പൊലീസ് സ്റ്റേഷനും ബാങ്കിനും വീടിനും വാതിലില്ല; മഹാരാഷ്ട്രയിലെ ഒരു കൗതുക ഗ്രാമം

HIGHLIGHTS
  • അഹമ്മദ്‌നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശനി ശിംഗിനാപുർ എന്ന ഗ്രാമത്തിലെ വീടുകൾക്ക് വാതിലുകളില്ല
1141187663
Image Credit : ePhotocorp /istockphoto
SHARE

വാതിലുകളില്ലാത്ത ഗ്രാമത്തിന്റെ രഹസ്യപ്പൂട്ടു തുറക്കാം. വാതിലുകളില്ലാത്ത വീട്ടിൽ താമസിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ മഹാരാഷ്ട്രയിൽ വീടുകൾക്കു വാതിലുകളില്ലാത്ത ഒരു ഗ്രാമമുണ്ട് എന്ന് അറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശനി ശിംഗിനാപുർ എന്ന ഗ്രാമത്തിലെ വീടുകൾക്ക് വാതിലുകളില്ല. എല്ലാ വീടുകൾക്കും വാതിൽ പിടിപ്പിക്കാനുള്ള കട്ടിളകളുണ്ടെങ്കിലും അടുത്ത കാലം വരെ വാതിൽപ്പാളികളുണ്ടായിരുന്നില്ല. അടുത്ത കാലത്ത് വാതിൽപ്പാളികൾ പിടിപ്പിച്ചെങ്കിലും പലരും ഇപ്പോഴും വാതിലുകൾ പൂട്ടാറില്ല.

ഐതിഹ്യങ്ങൾ പറയുന്നത്

ഐതിഹ്യമനുസരിച്ച്, ഏകദേശം 400 വർഷങ്ങൾക്കു മുൻപ്, പനസ്നാല നദിയുടെ തീരത്ത് ഒരു കറുത്ത കല്ല് വന്നടിഞ്ഞു. ഒരു നാട്ടുകാരൻ മുള വടികൊണ്ടു കല്ലിൽ കുത്തിയപ്പോൾ അതിൽനിന്നു രക്തം വരാൻ തുടങ്ങി. അന്നു രാത്രിയിൽ, ആ നാട്ടുകാരന്റെ സ്വപ്നത്തിൽ ശനി ഭഗവാൻ പ്രത്യക്ഷപ്പെട്ട് ആ കല്ല് തന്റെ വിഗ്രഹമാണെന്നു പറഞ്ഞു. എങ്കിൽ ആ വിഗ്രഹം പ്രതിഷ്ഠിക്കാൻ താൻ ഒരു ക്ഷേത്രം പണിയാം എന്ന് അയാൾ പറഞ്ഞെങ്കിലും ശനി ഭഗവാൻ അത് നിരസിച്ചു. താൻ ഗ്രാമത്തിലെവിടെയും നിലകൊളളാം, അങ്ങനെ തനിക്ക് എല്ലാവരെയും സഹായിക്കാനാവും എന്നു ശനി ഭഗവാൻ പറഞ്ഞുവത്രേ. ഏത് അപകടങ്ങളിൽനിന്നും ഗ്രാമത്തെ സംരക്ഷിക്കുമെന്ന് അദ്ദേഹം നാട്ടുകാർക്കു വാക്കു കൊടുത്തുവെന്നുമാണ് ഐതിഹ്യം. അന്നുമുതൽ ഗ്രാമത്തിലെ ആളുകൾ അവരുടെ എല്ലാ വിശ്വാസവും ശനി ഭഗവാനിൽ അർപ്പിക്കുകയും തങ്ങളുടെ വീടിന്റെ എല്ലാ വാതിലുകളും പൂട്ടുകളും ഒഴിവാക്കുകയും ചെയ്തു.

Shani-Shingnapur -temple
Shani Shingnapur Temple. Image Credit : Arjun RK

ഒരു കാലത്ത് വാതിലില്ലാത്ത പൊലീസ് സ്റ്റേഷനും ബാങ്കും !

ശനി ശിംഗിനാപുർ ഗ്രാമവാസികൾക്ക് കള്ളൻമാരെയോ അക്രമികളെയോ പേടിയില്ല. വീട്ടിൽനിന്നു സാധനങ്ങൾ മോഷ്ടിക്കപ്പെടുമെന്ന ഭയവുമില്ല. വീടുകൾക്ക് മാത്രമല്ല, ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനും പോസ്റ്റ് ഓഫിസിനും ബാങ്കിനു പോലും വാതിലുകളില്ല. യുണൈറ്റഡ് കൊമേഴ്‌സ്യൽ ബാങ്ക് അതിന്റെ ആദ്യത്തെ ‘ലോക്ക്‌ലെസ്’ ശാഖ തുറന്നത് ശനി ശിംഗിനാപുരിലാണ്. ഗ്രാമത്തിലെ ശനി ഭഗവാന്റെ ക്ഷേത്രവും പ്രസിദ്ധമാണ്. ഇന്ത്യയിലെമ്പാടുനിന്നും ഭക്തർ ഇവിടെയെത്തുന്നു. വലിയ സ്വത്തുക്കളും വരുമാനവുള്ള ഈ ക്ഷേത്രത്തിലേക്ക് ദിവസവും 40,000 സന്ദർശകരെങ്കിലും എത്തുന്നുണ്ടെന്നാണ് കണക്ക്.

ഈ ഗ്രാമത്തിൽ മോഷ്ടിക്കാൻ എത്തുന്ന കള്ളന്മാർക്ക് മനോദൗർബല്യമോ അന്ധതയോ ശിക്ഷയായി ലഭിക്കുമെന്നു വിശ്വസിക്കുന്നതിനാൽ ആരും മോഷ്ടിക്കാൻ ധൈര്യപ്പെടാറില്ലത്രേ. എന്നുകരുതി വീട് അടച്ചിടാതിരിക്കുന്നുമില്ല. തെരുവുനായ്ക്കളും മറ്റ് മൃഗങ്ങളും കടക്കാതിരിക്കാൻ ചിലപ്പോൾ മരപ്പലകകൾ സ്ഥാപിക്കാറുണ്ട്. വീടിനു പുറത്തു വാതിൽ പണിത ഒരാൾക്ക് അടുത്ത ദിവസം അപകടം സംഭവിച്ചതായി ഗ്രാമവാസികൾ പറയുന്നു. അതുകൊണ്ട് കുറെ നാളുകളായി ഇവിടെ വാതിൽ വയ്ക്കാൻ ആരും മുതിർന്നിട്ടുമില്ല.

ഇപ്പോഴും ഇവിടുത്തെ വീടുകൾക്ക് വാതിൽ ഇല്ലേ?
രണ്ടുമാസം മുൻപ് ഇവിടം സന്ദർശിച്ച കോട്ടയം സ്വദേശി അർജുൻ പറയുന്നത്, ഇവിടെ വീടുകൾക്കു വാതിലുകൾ കണ്ടെന്നാണ്. ‘‘ഈ ഗ്രാമത്തിലെ വീടുകൾക്ക് വാതിലുകൾ ഇല്ലെന്നു കേട്ടിരുന്നു, പക്ഷേ ശനി ഭഗവാന്റെ ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ റോഡിന് ഇരുവശവുമുള്ള വീടുകൾക്കും കടകൾക്കും വാതിലുകൾ കണ്ടിരുന്നു.’’

Content Summary : Shani Shingnapur village is known for its unique custom of not having any doors or locks on the houses.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS