60 വയസ്സു പിന്നിട്ട മാതാപിതാക്കൾ കഷ്ടപ്പെട്ടു, യാത്ര പൂർത്തിയാക്കാനാകുമോ എന്നു സംശയിച്ചു: അമർനാഥ് യാത്രാനുഭവം പങ്കുവച്ച് സായ് പല്ലവി
Mail This Article
മലയാളത്തിലടക്കം നിരവധി ആരാധകരുള്ള താരമാണ് സായ് പല്ലവി. ‘പ്രേമത്തിലെ ടീച്ചർ’ ഈയടുത്ത് അമർനാഥ് ദർശനം നടത്തിയിരുന്നു. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന സായ് പല്ലവിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ യാത്രാ വിശേഷങ്ങളുമായി താരം തന്നെ രംഗത്തുവന്നു. വ്യക്തിപരമായ ഒരു കാര്യവും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ ആഗ്രഹിക്കാത്ത ആളാണ് താൻ എന്നും എന്നാൽ അമർനാഥ് യാത്ര വളരെക്കാലമായി ആഗ്രഹിച്ചിരുന്നെന്നും സായ് പല്ലവി സമൂഹമാധ്യമ കുറിപ്പിൽ പറയുന്നു.
മാതാപിതാക്കൾക്കൊപ്പമാണ് സായ് ക്ഷേത്രദർശനം നടത്തിയത്. ക്ഷേത്രത്തിലേക്കുള്ള ദുർഘടമായ യാത്രയ്ക്കിടെ മാതാപിതാക്കൾ ശ്വാസം മുട്ടുന്നതും നെഞ്ചിൽ കൈവച്ച് നിൽക്കുന്നതും കാണേണ്ടി വന്നതായി നടി പോസ്റ്റിൽ പറയുന്നു. സായ് പല്ലവിയുടെ വാക്കുകൾ ഇങ്ങനെ :
‘‘60 വയസ്സുള്ള മാതാപിതാക്കളെ കൊണ്ടുപോകുന്നത് ഒരാൾക്ക് വിശദീകരിക്കാനാകാത്ത വിധത്തിൽ വൈകാരികമായ ഒരു കാര്യമാണ്. അവർ ശ്വാസം മുട്ടുന്നതും നെഞ്ചിൽ കൈവച്ച് നിൽക്കുന്നതും നോക്കി നിൽക്കേണ്ടിവരുന്നതും മഞ്ഞുവീഴ്ചയ്ക്കിടെ വഴുവഴുപ്പുള്ള പാതകളിൽ ഇടവേള എടുക്കുന്നതും ഭഗവാനോട് ചോദ്യമുന്നയിക്കാൻ എന്നെ പ്രേരിപ്പിച്ചു. ദർശനം കഴിഞ്ഞ് തിരികെ നടക്കുമ്പോൾ എനിക്ക് എന്റെ ഉത്തരം ലഭിച്ചു. ഞാൻ കുന്നിറങ്ങി നടക്കുമ്പോൾ,"ഓം നമഃ ശിവായ" എന്ന് ഞങ്ങൾ ജപിക്കുന്നുണ്ടായിരുന്നു, തൽക്ഷണം മുകളിലേയ്ക്ക് കയറുന്ന യാത്രക്കാർ തിരികെ ജപിക്കുകയും അത് ഞങ്ങളെയും അവരേയും യാത്ര തുടരാൻ ഏറെ സഹായിക്കുകയും ചെയ്തു.’’
അമർനാഥ് യാത്ര തന്റെ ഇച്ഛാശക്തിയേയും ശരീരത്തേയും പരീക്ഷിച്ചതായിരുന്നുവെന്ന് സായ് പറയുന്നു. ആരോഗ്യമുള്ള ശരീരവും ദൃഢമായ മനസ്സും ദയയുള്ള ഹൃദയവുമായി വേണം ആരും ക്ഷേത്രദർശനം നടത്താനെന്നാണ് താരത്തിന്റെ പക്ഷം. പവിത്രമായ ഗുഹയിൽ ശിവനെ ആരാധിക്കണമെന്ന ആഗ്രഹം സഫലമാക്കാൻ യാത്രികരെ സഹായിച്ച ഗ്രാമീണരുടെയും കുതിരകളുടെയും അശ്രാന്ത പരിശ്രമം തന്നെ ആഴത്തിൽ സ്പർശിച്ചുവെന്നും സായ് പല്ലവി പറഞ്ഞു. തന്റെ കഠിനമായ അമർനാഥ് യാത്രയിലൂടെ, തന്റെ ഇച്ഛാശക്തിയെയും ശാരീരിക സഹിഷ്ണുതയെയും പരീക്ഷിക്കുന്ന ചിലത് അനുഭവിച്ചതായും ജീവിതം തന്നെ ഒരു തീർഥാടനമാണെന്നു വിശ്വസിക്കാൻ ആ യാത്ര സഹായിച്ചെന്നും പോസ്റ്റിൽ താരം കുറിച്ചു.
അമരത്വം ആരാധിക്കപ്പെടുന്ന പുണ്യഭൂമി
ജമ്മു കശ്മീരിലെ അമർനാഥിലെ ഒരു ഗുഹയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീനഗറിൽനിന്ന് 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം. ശിവ ഭഗവാന്റെ അനുഗ്രഹം തേടി സ്വന്തം ജീവൻ പോലും പണയംവച്ച് വിശ്വാസികൾ നടത്തുന്ന തീർഥയാത്രയാണ് അമർനാഥ് തീര്‍ഥാടനം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ തീർഥാടന കേന്ദ്രമാണ് ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമർനാഥ്. കഠിനമായ കാലാവസ്ഥാ വ്യാതിയാനങ്ങളും എല്ലുകളെ പോലും മരവിപ്പിക്കുന്ന തണുപ്പും പിന്നിട്ട് പ്രകൃതിസൗന്ദര്യം മുറ്റി നിൽക്കുന്ന പാതകളിലൂടെ പോകണമെങ്കിൽ ഒരുക്കങ്ങൾ കുറച്ചൊന്നുമല്ല വേണ്ടത്. ശിവൻ തന്റെ അമരത്വത്തിന്റെ രഹസ്യം പാർവതിക്ക് വെളിപ്പെടുത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന അമർനാഥിൽ വർഷത്തിൽ പ്രത്യേക സമയത്തു മാത്രമാണ് ശിവലിംഗം പ്രത്യക്ഷമാവുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. കഠിനവും ദുർഘടവുമായ വഴികളിലൂടെ വേണം ഈ ക്ഷേത്രത്തിലേയ്ക്ക് എത്താൻ. സർക്കാരിൽനിന്നു പ്രത്യേക അനുമതി ലഭിച്ചവർക്കു മാത്രമേ ഇവിടം സന്ദർശിക്കാൻ അനുവാദമുള്ളൂ. വർഷത്തിൽ മുപ്പത് മുതൽ 40 ദിവസം വരെയാണ് ഇവിടെ തീർഥാടനത്തിനെത്തുവാൻ സാധിക്കുക.
അമർനാഥ് യാത്രയുടെ എല്ലാ രസങ്ങളും ഭക്തിയും സാഹസികതയും പ്രകൃതിസൗന്ദര്യവും അനുഭവിച്ച് യാത്ര ചെയ്യണം എന്നുള്ളവർക്ക് പഹൽഗാം വഴിയുള്ള യാത്ര തിരഞ്ഞെടുക്കാം. ഈ യാത്രയുടെ ബേസ് ക്യാംപ് ജമ്മുവിലെ ഭഗവതി നഗറാണ്. ഇവിടെനിന്നു പഹൽ ഗാമിലാണ് ആദ്യം എത്തേണ്ടത്. ആ ദിവസം അവിടെ ക്യാംപിൽ താമസിച്ച് പിറ്റേ ദിവസം രാവിലെ ചന്ദൻവാഡിയിലേക്കാണ് യാത്ര. 16 കിലോമീറ്റർ വനത്തിലൂടെയാണ് പോകേണ്ടത്. പിന്നീട് ഇവിടെനിന്നു 12 കിലോമീറ്റർ കാൽനടയായി ശേഷനാഗിലെത്തുക. ഇതാണ് മൂന്നാമത്തെ ക്യാംപ്. ഇനി പിറ്റേന്നു രാവിലെയാണ് യാത്ര. ഇത് 11 കിലോമീറ്റർ അകലെയുള്ള പഞ്ചതരണിയിലേക്കാണ്. രാത്രി ഇവിടെ ക്യാംപ് ചെയ്ത് പിറ്റേദിവസം നേരെ അമർനാഥിലേക്ക് പോകാം. 6 കിലോമീറ്ററാണ് ഇവിടെനിന്ന് അമർനാഥിലേക്കുള്ള ദൂരം. നിലവിൽ കശ്മീരിൽ ശിവകാർത്തികേയനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിലാണ് സായ് പല്ലവി. ഷൂട്ടിലെ ഒഴിവുദിവസങ്ങൾ കണക്കാക്കിയാണ് താരവും മാതാപിതാക്കളും അമർനാഥ് ദർശനം നടത്തിയത്.
Content Summary : Amarnath Yatra, pilgrimage experiance shared by Sai Pallavi.