിൽ ഒഴിഞ്ഞുകിടന്നിരുന്ന ഇടങ്ങളിലെല്ലാം വലിയ ആൾക്കൂട്ടം കണ്ടപ്പോൾ വല്ലാത്ത നിരാശ തോന്നി. ദക്ഷിണേശ്വരത്തെ ദീപാരാധന സമയത്തെ ഭജനയും ആരതിയുമൊക്കെ വല്ലാത്ത ഒരു അനുഭവം നൽകുന്നതായിരുന്നു. തിരക്കില്ലാത്തതിനാൽ വളരെ അടുത്ത് നിന്ന് അതൊക്കെ കാണാനുള്ള ഭാഗ്യം മുൻപ് കിട്ടിയിരുന്നെങ്കിൽ ഇത്തവണ ക്യൂവിൽ കാത്ത് നിന്ന് വലയേണ്ടി വന്നു. അവധിക്കാലമാസങ്ങളിൽ ഒരു ദേശവും കാണാനിറങ്ങരുതെന്ന വലിയ പാഠമായിരുന്നു ആ ക്യൂവിൽ നിന്നു പഠിച്ചത്.
കാളീ ഭക്തനും അവധൂതനുമായ ശ്രീരാമകൃഷ്ണ പരമഹംസരുടെ പേരുമായി ബന്ധപ്പെട്ടാണ് ദക്ഷിണേശ്വരം കൂടുതലും അറിയപ്പെടുന്നത്. പശ്ചിമബംഗാളിലെ ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിൽ ഒന്നാണ് ദക്ഷിണേശ്വരത്തെ ഈ കാളീമന്ദിർ. ഭവതാരിണി ദേവിയുടെ ഭാവത്തിലാണ് കാളി ഇവിടെ. ബംഗാളിലെ പരമ്പരാഗതമായ വാസ്തുവിദ്യയാണ് ക്ഷേത്രത്തിന്റെ നിർമാണത്തിലെ പ്രത്യേകത. മൂന്ന് നിലകളുള്ള തെക്ക് ദർശനമുള്ള ക്ഷേത്രമാണിത്. രണ്ട് നിലകളിലായി ഒമ്പത് ഗോപുരങ്ങൾ ഈ ക്ഷേത്രത്തിനുണ്ട്. പ്രധാനക്ഷേത്രത്തിന് എതിർവശത്തായി 12 ശിവ പ്രതിഷ്ഠകളുണ്ട്. ഇതിനോടു ചേർന്നു രാമകൃഷ്ണ പരമഹംസർ കഴിഞ്ഞിരുന്ന മുറി അങ്ങനെ തന്നെ സൂക്ഷിച്ചിട്ടുണ്ട്. അടയ്ക്കാൻ തുടങ്ങിയ മുറിയുടെ മുന്നിൽ ശ്വാസമടക്കിപിടിച്ചാണ് നിന്നത്. ‘ഉൻമാദിയായ സന്യാസി’യെന്ന് വിശേഷിപ്പിക്കപ്പെട്ട ആ യോഗി കഴിഞ്ഞ മുറിയാണിത്. അദ്ദേഹം എവിടെയും പോയിട്ടില്ലെന്നു തോന്നിപ്പിക്കുന്ന വിധമായിരുന്നു കിടക്കയും മറ്റും. തിരക്കൊഴിയുമ്പോൾ ഇതേ മുറിയിൽ പരമഹംസരുണ്ടാകുമെന്ന് തോന്നിപ്പോയി. ശാരദാദേവി കഴിച്ചുകൂട്ടിയ മുറിയും ക്ഷേത്രപരിസരത്തുണ്ടെന്നു കേട്ട് അന്വേഷിച്ചിറങ്ങിയപ്പോൾ അത് അടച്ചുകഴിഞ്ഞു, ഇനി കാണാനാകില്ലെന്ന് സെക്യൂരിറ്റി പറഞ്ഞു. കാളീമാതാവിന്റെ ദർശനമൊക്കെ കഴിഞ്ഞിറങ്ങിയപ്പോഴേക്കും വിശപ്പുകൊണ്ടും ദാഹം കൊണ്ടും തളർന്നിരുന്നു.

പുറത്തിറങ്ങിയപ്പോൾ ആശ്വാസമായി മിക്ക ഹോട്ടലുകളുടെയും മുന്നിൽ ദോശ എന്ന് എഴുതി വച്ചിട്ടുണ്ട്. കൊൽക്കത്തയിൽ വന്നതിനു ശേഷം ആദ്യമായാണ് ദോശകിട്ടുന്ന ഹോട്ടൽ കാണുന്നതു തന്നെ. ദോശയും ചായയും കുടിച്ചു തിരികെ ഹോട്ടലിലേക്കു പോകാനായി ഇ-റിക്ഷയെത്തന്നെ ആശ്രയിച്ചു. ആ യാത്രയിൽ പ്രധാനപാത വിട്ടാണ് റിക്ഷക്കാരൻ സഞ്ചരിച്ചത്. ഇയാൾ ചുറ്റിക്കുമോ എന്ന ആശങ്ക പലപ്പോഴും തോന്നി, വണ്ടിയാണെങ്കിൽ എത്ര വേഗം കുറച്ച് പോകാമോ ആ വിധത്തിലാണ് സഞ്ചരിക്കുന്നത്. രാത്രി പത്ത് മണികഴിഞ്ഞിരിക്കുന്നു. വല്ലാത്ത ഭയം തോന്നിയെങ്കിലും ഭർത്താവിന് നല്ല ഉറപ്പുണ്ടായിരുന്നു അയാൾ കൃത്യമായും ഹോട്ടലിൽ എത്തിക്കുമെന്ന്. ഇടയ്ക്ക് ബാറ്ററി കേടാണെന്നോ മറ്റോ റിക്ഷക്കാരൻ പറയുന്നുണ്ടായിരുന്നു. എന്തായാലും ആ യാത്രയിൽ പഴയ കൊൽക്കത്തയെ ഓർപ്പിക്കുന്ന തെരുവുകളും കെട്ടിടങ്ങളും ചിലയിടങ്ങളിലെങ്കിലും കാണാനിടയായി. ഒടുവിൽ വല്ല വിധേനയും റിക്ഷക്കാരൻ ഹോട്ടലിനു മുന്നിലെത്തിച്ചു തന്നു. പാവം വല്ലാതെ കഷ്ടപ്പെട്ടാണ് അവിടെ വരെയെത്തിച്ചത്. അയാളുടെ സത്യസന്ധതയും നിഷ്കളങ്കതയും കണ്ടപ്പോൾ സങ്കടം തോന്നി. തുച്ഛമായ കാശിന് വേണ്ടിയാണ് കേടായ വണ്ടിയിൽ ആ പാവം ഞങ്ങളെ ഒരുവിധം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. കൊൽക്കത്തയിലെത്തിയതിന് ശേഷം പൊതുവേ പരുക്കൻമാരായ ഡ്രൈവർമാരെയാണ് കണ്ടത്. ഇദ്ദേഹം മാത്രമാണ് വ്യത്യസ്തനായി തോന്നിയത്. എന്തായാലും അയാൾക്ക് നന്ദി പറഞ്ഞ് ക്ഷീണിച്ച് അവശരായ ഞങ്ങൾ മുറിയിലേക്ക് കയറി.
അടുത്ത ദിവസം സന്ദർശിക്കേണ്ട സ്ഥലങ്ങൾ നോക്കി വച്ചിരുന്നു. ഇന്ത്യൻ മ്യൂസിയവും വിക്ടോറിയ മെമ്മോറിയലുമാണ് പ്രധാനകേന്ദ്രങ്ങൾ. ടാഗോറിന്റെയും നേതാജിയുടെയും സ്വാമി വിവേകാനന്ദന്റെയും വീടുകൾ, മദർ തെരേസ ഹൗസ്, മാർബിൾ പാലസ് തുടങ്ങി ഒട്ടേറെ സ്ഥലങ്ങൾ കൊൽക്കത്തയിൽ കാണാനുണ്ട്. അവശേഷിക്കുന്ന രണ്ട് ദിവസങ്ങൾ കൊണ്ട് ഇവിടെയെല്ലാം കറങ്ങണം. പിറ്റേന്നു രാവിലെ തന്നെ തയാറായി ഇറങ്ങിയെങ്കിലും രാവിലത്തെ ഭക്ഷണത്തിനായി നല്ല ഒരു ഹോട്ടൽ കണ്ടുപിടിക്കാനായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കേണ്ടി വന്നു. ടാക്സിക്കാരും ഊബറും ഓലയുമൊന്നും ലഭ്യമല്ലാത്ത ഒരു സ്ഥലത്താണ് താമസിക്കുന്ന ഹോട്ടൽ. നഗരാതിർത്തിയിൽ ട്രാഫിക് വിലക്കുണ്ടത്രേ. ഒരു പരിധി കഴിഞ്ഞ് ഓട്ടോയും ടാക്സിയുമൊന്നും പ്രവേശിക്കില്ല. അതുകൊണ്ടു തന്നെ ചോദിക്കുന്ന ടാക്സിക്കാരൊക്കെ ഒഴിവായി. ഹൗറയിലെത്തിക്കാമെന്ന് ഉറപ്പ് നൽകിയ റിക്ഷക്കാരന്റെ വണ്ടിയിൽ കയറി 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ട്രാഫിക് പൊലീസുകാരൻ കയ്യോടെ പിടികൂടി. ഞങ്ങളെ ഇറക്കിവിട്ട് റിക്ഷക്കാരൻ തടിതപ്പി. എന്ത് ഗതാഗത പരിഷ്ക്കാരമാണ് അതെന്ന് മനസിലായില്ല. എന്തായാലും ആ പെരുവഴിയിൽ ഒരു ടാക്സി പോലും കിട്ടാതെ പ്രഭാതഭക്ഷണത്തിന് ഒരു ഹോട്ടൽ പോലും കണ്ടെത്താനാകാതെ നിന്നു വിഷമിച്ചെന്നു പറഞ്ഞാൽ മതിയല്ലോ....(തുടരും)
Read Also : ബാവുൽ കലാകാരൻമാരും അമർത്യ സെന്നിന്റെ വീടും... ശാന്തിനികേതനിലെ മൂന്നാം പകൽ...
Content Summary : Kolkata, a city with a rich history and culture, dating back to the 17th century travelogue.