വെള്ളത്തിലിറങ്ങാൻ പേടിയുള്ളയാൾ റിവർ റാഫ്റ്റിങ്ങും സ്കൂബാ ഡൈവിങ്ങും പ്രളയം പ്രമേയമായ ചിത്രവും ചെയ്തപ്പോൾ
Mail This Article
ഒരു സിനിമ മതി നമുക്ക് ചിലരെ ഓർത്തുവയ്ക്കാൻ. കാലം എത്ര കഴിഞ്ഞാലും ചില കഥാപാത്രങ്ങൾ അങ്ങനെ മായാതെ നിൽക്കും. ‘അമ്പിളി’ എന്ന ആദ്യചിത്രത്തിലൂടെ മലയാളികളുടെ സ്വന്തമായ, തൊട്ടപ്പുറത്തെ വീട്ടിലെ ഏറ്റവും പരിചയമുള്ള കുട്ടിയെപ്പോലെ നമ്മൾ ഓർക്കുന്ന അഭിനേത്രി. കരിയറിലെ ഇടവേളകൾ ഭംഗിയായി നികത്തി 2023 എന്ന വർഷം തന്റെ പേരിൽക്കൂടി എഴുതിച്ചേർത്ത നടി– തൻവി റാം. മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫിസ് ഹിറ്റായ ‘2018’ അടക്കം ഈയടുത്ത് ഇറങ്ങിയ മിക്ക ചിത്രങ്ങളിലും തൻവിയുടെ കഥാപാത്രങ്ങളെ കണ്ടു. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി’ലും ‘കുമാരി’യിലുമെല്ലാം കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ തൻവി കാഴ്ചവച്ചു. യാത്രകളെ സ്നേഹിക്കുന്ന, ബെംഗളൂരുവിന്റെ തിരക്കുകളും പ്രകൃതിയുടെ ശാന്തവും സാഹസികവുമായ ഭാവങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന, മലയാളത്തിന്റെ തൻമയത്വമുള്ള അഭിനേത്രി തൻവി റാം യാത്രാവിശേഷങ്ങൾ മനോരമ ഓൺലൈനിൽ പങ്കുവയ്ക്കുന്നു.
തൻവിയുടെ യാത്രകളും സിനിമകളും ഒരേപോലെയാണ്. ചിലതു പെട്ടെന്നു സംഭവിക്കും. ചിലത് പ്ലാൻ ചെയ്തു നീണ്ടുപോകുന്ന യാത്ര പോലെ കുറച്ചു സമയമെടുത്തു സംഭവിക്കും. എങ്ങനെയാണെങ്കിലും രണ്ടും മുടങ്ങാതെ സംഭവിക്കുന്നുണ്ടെന്നതാണു സന്തോഷം..
സിനിമയിൽ വന്നതിനുശേഷം യാത്രകൾ കുറഞ്ഞോ?
അങ്ങനെ പറയേണ്ടിവരും. ബെംഗളൂരുവിൽ ജോലിചെയ്തിരുന്ന സമയത്ത് ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ യാത്രകൾ നടത്തിയിട്ടുണ്ട്. സിനിമയിൽ വന്നതിനു ശേഷമാണ് യാത്രകൾ കുറഞ്ഞത്. എന്നാലും എങ്ങനെയെങ്കിലും സമയം കണ്ടെത്തി ഞാൻ പോകാറുണ്ട്. 2012 ൽ ലേ ലഡാക്ക് ഒക്കെ കവർ ചെയ്തതാണ്. കഴിഞ്ഞ രണ്ടുവർഷമായി ബെംഗളൂരുവിൽനിന്നു മാറിനിൽക്കുന്നതിനാൽ അധികം യാത്രകൾ നടത്താൻ സാധിച്ചിട്ടില്ല. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം സമയം ബെംഗളൂരുവിൽനിന്നു മാറി കൊച്ചിയിൽ നിൽക്കുന്നത്. അവിടെ ആയിരുന്നപ്പോൾ മിക്കവാറും ട്രിപ്പ് പോകും. പല ഗ്രൂപ്പുകൾക്കൊപ്പമാകും, ഓഫിസിൽ നിന്ന്, ട്രാവൽ ഗ്രൂപ്പുകളുടെ കൂടെ അല്ലെങ്കിൽ കുടുംബത്തിനൊപ്പം. എങ്ങനെയാണെങ്കിലും ഒരുപാടു യാത്രകൾ ചെയ്യാറുണ്ട്. ഇപ്പോൾ സിനിമയുടെ തിരക്കു വന്നപ്പോൾ കുറച്ചു കുറഞ്ഞുവെന്നേയുള്ളു. ഫാമിലിയോടൊപ്പം സമയം കിട്ടുമ്പോഴെല്ലാം യാത്ര പോകാറുണ്ട്. കഴിഞ്ഞ ദിവസം അച്ഛന്റെ പിറന്നാളായിരുന്നു, ഞങ്ങൾ എല്ലാവരുംകൂടി കുട്ടിക്കാനത്തുള്ള ഒരു റിസോർട്ടിലാണ് പിറന്നാൾ ആഘോഷിച്ചത്. കുട്ടിക്കാനം വളരെ മനോഹരമായ സ്ഥലമാണെന്ന് കേട്ടിട്ടുണ്ട്. റിസോർട്ടിൽ തന്നെയായിരുന്നു ഞങ്ങൾ രണ്ടുദിവസം. അവരുടെ ആക്റ്റിവിറ്റീസ് തന്നെ നല്ല അനുഭവമായിരുന്നു. മഴയായതിനാൽ നല്ല തണുപ്പും അടിപൊളി കാലാവസ്ഥയുമൊക്കെയായി രണ്ടുദിവസം ഞങ്ങൾ അവിടെ കൂടി.
തൻവിയുടെ യാത്രകളിൽ അധികവും കാടും മേടും മഞ്ഞുമൊക്കെയാണല്ലോ..
അങ്ങനെ പ്രത്യേക താൽപര്യത്തോടെയൊന്നുമല്ല യാത്രകൾ തിരഞ്ഞെടുക്കാറ്. പക്ഷേ കൂടുതലും നടത്തിയിട്ടുള്ളത് അങ്ങനെയാണെന്നു മാത്രം. ട്രെക്കിങ് പോലെയുളള സാഹസികതകൾ ഇഷ്ടപ്പെടുന്നുണ്ട്. ലേ ലഡാക്ക് യാത്ര ജീവിതത്തിലെ ഏറ്റവും മികച്ച യാത്രാനുഭവങ്ങളിൽ ഒന്നാണ്. അതുപോലെ ഈ വർഷം കശ്മീരിൽ പോയിരുന്നു. ഞാനും എന്റെ കോളജ് സുഹൃത്തും കൂടി പ്ലാൻ ചെയ്തു പെട്ടെന്നു പോയൊരു യാത്രയായിരുന്നു അത്. കശ്മീരിൽ ഞങ്ങൾ രണ്ടുപേരും പോയിട്ടില്ല. എവിടെയെങ്കിലും പോകണം എന്നു ഞങ്ങൾ കുറേക്കാലമായി പ്ലാനിടുന്നു. അങ്ങനെയാണു കശ്മീരിലേക്കു തിരിക്കുന്നത്. ബെംഗളൂരുവിൽനിന്നു ഡൽഹി. അവിടെനിന്നു ജമ്മു വഴി ശ്രീനഗറിലേക്ക്. അവിടെ ഒരു ട്രാവൽ കോഓർഡിനേഷൻ കമ്പനിയോടു നേരത്തേ പറഞ്ഞിരുന്നതിനാൽ നമ്മൾ എത്തിയപ്പോൾത്തന്നെ വണ്ടിവന്നു. പിന്നീടുള്ള യാത്ര കാറിലായിരുന്നു.
ഷിക്കാര വഞ്ചിയിലിരുന്ന് ദാൽ തടാകത്തിലൂടെ പോകുമ്പോൾ ആ നാടിന്റെ ഭംഗി മുഴുവൻ ആസ്വദിക്കാം. ജീവിതത്തിൽ അനുഭവിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്, അതിലൊന്നു കശ്മീർ പോലെ മനോഹരമായ സ്ഥലങ്ങൾ കൺകുളിർക്കെ കാണുക എന്നതാണ്. പിറ്റേന്ന് ഞങ്ങൾ ഗുൽമാർഗിലേക്കു പോയി, അവിടെ തൻമാർഗ് എന്നൊരു സ്ഥലമുണ്ട്. ഗുൽമാർഗ് വരെ മാത്രമേ നമ്മുടെ വാഹനത്തിൽ പോകാനാകു. പിന്നെ അവിടുത്തെ വണ്ടിയിൽ വേണം സഞ്ചരിക്കാൻ. കാരണം മഞ്ഞുവീഴ്ചയുള്ള മലയിലേക്കാണു പിന്നെ പോകേണ്ടത്. അപ്പോൾ അവിടുത്തെ വാഹനങ്ങളുടെ ടയറിൽ ഒരു ചങ്ങല കെട്ടിവയ്ക്കും, മഞ്ഞിൽ തെന്നാതിരിക്കാൻ.
ആ വണ്ടിയിൽ കയറി മുകളിലെത്തി, അവിടെ ഗോണ്ടോള കേബിൾ കാറുണ്ട്. അതിൽ കയറി മുകളിലൂടെ പോകുമ്പോൾ ചുറ്റും വെള്ളപുതച്ചു കിടക്കുന്ന പ്രകൃതിയുടെ കാഴ്ച പറഞ്ഞറിയിക്കാനാവില്ല. അത്ര സാഹസികയൊന്നുമല്ല ഞാനെങ്കിലും അവസരം വന്നാൽ ഒന്നും ഒഴിവാക്കാറുമില്ല. മൗണ്ടൻ ക്ലൈംബിങ്ങും മലമുകളിൽനിന്നു കയറിൽ തൂങ്ങിയിറങ്ങുന്നതുമെല്ലാം ചെയ്തിട്ടുണ്ട്. ലേ ലഡാക്ക് പോയപ്പോൾ കുറച്ചുസമയം ബൈക്കുമോടിച്ചിട്ടുണ്ട്. തൻമാർഗിൽനിന്നു ഞങ്ങൾ അടുത്ത ദിവസം പോയത് പെഹൽഗാമിലേക്കായിരുന്നു. അത് പുൽവാമ വഴിയാണ് പോയത്. കുതിരപ്പുറത്തു വേണം അവിടെ യാത്ര ചെയ്യാൻ. വണ്ടി പോകില്ല. നടക്കാനും പറ്റില്ല. ആ താഴ്വരകളിലെല്ലാം പോയി കണ്ടു മടങ്ങണമെങ്കിൽ ഈ കുതിരകൾ തന്നെ വേണം. എനിക്ക് നല്ല വിഷമമുണ്ടായിരുന്നു കുതിരകളെ കഷ്ടപ്പെടുത്തണമല്ലോ എന്നോർത്തപ്പോൾ. പക്ഷേ അതല്ലാതെ വേറെ വഴിയില്ല. നൂറുകണക്കിനു കുതിരകളുണ്ട് അവിടെ. ആ നാട്ടുകാരുടെ ജീവിതമാർഗം കൂടിയാണീ കുതിരസവാരി. അങ്ങനെ കശ്മീരിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം ഞങ്ങൾ കവർ ചെയ്തു, ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും നമുക്ക് ഒരുമിച്ച് കിട്ടില്ല, കാരണം ഒരു വശത്ത് അടിപൊളിയൊരു യാത്ര കിട്ടിയപ്പോൾ മറുവശത്ത് എന്റെ പുതിയ ചിത്രം ‘എങ്കിലും ചന്ദ്രികേ’യുടെ റിലീസായിരുന്നു. അവിടെയായിരുന്നതിനാൽ ചിത്രത്തിന്റെ റിലീസ് ദിവസം മിസായി.
സാഹസികത സ്വയം തിരഞ്ഞെടുക്കുന്നതല്ല, തേടിവരുന്നതാണ് എന്നാണോ?
അത്യാവശ്യം സാഹസിക പ്രവർത്തനങ്ങളൊക്കെ ലൈഫിൽ ചെയ്തു കഴിഞ്ഞു. ഇനി ലിസ്റ്റിൽ ബാക്കിയുള്ളത് സ്കൈ ഡൈവിങ് മാത്രമാണ്. അതുകൊണ്ട് ഞാൻ ഒരൽപം അഡ്വഞ്ചറസ് ആണ് എന്നു പറഞ്ഞാലും കുഴപ്പമൊന്നുമില്ല. പിന്നെ ചോദ്യത്തിനു പറ്റിയ ഒരു സംഭവവും പറയാം. മലകളും കുന്നുകളും മാറ്റിപ്പിടിച്ച് ഞാൻ പോയ സ്ഥലം ലക്ഷദ്വീപായിരുന്നു. എനിക്ക് വെള്ളം പേടിയാണ്. എന്റെ വീട്ടിലും നാട്ടിലും കുളമുണ്ട്. ചെറുപ്പത്തിൽത്തന്നെ നീന്തലും പഠിച്ചതാണ്. പക്ഷേ വെള്ളമെന്നു കേൾക്കുമ്പോൾ പേടിയാണ്. അങ്ങനെയുള്ള ഞാൻ ലക്ഷദ്വീപിൽ ചെന്നപ്പോൾ സ്കൂബ ഡൈവിങ് വരെ ചെയ്തു. കുടുംബത്തിനൊപ്പമായിരുന്നു ആ യാത്ര. അഗത്തി വരെ വിമാനത്തിൽ പോയിട്ട് അവിടെനിന്നു വലിയൊരു ഷിപ്പിൽ കയറി തീരമെത്തും മുൻപ് വേറൊരു ബോട്ടിലേക്കു കയറണം. പക്ഷേ അവിടെയെത്തി പല തരത്തിലുള്ള വാട്ടർ സ്പോർട്സ് ഞാൻ ചെയ്തു. സ്കൂബാ ഡൈവിങ് ആദ്യമായി ചെയ്യുന്നത് ലക്ഷദ്വീപിൽ വച്ചാണ് അതും രണ്ടു പ്രാവശ്യം.
ട്രക്കിങ്ങിനാണ് കൂടുതൽ പോയിട്ടുള്ളതെങ്കിലും റിവർ റാഫ്റ്റിങ് പോലെയുള്ളവയും ചെയ്തിട്ടുണ്ട്. കർണാടകയിലെ ഡണ്ടേലി നദിയിലും ലഡാക്കിലുമാണ് റിവർ റാഫ്റ്റിങ് ചെയ്തിട്ടുള്ളത്. അതുപോലെ റാപ് ലിഗും ചെയ്തിട്ടുണ്ട്. അതായത് നമ്മുടെ ചുറ്റും കയറിൽ കെട്ടി മലയുടെ മുകളിൽനിന്നു താഴേക്ക് ഇറങ്ങുന്ന പരിപാടി. അതും ക്ലൈംബിങ്ങും എല്ലാം പല യാത്രകളിൽ ചെയ്തിട്ടുണ്ട്. ഒഴുക്കിനൊപ്പം തുഴഞ്ഞുപോകുന്നതാണല്ലോ റിവർ റാഫ്റ്റിങ്. എതിർദിശയിലേക്കു തുഴയുന്ന സർഫിങും ചെയ്യാനായി. രണ്ട് വ്യത്യസ്ത പ്രകൃതിയിലുള്ള റിവർ റാഫ്റ്റിങ് അനുഭവങ്ങളാണിത്. ഡണ്ടേലിയും എസരിക്കും കാളി നദിയുടെ ഭാഗമാണ്. പാറക്കെട്ടുകളിലൂടെ അതിശക്തമായി ഒഴുകുന്ന അവിടെയാണ് ഒന്നെങ്കിൽ മറ്റേത് ഹിമാലയൻ മലനിരകളുടെ ഗാംഭീര്യം മുഴുവനുമുള്ള നദിയിലൂടെയായിരുന്നു. അവിടെ 2 നദികൾ സംഗമിക്കുന്ന ഇടമുണ്ട്. അതും കാണാൻ സാധിച്ചു. റിവർ റാഫ്റ്റിങ് നടത്തിയ നദി നേരേ പാക്കിസ്ഥാനിലേക്കാണ് ഒഴുകുന്നത്. ഗോവ, വർക്കല, പോണ്ടിച്ചേരി അങ്ങനെ കടൽത്തീരങ്ങളിലെല്ലാം പോയിട്ടുള്ള ആൾ കൂടിയാണ്. അവിടെയെല്ലാം എനിക്ക് വളരെ ഇഷ്ടവുമാണ്. ഇത്രയൊക്കെ ചെയ്തെങ്കിലും വെള്ളത്തിനോടുള്ള പേടി പൂർണ്ണമായിട്ടും മാറിയിട്ടൊന്നുമില്ല.
കുടുംബത്തോടൊപ്പം ചെലവഴിക്കാനും യാത്രകൾ നടത്താനുമെല്ലാം സമയം കണ്ടെത്താറുണ്ടോ?
തീർച്ചയായും. കുടുംബമാണ് എന്റെ കരുത്ത്. എനിക്ക് എല്ലാ കാര്യത്തിനും പിന്തുണ നൽകുന്ന, എപ്പോഴും കൂടെ നിൽക്കുന്ന എന്റെ കുടുംബം. ഞാൻ ടുവീലറും ഫോർവീലറും ഓടിക്കും. പലപ്പോഴും വീട്ടിൽ വണ്ടിയുണ്ടെങ്കിലും ഓടിക്കാൻ പഠിക്കാൻ മിക്കവർക്കും സാധിക്കില്ല. എന്റെ വീട്ടിൽ അച്ഛനും ചേട്ടനുമായിരുന്നു എന്നേക്കാൾ ഞാൻ ഡ്രൈവിങ് പഠിക്കണമെന്ന നിർബന്ധം. ഞങ്ങൾ എല്ലാവരും കൂടി പോയ ഭൂട്ടാൻ യാത്ര എന്നും ഓർത്തിരിക്കാനുള്ള ഓർമകൾ സമ്മാനിച്ച ഒന്നാണ്. ബാഗ്ദോദര വരെ ഫ്ലൈറ്റിലും അവിടെനിന്നു കാറിലുമായിരുന്നു യാത്ര. ഡ്രൈവ് ചെയ്താണ് അവിടെ മുഴുവൻ ഞങ്ങൾ ചുറ്റിക്കറങ്ങിയത്. കുടുംബത്തോടൊപ്പം പോകുന്ന എല്ലാ യാത്രകളും എനിക്ക് ഓരോ ഓർമയാണ്. ഞങ്ങൾ എല്ലാവരും യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. വർഷത്തിൽ ഒരു യാത്ര നിർബന്ധമായും ഞങ്ങൾ ഒരുമിച്ചു നടത്തും അത് എത്ര തിരക്കിലാണെങ്കിലും. പണ്ട് ഓഫിസിൽ വർക്ക് ചെയ്തിരുന്ന സമയത്ത് ഇതിനേക്കാൾ കൂടുതൽ യാത്രകൾ ചെയ്തിട്ടുള്ളയാളാണു ഞാൻ. 10-12 ദിവസം നീണ്ടുനിന്ന ട്രിപ്പുകൾ വരെ അന്ന് നടത്തിയിട്ടുണ്ട്.
വെള്ളം പേടിയുള്ളയാൾ മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ 2018 ൽ നായിക, വെള്ളമെന്ന് പറഞ്ഞാൽ സർവത്ര വെള്ളം, മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം. പ്രളയാനുഭവം എന്തെങ്കിലും ഉണ്ടായിരുന്നോ, സിനിമയുടെ ചിത്രീകരണവേളയിൽ എങ്ങനെയായിരുന്നു, ചോദ്യങ്ങൾ ഇങ്ങനെയൊക്കെ വേണ്ടിവരും വെള്ളത്തെപ്പേടിക്കുന്നൊരാളോട് ആകുമ്പോൾ…
എനിക്ക് പ്രളയാനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ആ സമയത്തു ബെംഗളൂരുവിൽ ആയിരുന്നു. വാർത്തകളിൽ നിന്നുള്ള അറിവുമാത്രം. പിന്നെ പരോക്ഷമായി പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നുമാത്രം. സിനിമയുടെ ഭാഗമായി ഇവിടെ വന്നപ്പോഴാണ് ആ സമയത്തിന്റെ ഭീകരത ശരിക്കുമറിയാൻ സാധിച്ചത്. ഡാം തുറക്കുന്നതും എല്ലായിടത്തും വെള്ളം പൊങ്ങി ഭീകരമായൊരവസ്ഥ ഉണ്ടായതുമെല്ലാം വാർത്തയിലും മറ്റുമായി കണ്ട അനുഭവവുമായാണ് ഞാൻ 2018 ൽ അഭിനയിക്കാൻ എത്തുന്നത്. സെറ്റിൽ വന്നതിനു ശേഷം ഓരോ ദിവസവും ഓരോരുത്തർ പറയുന്ന കഥകളിൽ നിന്നും മറ്റുമെല്ലാം ഓരോന്നും അറിഞ്ഞു. വീടുകളിൽ വെള്ളം കയറിയതും ഇതുപോലൊരവസ്ഥ അനുഭവിക്കേണ്ടി വന്നവരുടെ ജീവിതാനുഭവങ്ങളും എല്ലാം സെറ്റിൽ വച്ചാണ് അറിയുന്നത്. സിനിമയിൽ കാണുന്ന ഭീകരതയേക്കാൾ എത്ര മടങ്ങ് അന്ന് ഈ അവസ്ഥയിലൂടെ കടന്നുപോയവർ അനുഭവിച്ചുവെന്ന് മനസ്സിലാക്കാൻ സാധിച്ചതും ഇവിടെ വന്നപ്പോഴാണ്.
Content Summary : Mountain climbing, rafting, and hiking...Travel experience shared by Tanvi Ram.